
റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ ഡൽഹി റോസ് അവന്യൂ കോടതി കുറ്റം ചുമത്തി. ലാലുവിനെ കൂടാതെ ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവരുൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി, ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒന്നാം യുപിഎ സർക്കാരിൽ 2004 മുതൽ 2009 വരെ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്താണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. റെയിൽവേയിലെ വിവിധ തസ്തികകളിൽ നിയമനം നൽകുന്നതിന് പകരമായി ഉദ്യോഗാർത്ഥികളിൽ നിന്നും അവരുടെ കുടുംബാംഗങ്ങളിൽ നിന്നും തുച്ഛമായ വിലയ്ക്ക് ഭൂമി എഴുതിവാങ്ങിയെന്നാണ് സിബിഐ കണ്ടെത്തൽ. ഏകദേശം 4.5 കോടി രൂപ വിലമതിക്കുന്ന ഭൂമി കേവലം 26 ലക്ഷം രൂപയ്ക്കാണ് ലാലുവിന്റെ കുടുംബം സ്വന്തമാക്കിയത്.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിയമനങ്ങൾ നടത്തിയതെന്നും ഈ ഇടപാടുകളിൽ വലിയ തോതിൽ ബിനാമി സ്വത്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.