22 December 2024, Sunday
KSFE Galaxy Chits Banner 2

ലിബറേഷൻ

പ്രീത ജി പി
October 16, 2022 4:42 pm

വൻ വന്നപ്പോൾ
ബദാംമരങ്ങളിലെ
ചുവന്ന ഇലകൾ
അടർന്നുവീണു
ചുവന്ന പൊട്ടിന്റ
ഓർമ്മപ്പെടുത്തൽ പോലെ
അപ്പോൾ ഒരു വെയിൽ
മുട്ടിലിഴഞ്ഞ് വരുന്നുണ്ടായിരുന്നു
സ്റ്റേജ് ഒന്നിൽ
നാടോടി നൃത്തം തുടരുന്നു
പൊട്ടിച്ചെറിയുന്നു
കുപ്പിവളകൾ,
കരച്ചിൽ, തലതല്ലി ചാവൽ,
തമ്പ്രാന്റെ കഴുത്തിൽ
ആഞ്ഞു വെട്ടൽ
ചരിത്രം,
സംസാരിച്ചു തുടങ്ങുന്ന
ഒരു ഉച്ച
വഴിയിലെ കണ്ടു മറന്ന
ചിരി പോലെ
അവൻ
സ്വാതന്ത്ര്യം ഒരു യാത്രയിലായിരുന്നു
അവൾ ഹർഷ,
ഇന്ന് അവൾ ‘ഇവാൻജോയ്
ഒരു തീവണ്ടി യാത്രയുടെ അവസാനം
ഒരേ സ്റ്റോപ്പിൽ
ഇറങ്ങിപ്പോയവർക്കിടയിൽ
മനസിന് ചേരാത്ത ശരീരം
ഒരു ബൈക്ക്
ഓടിക്കുന്നുണ്ടായിരുന്നു
അകത്തുറങ്ങുന്ന പൂച്ചയെ
പുറത്താക്കി
കതകടക്കുന്ന ലാഘവത്തോടെ,
ഒരു പൊട്ടിയ ചെരുപ്പ്
എറിഞ്ഞു കളയുന്നത് പോലെ
അവൾ…
വെയിലിന്റെ തീയിൽ
അവൾ പൊള്ളുകയും
പാകപ്പെടുകയും ചെയ്തു.
നിന്റെ ഉടലിൽ നിന്ന്
പുറത്തെടുത്ത
കാട്ടു ഞാവൽ നിറം
പതിവു നിറങ്ങളെല്ലാം തെറ്റിച്ച്
എന്റെ ഹൃദയത്തിലേക്ക്
ഒരു വര വരച്ചു
ഭൂമി തന്നെ ചുരുങ്ങിപ്പോയി
അവനിലേക്ക്
ഒരു തോറ്റ കവിയുടെ
ലിബറേഷൻ തിയോളജി
ലിംഗ മാറ്റത്തെപ്പറ്റി പറയാൻ
തുടങ്ങിയപ്പോൾ
അവൻസ്കൂൾ മുറ്റത്തു നിന്ന്
അപ്രത്യക്ഷനായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.