16 June 2024, Sunday

ഒന്നിച്ചിരിക്കാം വായിച്ചു വളരാം; നാടിനു സമ്മാനമായി പുസ്തകപ്പുര

Janayugom Webdesk
ചെന്ത്രാപ്പിന്നി 
May 22, 2024 4:52 pm

ഒന്നിച്ചിരിക്കാം വായിച്ചു വളരാം എന്ന സന്ദേശത്തോടെ ചെന്ത്രാപ്പിന്നി കണ്ണനാം കുളം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത്‌ ആയിരത്തിൽ പരം പുസ്തകങ്ങൾ സഹിതം പുസ്തകപ്പുര നാടിനു സമർപ്പിച്ചു. പ്രവാസിയും യുവകലാസാഹിതി യു എ ഇ ഘടകം പ്രസിഡന്റുമായ സുഭാഷ് ദാസാണ് ഈ വേറിട്ട സ്ഥാപനം നാടിനു വേണ്ടി ഒരുക്കിയത്.  ഹരിതസൗഹൃദ പരിസരത്തിൽ ട്രോപ്പിക്കൽ എജ്യു ഹബ്ബ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പുസ്തകപ്പുര സജ്ജീകരിച്ചിട്ടുള്ളത്. പുസ്തക വായനയ്ക്കൊപ്പം ഇ വായനയും പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണിത്. എജ്യു ഹബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ സംവിധായകൻ പ്രിയനന്ദനൻ നിർവഹിച്ചു.

പുസ്തകപ്പുരയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് കവിയും പ്രഭാഷകനും യുവകലാ സാഹിതി കേരള ഘടകം പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ്. ഗ്രന്ഥശാലകൾ കുറഞ്ഞു വരുന്ന കാലത്ത് പുസ്തകങ്ങളെ ചേർത്തു പിടിക്കുകയും അവയെ സ്വന്തം നാടിനു സമർപ്പിക്കുകയും ചെയ്യുന്നതിലൂടെ മാനവികതയുടെ സന്ദേശമാണ് സുഭാഷ് ദാസ് മുന്നോട്ടു വെയ്ക്കുന്നതെന്ന് ലീലാകൃഷ്ണൻ പറഞ്ഞു. സ്ഥലം എംഎൽഎ ടൈസൺ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. നാടക പ്രവർത്തകരായ ടിവി ബാലകൃഷ്ണൻ, സഞ്ജു മാധവ്, തലമുറകൾക്ക് മലയാളം പകർന്നു നൽകിയ അദ്ധ്യാപിക രാധാമണി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികൾക്ക് സ്മാർട്ട്‌ ക്ലാസ്സ്‌ സഹിതമുള്ള ട്യൂഷൻ പഠനമാണ് ട്രോപ്പിക്കൽ എജ്യു ഹബ്ബിൽ ഒരുക്കിയിട്ടുള്ളത്.

പുതിയ കാലത്തിന്റെ പഠനക്രമത്തിന്റെ മുഖമാണ് എജ്യു ഹബ്ബ് ചെയർമാൻ സുഭാഷ് ദാസ് പറഞ്ഞു. വ്യക്തിത്വ വികസന ക്ലാസ്സുകൾ, പഠന വിഷയങ്ങൾക്കൊപ്പം കുട്ടികളുടെ സർഗ്ഗാത്മ കഴിവുകൾ പോഷിപ്പിക്കുന്ന ശില്പശാലകളും എജ്യു ഹബ്ബിൽ ഒരുക്കിയിട്ടുണ്ട്. ട്രോപ്പിക്കൽ എജ്യു ഹബ്ബ് പ്രിൻസിപ്പലും യുവകലാ സാഹിതി തൃശ്ശൂർ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ ഇ ആർ ജോഷി, അക്കാദമിക് ഹെഡ് അനിത രഘുനന്ദനൻ എന്നിവരാണ് പുസ്തകപ്പുരയ്ക്കും എജ്യു ഹബ്ബിനും നേതൃത്വം നൽകുന്നത്. പരിചയസമ്പന്നരായ അധ്യാപകരും, അറിവിന്റെ സാദ്ധ്യതകൾ വർധിപ്പിക്കുന്ന റഫറൻസ് ഗ്രന്ഥങ്ങൾ അടങ്ങിയ പുസ്തകപ്പുരയും കുട്ടികൾക്ക് നവ്യാനുഭവം തന്നെയായിരിക്കുമെന്നു ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Eng­lish Summary:Let’s read and grow together;pusthakapura as a gift to the nation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.