28 September 2024, Saturday
KSFE Galaxy Chits Banner 2

ലാലുവിന് 5 വര്‍ഷം തടവും 60 ലക്ഷം പിഴയും; കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷ വിധിച്ച് കോടതി

Janayugom Webdesk
പറ്റ്ന
February 21, 2022 3:16 pm

കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് 5 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റാഞ്ചി സിബിഐ കോടതി. ജയില്‍ ശിക്ഷയ്ക്ക് പുറമെ 60 ലക്ഷം പിഴയും ഒടുക്കണം.കഴിഞ്ഞയാഴ്ചയായിരുന്നു കാലിത്തീറ്റ കുംഭകോണത്തില്‍ ചാര്‍ജ് ചെയ്യപ്പെട്ട അവസാന കേസില്‍ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.

ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്.950 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളില്‍ അദ്ദേഹം ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ടിരുന്നു.ചൈബാസ ട്രഷറി കേസില്‍ 37.7 കോടിയുടേയും 33.13 കോടിയുടേയും ദിയോഘര്‍ ട്രഷറിയില്‍ നിന്ന് 89.27 കോടിയുടേയും ദുംക ട്രഷറിയില്‍ നിന്ന് 3.76 കോടിയുടേയും അഴിമതി നടത്തിയെന്നാണ് ഇതിന് മുന്‍പത്തെ നാല് കേസുകള്‍.ആദ്യത്തെ നാല് കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

2018ല്‍ ദുംക ട്രഷറി കേസില്‍ ശിക്ഷിക്കപ്പെട്ടതിന് 60 ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. അതേസമയം മുന്‍ ശിക്ഷാ വിധികള്‍ക്കെതിരെ ലാലുപ്രസാദ് യാദവ് അപ്പീല്‍ പോയിരുന്നു. ഡൊറാന്‍ഡ ട്രഷറി കേസിലും അദ്ദേഹം അപ്പീലിന് പോകാനാണ് സാധ്യത.2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണ് ലാലുവിന് ജാമ്യം അനുവദിച്ചത്.

73 കാരനായ ലാലുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ശിക്ഷയുടെ ഭൂരിഭാഗവും അനുഭവിച്ചത്.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് അദ്ദേഹത്തെ ദല്‍ഹിയിലെത്തിച്ചത്.

ലാലുപ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്.

Eng­lish Sum­ma­ry: Lalu jailed for 5 years, fined Rs 60 lakh; Court con­victs fod­der scam

You may also like thsi video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.