ഐക്യകേരള പിറവി മുതല്‍ ഇങ്ങോട്ട് സംസ്ഥാനത്ത് അധികാരത്തിലെത്തിയ എല്ലാ കമ്മ്യൂണിസ്റ്റ് — ഇടതുപക്ഷ സര്‍ക്കാരുകളും എക്കാലവും അടയാളപ്പെട്ടുനില്ക്കുന്നതും നവകേരളത്തിന്റെ അടിത്തറയായി മാറുന്നതുമായ ഒട്ടനവധി നേട്ടങ്ങള്‍ കുറിച്ചിട്ടിട്ടുണ്ട്. 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലത്ത് കുടിയിറക്കല്‍ തടയല്‍, വിദ്യാഭ്യാസ പരിഷ്കരണം എന്നിവയ്ക്കായുള്ള നിയമങ്ങളായിരുന്നുവെങ്കില്‍ പിന്നീട് അച്യുതമേനോന്‍, പികെവി സര്‍ക്കാരുകളുടെ കാലത്ത് അത് എണ്ണമറ്റതായിരുന്നു. സമഗ്രമായ ഭൂപരിഷ്കരണ നിയമം, ലക്ഷംവീട് പദ്ധതി, നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ സംരംഭങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്. കേരള വികസന മാതൃക സ്ഥാപിതമായതും ആ ഭരണകാലയളവിലായിരുന്നു. പിന്നീട് ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് പണിതിട്ട അടിത്തറയില്‍ സാമൂഹ്യ വികാസത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ചു. സാക്ഷരതാ പ്രസ്ഥാനം, അധികാര വികേന്ദ്രീകരണം, മാവേലി സ്റ്റോറുകള്‍ എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. സാക്ഷരതാ പ്രസ്ഥാനത്തിലൂടെ കൂട്ടായ്മയുടെ ഇതിഹാസം രചിച്ച് സമ്പൂര്‍ണ സാക്ഷരത നേടിയ സംസ്ഥാനമായി കേരളം മാറി. അതിന്റെ ചുവടുപിടിച്ചാണ് അടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം നടപ്പിലാക്കുന്നത്. ജനപങ്കാളിത്തത്തോടെയുള്ള പദ്ധതി രൂപീകരണം, നിര്‍വഹണം എന്നിവയിലൂടെ അധികാരം സാധാരണക്കാര്‍ക്കും തൊട്ടരികിലെത്തിയ അനുഭവമുണ്ടാക്കുവാന്‍ അതുകൊണ്ടു സാധിച്ചു. ഇതിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് സ്ത്രീശാക്തീകരണത്തിന്റെ മഹാപ്രസ്ഥാനമായി കുടുംബശ്രീകള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്. 1996ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അടുത്ത പടിയെന്ന നിലയില്‍ ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം രജതജൂബിലി വര്‍ഷത്തിലെത്തിയിരിക്കുകയാണ്. ഓരോ ദിവസവും അടിത്തറയും പ്രവര്‍ത്തന മേഖലയും വികസിക്കുകയും വ്യാപിക്കുകയും ചെയ്യുന്ന സ്ത്രീജന പ്രസ്ഥാനമാണ് ഇന്ന് കുടുംബശ്രീ. കുടുംബങ്ങളുടെ ശ്രീയാണെങ്കിലും അകത്തളങ്ങളില്‍ ഒതുക്കപ്പെട്ടിരുന്ന സ്ത്രീകളെ ജീവിതത്തിന്റെയും വ്യവഹാരത്തിന്റെയും മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തിക്കുവാന്‍ ആ പ്രസ്ഥാനത്തിനായി. സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം എന്ന സന്ദേശവുമായി 1998 മേയ് 17നാണ് കുടുംബശ്രീ രൂപം കൊള്ളുന്നത്. 25-ാം വര്‍ഷത്തിലെ ത്തുമ്പോള്‍ പ്രഖ്യാപിത ലക്ഷ്യത്തെക്കാള്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞിരിക്കുന്നു കുടുംബശ്രീയെന്നാണ് അതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
3,06,551 അയൽക്കൂട്ടങ്ങളും 19,470 എഡിഎസുകളും 1,070 സിഡിഎസുകളുമുള്ള സംഘടനാ സംവിധാനത്തിനു കീഴില്‍ 45.85 ലക്ഷം പേര്‍ അംഗങ്ങളായ ലോകത്തെ തന്നെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമാണ് ഇന്നത്. സ്ത്രീശാക്തീകരണത്തിന്റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും അടിത്തറ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയാണ്. നാട്ടിന്‍പുറങ്ങളില്‍ സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ ആശ്രയിക്കാവുന്ന ബാങ്കുകളായും സ്വയംസഹായ സംഘങ്ങളുടെ കീഴിലുള്ള സംരംഭങ്ങളായും വ്യക്തിഗത സ്ഥാപനങ്ങളായും സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തന പദ്ധതികള്‍ വിപുലമാണ്. ആഭ്യന്തര വായ്പയായി 22,021.33 കോടി രൂപ നല്കിയിട്ടുള്ള കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇപ്പോള്‍ 5586.68 കോടി രൂപയുടെ സമ്പാദ്യമാണുള്ളത്. കാര്‍ഷിക മേഖല, ഗ്രാമവികസനരംഗം, മൃഗസംരക്ഷണം, ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സംരംഭങ്ങള്‍, ഐടി യൂണിറ്റുകള്‍, ഐടി കൺസോർഷ്യം അങ്ങനെ കുടുംബശ്രീയിലെ സ്ത്രീകള്‍ പേരുചാര്‍ത്താത്ത ഒരു രംഗവും കേരളത്തിലില്ല എന്നതാണ് കാല്‍ നൂറ്റാണ്ടെത്തുമ്പോഴുള്ള സ്ഥിതി. ഒരു കുടുംബത്തിലെ ഒരാള്‍ക്കു മാത്രമേ അംഗമാകുവാന്‍ സാധിക്കുകയുള്ളൂ എന്ന പരിമിതിയെ മറികടക്കുന്നതിന് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച യുവതീ ഓക്സിലറി ഗ്രൂപ്പുകളും ശക്തി പ്രാപിച്ചുവരികയാണ്. മൂന്നു ലക്ഷത്തിലധികം യുവതികള്‍ ഇതിനകം ഓക്സിലറി ഗ്രൂപ്പുകളില്‍ അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്. അവരെയും സ്വയം പര്യാപ്തരും സംരംഭകരുമാക്കുന്നതിനും ഉന്നതരംഗത്തെത്തിക്കുന്നതിനുമുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുവരികയാണ്. സ്ത്രീധനത്തിനെതിരെ, സ്ത്രീപീഡനത്തിനറുതി വരുത്താൻ സ്ത്രീപക്ഷ നവകേരളം എന്ന സന്ദേശവുമായി ഭവനങ്ങളിലും അടുക്കളകളിലും നേരിട്ടെത്തി ബോധവല്ക്കരണം നടത്തുന്നതിനായി കുടുംബശ്രീ സംഘടിപ്പിച്ച പരിപാടിയും എടുത്തുപറയേണ്ടതാണ്. നിരവധി പ്രചരണ പ്രവര്‍ത്തനങ്ങളാണ് ഈ ബാനറിനു കീഴില്‍ കേരളമെമ്പാടും നടത്തിയത്. സംസ്ഥാനത്ത് 600 ഓളം കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ സ്ത്രീശക്തീകലാജാഥയും സംഘടിപ്പിച്ചു. അങ്ങനെ സംരംഭകമേഖലകളിലും സാമൂഹ്യ മുന്നേറ്റത്തിലും സ്ത്രീകളെ മുന്‍നിരയിലേക്ക് നയിച്ച പ്രസ്ഥാനമെന്ന നിലയിലാണ് കുടുംബശ്രീ കേരളത്തിന്റെ അതിര്‍ത്തികള്‍ക്കുമപ്പുറം വളര്‍ന്നത്. കേരളത്തിന്റെ സാമൂഹ്യ — നവോത്ഥാന — പുരോഗമന മനസിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് ഈ പ്രസ്ഥാനം രൂപമെടുത്തതും പടര്‍ന്നു പന്തലിച്ചതും. അതുകൊണ്ടുതന്നെ 25 വര്‍ഷത്തിലെത്തുന്ന ഈ സ്ത്രീമഹാപ്രസ്ഥാനത്തിന്റെ നേട്ടത്തില്‍ മുഴുവന്‍ കേരളീയര്‍ക്കും അഭിമാനിക്കാവുന്നതാണ്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.