22 June 2024, Saturday

രാവണന്റെ ഭോഗലങ്കയിൽ ഹനുമാന്റെ ബ്രഹ്മചര്യ ചിന്തകൾ

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 30
August 15, 2023 6:00 am

രാവണലങ്കയുടെ അകത്തളക്കാഴ്ചകൾ രാമായണത്തിലെ സുന്ദരകാണ്ഡത്തിൽ ഹനുമാന്റെ കണ്ണിലൂടെ വാല്മീകി കാണിച്ചു തരുന്നുണ്ട്. ഗോശാലയിൽ കാളക്കൂറ്റനെപ്പോലെയും പിടിയാനകൾക്കിടയിൽ കൊമ്പനാനയെപ്പോലെയും രാവണൻ അനേകം സുന്ദരിമാർക്കിടയിൽ ഭോഗക്രീഡകൾക്കു ശേഷം കിടന്നുറങ്ങുന്നു എന്നാണ് വർണന. തിന്നാനുള്ള മത്സ്യമാംസ ഭോജനങ്ങളും കുടിക്കാനുള്ള പായസം, ആസവം, മദ്യം എന്നിവയും പലതരത്തിൽ സമൃദ്ധിയായി രാവണാന്തഃപുരത്തിൽ തയ്യാറാക്കി വച്ചിട്ടുള്ളതിനെയും വാല്മീകി വിവരിക്കുന്നുണ്ട്. ആളുകൾ പൊതുവേ സുഖം എന്നു കരുതുന്നത് തിന്നാനും കുടിക്കാനും കാമകേളി ചെയ്യാനുമുള്ള വിഭവസമൃദ്ധിയും സങ്കേത സംവിധാനങ്ങളുമാണല്ലോ. മതഗ്രന്ഥങ്ങളിലെ സ്വർഗവിവരണത്തിലുള്ള പ്രകാരം തീറ്റയ്ക്കും കാമകേളികൾക്കുമുള്ള സകലതും തികഞ്ഞ രാവണലങ്ക മറ്റൊരു സ്വർഗലോകമാണെന്ന് വാല്മീകി വർണിച്ചു ഫലിപ്പിക്കുന്നു. ഈ രാവണാന്തഃപുരവർണന നേരത്തെ സൂചിപ്പിച്ച പോലെ ഹനുമാന്റെ കണ്ണിലൂടെയാണ് കാട്ടിത്തരുന്നത്.

ഹനുമാൻ രാവണന്റെ ഭോഗഭൂമിയിൽ തിരയുന്നത് ഭൂമീപുത്രിയായ സീതയെയാണ്. സീതാന്വേഷണത്തിനിടയിൽ കാണുന്ന രാവണലങ്കയിൽ ഹനുമദ്മാനസം ബദ്ധമാവുന്നില്ല. അന്വേഷകന് ഏതു സ്വർഗീയ ഭോഗജാലങ്ങൾ കണ്ണിൽപ്പെട്ടാലും അതൊക്കെ താമരയിലയിലെ വെള്ളത്തുള്ളിപോലെയേ ആയിത്തീരൂ. ഒരു പെരുമഴയും പോരാ താമരയിലയെ നനയിച്ചു വെള്ളത്തിന്റെ പറ്റിപ്പിടിത്തമുളളതാക്കാൻ. ഇതുപോലെയാണ് അന്വേഷകന്റെ മനസും. ഒരു സ്വർഗഭോഗവും അയാളെ പറ്റിപ്പിടിച്ചു ബന്ധിതനാക്കില്ല, അന്വേഷണത്തെ നിലപ്പിക്കില്ല. ഹനുമാൻ രാവണന്റെ ഭോഗ ലങ്ക മുഴുവനും കണ്ടെങ്കിലും ആ കാഴ്ചകളിൽ കുരുങ്ങാതെ സീതയെത്തേടി കണ്ടെത്തുകയും ചെയ്തു. രാവണന്റെ അന്തഃപുരത്തിലെല്ലായിടത്തും സീതാന്വേഷണാർത്ഥം പതുങ്ങിയൊളിഞ്ഞ് എത്തിനോക്കുന്നതിനിടയിൽ ഹനുമാനിൽ ഉടലെടുക്കുന്ന ആത്മവിമർശനപരമായ ചില ചിന്തകളുണ്ട്. പരദാരങ്ങളെ ഒളിഞ്ഞുനോക്കുന്നതും സൂക്ഷിച്ചു നോക്കുന്നതും ബ്രഹ്മചര്യനിഷ്ഠയ്ക്ക് വിരുദ്ധമല്ലേ എന്നും അതിനാൽ രാവണാന്തഃപുരത്തിലെ പെണ്ണുങ്ങളെ നോക്കിനടന്നതു വഴി തനിക്കു ബ്രഹ്മചര്യവ്രത ലംഘന പാപം സംഭവിച്ചിട്ടുണ്ടോ എന്നുമാണ് ഹനുമാൻ ആത്മവിമർശനപരമായി ചിന്തിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഹസ്തദാനം നൽകി സൗഹൃദം ഉറപ്പിക്കൽ ഭാരതീയമുറ


അന്യന്റെ കിടപ്പുമുറിയിലേക്ക് ഒളിഞ്ഞുനോക്കുന്നതും സ്ത്രീകളെ തറഞ്ഞുനോക്കുന്നതും ഇന്നെന്ന പോലെ അന്നും കുറ്റകൃത്യമായിരിന്നുവെന്ന് ഹനുമൽച്ചിന്ത വ്യക്തമാക്കുന്നു. പെണ്ണുങ്ങളെ നോക്കിയാൽ ബ്രഹ്മചര്യം പോകുമോ എന്ന സന്ദേഹത്തിനു ഹനുമാൻ കണ്ടെത്തുന്ന ഉത്തരം ‘മനോ ഹി ഹേതുഃ സർവേഷാമിന്ദ്രിയാണാം പ്രവർത്തനേ’(സുന്ദര കാണ്ഡം: സർഗം11; ശ്ലോകം 42)എന്നതാണ്. മനസാണ് നല്ലത് ചീത്ത എന്നീ ഇന്ദ്രിയ പ്രവർത്തനങ്ങൾക്കെല്ലാം കാരണഭൂതം എന്നര്‍ത്ഥം. ഒരു കാഴ്ചയാലും മനസ് എന്നിൽ അവിഹിതമായി ചഞ്ചലപ്പെടുന്നതിന് ഇടവന്നിട്ടില്ല. അതിനാൽ ബ്രഹ്മചര്യം ലംഘിതമായിട്ടില്ല എന്നാണ് ഹനുമൽവാക്യത്തിനർത്ഥം. സൂചിക്കുത്തേറ്റാൽ കാറ്റുപോകുന്ന ബലൂൺപോലുള്ള ഒന്നാണ് പെണ്ണിന്റെ സാന്നിധ്യത്താൽ അസ്വസ്ഥമാകുന്ന ബ്രഹ്മചര്യം എന്ന് പറഞ്ഞുപരത്തി, ആ ബ്രഹ്മചര്യ സംരക്ഷണത്തിനു പോർവിളിപ്പടയുണ്ടാക്കിയവർ ഹനുമാന്റെ ബ്രഹ്മചര്യദർശനം പഠിക്കുന്നത് അവർ നന്നാവാനും നാടു നാശമാകാതിരിക്കാനും സഹായകമാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.