ഇന്ത്യയുടെ വാനമ്പാടി ഈ ലോകത്തോട് വിടപറയുമ്പോൾ കൈരളിയും ആ വേദന പങ്കുവെയ്ക്കുകയാണ്. ഒരു ഗാനം മാത്രമാണ് ലത മങ്കേഷ്‌കർ മലയാളത്തില്‍ പാടിയതെങ്കിലും എന്നും ആസ്വാദക ഹൃദയത്തില്‍ ആ ഗാനവും ശബ്‌ദവും നിറഞ്ഞു നില്‍ക്കും. കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ എന്ന ഗാനം .രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1974‑ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിലാണ് ലത മങ്കേഷ്‌കർ മലയാളത്തില്‍ പാടിയത്.
വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ക്ക് ഈണമിട്ടത് സലില്‍ ചൗധരിയും.. ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിലൊരാളായ സലില്‍ ചൗധരിയാണ് തന്റെ ഈണത്തില്‍ ഒരു മലയാളം ഗാനമാലപിക്കാന്‍ ലതയെ ക്ഷണിച്ചത്. ലതയുടെ ഏക മലയാള ഗാനവും ഇതു തന്നെയായായിരുന്നു. ആ ഒരു പാട്ടില്‍ തന്നെ ഹിറ്റുമായി,. പി. വത്സലയുടെ നെല്ല് എന്ന നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ടും കെ.ജി ജോർജ്ജും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. എസ്.എൽ. പുരം സദാനന്ദൻ ആണ് സംഭാഷണം രചിച്ചത്.
ജമ്മു ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ എൻ.പി. അലി ആണ് ഈ ചിത്രം നിർമ്മിച്ചത്.പ്രേംനസീർ, തിക്കുറിശ്ശി സുകുമാരൻ നായർ, കൊട്ടാരക്കര ശ്രീധരൻ നായർ, ജയഭാരതി എന്നിവർ അഭിനയിച്ച നെല്ല് എന്ന ചിത്രത്തില്‍ ബാലു മഹേന്ദ്ര, ഋഷികേശ് മുഖർജി, എന്നി പ്രമുഖരും അണിയറയിലുണ്ടായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.1929 സെപ്റ്റംബര്‍ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍, ഗായികയും സംഗീത സംവിധായികയുമായ മീന ഖാദികര്‍, ഗായിക ഉഷാ മങ്കേഷ്‌കര്‍, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങള്‍. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്‌കര്‍. ലതയ്ക്ക് ആദ്യം മാതാപിതാക്കളിട്ട പേര് ഹേമ എന്നായിരുന്നു. ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓര്‍മയ്ക്ക് പിന്നീട് ലത എന്നു പേരു മാറ്റുകയായിരുന്നു.
കിതി ഹസാല്‍ എന്ന മറാത്തി സിനിമയ്ക്ക് വേണ്ടിയായിരുന്നു ലത ആദ്യമായി ഗാനമാലപിച്ചത്. സദാശിവ് റാവു നിവ്രേക്കറായിരുന്നു സംഗീതസംവിധായകന്‍. എന്നാല്‍ ഒടുവില്‍ ഗാനം സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അച്ഛന്റെ അപ്രതീക്ഷിത മരണത്തോടെ ദുരിതത്തിലായ കുടുംബത്തെ പോറ്റാന്‍ കൗമാരപ്രായത്തില്‍ തന്നെ ഏറെ കഷ്ടപ്പെടേണ്ടി വന്ന ലതയ്ക്ക് നവ് യുഗ് ചിത്രപഥിന്റെ ഒരു സിനിമയില്‍ ഒരു ചെറിയ വേഷം വിനായക് ലതയ്ക്ക് നല്‍കി. ആ സിനിമയില്‍ ലതയ്ക്ക് ഒരു ഗാനം പാടാനുള്ള അവസരവും ലഭിച്ചു. മാതാ ഏക സപൂത് കി ദുനിയാ ബാദല്‍ ദെ തൂ ആയിരുന്നു ലതയുടെ ആദ്യ ഹിന്ദിഗാനം.പിന്നീട് നടന്നത് ചരിത്രം. ഇന്ത്യന്‍ സിനിമാസംഗീതചരിത്രത്തില്‍ ലതാ മങ്കേഷ്‌കര്‍ എന്ന പേര് എഴുതിച്ചേര്‍ക്കപ്പെട്ടു.
അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയതോടെ 1945 ല്‍ ജന്മനാടായ ഇന്‍ഡോറില്‍ നിന്ന് ലത മുംബൈയിലേക്ക് താമസം മാറി. തുടര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതാഭ്യസനം ആരംഭിച്ചു. ഉസ്താദ് അമാന്‍ അലി ഖാനായിരുന്നു ഗുരു. തുടര്‍ന്ന് ചില സിനിമകളില്‍ ലതയും അനിയത്തി ആശയും ചെറിയ വേഷങ്ങള്‍ ചെയ്തു. 1948 ല്‍ വിനായക് മരിച്ചതോടെ സംഗീതസംവിധായകന്‍ ഗുലാം ഹൈദര്‍ ലതയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. നിര്‍മാതാവ് സാഷാധര്‍ മുഖര്‍ജിയ്ക്ക് ലതയെ പരിചയപ്പെടുത്തിയത് ഗുലാം ഹൈദറായിരുന്നു. 1949 ല്‍ ഉഠായേ ജാ ഉന്‍കി സിതം എന്ന ഹിറ്റ് ഗാനത്തോടെ ലത എന്ന ഗായികയുടെ സുവര്‍ണകാലം ആരംഭിച്ചു.
നര്‍ഗീസും വഹീദ റഹ്‌മാനും തുടങ്ങി മാധുരി ദീക്ഷിതിനും പ്രിറ്റി സിന്റയ്ക്കും വരെ ലത തന്റെ ശബ്ദമാധുര്യം പിന്നണിയില്‍ നല്‍കി.40കളുടെ തുടക്കം മുതൽ നാളിതുവരെ ഏഴു പതിറ്റാണ്ടിലേറെയായി ലതാജി പാടി. പാടുക മാത്രമല്ല പ്രശസ്‌തിയുടെ കൊടുമുടിയിലെത്തുകയും ചെയ്‌തു അവര്‍. ദൈവത്തിൽ നിന്നും മാതാപിതാക്കളിൽ നിന്നും തനിക്ക് ലഭിച്ച സമ്മാനമാണ് സംഗീതമെന്ന് വിശ്വസിച്ച ഗായികയാണ് ലത മങ്കേഷ്‌കര്‍. ലതാജിക്ക് സംഗീതം ഒരു കരിയര്‍ ആയിരുന്നില്ല. മറിച്ച് ജീവിതമായിരുന്നു.
സംഗീതത്തെ ഒരു പ്രത്യേക പദവിയായാണ് ലത കണക്കാക്കിയിരുന്നത്.വോ കൗൻ തി’ (1964) എന്ന ചിത്രത്തിലെ ‘ലാഗ് ജാ ഗെയില്‍’ എന്ന ഗാനം ലതയെ അനശ്വരയാക്കി. രാജാ മെഹ്ദി അലി ഖാനാണ് ‘ലാഗ് ജാ ഗെയിലി‘ന്‍റെ ഗാന രചയിതാവ്. ലതാജി പാടിയ ‘തൂനെ ഓ രംഗീലേ കൈസാ ജാദൂ കിയാ’, എന്ന ഗാനം എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്. ലതാ മങ്കേഷ്‌കറിന്‍റെ ജനപ്രിയ ഗാനങ്ങളിലൊന്നാണ് ‘ആജ് ഫിർ ജീനേ കി തമന്ന ഹേയ്’. ഈ ഗാനത്തെ കുറിച്ചുള്ള വിചിത്രമായ ഒരു കഥ അവര്‍ വെളിപ്പെടുത്തുകയുണ്ടായി.
എക്കാലത്തെയും മികച്ച ഹിന്ദി സംഗീത ആൽബങ്ങളിലൊന്നാണ് ‘ഹം ഡോണോ‘യിലെ ‘അള്ളാ തേരോ നാം’. ‘ലതാജിയുടെ അതുല്യമായ ശൈലി വരും തലമുറകളിലും സംഗീതജ്ഞരെ പ്രചോദിപ്പിക്കുമെന്ന്’ പാക്കിസ്ഥാൻ ഗായകൻ റാഹത് ഫത്തേ അലി ഖാൻ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.