കൊല്ലം ജില്ലയിൽ വെളിനല്ലൂർ പഞ്ചായത്തിലെ പെരപ്പയം എന്ന സ്ഥലം. സമീപത്തുകൂടി കായൽവീട്ടിലേക്ക് ഓടിപ്പോകുന്ന ഇത്തിയാറ്. ജനപ്രതിനിധികളുടെയും അയൽവാസികളുടെയും മറ്റും സാന്നിധ്യത്തിൽ, അഭിവന്ദ്യയായ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഒരു ചെറിയ വീടിന്റെ താക്കോൽ ഏല്പിക്കുകയാണ്. വിറയ്ക്കുന്ന കൈകളോടെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ വീട്ടുടമസ്ഥനായി മാറിയ പാവം മനുഷ്യന്റെ കണ്ണിലും കൊല്ലം ക്രൈംബ്രാഞ്ചിലെ എഎസ്ഐയായ ഡി ശ്രീകുമാറിന്റെ കണ്ണിലും അസാധാരണമായ ഒരു തെളിച്ചം. സ്വന്തം ശമ്പളത്തിൽ നിന്ന് ഒരു ഭാഗം ഇതിനായി നീക്കിവച്ച മനുഷ്യസ്നേഹിയാണ് കേരളാ പൊലീസ് സേനയിലെ അംഗമായ ഡി ശ്രീകുമാർ. ഭരണകൂടത്തിന്റെ മർദ്ദനോപകരണം എന്ന പ്രാകൃതാവസ്ഥയിൽ നിന്നും നമ്മുടെ പൊലീസ് സേന വളരെയധികം മാറിയിട്ടുണ്ട്. ചില അപവാദങ്ങൾ ഉണ്ടെങ്കിൽക്കൂടിയും ഈ മാറ്റം പൊലീസ് സേനയുടെ അന്തസും പ്രതിച്ഛായയും വർധിപ്പിച്ചിട്ടുണ്ട്. പൊലീസുകാരിൽ വായനാശീലം വർധിച്ചിരിക്കുന്നു.
പല പൊലീസ് ഓഫീസുകളിലും നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറികളുണ്ട്. അതിന്റെ പ്രതിഫലനം പൊലീസിൽ വ്യക്തമായി കാണാം. ബി സന്ധ്യ മുതൽ സാദിർ തലപ്പുഴ വരെയുള്ള കവികളും നിരവധി കഥാകാരന്മാരും നാടകക്കാരും മറ്റ് കലാഭിരുചിയുള്ളവരും പൊലീസ് സേനയിലുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റിനിര്‍ത്തിയാൽ പൊലീസിന്റെ പെരുമാറ്റത്തിൽ ജനസൗഹൃദത്തിന്റെ സുഗന്ധം കലർന്നിട്ടുണ്ട്. ഈ മാറ്റത്തിന്റെ സുന്ദരമായ ഉദാഹരണമാണ് സ്പെഷ്യൽ ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ഡി ശ്രീകുമാർ. നിയമവിദ്യാർത്ഥി ആയിരുന്ന ജിഷയുടെ ദാരുണമായ കൊലപാതകത്തിന് ശേഷം കേരളത്തിലെ അടച്ചുറപ്പില്ലാത്ത വീടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസ് മേധാവികൾ തന്നെയാണ് പുറത്തുവിട്ടത്. കേരള സര്‍ക്കാർ ലൈഫ് പദ്ധതിയിലൂടെയും സന്നദ്ധസംഘടനകൾ സമൂഹത്തോടുള്ള ഉത്തരവാദിത്ത നിർവഹണത്തിലൂടെയും രാഷ്ട്രീയപാർട്ടികൾ നേതാക്കളുടെ പേരിലുമൊക്കെ നിരവധി വീടുകൾ നിർമ്മിച്ചു നല്കി. വിദ്യാർത്ഥികളും അധ്യാപകരും അധ്വാനശേഷിയും ധനശേഷിയും വിനിയോഗിച്ച് വഴിയാധാരമായവർക്ക് കൂരയുണ്ടാക്കിക്കൊടുത്തു. ഇത്രയുമൊക്കെയായിട്ടും ഇനിയും വീടില്ലാത്തവർ കേരളത്തിൽ അവശേഷിക്കുകയാണ്.
വ്യക്തിയെന്ന നിലയിൽ പാവങ്ങൾക്ക് ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നല്കിയത് കാസർകോട്ടെ ഗോപാലകൃഷ്ണ ഭട്ട് എന്ന സായിറാംഭട്ട് ആണ്. സീതാംഗോളിയിലെ അബ്ബാസ് അദ്ദേഹത്തെ സമീപിച്ചത് പെരുമഴയിൽ തകർന്നുപോയ തന്റെ കൂര ഉയർത്തിനിര്‍ത്താൻ ഒരു മുള ചോദിച്ചുകൊണ്ടാണ്. അബ്ബാസിന്റെ ദയനീയസ്ഥിതി സായിറാംഭട്ടിന്റെ മനസലിയിച്ചു. അബ്ബാസിനും കുടുംബത്തിനും രാപ്പാർക്കാൻ ഒരു വീടുതന്നെ ഭട്ട് പണിയിച്ചു കൊടുത്തു. പിന്നീട് പാവങ്ങൾക്ക് ഒരു രൂപപോലും പ്രതിഫലം വാങ്ങാതെ വീടുണ്ടാക്കിക്കൊടുക്കുന്നത് ഒരു ജീവിത ദൗത്യമായി ഭട്ട് സ്വീകരിച്ചു. നാട്ടുവൈദ്യവും അല്പസ്വല്പം കൃഷിയുമായി ജീവിച്ച അദ്ദേഹം അധ്വാനത്തിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് പാവങ്ങൾക്ക് വീടുണ്ടാക്കി. ബദിയടുക്കയിൽ വച്ച് എൺപത്തഞ്ചാമത്തെ വയസിൽ മരിക്കുന്നതിനുള്ളിൽ മുന്നൂറോളം പേർക്കാണ് അദ്ദേഹം വീടുണ്ടാക്കിക്കൊടുത്തത്. മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിരുന്നു. പൊലീസുദ്യോഗസ്ഥനായ ഡി ശ്രീകുമാറിന്റെയും സുഹൃത്തുക്കളുടെയും ഉത്സാഹത്തിൽ നീണ്ടകരയിൽ മദർഹുഡ് എന്ന പേരിലൊരു ജീവകാരുണ്യ സങ്കേതവും പ്രവർത്തിക്കുന്നുണ്ട്. അവിടെ അന്തേവാസിയായി എത്തിയ അനന്തു എന്ന പാവം കുട്ടിക്ക് വേണ്ടിയാണ് പെരപ്പയത്ത് വീടൊരുങ്ങിയത്. മാനസികരോഗം വന്ന് വീടുവിട്ടലഞ്ഞ അമ്മയുടെ മകനാണ് അനന്തു. അവസാനകാലത്ത് വിളക്കുടിയിലെ അനാഥാലയത്തിലായിരുന്നു മനോനില തെറ്റിയ അനന്തുവിന്റെ അമ്മ. അനാഥത്വത്തിന്റെ കൊടുംചൂടിൽനിന്ന അനന്തുവിന് രോഗിയായ അച്ഛനെയും ശ്രദ്ധിക്കണമായിരുന്നു. ഈ ചുറ്റുപാടിലാണ് അനന്തുവിനെ ശ്രീകുമാർ കണ്ടെത്തുന്നത്. താക്കോൽ നൽകിയ ശേഷം മന്ത്രിയടക്കമുള്ളവർ അനന്തുവിനൊപ്പം ആഹാരം കഴിച്ചു. പെരപ്പയത്തെ കൊടുംചൂടിനെ സ്നേഹത്തിന്റെ നിലാവ് തഴുകിയ നട്ടുച്ചയായിരുന്നു അത്. പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട് മനുഷ്യപുത്രനു തലചായ്ക്കാൻ മണ്ണിലിടമുണ്ട് എന്നുപറഞ്ഞു പോയ ഒരു നട്ടുച്ച.
English Sammury: kureeppuzha sreekumar’s column police officer’s philanthropy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.