6 December 2025, Saturday

കൃഷ്ണാഷ്ടമി — കരിയിലകളുടെ കാവ്യം

ജിനേഷ് പി കെ
October 19, 2025 7:01 am

മുഖ്യധാരാ വാണിജ്യ സിനിമകൾ മാത്രം കണ്ട് ശീലിച്ചവരാണ് ഭൂരിപക്ഷം വരുന്ന മലയാളി ചലച്ചിത്ര പ്രേക്ഷകർ. കഥാകഥനത്തിന്റെ കാര്യത്തിൽ കാര്യമായ പരീക്ഷണങ്ങൾക്ക് സാധ്യതയൊട്ടുമില്ലാഞ്ഞിട്ടും വ്യത്യസ്തമായ കഥ പറച്ചിൽ രീതി പിന്തുടരുന്ന നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ക്രിസ്റ്റഫർ നോളൻ സിനിമയെടുക്കാൻ തുടങ്ങുന്നതിനും ഏതാണ്ട് അരവ്യാഴവട്ടമെങ്കിലും മുൻപാണ് അടൂർ ഗോപാലകൃഷ്ണൻ നോൺ ലീനിയർ സിനിമ (അനന്തരം) എടുക്കുന്നത്. റാഷമൺ ഇഫക്ട് ഉപയോഗിച്ച അടൂരിന്റെ തന്നെ മുഖാമുഖവും വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞ അരവിന്ദന്റെ മാറാട്ടവും കുമ്മാട്ടിയും കാഞ്ചനസീതയുമൊക്കെ പോലെയുള്ള നിരവധി സിനിമകൾ കഥ പറച്ചിലിലെ വാർപ്പുമാതൃകകളെ തിരസ്കരിച്ചവായായിരുന്നു. സാമ്പ്രദായിക കഥ പറച്ചിൽ രീതികളിൽ നിന്നും മാറിയുള്ള നരേറ്റീവ് ടെക്‌നിക് പിന്തുടർന്ന സമീപകാല മാതൃകകളായ പ്രാപ്പെട (കൃഷ്ണേന്ദു കലേഷ്), Paatth (ജിതിൻ ഐസക് തോമസ്), Kiss Wag­on (മിഥുൻ മുരളി), മായുന്നു മാറി വരയുന്നു നിശ്വാസങ്ങളിൽ (അഭിലാഷ് ബാബു), സംഘർഷ ഘടന (കൃഷാന്ത്) തുടങ്ങി മലയാള സിനിമകളുടെ തുടർച്ചയായ, എന്നാൽ തികച്ചും വിഭിന്നമായ ഒരു പരീക്ഷണം ആണ് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത ‘കൃഷ്ണാഷ്ടമി: the book of dry leaves’.

ചലച്ചിത്രോൽസവങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ‘ആലോകം’, ‘മായുന്നു മാറി വരയുന്നു നിശ്വാസങ്ങളിൽ’ എന്നീ പരീക്ഷണ സിനിമകൾക്ക് ശേഷം അഭിലാഷ് ബാബു സംവിധാനം ചെയ്ത, എന്നാൽ അതിനേക്കാളെല്ലാം വലിയ പരീക്ഷണം സിനിമയുടെ കഥ പറച്ചിലിൽ ചെയ്യാൻ സംവിധായകൻ ധൈര്യം കാണിച്ച സിനിമയാണ് കൃഷ്ണാഷ്ടമി. ഇത്തരമൊരു പരീക്ഷണം ഏറ്റെടുക്കാൻ ധൈര്യം കാണിച്ച നിർമ്മാതാവായ അനിൽ അമ്പലക്കരയും അമ്പലക്കര ഗ്ലോബൽ ഫിലിസുമാണ് ഏറ്റവും കൂടുതൽ അഭിനന്ദനമർഹിക്കുന്നത്. 

അഭിലാഷിന്റെ ആദ്യ സിനിമയായ ‘ആലോകം — Ranges of vision’ ഒരുക്കിയത് റോബർട്ട് ബ്രൗണിങ്ങിന്റെ അഞ്ചു കവിതകളെ അധികരിച്ചായിരുന്നു. പിന്നീട് വന്ന ‘മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ’ എന്ന പേര് സിനിമയിൽ വായിക്കുന്ന ഒരു കവിതയുടെ ആദ്യ വരിയാണ് എന്ന് കാണാം. ഇവയുടെ തുടർച്ചയെന്നോണം വൈലോപ്പിള്ളിയുടെ അതേ പേരിലുള്ള അതിപ്രശസ്തമായ ഒരു കവിതയെയാണ് ‘കൃഷ്ണാഷ്ടമി‘യിലൂടെ അഭിലാഷ് ബാബു ചലച്ചിത്ര രൂപത്തിൽ പുനരാവിഷ്കരിച്ചരിക്കുന്നത്. എന്നാൽ വൈലോപ്പിള്ളിയുടെ കവിതയിൽ നിന്നും വിഭിന്നമായി ചലച്ചിത്രരൂപത്തിന് ഒന്നിലധികം സൂക്ഷ്മമായ അടരുകളുള്ളതായി കാണാൻ സാധിക്കും. ദില്ലിയിലെ ഷെഹൻഷായുടെ ഭരണകാലത്ത് തെരുവിൽ അലഞ്ഞു നടന്ന പല പ്രായങ്ങളിലുള്ള ഒരു പറ്റം മനുഷ്യരെ ഒരു കൽതുറങ്കിൽ അടയ്ക്കുന്നതും കൃഷ്ണാഷ്ടമി ദിവസം അവരുടെ ജീവിതത്തിൽ സംഭവിക്കുന്നതുമായ കാര്യങ്ങളായിരുന്നു കവിതയുടെ പ്രമേയം. ഇതേ പ്രമേയത്തിന്റെ ഒട്ടും തനിമ ചോർന്നു പോവാത്ത വർത്തമാനകാല പുനരാവിഷ്കാരത്തിലൂടെ പറയുന്ന രാഷ്ട്രീയമാണ് സിനിമയുടെ പാശ്ചാത്തലം. അഥവാ പരസ്പരം മണ്ണാങ്കട്ടകളും കരിയിലകളുമായി അന്വോന്യം സംരക്ഷിക്കുന്ന ദുർബലരായ മനുഷ്യവംശത്തിന്റെ കഥ തന്നെയാണ് കൃഷ്ണാഷ്ടമിക്കും പറയാനുള്ളത് . 

സംഭാഷണങ്ങൾ ഒട്ടും ഉൾപ്പെടുത്താതെ രണ്ടു പേരുടെ പാശ്ചാത്തല വിവരണങ്ങളിലൂടെ പുരോഗമിക്കുന്ന കൃഷ്ണാഷ്ടമി ഈ ഒരു ജോണറിലെ മലയാളത്തിലെ ആദ്യ സിനിമ തന്നെയാവും എന്നാണ് വിശ്വാസം. ഒരു പക്ഷെ സംഭാഷണങ്ങൾ ആയിരുന്നെങ്കിൽ നാടകീയമായിപ്പോയി എന്ന വിമർശനം വന്നേക്കാൻ സാധ്യതയുണ്ടായിരുന്നതടക്കമുള്ള ചിത്രത്തിലെ പല സന്ദർഭങ്ങളും സാഹിത്യത്തിന്റെ പരമാവധി സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് പ്രേക്ഷകന് മികച്ച അനുഭവം സമ്മാനിക്കുന്നുമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോൾ സിനിമ എന്നതിലുപരി ഗംഭീരമായ ഒരു സാഹിത്യ സൃഷ്ടി എന്ന് ‘കൃഷ്ണാഷ്ടമി‘യെ വിശേഷിപ്പിക്കാം. 

വൈലോപ്പിള്ളി, അഭിലാഷ് ബാബു എന്നിവരുടെ വരികൾക്ക് വൈലോപ്പിള്ളിയുടെ ശിഷ്യൻ കൂടിയായ ഔസേപ്പച്ചൻ ഈണം പകർന്ന് ഔസേപ്പച്ചൻ, പി എസ് വിദ്യാധരൻ, ജയരാജ് വാര്യർ, ഇന്ദുലേഖ വാര്യർ, സ്വർണ എന്നിവർ ആലപിച്ച ഗാനങ്ങളും മികച്ച അനുഭവമായിരുന്നു പ്രേക്ഷകന് സമ്മാനിക്കുന്നത്. പ്രശസ്ത സംവിധായകനായ ജിയോ ബേബിയാണ് സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണസിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന, ഫിലിം ഫെസ്റ്റിവലുകളിൽ മാത്രം പ്രദർശിപ്പിക്കപ്പെടുന്ന സിനിമകളും കാണുന്ന പ്രേക്ഷകർ തീർച്ചയായും കാണാൻ ശ്രമിക്കേണ്ട സിനിമയാണ് കൃഷ്ണാഷ്ടമി. വരും മാസങ്ങളിൽ നടക്കുന്ന വിവിധ ചലച്ചിത്രോത്സവങ്ങളിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.