ജനാധിപത്യം നമ്മൾക്ക് തന്ന ഏറ്റവും വലിയ സ്വാതന്ത്ര്യങ്ങളിൽ ഒന്നാണ് ശ്രീ എന്നോ ശ്രീമാൻ എന്നോ ശ്രീമതി എന്നോ സർ എന്നോ മാഡം എന്നോ ചേർത്ത് ഏത് അധികാരസ്ഥാനങ്ങളിൽ ഉള്ളവരെയും പേരെടുത്ത് സംബോധന ചെയ്യുവാൻ വളരെ സാധാരണക്കാരനു പോലുമുള്ള അവകാശം. ഏത് അധികാര പദവിയിലുള്ളവരെയും അവരുടെ മുന്നിൽ നിന്ന് ‘സർ’ എന്ന് വിളിക്കാം. രാജഭരണകാലത്ത് നമ്മളെ ഭരിക്കുന്ന പൊന്നുതമ്പുരാനായ രാജാവിന്റെ പേര് പറയണമെങ്കിൽ പേരിനു മുൻപായി ഏറ്റവും കുറഞ്ഞത് അരപ്പേജ് വിശേഷണങ്ങൾ കൂട്ടിചേർക്കണം. പേരെടുത്ത് വിളിച്ചാൽ ചാട്ടവാറടിയോ തടവ്ശിക്ഷയോ ഒരുപക്ഷേ മരണശിക്ഷ പോലുമോ ലഭിച്ചേക്കാം. തിരുവിതാംകൂറിലെ അവസാന രാജാവ് (നാടുവാഴി എന്നത് കുറച്ച് ഗ്രേഡ് കുറഞ്ഞ പ്രയോഗമാണെന്നു തോന്നുന്നതുകൊണ്ട് രാജാവ് എന്നു തന്നെ എഴുതുന്നു) ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ മഹാരാജാവ് ആയിരുന്നല്ലോ. അദ്ദേഹമാണ് 1936 ൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയത്. അക്കാലത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും പുരോഗമനപരമായ ഒരു നടപടിയായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. കേരളത്തിൽ ആദ്യമായി സമൂഹത്തിലെ ഹിന്ദുക്കളിൽ ബഹുഭൂരിപക്ഷം വരുന്ന അവർണരായ വലിയൊരു ജനസമൂഹത്തിന് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും പ്രാർത്ഥന നടത്തുന്നതിനുമുള്ള അവസരം ലഭിച്ചത് ഈ വിളംബരത്തിലൂടെയാണ്. ഗാന്ധിജി ഉൾപ്പെടെയുള്ള നവോത്ഥാന നായകരുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും അഭിനന്ദനം നേടിയ ഒരു നടപടിയായിരുന്നു ഇത്. ആ പുരോഗമന നടപടി രാജവിളംബരമായി വന്നപ്പോൾ രാജാവിന്റെ പേരിനൊപ്പം ചേർത്തിട്ടുള്ള വിശേഷണങ്ങൾ തുടങ്ങുന്നതിങ്ങനെ- ”ശ്രീപത്മനാഭദാസ വഞ്ചിപാല സർ രാമവർമ്മ കുലശേഖര കിരീടപതി മന്നേസുൽത്താൻ മഹാരാജ രാജരാമരാജ ബഹദൂർ ഷംഷെർജംങ്, നൈറ്റ് ഗ്രാൻഡ് കമാൻഡർ ഓഫ് ദി മോസ്റ്റ് എമിനെന്റ് ആർഡർ ആഫ് ദി ഇന്ത്യൻ എമ്പയർ, തിരുവിതാംകൂർ മഹാരാജാവ് തിരുമനസുകൊണ്ട് 1936 നവംബർ 12 നു ക്കു ശരിയായ 1112 തുലാം 27 നു പ്രസിദ്ധപ്പെടുത്തുന്ന വിളംബരം…” ഒരു പേജിൽ താഴെ വരുന്ന വിളംബരത്തിന്റെ മൂന്നിൽ ഒരു ഭാഗവും രാജാവിന്റെ വിശേഷണങ്ങളാണ്. അടുത്തകാലത്ത് ‘സർ’ എന്ന സംബോധനാ രീതി കേരളത്തിലെ സംസ്കാരത്തിനും പുരോഗമന ചിന്താഗതിക്കും അത്ര യോജിച്ചതല്ലെന്നും അതിനു പകരം മലയാളത്തിന് അനുയോജ്യമായ മറ്റൊരു സംബോധനാ രീതി കൊണ്ടുവരണമെന്ന ഗൗരവമേറിയ ചർച്ചകൾ പല തലത്തിലും നടക്കുകയുണ്ടായി, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. രണ്ടാം പിണറായി സർക്കാരിന്റെ നിയമസഭാ സ്പീക്കർ ആയി ചുമതലയേറ്റ എം ബി രാജേഷാണ് സർ വിളി അരോചകമോ അനുചിതമോ ആണെന്നും അതുകൊണ്ട് സർ വിളി ഒഴിവാക്കണമെന്നും ഉള്ള ആവശ്യം ഉന്നയിച്ച് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. അത് ഒരുപക്ഷേ തന്നെക്കാൾ പ്രായത്തിലും പാർട്ടിയിലും മുതിർന്ന നേതാക്കളായ മുഖ്യമന്ത്രി പിണറായിയും മറ്റു മന്ത്രിമാരും കക്ഷി നേതാക്കളും രാഷ്ട്രീയ നേതാക്കളും തന്നെ സർ എന്നു വിളിക്കുന്നതില്‍ വിഷമം കൊണ്ടാവാം.
എന്നാൽ ചെറുപ്പക്കാരനായ എം ബി രാജേഷ് എന്ന വ്യക്തിയെ അല്ല കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പ്രതിനിധാനംചെയ്യുന്ന നിയമസഭയുടെ അധ്യക്ഷനെയാണ് ബഹുമാന സൂചകമായ സർ എന്ന ഒരു എളിയ പദം ഉപയോഗിച്ചു സംബോധന ചെയ്യുന്നത്. സർ എന്ന സംബോധന രീതി ബ്രിട്ടീഷുകാർ ഇവിടെ നടപ്പിലാക്കിയത് അവർ അടിമകളായി കണക്കാക്കുന്ന ഇന്ത്യാക്കാർ യജമാനന്മാരായ അവരെ സർ എന്നു വിളിക്കുന്നതിനു വേണ്ടിയായിരുന്നു എന്നത് വാദത്തിനുവേണ്ടി അംഗീകരിച്ചാൽ പോലും (അത് വസ്തുതാപരമല്ല). ഇന്ന് സർ വിളി ലളിതമായ ഒരു സംബോധ രീതി മാത്രമാണ്. ബ്രിട്ടനിൽ നൈറ്റ്പദവി ലഭിച്ചിട്ടുള്ള ആളിന് സംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന പദമാണ് ‘സൈർ’, അത് ലോപിച്ച് ‘സർ’ ആയി. ബ്രിട്ടനിൽ ഉയർന്ന സൈനിക പദവിയിലുള്ള കുലീന കുടുംബത്തിൽപ്പെട്ടവർക്ക് രാജാവ് നൽകുന്ന ബഹുമതിയാണ് നൈറ്റ് ഹുഡ്. സ്വതന്ത്രഭാരതത്തിൽ പത്മശ്രീയും പത്മഭൂഷണും പത്മവിഭൂഷണും ഭാരതരത്നയും പൗരൻമാർക്ക് നൽകുന്നതുപോലെ. തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്കും സർ പദവി ലഭിച്ചിരുന്നു. സർ പദവി ലഭിക്കുന്നവർ തന്റെ പേരിനോടൊപ്പം സർ എന്ന സ്ഥാനപ്പദവി കൂടി ചേർക്കുമായിരുന്നു. സമൂഹം അവരെ സർ ചേർത്താണ് വിളിക്കുന്നത്/വിളിക്കേണ്ടത് (വികെഎന്നിന്റെ സർ ചാത്തുവിനെ ഓർക്കുക). പൊന്നു തമ്പുരാൻ, യജമാനൻ, തമ്പുരാൻ, തിരുമേനി, തിരുമനസ്, അവിടുന്ന്, അങ്ങുന്ന്, അങ്ങത്തെ, അവിടുത്തെ, ഇവിടുന്ന്, ഇവിടുത്തെ, ഇദ്ദേഹം, അദ്ദേഹം, അവർകൾ തുടങ്ങിയ വിളിക്കുന്ന ആളിന്റെ അടിമത്തത്തെ സൂചിപ്പിക്കുന്ന രാജഭരണ കാലത്തെ അല്ലെങ്കിൽ ഫ്യൂഡൽ സംബോധന രീതികളിൽ നിന്നാണ് നാം ‘സർ’ എന്ന വളരെ ലളിതമായ ഈ ആചാര വാക്കിൽ എത്തിയത് എന്നത് മറക്കരുത്. മൈ ലോഡും യുവർ ഓണറും യുവർ എക്സലൻസിയും വർഷിപ്പുഫുളും ജനാധിപത്യത്തിന്റെ 75-ാം വർഷത്തിലും ഇവിടെ നിലനില്ക്കുന്നു. ജനാധിപത്യ ഭരണക്രമമൊന്നും പൗരോഹിത്യത്തിന്റെ ഉപചാര വാക്കുകളെയൊ സംബോധനാ രീതികളിലൊ ഒരു മാറ്റവും വരുത്തിയിട്ടില്ല. ദ മോസ്റ്റ് റവറൻഡ്, ദ റൈറ്റ് വെറൻഡ്, ദ വെരി റവറൻഡ് എന്നിവയെല്ലാം പൗരോഹിത്യത്തിൽ മാറ്റം വരുത്താത്ത ഉപചാര വാക്കുകളാണ്. ഇപ്പോൾ സൗകര്യ പ്രദവും സാർവത്രികവുമായ ഒരു സംബോധന രീതി എന്ന നിലയിൽ മാത്രമാണ് സർ വിളി തുടരട്ടെ എന്ന് പറഞ്ഞത്. തന്നെ സർ എന്നു വിളിക്കുന്നവരാണ് തന്റെ യഥാർത്ഥ യജമാനന്മാർ എന്നും അവരാണ് തന്നെ അന്നം ഊട്ടുന്നതെന്നും അവർക്കു വേണ്ടി അവരാണ് തന്നെ ഇവിടെ ഈ കസേരയിൽ ഇരുത്തി ഇരിക്കുന്നതെന്നും അവരെ താനാണ് സർ എന്ന സംബോധന ചെയ്യേണ്ടെതെന്നുമുള്ള ബോധം ഓഫീസുകളിൽ ഇരിക്കുന്ന ഓരോ ‘സാറന്മാർ’ ക്കും ഉണ്ടാവണം. സർ എന്ന വിളി നിങ്ങളുടെ ഈഗോയെ സംതൃപ്തിപ്പെടുത്തിയേക്കാം. എന്നാൽ നിങ്ങൾ പൗരസമൂഹത്തിന്റെ യജമാനൻ അല്ല, വെറും വെറും സേവകൻ മാത്രമാണെന്ന വസ്തുത എപ്പോഴും എപ്പോഴും ഓർമ്മയുണ്ടാവണം. ദോഷങ്ങളേറെ ഇല്ലാത്ത, ഗുണങ്ങളൊട്ടും കുറവില്ലാത്ത ‘സർ’ വിളി തുടരട്ടെ!
ചന്ദ്രസേനൻ പി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.