കേരളം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒട്ടേറെ ദുരന്തങ്ങളിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽ ഏറ്റവുമധികം കഷ്ടനഷ്ടങ്ങൾക്കിടയാക്കിയത് ആവർത്തിച്ചെത്തിയ പ്രളയമായിരുന്നു. പ്രളയം പലതിനേയും കടപുഴക്കിയ കൂട്ടത്തിൽ മനുഷ്യമനസിലെ ഭേദചിന്തകളെയും ഒരളവുവരെ ഒഴുക്കിക്കളഞ്ഞിരുന്നു. പാരസ്പര്യത്തിന്റെയും കൂട്ടായ്മയുടെയും കരുതലിന്റെയും പാഠങ്ങൾ കേരള സമൂഹത്തിൽ ഊട്ടിയുറപ്പിച്ചാണ് പ്രളയം ഒഴിഞ്ഞുപോയത്. കേരളത്തിന്റെ ശക്തമായ മതേതര അടിത്തറയെ ഒന്നുകൂടി ദൃഢതരമാക്കുകയായിരുന്നു പ്രളയ നാളിലെ ദുരിതങ്ങൾ. ദുരിതങ്ങൾ മറന്നുതുടങ്ങി ജനജീവിതം മുന്നേറുന്ന വേളയിലാണ് ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനമാകാമെന്നും സ്ഥിതിസമത്വം പാലിക്കണമെന്നുമുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ വീണ്ടും പ്രതിലോമശക്തികൾ സടകുടഞ്ഞെഴുന്നേൽക്കുന്നത്. എന്നാൽ 2019 ജനുവരി ഒന്നിന് കാസർകോട് തൊട്ട് തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്റർ ദൈർഘ്യത്തിൽ സ്ത്രീവിരുദ്ധ ശക്തികൾക്കെതിരെ വനിതാമതിൽ തീർത്തുകൊണ്ട് നടന്ന പ്രതിരോധ പ്രതിഷേധം കേരള നവോത്ഥാന ചരിത്രത്തിന് അഭിമാനവും പ്രത്യാശ നിറയ്ക്കുന്നതുമായി. സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും അവകാശങ്ങൾക്കും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെക്കാൾ കേരളം വില കല്പിക്കുന്നുവെന്ന ഓർമ്മപ്പെടുത്തലായി ആ മനുഷ്യമതിൽ. ഇതിനുശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങളെപ്പോലെ കേരളവും കോവിഡ് മഹാമാരിയുടെ പിടിയിലമർന്നു. ഭൂമിയിൽ മനുഷ്യജീവിതം എത്ര കേവലമാണെന്ന ബോധ്യം പടർത്തിയ കോവിഡ് നാളുകളിൽ അതിജീവനം മാത്രമായിരുന്നു ലക്ഷ്യം. കോവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറഞ്ഞതോടെ അകലപാലന നിബന്ധനകളിൽ നിന്ന് മോചിതരായ നമ്മൾ സാമൂഹ്യ ജീവിതത്തിലും വ്യവഹാരങ്ങളിലും വ്യാപൃതരാകാൻ തുടങ്ങി, ദുരന്തകാലത്തെ അനുഭവ ഗുണപാഠങ്ങളെ വിസ്മരിക്കാനും. ആഘോഷങ്ങളിലേക്കും ഉത്സവങ്ങളിലേക്കും മറ്റ് കൂട്ടായ്മകളിലേക്കും മടങ്ങുന്നതിനിടയിൽ സ്പർധകളും വിദ്വേഷങ്ങളും വിവേചന ചിന്തകളും ഒപ്പം കടന്നെത്തിയെന്നതാണ് നിരാശപ്പെടുത്തുന്ന വസ്തുതകൾ. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിൽ മൻസിയ ശ്യാം കല്യാൺ, സൗമ്യാ സുകുമാരൻ എന്നീ നർത്തകിമാർക്ക് അവർ അഹിന്ദുക്കളായതിനാൽ കലാ അവതരണത്തിന് അവസരം നിഷേധിച്ചതായുള്ള വാർത്തകൾ ഇതിനിടയിൽ പ്രത്യക്ഷപ്പെട്ടു.
സമാനമായ മറ്റൊരു സംഭവത്തിൽ മകൻ മുസ്‌ലിം സമുദായത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ പൂരക്കളി — മറത്തുകളി കലാകാരനായ എൻ വിനോദ് പണിക്കരെ ക്ഷേത്രത്തിലെ പൂരക്കളിയിൽ നിന്ന് വിലക്കിയെന്ന വാർത്തയും പുറത്തുവന്നു. ക്ഷേത്ര ഭാരവാഹികളുടെ സമീപനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദഗതികളുണ്ടായി. സനാതന മൂല്യങ്ങളിലും ഉപനിഷത് സംസ്കൃതിയിലും വിശ്വാസമുള്ളവർ പറയുന്നത് ഹൈന്ദവ ധർമ്മമനുസരിച്ച് ആരുടെ മുന്നിലും ദേവാലയങ്ങളുടെ കവാടങ്ങൾ അടയ്ക്കരുതെന്നാണ്. എന്നാൽ സെമിറ്റിക് മതങ്ങളുടെ ആരാധനാലയങ്ങൾ വേർതിരിവില്ലാതെ അവർക്കിടയിലെ തന്നെ സ്ത്രീകൾക്കോ, ഇതര മതസ്ഥർക്കോ കലാപ്രകടനത്തിനോ ആരാധനയ്ക്കോ തുറന്നുകൊടുക്കുമോ എന്നാണ് തീവ്ര വിശ്വാസികളുടെ എതിർ ചോദ്യം. ഭൂരിപക്ഷ മത-വർഗീയതയുടെ പേരിൽ ഇത്തരം തർക്കവിതർക്കങ്ങൾ നടക്കുന്നതിനിടയിലാണ് മേയ് 7, 2022 ന് മലപ്പുറത്തെ പാതിരാമണ്ണിൽ ഒരു മദ്രസയുടെ പുരസ്കാര സ്വീകരണ ചടങ്ങളിൽ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വേദിയിലേക്ക് ക്ഷണിച്ചതിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാവായ എം ടി അബ്ദുള്ള മുസ്‌ല്യാർ സംഘാടകരുടെ നേർക്ക് ആക്രോശിക്കുന്നത് കേരളം ഞെട്ടലോടെ കണ്ടത്. പതിനഞ്ചു വയസുള്ള പെൺകുട്ടി പൊതുവേദിയിൽ വരുന്നത് ഇസ്‌ലാം വിരുദ്ധമാണെന്നായിരുന്നു വിധിന്യായം. അഫ്ഗാന്റെ പരമോന്നത നേതാവും താലിബാൻ എന്ന ഭീകരസംഘടയുടെ മേധാവിയുമായ ഹിബത്തുള്ള അഖുൻദ് സാദയും ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. — സ്ത്രീകൾ ഇനിമുതൽ കണ്ണൊഴികെ ശരീരമാസകലം മൂടുന്ന ബുർഖ ധരിച്ചു മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു. സർക്കാർ ജീവനക്കാരായ പുരുഷന്മാരുടെ ഭാര്യമാരോ പെൺകുട്ടികളോ ബുർഖ ധരിക്കാതെ പുറത്തിറങ്ങിയാൽ പുരുഷന്മാർക്ക് ജോലി നഷ്ടപ്പെടുമെന്ന ശാസനയും ഉത്തരവിലുണ്ട്. തമ്മിൽ എന്തു വ്യത്യാസം? പുരസ്കാര വേദിയിൽ നിന്ന് അപമാനിതയായി ഇറങ്ങിപ്പോയ ആ പെൺകുഞ്ഞ് പിടയുന്ന മനസോടെ താൻ പഠിച്ച ചരിത്ര പാഠങ്ങളിലെല്ലാം തന്റെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണവും ഉത്തരവും പരിഹാരവും തേടുന്നുണ്ടാവാം.
ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യൻകാളി, വി ടി ഭട്ടതിരിപ്പാട്, വക്കം മൗലവി, അബ്ദു റഹ്‌മാൻ സാഹിബ് തുടങ്ങിയ നവോത്ഥാന നായകരൊക്കെ അവളുടെ കണ്ണിൽ ഒളിമങ്ങിയ ചിത്രങ്ങളാകുന്നെങ്കിൽ അത് നമ്മുടെ മാത്രം പിഴയാണ്. മലപ്പുറത്തെ സ്ത്രീവിരുദ്ധ ജല്പനങ്ങളുടെ ദുർഗന്ധം അന്തരീക്ഷത്തിൽ നിന്ന് മാറുംമുൻപേയാണ് ഭീകരവും പൈശാചികവുമായ ഒരു കൊലവിളിയിൽ പ്രബുദ്ധ കേരളത്തിന് വീണ്ടും നടുങ്ങേണ്ടിവന്നിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ നടത്തിയ റാലിക്കിടയിൽ ഒരു ബാലനെക്കൊണ്ട് ഇതര മത വിശ്വാസികൾക്കെതിരെയാണ് കൊലവിളി നടത്തിയിരിക്കുന്നത്. വിദ്വേഷവും വെറുപ്പും വിഷവും ആക്രമണോത്സുകതയും വമിപ്പിക്കുന്ന മുദ്രാവാക്യം കുട്ടിയെ ദിവസങ്ങളോളം ഉരുവിട്ടു പഠിപ്പിച്ചിട്ടാണ് ജാഥയിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തം. യുക്തിചിന്തയുടെ ലവലേശം തൊട്ടുതീണ്ടാത്ത മതാന്ധതയോടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുട്ടിയെക്കൊണ്ട് ചെയ്യിപ്പിച്ചിരിക്കുന്ന പാതകം അവൻ അറിയുന്നില്ല. മുതിർന്നവർ അവന്റെ മനസിനെ വിഷലിപ്തമാക്കി മാറ്റിയെന്നതു മാത്രമല്ല, നാളെ അവൻ പുലരേണ്ട മതേതര സമത്വസുന്ദര ലോകത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെയും അവർ തല്ലിക്കെടുത്തിയിരിക്കുകയാണ്. കുട്ടിയെക്കൊണ്ട് വിധ്വംസക മുദ്രാവാക്യം മുഴക്കുന്നവർ നിയമനടപടികളിൽപ്പെടാതിരിക്കാനാകും അങ്ങനെ ചെയ്യുന്നത്. ഇസ്ലാമോ ഫോബിയ അനുദിനം വളരുന്ന ലോകക്രമത്തിൽ, രാജ്യത്തെ ചില നഗരങ്ങളിൽ മുസ്‌ലിം നാമധാരിയായിരിക്കുന്നവർക്ക് വീടുപോലും വാടകയ്ക്ക് നല്കാൻ മടികാട്ടുന്ന പ്രവണതകൾ ഏറുന്ന സാഹചര്യത്തിൽ ഈ ബാലൻ പൊതുസമൂഹത്താൽ വെറുക്കപ്പെടുന്ന ഒരു മതതീവ്രവാദിയായി ഇപ്പോഴെ മുദ്രകുത്തപ്പെടുകയാണ്. അതിനുവേണ്ടി അവൻ എന്തു പിഴച്ചു? മതരാഷ്ട്രീയം ശക്തിപ്രാപിക്കുന്നതിനെതിരെ ജനാധിപത്യ വിശ്വാസികളും പുരോഗമന പ്രസ്ഥാനങ്ങളും കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു. ഈ രാഷ്ട്രത്തെ ഈവിധം ജീവിത സാധ്യമാക്കിയതിന് ഒരുപാട് നിസ്വാർത്ഥമതികളുടെ ത്യാഗവും ബലിയും രക്തസാക്ഷിത്വവുമുണ്ട്. അത് നമ്മൾ മറന്നുകൂടാ. ജനാധിപത്യമെന്നാൽ വർഗീയതയുടെ ഭൂരിപക്ഷം എന്നല്ല വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
മാറ്റൊലി
ജനാധിപത്യമെന്നാൽ വർഗീയതയുടെ ഭൂരിപക്ഷം എന്നല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.