22 November 2024, Friday
KSFE Galaxy Chits Banner 2

രാജ്യദ്രോഹക്കുറ്റത്തിനായുള്ള പിടിവാശി

Janayugom Webdesk
June 7, 2023 5:00 am

കോളനിവാഴ്ചക്കാലത്ത് നിലവിൽവന്ന ഇന്ത്യൻ ശിക്ഷാനിയമത്തി(ഐപിസി)ൽ ഉള്‍പ്പെടുന്ന ദേശദ്രോഹക്കുറ്റം നിലനിർത്തണമെന്നും ശിക്ഷ ഉയർത്തണമെന്നും ദേശീയ നിയമ കമ്മിഷൻ ശുപാർശ ചെയ്തിരിക്കുകയാണ്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഐപിസിയിൽ പിന്നീട് നിരവധി ഭേദഗതികൾ ഉണ്ടായെങ്കിലും അപരിഷ്കൃതവും അടിച്ചമർത്തൽ പ്രവണതകളുമുള്ള പല അവശിഷ്ടങ്ങളും അതേപടി നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെയും നമ്മുടെ ഔദ്യോഗിക ശിക്ഷാ നിയമാവലി (ക്രിമിനൽ കോഡ്). ഐപിസി രൂപപ്പെട്ട കാലയളവ് പരിശോധിച്ചാൽത്തന്നെ അതിന്റെ മനുഷ്യ വിരുദ്ധത വ്യക്തമാകും. കോളനിവാഴ്ചയ്ക്കെതിരായ ആദ്യ പ്രതിരോധമെന്നറിയപ്പെടുന്ന, ശിപായി ലഹളയെന്ന് ബ്രിട്ടീഷുകാർ ചരിത്രത്തിൽ പരിഹസിച്ചെഴുതിയ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ തൊട്ടടുത്ത വർഷങ്ങളിലാണ് അത് നടപ്പിൽ വന്നത്. 1857ലായിരുന്നു ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത്. 1833ൽ തന്നെ മെക്കാളെ പ്രഭുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെ നിയോഗിക്കുകയും അവർ രണ്ടു വർഷംകൊണ്ട് കരട് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ 1857ലെ ആദ്യ സ്വാതന്ത്ര്യസമരമുണ്ടായപ്പോഴാണ് അത് പ്രാബല്യത്തിൽ വരുത്തുന്നതിനെക്കുറിച്ച് ആലോചിച്ചതും 1862ൽ ചില ഭേദഗതികളോടെ നിലവിലാകുന്നതും. 1862ൽ നടപ്പാക്കിയ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ദേശദ്രോഹക്കുറ്റമുണ്ടായിരുന്നില്ല 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടർന്ന് ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭം ശക്തിയാർജിച്ചപ്പോഴാണ് 1870ൽ രാജ്യദ്രോഹക്കുറ്റം കൂട്ടിച്ചേർക്കപ്പെട്ടത്. പിന്നീട് ദേശീയ നേതാക്കളെ തടവിലാക്കുന്നതിനുള്ള അടിച്ചമർത്തൽ ഉപകരണമായി ദേശദ്രോഹക്കുറ്റം ഉപയോഗിച്ചു. നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ തുറുങ്കിലടയ്ക്കാൻ കോളനി മേധാവികൾ ഈ വകുപ്പാണ് ഉപയോഗിച്ചത്. ദുരുപയോഗം ചെയ്തതിന്റെ അനുഭവങ്ങൾ പലതുണ്ടെങ്കിലും സ്വാതന്ത്ര്യാനന്തരം ഐപിസിയിൽ ഭേദഗതികൾ വരുത്തുമ്പോൾ വ്യാപകമായ ആവശ്യങ്ങൾ ഉണ്ടായിട്ടും പ്രസ്തുത വകുപ്പ് എടുത്തുകളയുന്നതിന് സർക്കാരുകൾ സന്നദ്ധമായില്ല.

ഓരോ സർക്കാരുകളും അവരവരുടെ സൗകര്യത്തിനനുസരിച്ച് എതിരാളികളെ ജയിലിലാക്കുന്നതിനും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിനും 124എ വകുപ്പ് ദുരുപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്തു. 2014ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതിനുശേഷം കാട്ടുന്ന ഫാസിസ്റ്റ് പ്രവണതയുടെ ഫലമായി പ്രസ്തുത വകുപ്പ് വ്യാപകമായി ദുരുപയോഗിക്കുന്ന സ്ഥിതിയുണ്ടായി. കേന്ദ്ര സർക്കാരിനെതിരായ ശബ്ദങ്ങളെ അടിച്ചമർത്തുന്നതിനുള്ള പ്രധാനപ്പെട്ട ഉപകരണമായാണ് മോഡി സർക്കാർ പ്രസ്തുത വകുപ്പ് പ്രയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ വിമർശനമാണ് വകുപ്പ് നിലനിർത്തുന്നതിനെതിരെ രാജ്യവ്യാപകമായുണ്ടായത്. ഐപിസിയിലെ 124എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള നിയമ വ്യവഹാരങ്ങളിൽ പലതവണ കീഴ്ക്കോടതികളിൽ നിന്ന് ദേശദ്രോഹക്കുറ്റത്തിനെതിരായ പരാമർശങ്ങൾ ഉണ്ടാവുകയും ചെയ്തു. എന്നാൽ ഈ വകുപ്പ് ഉപയോഗിച്ചുള്ള നടപടികൾ കേന്ദ്രം തുടർന്നു. ഈ സാഹചര്യത്തിലാണ് വിഷയം വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിലെത്തിയത്. വ്യവസ്ഥ നിലനിർത്തുന്നത് പ്രാകൃതമാണെന്നും മനുഷ്യാവകാശ ലംഘനത്തിന് കാരണമാണെന്നും സുപ്രീം കോടതി പരാമർശിക്കുകയും ചെയ്തു. അതേത്തുടർന്ന് രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട 124എ വകുപ്പ് പുനഃപരിശോധിക്കുമെന്ന നിലപാട് കേന്ദ്രം അറിയിച്ച സാഹചര്യത്തിൽ കഴിഞ്ഞ വർഷം മേയ് 11ന് രാജ്യദ്രോഹനിയമം മരവിപ്പിച്ചുള്ള സുപ്രധാനമായ വിധി സുപ്രീം കോടതിയിൽ നിന്നുണ്ടായി.


ഇതുകൂടി വായിക്കൂ: ഭരണഘടനയെ തോല്പിക്കുവാനുള്ള ഓര്‍ഡിനന്‍സ്


നിലവിൽ ഈ വകുപ്പ് പ്രകാരം ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതികളെ സമീപിക്കാമെന്ന നിർദേശം സുപ്രീം കോടതി നല്കുകയും ചെയ്തു. പുതിയ കേസുകൾ ഈ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്യുന്നത് ഒഴിവാക്കണമെന്നും പരമോന്നത കോടതി നിർദേശിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ പ്രസ്തുത നിർദേശവും രാജ്യത്തെ ജനങ്ങളുടെയാകെ അഭിലാഷവും അവഗണിച്ച് രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന ഐപിസിയിലെ 124എ വകുപ്പ് നിലനിർത്തണമെന്ന് ദേശീയ നിയമ കമ്മിഷൻ ശുപാർശ ചെയ്തിരിക്കുകയാണ്. ബ്രിട്ടീഷ് വാഴ്ചക്കാലത്ത് നിയമ കമ്മിഷന്റെ ശുപാർശയനുസരിച്ചായിരുന്നു പ്രസ്തുത വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അതേ സ്വഭാവവിശേഷമുള്ള നരേന്ദ്ര മോഡി സർക്കാരും 124എ വകുപ്പുമായി മുന്നോട്ടുപോകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. സുപ്രീം കോടതിയിൽ നേരത്തെ സമ്മതിച്ചതനുസരിച്ച് പുനഃപരിശോധിക്കുന്നതിനു പകരം കൂടുതൽ കർശനമാക്കണമെന്നാണ് നിയമ കമ്മിഷന്‍ ശുപാർശ. പരമാവധി ശിക്ഷ ജീവപര്യന്തമാക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ വകുപ്പ് കാടത്തമാണെന്ന സൂചന നല്കിയ സുപ്രീം കോടതിയെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ നിലപാട്. തങ്ങളുടെ ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾ ചോദ്യം ചെയ്യപ്പെടാതിരിക്കണമെങ്കിൽ ബ്രിട്ടീഷ് അടിച്ചമർത്തൽ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങൾ നിലനില്‍ക്കണമെന്ന കേന്ദ്രത്തിന്റെ പിടിവാശിയാണ് കമ്മിഷന്റെ ശുപാർശയായി വന്നിരിക്കുന്നതെന്നതിൽ സംശയമില്ല. കടുത്ത മനുഷ്യാവകാശ ലംഘനത്തിന് കേന്ദ്ര സർക്കാർ ഇനിയും തുനിയുമെന്ന ഭയപ്പാടാണ് ഇതിലൂടെ ജനങ്ങൾക്കുണ്ടാകുന്നത്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.