23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
October 22, 2024
September 14, 2024
September 12, 2024
August 21, 2024
July 6, 2024
June 19, 2024
June 16, 2024
April 24, 2024
March 18, 2024

വിദേശമദ്യത്തിന് രണ്ട് ശതമാനം വില വര്‍ധിക്കും

മന്ത്രിസഭായോഗ തീരുമാനങ്ങൾ
web desk
തിരുവനന്തപുരം
November 23, 2022 3:33 pm

വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികൾക്ക് ടേൺഓവർ ടാക്സ് ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനത്തിനകത്ത് വിദേശ മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റിലറികൾക്ക് ഈടാക്കുന്ന അഞ്ച് ശതമാനം ടേൺഓവർ ടാക്സാണ് ഒഴിവാക്കുക. 1963ലെ കേരള ജനറൽ സെയിൽസ് ടാക്സ് ആക്ട് പ്രകാരം ഈടാക്കുന്ന വിദേശ മദ്യത്തിന്റെ വില്പന നികുതി നാല് ശതമാനം വർധിപ്പിക്കും. കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷന് അവരുടെ വെയർഹൗസ് മാർജിൻ ഒരു ശതമാനം വർധിപ്പിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി.

നിലവിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ ഡിസ്റ്റിലറികളിൽ നിന്ന് സംഭരിക്കുന്ന വിദേശ മദ്യത്തിന്റെ വിലയിൽ മാറ്റമുണ്ടാകില്ല. എന്നാൽ വിദേശ മദ്യത്തിന് രണ്ട് ശതമാനം വില വർധിക്കും. ഡിസ്റ്റിലറികളുടെ ടേൺഓവർ ടാക്സ് ഒഴിവാക്കുമ്പോൾ സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അത് നികത്തുന്നതിന് വിദേശ മദ്യത്തിന് നിലവിൽ ചുമത്തുന്ന സംസ്ഥാന പൊതു വിൽപന നികുതി നിരക്കിൽ നാല് ശതമാനം വർധന വരുത്തും. അതിനായി 1963ലെ കേരള പൊതു വില്പന നികുതി നിയമത്തിൽ ഭേ​ദ​ഗതി വരുത്താൻ നിയമസഭയിൽ ബില്ല് അവതരിപ്പിക്കും.

ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ നിന്നും ഫണ്ട് ലഭിക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷന് 100 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ​ഗ്യാരണ്ടി അനുവദിക്കുന്നതിനും തീരുമാനമായി. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനം, പുനരേകീകരണ ദിനം തുടങ്ങിയ വിശേഷ അവസരങ്ങളിൽ തടവുകാർക്ക് പ്രത്യേക ശിക്ഷാ ഇളവ് അനുവദിക്കുന്നതിനായി അർഹരായ തടവുകാരെ കണ്ടെത്തുന്നതിന് മാനദണ്ഡങ്ങൾ / മാർ​ഗനിർദ്ദേശങ്ങൾ പരിഷ്ക്കരിക്കും. പട്ടികജാതി-പട്ടിക​വർ​ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത ഭവന രഹിത പുനരധിവാസ പദ്ധതിയുടെ ഭാ​ഗമായി പട്ടികജാതി-പട്ടികവർ​ഗ ​ഗുണഭോക്താക്കളുടെ പേർക്ക് പട്ടികജാതി- പട്ടികവർ​ഗ വികസന വകുപ്പിൽ നിന്നുള്ള ധനസഹായം ഉപയോ​ഗിച്ച ഭൂമി വാങ്ങുമ്പോൾ ആധാര രജിസ്ട്രേഷന് ആവശ്യമായ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ച.

റെ​ഗുലേറ്ററി കമ്മിഷൻ ചെയർപേഴ്സണായി ടി കെ ജോസിനെയും അം​ഗമായി ബി പ്രദീപിനെയും നിയമിക്കും. സുപ്രീം കോടതിയിലെ സ്റ്റാന്റിങ് കൗൺസൽമാരായ സി കെ ശശി, നിഷെ രാജൻ ഷോങ്കർ എന്നിവരെ മൂന്ന് വർഷ കാലയളവിലേക്ക് പുനർനിയമിക്കാനും തീരുമാനമായി. വി തുളസീദാസ് ഐഎഎസിന് ശബരിമല വിമാനത്താവളം സ്പെഷ്യൽ ഓഫീസറായി പുനർനിയമനം നൽകും. 70 വയസെന്ന ഉയർന്ന പ്രായപരിധിയിൽ ഇളവ് വരുത്തി, ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കും സ്റ്റാറ്റസും നൽകിയാണ് നിയമനം.

സംസ്ഥാന തീരദേശ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പി ഐ ഷെയ്ഖ് പരീത് ഐഎഎസിന്റെ (റിട്ട.) പുനർനിയമന കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകും. പൊലിസ് സ്റ്റേഷനുകൾക്കായി 8,26,74,270 രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങാനും ഫിം​ഗർപ്രിന്റ് ബ്യൂറോയിക്കായി 1,87,01,820 രൂപയ്ക്ക് മഹീന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങാനും അനുമതി നൽകി. അതേ വിഭാ​ഗത്തിലെ വാഹനങ്ങൾ കണ്ടം ചെയ്യുന്നതിന് ആനുപാതികമായി മാത്രം വാങ്ങണമെന്ന വ്യവസ്ഥയിലാണ് അനുമതി. എക്സൈസ് വകുപ്പിന് 2,13,27,170 രൂപയ്ക്ക് 23 മ​ഹീന്ദ്ര നിയോ വാഹനങ്ങൾ വാങ്ങാനും ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നൽകി.

 

Eng­lish Sam­mury: The cab­i­net has decid­ed to increase the price of liquor in Ker­ala by two percent

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.