‘യുദ്ധവും സമാധാനവും ‘, ‘അന്നാ കരീനീന ’ വിദ്യാഭ്യാസ കാലഘട്ടത്തിൽ പഠിച്ചുപോയവരാരും മറന്നിടാത്ത ലോക ക്ലാസിക്കുകൾ. ലോകത്തെ എക്കാലത്തെയും മഹത്തുക്കളായ എഴുത്തുകാരിൽ ഒരാളായി എണ്ണപ്പെടുന്ന കൗണ്ട് ലെവ് നികോളയെവിച്ച് എന്ന സാക്ഷാൽ ലിയോ ടോൾസ്ടോയിയുടെ ഉദാത്തമായ രചനകളിൽ പ്രധാനപ്പെട്ടവ. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത് പിന്നെ ആത്മീയഗുരുവെന്ന് സ്വയം വിളിക്കുകയും ചെയ്‌ത ടോൾസ്റ്റോയി അന്തരിച്ചത് 1910 നവംബർ 20 നായിരുന്നു. 1828 സെപ്റ്റംബർ 9 ന് റഷ്യയിലെ ട്യൂല പ്രാവിശ്യയിൽ അഞ്ച് മക്കളിൽ നാലാമനായി അറിയപ്പെടുന്ന പ്രഭുകുടുംബത്തിൽ ജനനം. ഒമ്പതാം വയസ്സിൽ മാതാപിതാക്കൾ മരണപ്പെട്ടു, അടുത്ത ബന്ധുക്കളുടെ സംരക്ഷണയിൽ വളർന്നു. പതിനാറാം വയസ്സിൽ നിയമപഠനത്തിനായി കോസാൻ യൂണിവേഴ്സിറ്റിയിലേക്ക്. പക്ഷെ, അവിടുത്തെ അധ്യാപകർക്ക് ടോൾസ്റ്റോയിയെപ്പറ്റി നല്ല അഭിപ്രായം ഇല്ലായിരുന്നു. അവർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ’ പഠിക്കാൻ കഴിവും മനസ്സുമില്ലാത്തവൻ ’ എന്നാണ്. അക്കാഡമിക് വർഷത്തിന്റെ പകുതിയായപ്പോഴേക്കും കൊച്ചു ടോൾസ്ടോയ് അവിടം വിട്ടു.
1851 ൽ പട്ടാളത്തിൽ ചേർന്ന് മികച്ച സേവനം കാഴ്ചവച്ചു. യുദ്ധങ്ങളിൽ പങ്കെടുത്ത് ശത്രുക്കളെ വധിക്കുന്നതിൽ വീറു കാട്ടി, പ്രൊമോഷൻ കിട്ടി ലെഫ്റ്റനന്റ് ആയി. 1852 ൽ ആദ്യനോവൽ എഴുതി, ‘ചൈൽഡ്ഹൂഡ് ’ സ്വന്തം യുവത്വകാലമാണ് പ്രതിപാദ്യം. പിന്നീട് സൈനികസേവനം അവസാനിപ്പിച്ചു. 1860 ൽ നടത്തിയ യൂറോപ്യൻ യാത്ര അദ്ദേഹത്തിൽ ഒരുപാട് മാറ്റങ്ങൾ സൃഷ്ടിച്ചു. വിഖ്യാത എഴുത്തുകാരൻ വിക്ടർ ഹ്യുഗോയെ കണ്ടുമുട്ടുന്നത് ഈ യാത്രയിലാണ്. എഴുത്തിനൊപ്പം ചാരിറ്റി പ്രവർത്തനങ്ങളിലും ഏർപ്പെട്ടു അദ്ദേഹം. റഷ്യൻ കർഷകരുടെ മക്കൾക്കായി 13 സ്കൂളുകൾ നിർമിച്ചു. 1862 ലായിരുന്നു വിവാഹം, അദ്ദേഹത്തേക്കാൾ 16 വയസ്സിന് ഇളയവളായ സോഫിയ അന്ദ്രീന ബേർസ്നെ. റഷ്യൻ സാഹിത്യലോകത്തെ അതികായനെന്ന് അറിയപ്പെട്ട ടോൾസ്ടോയ് നാലു നോവലുകളാണ് എഴുതിയത്, അതിൽ സുപ്രധാനം ‘യുദ്ധവും സമാധാനവും ‘,’ അന്നാ കരീനീന ’ യുമാണ്. ടോൾസ്ടോയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും നായകൻ ഗാന്ധിജിയെയും ഇഷ്ടമായിരുന്നു.
1908 ൽ അദ്ദേഹം എഴുതിയ ’ എ ലെറ്റർ ടു എ ഹിന്ദു ’ എന്നതിൽ കോളനി ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ഇന്ത്യ സ്വീകരിച്ച അക്രമരാഹിത്യ മാർഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം വരച്ചുകാട്ടുന്നതായിരുന്നു. അടുത്തവർഷം ഗാന്ധിജി ഇത് വായിക്കാനിടയാവുകയും, എഴുതിയത് ആരെന്ന് അന്വേഷിക്കുകയും തുടർന്ന് ഇരുവരും പരസ്പരം അടുക്കുകയും ചെയ്തു. ആക്കാലത്ത് മഹാത്മജി ദക്ഷിണാഫ്രിക്കയിലാണുണ്ടായിരുന്നത്. ടോൾസ്ടോയ് മരിക്കുന്നതുവരെ ബന്ധം തുടർന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി സ്ഥാപിച്ച രണ്ടാമത്തെ ആശ്രമത്തിന് ടോൾസ്റ്റോയിയുടെ പേരിട്ടു എന്നതാണ് ചരിത്രം. ജീവിതാവസാന കാലത്ത് അദ്ദേഹം ഹെൻറി ജോർജിന്റെ ആശയങ്ങളുമായി അടുക്കുകയും അതിന്റെ പ്രചാരകനാകുകയും ചെയ്തു. ആയിരക്കണക്കിന് കർഷകർ അദ്ദേഹത്തിന്റെ അന്ത്യയാത്രക്ക് സാക്ഷികളാകാൻ തെരുവോരങ്ങളിൽ അണിനിരന്നിരുന്നു. രോഗഗ്രസ്ഥനായി റെയിൽവേ സ്റ്റേഷനിൽ കിടന്ന അദ്ദേഹത്തെ സ്റ്റേഷൻ മാസ്റ്റർ ഡോക്ടർമാരെ വരുത്തി, അവർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എൺപത്തിരണ്ടാമത്തെ വയസ്സിൽ ലോകം കണ്ട എക്കാലത്തെയും മഹാനായ സാഹിത്യകാരനും ഒപ്പം സന്യാസി വര്യനുമായ ലിയോ ടോൾസ്ടോയ് മരണത്തിന് കീഴടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.