സമസ്ത കേരള ജംഇയത്തുൽ ഉലമ മുശാവറ (ഉന്നതാധികാര പണ്ഡിത സഭ) യോഗത്തിൽ നിന്നും അദ്ധ്യക്ഷൻ ജിഫ്രീ മുത്തുകോയ തങ്ങൾ ഇറങ്ങിപ്പോയി എന്ന മാധ്യമ വാർത്തകളോടെ സമസ്തയും ലീഗും തമ്മിലുള്ള തർക്കങ്ങൾ പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്.
സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും മലബാറിലെ നിരവധി പള്ളി മഹല്ലുകളിലെ ഖാസിയുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടത്തിയ പരോക്ഷ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ലീഗും സമസ്തയും തമ്മിലുള്ള ബന്ധം ഒരിടവേളക്ക് ശേഷം വീണ്ടും വഷളായത്. ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽനിന്നും യോഗ്യത നേടിയ ആളായിരുന്നു ദീർഘകാലം ലീഗിന് നേതൃത്വം നൽകിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ശേഷം അധ്യക്ഷനായ ഹൈദരലി തങ്ങളും ഇസ്ലാമിക മത നിയമങ്ങളിൽ ഔദ്യോഗിക ബിരുദം കരസ്ഥമാക്കിയിരുന്നു. എന്നാൽ ഔദ്യോഗിക യോഗ്യതകളില്ലാത്ത സാദിഖ് അലി തങ്ങൾ എങ്ങനെ മഹല്ല് ഖാസി സ്ഥാനം ഏറ്റെടുക്കുമെന്നാണ് മുക്കം ഫൈസി ഉയർത്തിയ ചോദ്യം. മതത്തെ ചേർത്ത് രാഷ്ട്രീയ വിജയം നേടി വരുന്ന മുസ്ലിം ലീഗിന്റെ തന്ത്രത്തിന് നേരെയായിരുന്നു ഈ “യോഗ്യത” വിമർശനമെന്ന് ആർക്കും മനസ്സിലാകും. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ചു കാലമായി സമസ്തയും ലീഗും തമ്മിൽ നടന്നുവരുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ വേണം പുതിയ വിവാദങ്ങളേയും പരിശോധിക്കാൻ.
1926ൽ രൂപീകരിക്കപ്പെട്ട സുന്നി പണ്ഡിത സഭയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ആദ്യ കാലങ്ങളിൽ ഒരു രാഷ്ട്രീയ ആഭിമുഖ്യവും ഈ സംഘടനയ്ക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ലീഗ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ഈ സ്വതന്ത്ര മത പുരോഹിത സംഘടനയെ രാഷ്ട്രീയ ഇംഗിതങ്ങൾക്ക് ഉപയോഗിച്ച് തുടങ്ങി. മുഹമ്മദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ തുടങ്ങിയ ലീഗ് നേതാക്കൾ സമസ്ത നേതൃത്വത്തിലും വന്നതോടെ ലീഗിന്, സമസ്ത പിന്തുണ നേടി എടുക്കുക എളുപ്പവുമായി. എന്നാൽ രാഷ്ട്രീയ വിഷയങ്ങളിൽ (മത വിശ്വാസവുമായി ബന്ധപ്പെട്ടതാണെങ്കിൽ പോലും) സമസ്ത നേരിട്ട് ഇടപെടുന്നത് ലീഗ് നേതൃത്വം എല്ലാ കാലത്തും തന്ത്രപൂർവ്വം ഒഴിവാക്കി.
1980കളിൽ സമസ്തയിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെട്ടു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ എടുത്ത നിലപാട് ‘കേരളത്തിലെ മുസ്ലിങ്ങൾക്ക് ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ മാത്രമേ പിന്തുണയ്ക്കാൻ പാടുള്ളൂ എന്ന് ആർക്കും നിർദേശിക്കാനാവില്ല’ എന്നതായിരുന്നു. അഥവാ കേരളത്തിലെ മുസ്ലിങ്ങൾക്കിടയിലെ പ്രമുഖ വിഭാഗമായ സുന്നികൾക്കിടയിൽ “രാഷ്ട്രീയ സ്വാതന്ത്യ്രം” പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. തുടർന്ന് സമസ്ത പിളരുകയും ഇ കെ അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന വിഭാഗത്തെ “ഇകെ” വിഭാഗം എന്നും, കാന്തപുരം നേതൃത്വം കൊടുത്ത വിഭാഗത്തെ “എപി” വിഭാഗമെന്നും അറിയപ്പെട്ടു. സമസ്ത പിളർപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ നിരവധി സംഘർഷങ്ങളും സംഘട്ടനങ്ങളും കൊലപാതകങ്ങളും അരങ്ങേറി എന്നുള്ളത് ഹിതകരമല്ലാത്ത ചരിത്രമാണ്.
എപി വിഭാഗം തങ്ങളുടെ സ്വതന്ത്ര നിലപാട് തുടരുകയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ശ്രദ്ധ പുലർത്തുകയും ചെയ്തു. എന്നാൽ പ്രാരംഭ ഘട്ടം മുതൽ സമസ്തയ്ക്ക് ലീഗുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം അതേ പടി തുടരുകയാണ് ഇ കെ വിഭാഗം ചെയ്തത്.
ഇപ്പോൾ സമസ്ത ഇ കെ വിഭാഗത്തിലെ ഒരു വിഭാഗം ഒരു സ്വാതന്ത്യ്ര പ്രഖ്യാപനത്തിന്റെ വക്കിലാണ്. 2014 മുതൽ ഏറിയും കുറഞ്ഞും ലീഗ്- സമസ്ത
അഭിപ്രായ വ്യത്യാസങ്ങൾ ആരംഭിച്ചിട്ടുണ്ട്. അടുത്ത കാലത്തായി കാലങ്ങളായുള്ള ഐക്യത്തിന് കോട്ടം തട്ടിയെന്ന് മാത്രമല്ല, സ്വതന്ത്ര സംഘടനയെന്ന അസ്തിത്വം നിലനിർത്താൻ സമസ്തയിലെ ഒരു വിഭാഗമെങ്കിലും ആഗ്രഹിക്കുകയും ചെയ്യുന്നു. മുസ്ലിംലീഗിൽനിന്ന് തുടർച്ചയായി അപമാനിക്കപ്പെടുന്നതിലുള്ള നീരസം അത്തരമൊരു സാഹചര്യത്തിലേക്കാണ് സമസ്തയെ എത്തിച്ചത്.
പിളർപ്പിന് ശേഷം മുസ്ലിംലീഗിന് നിരുപാധിക പിന്തുണ നൽകുന്ന നിലപാടാണ് ഇകെ വിഭാഗം സ്വീകരിച്ചത്. ഒരുമിച്ച് കൊണ്ടുപോവുന്നതിനുള്ള മെയ്‌വഴക്കം പാണക്കാട് തങ്ങൻമാർക്കുണ്ടായിരുന്നു. ചില വിഷയങ്ങളിൽ രണ്ടു വിഭാഗവും ഭിന്നതകളുണ്ടായപ്പോഴെല്ലാം ഇരുചെവിയറിയാതെ കൈകാര്യം ചെയ്യാൻ അവർക്ക് സാധിച്ചു. എന്നാൽ ലീഗിന്റെ ചില നിലപാടുകളിൽ സമസ്തയിലെ ഒരു വിഭാഗത്തിന് വലിയ എതിർപ്പുണ്ടായിരുന്നു. അവർ അത് പരസ്യപ്പെടുത്താൻ ധൈര്യം കാണിച്ചതോടെയാണ് ലീഗ്-സമസ്ത തർക്കമെന്ന തലക്കെട്ട് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. മതസംഘടന എന്ന നിലയിൽ, രാഷ്ട്രീയ കക്ഷിയായ ലീഗിന്റെ തിട്ടൂരത്തിന് വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നായിരുന്നു ആ നേതാക്കളുടെ വാദം. ലീഗ് കാണിച്ച നെറികേടുകളുടെ രാഷ്ട്രീയം അതിന് അടിത്തറ പാകി.
അതിനെല്ലാമിടയിലേക്കാണ് കോ-ഓർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സിഐസി) സിലബസുമായി ബന്ധപ്പെട്ട വിഷയം കടന്നുവന്നത്. സമസ്ത നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിലബസും മറ്റ് പാഠ്യപദ്ധതികളും സർവകലാശാലാ മാതൃകയിൽ പരിഷ്കരിക്കാൻ സിഐസി ശ്രമം നടത്തിയതിന് ലീഗ് പിന്തുണ നൽകിയതോടെ വിഷയം ചിലയിടങ്ങളിൽ സംഘർഷത്തിലേക്ക് നീങ്ങി. പ്രശ്നം പരിഹരിക്കാൻ സമസ്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് മുന്നിൽവെച്ച നിർദേശങ്ങൾ നടപ്പാക്കാൻ ലീഗിന് താൽപ്പര്യമുണ്ടായിരുന്നില്ല. അതോടെ അകലം കൂടി. ‘സമസ്തയിലെ സഖാക്കൾ’ എന്ന പിഎം എ സലാമിന്റെ പ്രസ്താവന ചെറിയ പുകിലൊന്നുമല്ല ഉണ്ടാക്കിയത്. പ്രസ്താവന തിരുത്തിയെങ്കിലും മാനസികമായ അകലം കൂടി. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളുമായി ലീഗിന്റെ അനുനയ സമീപനങ്ങൾ മിക്ക സമയങ്ങളിലും ലീഗ്-സമസ്ത ഭിന്നതയ്ക്ക് കാരണമായി.
മുജാഹിദ് സമ്മേളനത്തിൽ പാണക്കാട് മുനവ്വറലി തങ്ങൾ ഉൾപ്പെടെ സമസ്തയുടെ വിലക്ക് ലംഘിച്ച് പങ്കെടുത്തതും പ്രതിസന്ധിയായി. സാദിഖലി തങ്ങളെ ആത്മീയ നേതാവായി കാണാൻ കഴിയാത്തവരും സമസ്തയിലുണ്ടായി. ലീഗിന് ഭരണപങ്കാളിത്തമില്ലാത്ത സാഹചര്യത്തിൽ സർക്കാരുമായി നേരിട്ട് ഇടപെടലുകൾ നടത്താൻ സമസ്ത തയ്യാറായി. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ ഇക്കാര്യത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ചു. മുൻകാലങ്ങളിലൊന്നും സർക്കാരുകളുമായി ഏതെങ്കിലും നേരിട്ടുള്ള ചർച്ച നടത്താൻ സമസ്ത ഒരുക്കമായിരുന്നില്ല. വഖഫ് നിയമന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സമസ്ത നേതൃത്വം നേരിട്ട് ചർച്ചകൾ നടത്തിയതോടെ ലീഗിന് അപകടം മണത്തു. കോഴിക്കോട് കടപ്പുറത്ത് ശക്തിപ്രകടനം വരെ നടത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിപ്പെട്ടു. ഭീഷണിപ്പെടുത്തിയും അനുനയിപ്പിച്ചും കൂടെ നിർത്താമെന്ന് പതിവുപോലെ മോഹിച്ചെങ്കിലും അപ്പോഴേക്കും ലീഗിനെതിരായ വികാരം സമസ്തയിൽ പ്രകടമായിത്തുടങ്ങിയിരുന്നു. സമസ്തയുടെ കാര്യങ്ങൾക്ക് ലീഗിനെ ആശ്രയിക്കുന്ന കാലം കഴിഞ്ഞുവെന്ന് സമീപകാലത്തെ നീക്കങ്ങളിൽ നിന്ന് വ്യക്തമാണ്. മതനിരാസത്തിന്റെ ആക്ഷേപം ചൊരിഞ്ഞ് ഇടതുമായി അടുക്കുന്നതിൽ നിന്ന് സമസ്തയെ വിലക്കുന്ന ലീഗ് നേതൃത്വത്തെ പഴയ കാല ഇടത് ബന്ധം
ഓർമപ്പെടുത്തിയും കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനം എടുത്തു കാട്ടിയും സമസ്തയിലെ ചില നേതാക്കന്മാർ പ്രതിരോധിക്കുകയാണ്.
ലീഗ് ഒരുക്കിവെച്ച കെണിയിൽനിന്നുള്ള പുറത്തുചാടലാണ് സമസ്തയിലെ ഒരു വിഭാഗത്തിന്റെ സമീപകാല നിലപാടുകൾ വ്യക്തമാക്കുന്നത്. സംരക്ഷണമെന്ന പേരിൽ ലീഗിന്റെ തണലിൽ സമസ്തയെ പാർപ്പിച്ചിരിക്കുകയാണ് ഇതുവരെ. അവസരം കിട്ടുമ്പോഴെല്ലാം അവരെ അപമാനിക്കുകയും ചെയ്തു. ഒരു രാഷ്ട്രീയ കക്ഷിയുമായും ‘ആത്മീയ ബന്ധം’ വേണ്ടെന്നാണ് സമസ്തയിൽ ഇപ്പോൾ ഉയരുന്ന വാദം. സമസ്തയ്ക്ക് മുശാവറ (ഉന്നതാധികാര പണ്ഡിത സഭ) എടുക്കുന്ന നിലപാട് മതി എന്നും അതാണ് സമസ്തയുടെ രാഷ്ട്രീയം എന്നും വ്യക്തമാക്കുന്ന തരത്തിലാണ് സമസ്തയുടെ പുതിയ നേതൃത്വത്തിന്റെ നിലപാടുകൾ. ലീഗുമായി പ്രശ്നങ്ങളില്ലെന്ന് ഇടയ്ക്ക് ഔദ്യോഗിക പ്രസ്താവനകൾ ഇറക്കുമെങ്കിലും, ലീഗിന്റെ താളത്തിനൊത്ത് തുള്ളലല്ല തങ്ങളുടെ പണി എന്ന് സമസ്തയിലെ ചില നേതാക്കളെങ്കിലും കടുപ്പിച്ച് പറയുന്നുണ്ട്. അതേസമയം, ലീഗിനെയും സമസ്തയെയും ഒരുമിപ്പിച്ച് കൊണ്ടുപോവണമെന്ന് വാദിക്കുന്നവർ ലീഗിൽ തന്നെയുണ്ട്. സമസ്തയില്ലാത്ത ലീഗ് ദുർബലമാണെന്ന വാദത്തെ അംഗീകരിക്കുകയാണ് ഇക്കൂട്ടർ. ഇത് ലീഗിന്റെ പ്രതിസന്ധിയാണ്. സമസ്തയുടെ പ്രതിസന്ധിയല്ല. സമസ്തയ്ക്ക് മേൽ തങ്ങളുടെ നിയന്ത്രണം ക്രമേണ കുറഞ്ഞ് വരുന്ന അങ്കലാപ്പിലാണ് ലീഗ്. സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം ലീഗ് പ്രവർത്തകർ കൂട്ടത്തോടെ കത്തിക്കുന്നിടത്തേക്ക് വരെ കാര്യങ്ങൾ എത്തിയ സാഹചര്യമുണ്ടായി. രൂപീകരണ കാലത്തെ ശക്തിയും സ്വാതന്ത്ര്യവും തിരിച്ച് പിടിക്കാൻ സമസ്തയ്ക്കാവേണ്ടതുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാർത്ഥികൾക്ക് നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനായ പശ്ചാത്തലത്തിൽ തർക്കം അല്പം ശമിച്ചിരുന്നു. എന്നാൽ ഉമ്മർ ഫൈസിയുടെ പ്രസ്താവനയും സമസ്ത മുശാവറ യോഗത്തിലെ തർക്കങ്ങളും പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ലീഗിന്റെ ഏറ്റവും ഉന്നതനായ നേതാവിനെ തന്നെ “യോഗ്യത“ യുടെ പേരിൽ ഉമ്മർ ഫൈസി ലക്ഷ്യം വയ്ക്കുമ്പോൾ ശക്തമായ പിന്തുണ ഏതെങ്കിലും കോണുകളിൽനിന്നില്ലാതെ ഇത് സാധ്യമാവില്ലെന്ന് തർക്കത്തെ നിരീക്ഷിക്കുന്ന ആർക്കും ബോധ്യപ്പെടുന്ന ഒന്നാണ്. ഏതായാലും ലീഗല്ല സമസ്തയെന്ന് ഉറക്കെ പറയാൻ ആഗ്രഹിക്കുന്ന പണ്ഡിതന്മാരുടെ എണ്ണം സമസ്തയിൽ വർധിക്കുന്നു എന്ന് തന്നെയാണ് പുതിയ വിവാദങ്ങൾ തെളിയിക്കുന്നത്.
സമസ്തയും ലീഗും തമ്മിലുള്ള തർക്കം സമസ്തയ്ക്കകത്തെ തർക്കമാക്കി മാറ്റാനും അതിൽ മധ്യസ്ഥന്റെ റോളിലേക്ക് വരാനും സാധിച്ചാൽ സമസ്തയുടെ മേൽ ലീഗിന് ഇനിയും ആധ്യപത്യം തുടരാനാകും. എന്നാൽ ആർജവത്തോടെ മുന്നോട്ട് പോകാൻ സാധിച്ചാൽ സമസ്തയ്ക്ക് ഇനി സ്വതന്ത്രമാവാം. അഭിമാനത്തോടെയും ആർജവത്തോടെയും ആത്മീയ കാര്യങ്ങളിലും ആവശ്യമായ രാഷ്ട്രീയ കാര്യങ്ങളിലും സ്വന്തം നിലപാടെടുക്കാം. ശക്തമായ മതസംഘടന എന്ന നിലയിലേക്ക് മടങ്ങുകയും ചെയ്യാം. സമസ്തയുടെ പണ്ഡിത നേതൃത്വത്തിന് സമസ്തയിൽ ലീഗില്ലെന്നും ലീഗിൽ സമസ്തയില്ലെന്നും പറയാനാകണം. കാരണം ലീഗല്ലല്ലോ മതം. അല്ലെങ്കിൽ മതമല്ലല്ലോ ലീഗ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.