15 November 2024, Friday
KSFE Galaxy Chits Banner 2

കരുതിയിരിക്കുക കാലവര്‍ഷക്കെടുതികളെ

മണ്‍സൂണിന് സ്വാഗതം
web desk
ഹബീബ് റഹ്മാന്‍ കൊടുവള്ളി
June 13, 2023 11:10 pm

നാലുദിവസം വൈകിയാണെങ്കിലും വന്നെത്തിയ കാലവർഷത്തിന് സുസ്വാഗതം. ചുട്ടുപൊള്ളുന്ന വെയിലും ശരീരത്തെ പുകയ്ക്കുന്ന വിങ്ങലും അവസാനിച്ചിരിക്കുന്നു. പണ്ടൊക്കെ മഴക്കാലം വന്നെത്തിയാൽ നമുക്ക് അതീവ ആഹ്ലാദമായിരുന്നു. എന്നാൽ നാലഞ്ച് വർഷമായി നമുക്ക് മഴക്കാലം ഒരു ഭീതിയുടെയും ബേജാറിന്റെയും കാലമായി തോന്നിത്തുടങ്ങിയിരിക്കുന്നു. വിശിഷ്യാ 2018ലെ പ്രളയശേഷം. ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസത്തിന്റെ നെടുവീർപ്പിനൊപ്പം കാലാവർഷക്കെടുതിയുടെ ആശങ്കകളും നമ്മെ വേട്ടയാടുന്നു എന്നർത്ഥം. അതിനാലാണ് മഴക്കാലത്തോടൊപ്പം തന്നെ മഞ്ഞ അലർട്ടുകളും ചുവന്ന അലർട്ടുകളുമൊക്കെ നമ്മെ പ്രാപിക്കുന്നത്. മധ്യ‑കിഴക്കന്‍ അറബിക്കടലില്‍ വീശുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയില്‍ സഞ്ചരിക്കുകയാണെന്നും നിലവില്‍ ഗോവ തീരത്ത് നിന്ന് 860 കി.മീ അകലെയായുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റിന് മണിക്കൂറില്‍ 160 കി.മീറ്റാണ് വേഗമെന്നും അതിനാൽ ഈ വര്‍ഷം കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്നുമാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

കാലവർഷവും തുലാവർഷവുമാണ് കേരളത്തിലെ മൺസൂൺ കാലം. ജൂൺ മുതൽ നവംബർ വരെ നീണ്ടുനിൽക്കുന്നതാണ് കേരളത്തിലെ മഴക്കാലം. വളരെ നീണ്ട മഴക്കാലം നമുക്കുണ്ടെങ്കിലും മൊത്തം പെയ്ത്തിന്റെ ഭൂരിഭാഗവും കിട്ടുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള ഇടവപ്പാതി കാലത്താണ്. കേരളത്തിന്റെ കാലാവസ്ഥയും കൃഷിയും സമ്പദ് ഘടനയുമൊക്കെ നിലനിർത്തുന്നതും ക്രമീകരിക്കുന്നതും ഈ മൺസൂൺ കാലമാണ്. കാലാവസ്ഥ എന്ന അർത്ഥം വരുന്ന ‘മൗസിം’ എന്ന അറബി വാക്കിൽ നിന്നാണ് മൺസൂൺ എന്ന പദത്തിന്റെ ഉത്ഭവം. കാലവർഷം ഉണ്ടാകുന്നതിന്റെ അടിസ്ഥാനകാരണം കരയും കടലും ചൂടാകുന്നതിന്റെയും തണുക്കുന്നതിന്റെയും നിരക്കിലുണ്ടാവുന്ന വ്യത്യാസമാണ്. വേനൽമാസങ്ങളിലെ ഉയർന്ന സൂര്യതാപം മൂലം ഭൂഗോളത്തിന്റെ വടക്കേ പകുതിയിലെ അന്തരീക്ഷത്തിൽ മർദ്ദം തീരെ കുറഞ്ഞ ഒരു മേഖല രൂപപ്പെടുന്നു. ഇവിടേയ്ക്ക് കൂടിയ മർദ്ദത്തിന്റെ മേഖലയായ ദക്ഷിണാർധഗോളത്തിൽ നിന്നും നീരാവി നിറഞ്ഞ കാറ്റ് വീശുന്നു. ഭൂഗോളത്തിന്റെ തെക്കൻ പകുതിയിൽ നിന്നുള്ള ഈ തെക്കുകിഴക്കൻ ‘വാണിജ്യവാതങ്ങൾ’ ഭൂമധ്യരേഖ കടക്കുന്നതോടെ തെക്കുപടിഞ്ഞാറൻ ദിശയിൽ വീശാൻ തുടങ്ങുന്നു. ഈ തെക്കുപടിഞ്ഞാറൻ കാറ്റുകളാണ് നമ്മുടെ കാലവർഷക്കാറ്റുകൾ. ചിലപ്പോൾ ശക്തിപ്രാപിക്കുകയും മറ്റു ചിലപ്പോൾ ദുർബലമാവുകയും ചെയ്യുന്ന ഈ കാറ്റുകൾ ജൂൺ ഒന്നാം തീയതിയോടെ കേരളത്തിലെത്തുകയും ജൂലൈ 15-ാം തീയതിയോടെ രാജ്യമൊട്ടാകെ വ്യാപിക്കുകയും ചെയ്യുന്നു. ഈ കാറ്റുകൾ എത്തിച്ചേരുന്നതിനനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സമയത്താണ് കാലവർഷം ആരംഭിക്കുന്നത്.

ഇന്ത്യയിലേക്ക് കാലവർഷക്കാറ്റുകൾ കടക്കുന്നത് കേരളത്തിലൂടെയാണ്. അതുകൊണ്ടാണ് കേരളത്തെ “മൺസൂണിന്റെ കവാടം എന്ന് വിശേഷിപ്പിക്കുന്നത്. കേരളത്തിൽ പ്രവേശിക്കുന്ന കാലവർഷം 24–36 മണിക്കൂറിനകം സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്നു. സാധാരണഗതിയിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിലാണ് കാലവർഷം ആരംഭം കുറിക്കുന്നതെങ്കിലും, അത്യപൂർവ്വമായി കേരളത്തിന്റെ വടക്കൻ മേഖലയിൽ കാലവർഷാരംഭം ഉണ്ടായിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ശരാശരി വാര്‍ഷിക വര്‍ഷപാതം ഏകദേശം 3000 മി.മീ ഉം ശരാശരി വാര്‍ഷിക മഴ ദിവസം 126 മി.മീ ഉം ആണ്. ചിലപ്പോൾ ശക്തിപ്രാപിക്കുകയും മറ്റു ചിലപ്പോൾ ദുര്‍ബലമാവുകയും ചെയ്യുന്ന കാലവർഷക്കാറ്റുകൾ രാജ്യം മുഴുവൻ വ്യാപിക്കുന്നതിന് ഏകദേശം 45 ദിവസത്തോളം വേണം. ഇവ എത്തിച്ചേരുന്നതിനനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത സമയത്താണ് കാലവർഷം ആരംഭിക്കുന്നത്. ജൂൺ മുതൽ നവംബർ വരെ നീണ്ടുനിൽക്കുന്ന താരതമ്യേന ദീർഘമായ മഴക്കാലമാണ് കേരളത്തിനുള്ളത്. ഈ മഴക്കാലത്തിന് രണ്ട് പ്രധാനഘട്ടങ്ങൾ ഉണ്ട്. ജൂൺ മുതൽ സെപ്റ്റംബർ വരെയുളള കാലവർഷവും, ഒക്ടോബർ മുതൽ നവംബർ വരെയുള്ള തുലാവർഷവും. ഇടവം മധ്യത്തോടെ ആരംഭിക്കുന്നതിനാൽ കാലവർഷം കേരളത്തില്‍ പരക്കെ ഇടവപ്പാതി എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുകൂടി മേയ്-ജൂൺ മാസം മുതൽ വീശുന്ന കടൽക്കാറ്റിനെ കേരളത്തിന്റെ കിഴക്ക് ഭാഗത്ത് തെക്ക്-വടക്കായി സ്ഥിതിചെയ്യുന്ന സഹ്യപർവ്വതനിരകൾ തടഞ്ഞുനിർത്തുന്നു.

തൽഫലമായി ഈർപ്പസമ്പുഷ്ടമായ ഈ വായു പ്രവാഹം മേലോട്ടുയർന്ന് കനത്ത മഴ വാർക്കുന്നു. ഇതാണ് ‘ഇടവപ്പാതി’ എന്നറിയപ്പെടുന്നത്. ജൂൺ‑ജൂലൈ മാസങ്ങളിൽ ശക്തമായും ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ തെല്ലൊന്ന് ശക്തി കുറഞ്ഞും ഒക്ടോബർ-നവംബർ ആകുമ്പോഴേക്ക് വീണ്ടും ശക്തി കൂടിയും കാണപ്പെടുന്നു. ഒക്ടോബർ-നവംബർ മാസത്തിൽ ലഭിക്കുന്ന മഴയെ “തുലാവർഷം’ എന്നുപറയുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും തെക്കേ അറ്റത്താണ് കാലവർഷം ആരംഭം കുറിക്കുന്നത്. അതിനുശേഷം ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്കും വടക്കു കിഴക്കേ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. വടക്കു കിഴക്കേ ഇന്ത്യയിലേക്ക് പോകുന്ന കാലവർഷക്കാറ്റുകൾ പർവ്വതസാന്നിധ്യം മൂലം സിന്ധു ഗംഗാ സമതലങ്ങളിലേക്കും വ്യാപിക്കുന്നു. നൂറു മുതൽ നൂറ്റി ഇരുപത് ദിവസം വരെയാണ് സാധാരണഗതിയിൽ കാലവർഷക്കാലം. വടക്കു പടിഞ്ഞാറെ ഇന്ത്യയിൽനിന്ന് സെപ്റ്റംബർ ആദ്യത്തോടെ വിടവാങ്ങൽ ആരംഭിക്കുന്നു. ഇന്ത്യയിൽ ലഭിക്കുന്ന ശരാശരി വാർഷിക മഴയുടെ 76 ശതമാനവും കാലവർഷത്തിന്റെ സംഭാവനയാണ്. വടക്കുപടിഞ്ഞാറെ ഇന്ത്യയിലാണ് ഏറ്റവും കുറവ് മൺസൂൺ മഴ ലഭിക്കുന്നത്. കാലവർഷക്കാറ്റുകൾ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് തെക്കു പടിഞ്ഞാറൻ ദിശയിൽ നിന്നാണ്. ഈ തെക്കു പടിഞ്ഞാറൻ കാലവർഷക്കാറ്റുകൾ വടക്കേ ഇന്ത്യയിൽ വേനൽമാസങ്ങളിൽ രൂപം കൊണ്ട്, സിന്ധു ഗംഗാ സമതലം വരെ നീണ്ടുകിടക്കുന്ന മൺസൂൺ പാത്തിയെ (Mon­soon trough) ലക്ഷ്യമാക്കി നീങ്ങുന്നു.

കാലവർഷം കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യയുടെ വടക്കേ മുനമ്പ്, ചൈന, ജപ്പാൻ, വടക്കുപടിഞ്ഞാറൻ ഓസ്ട്രേലിയ, ആഫ്രിക്കയുടെ കിഴക്കും പടിഞ്ഞാറും മേഖലകൾ, തെക്കുകിഴക്കേ അമേരിക്കൻ ഐക്യനാടുകൾ, ബ്രസീൽ എന്നീ രാജ്യങ്ങളിലും കാലവർഷം അനുഭവപ്പെടുന്നു. തങ്ങളുടെ സാമ്പത്തികസ്ഥിതിയെ വലിയൊരളവുവരെ സ്വാധീനിക്കുമെന്നുള്ളതിനാൽ കാലവർഷത്തിന്റെ സ്വഭാവരീതികളെക്കുറിച്ച് മനസിലാക്കുന്നതിൽ എല്ലാ രാഷ്ട്രങ്ങളും ഏറെ തല്പരരാണ്. ജലദോഷം, പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്, നീരിറക്കം തുടങ്ങിയ നിരവധി രോഗങ്ങളുടെ അപകടസാധ്യതയും മഴക്കാലം കൊണ്ടുവരുന്നു. എന്നാൽ ശക്തമായ രോഗപ്രതിരോധ സംവിധാനവും ചില പ്രതിരോധ നടപടികളുംമൂലം മഴക്കാലജന്യ രോഗങ്ങളെ ഒരു പരിധിവരെ തടയാൻ നമുക്ക് കഴിയും.

മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഊർജ നില പുനഃസ്ഥാപിക്കുന്നതിനും സഹായിക്കുന്ന കാലാനുസൃതവും പുതിയതുമായ പഴങ്ങൾ ധാരാളം കഴിക്കുക, ദാഹമില്ലെങ്കിലും സ്വയം ജലാംശം നിലനിർത്താനായി ഒരു ദിവസം കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും ഉപയോഗിക്കുക, സുരക്ഷിതമല്ലാത്തതിനാൽ പായ്ക്ക് ചെയ്ത പാനീയങ്ങൾ, പുറത്തുനിന്നുള്ള ജ്യൂസുകൾ, മോര്, പാൽ എന്നിവ കുടിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ രോഗാണു വാഹകരാകാതിരിക്കാൻ കൂടുതൽ ശുചിത്വം പാലിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, വൃത്തിയും വെടിപ്പും വര്‍ധിപ്പിക്കുക, ഉപയോഗിക്കുന്നതിന് മുമ്പ് പച്ചക്കറികളും പഴങ്ങളും നന്നായി കഴുകുക ഇത്യാദി കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ്. മുൻകൂട്ടി മുറിച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഭക്ഷണ പാനീയങ്ങളും മുറിച്ച പഴങ്ങളും പച്ചക്കറികളും തുറസായ സ്ഥലത്ത് സൂക്ഷിക്കുമ്പോൾ ബാക്ടീരിയകളും രോഗാണുക്കളും അവയെ പൊതിയും. മഴക്കാലത്ത് ദഹനവ്യവസ്ഥ ദുർബലമായതിനാൽ ലഘുവായതും വേവിച്ചതുമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഉചിതമാകും. വിറ്റാമിൻ സി അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടൊപ്പം പതിവ് ഭക്ഷണത്തിൽ പ്രകൃതിദത്ത സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ചേർക്കുന്നതും രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. വർഷകാലത്ത് ഒട്ടനവധി കാലവർഷക്കെടുതികൾ നമ്മെ വേട്ടയാടാറുണ്ട്. അതിനാൽ തന്നെ അതീവ ശ്രദ്ധയും ജാഗ്രതയും നാം പുലർത്തിയേ തീരൂ. വിശിഷ്യാ കുട്ടികളും മറ്റും പല തരത്തിലുള്ള മഴക്കാല ദുരന്തങ്ങളിലും അകപ്പെട്ടുപോകുന്നത് വേദനാജനകമാണ്.

വെള്ളപ്പൊക്കം, വെള്ളക്കെട്ട് അതിവർഷം, ഉരുൾപൊട്ടൽ, ഇടിമിന്നൽ, മേഘ വിസ്ഫോടനം, കൊടുങ്കാറ്റ്, പാലം മുങ്ങൽ, വഴി തടസപ്പെടൽ, റോഡ് സ്ലിപ്പിങ്, റോഡപകടങ്ങൾ, പാറയും കല്ലും വഴിയിലേക്ക് ഉരുണ്ടു വരൽ, നദികളുടെ കരകവിഞ്ഞൊഴുകൽ, പ്രളയം, വൈദ്യുതി ലൈൻ അറ്റ് വീഴൽ, പാലം ഒലിച്ച് പോകൽ തുടങ്ങി ഒട്ടനവധി ദുരന്തങ്ങൾക്ക് സാധ്യതയുള്ള കാലമാണ്. അതിനാൽ തന്നെ നമ്മുടെ കാര്യത്തിലും കുട്ടികളുടെ കാര്യത്തിലും നമുക്ക് അതീവ ശ്രദ്ധയും കരുതലും ആവശ്യമാണ്. കൃഷി നാശവും മണ്ണൊലിപ്പും മണ്ണിടിച്ചിലുമൊക്കെ ധാരാളം സാമ്പത്തിക നഷ്ടം നമ്മെ തേടിയെത്താറുണ്ട്. തികഞ്ഞ ജാഗ്രത മാത്രമേ പരിഹാരമുള്ളൂ. കാലവർഷക്കെടുതികൾ നേരിടുന്നതിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കുമായി സമഗ്ര പദ്ധതികൾ കൂടുതൽ കാര്യക്ഷമമായും സുസജ്ജമായും തയ്യാറാക്കണമെന്നാണ് കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെയുള്ള നമ്മുടെ അനുഭവം. പട്ടാളവും ദുരന്ത നിവാരണ അതോറിട്ടിയും ജില്ലാഭരണകൂടവും സംയുക്തമായി സമഗ്രപദ്ധതി തയ്യാറാക്കേണ്ടതുണ്ട്. എയർ ആംബുലൻസും ഹെലികോപ്റ്ററുമടക്കമുള്ള സജ്ജീകരണങ്ങളോടെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ റവന്യു, പൊലീസ്, ഫയർഫോഴ്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നീ വകുപ്പുകള്‍, മത്സ്യത്തൊഴിലാളികളടക്കമുള്ള സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ രക്ഷാപ്രവർത്തന ദൗത്യ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

Eng­lish Sam­mury: Let’s wel­come mon­soon, Beware of mon­soon diseases

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.