4 May 2024, Saturday

സമ്പൂർണ സാക്ഷര നഗരിക്ക് വയസ് 34

Janayugom Webdesk
കോട്ടയം
June 26, 2023 4:42 pm

സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ നഗരമായി കോട്ടയത്തെ പ്രഖ്യാപിച്ചിട്ട് ജൂൺ 25 ന് 34 വർഷം പിന്നിടുന്നു. നൂറുദിവസം നീണ്ട ജനബോധന സാക്ഷരത യജ്ഞത്തിലൂടെയാണ് 1989 ജൂൺ 25ന് കോട്ടയം സമ്പൂർണ സാക്ഷരതയെന്ന നേട്ടം കൈവരിച്ചത്. നെഹ്റു ജന്മശതാബ്ദിയുടെ ഭാഗമായാണ് മഹാത്മാഗാന്ധി സർവകലാശാല നാഷണൽ സർവീസ് സ്‌കീം കോട്ടയം നഗരത്തെ സമ്പൂർണ സാക്ഷരതയിലേക്ക് നയിക്കാനായി ജനബോധന സാക്ഷരത യജ്ഞമെന്ന പദ്ധതി മുന്നോട്ടുവച്ചത്. സർവകലാശാലയും നഗരസഭയും ജില്ലാഭരണകൂടവും സംയുക്തമായി യജ്ഞം നടപ്പാക്കി. നൂറു ദിവസം കൊണ്ട് നൂറുശതമാനം സാക്ഷരത കൈവരിക്കുക, നഗരത്തിലെ 2208 നിരക്ഷരരെ സാക്ഷരരാക്കുക എന്നിവയായിരുന്നു ലക്ഷ്യം.
1989 മാർച്ച് നാലിന് കോട്ടയം ഗാന്ധി സ്‌ക്വയറിൽനിന്ന് കെ.കെ. റോഡ് വഴി മാമൻ മാപ്പിളഹാളിലേക്ക് മഹാത്മാഗാന്ധി സർവകലാശാല വൈസ്ചാൻസലറായിരുന്ന പ്രൊഫ. യു.ആർ. അനന്തമൂർത്തിയുടെ നേതൃത്വത്തിൽ നടന്ന കൂട്ടയോട്ടത്തോടെയായിരുന്നു യജ്ഞത്തിന്റെ തുടക്കം. 

‘ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്’ എന്ന പേരിൽ നടത്തിയ കൂട്ടയോട്ടത്തിൽ അന്നത്തെ നഗരസഭാധ്യക്ഷൻ മാണി അബ്രഹാം, ജില്ലാ കളക്ടർ അൽഫോൺസ് കണ്ണന്താനം, എസ്.പി. വി.ആർ. രജീവൻ, കാൻഫെഡ് സെക്രട്ടറി പി.എൻ. പണിക്കർ, ഡി.സി. കിഴക്കേമുറി, സർവകലാശാല എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ ഡോ. സി. തോമസ് എബ്രഹാം, സി.എം.എസ്., ബി.സി.എം., ബസേലിയസ്, നാട്ടകം ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാർ, നഗരസഭ കൗൺസിലർമാർ, എൻ.എസ്.എസ്. വോളണ്ടിയർമാർ, പ്രോഗ്രാം ഓഫീസർമാർ, വിദ്യാർഥികൾ തുടങ്ങി രണ്ടായിരത്തിലധികം പേർ പങ്കാളികളായി.
രാവിലെ 10ന് തിരുനക്കര മൈതാനത്ത് വൈസ് ചാൻസലർ പ്രൊഫ. യു.ആർ. അനന്തമൂർത്തി നൽകിയ സാക്ഷരത പതാക ഭിന്നശേഷിക്കാരനായ സുകുമാരൻ ഉയർത്തിയതോടെയാണ് യജ്ഞത്തിനു തുടക്കമായത്. 10.30ന് ഗാന്ധി പ്രതിമ ചുറ്റി കൂട്ടയോട്ടം ആരംഭിച്ചു. വൈസ് ചാൻസലറും നഗരസഭ ചെയർമാനും കളക്ടറും എസ്.പി.യുമൊക്കെ സാക്ഷരതയ്ക്കായി ഒരുമിച്ചോടിയത് നാടിനാകെ കൗതുകമായി.

യജ്ഞം തുടങ്ങുന്നതിന്റെ ഭാഗമായി കോട്ടയത്തെ 32 വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ അന്നേദിവസം സാക്ഷരത പതാകയുയർത്തിയിരുന്നു. മാമൻ മാപ്പിള ഹാളിൽ കേന്ദ്രമന്ത്രിയായിരുന്ന എം.എം. ജേക്കബാണ് സാക്ഷരത യജ്ഞത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

നൂറാംദിനത്തിൽ നേട്ടം

നൂറുദിവസം നീണ്ട യജ്ഞത്തിലൂടെയാണ് 1989 ജൂൺ 25ന് കോട്ടയം സമ്പൂർണ സാക്ഷരതയെന്ന മഹത്തായ നേട്ടം കൈവരിച്ചത്. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രിയായിരുന്ന എൻ.പി. സാഹിയാണ് അന്നു പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ, മന്ത്രിമാർ എന്നിവർ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തിരുന്നു.

Eng­lish Sum­ma­ry: lit­er­ate city is 34 years old

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.