15 November 2024, Friday
KSFE Galaxy Chits Banner 2

Related news

March 13, 2024
February 7, 2024
July 6, 2023
July 3, 2023
July 3, 2023
July 1, 2023
December 10, 2022
June 10, 2022
May 22, 2022
March 23, 2022

ലിവിങ് ടുഗതറും ഏകീകൃത സിവില്‍ കോഡും

Janayugom Webdesk
July 3, 2023 3:00 am

ലിവിങ് ടുഗതറിലും കേന്ദ്രം കൈകടത്തുമോ ?

ഏകീകൃത സിവില്‍കോഡ് തന്നെയാണ് രാജ്യത്ത് നിലവില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം. പൗരാവകാശം ഉറപ്പുവരുമെന്ന വ്യാജേന ഭിന്നിപ്പിച്ച് ഭരിക്കാനുള്ള മോഡി സര്‍ക്കാരിന്റെ കുതന്ത്രം പല രീതിയിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരേ അവകാശമാണ് വിഭാവനം ചെയ്യുന്നതെന്ന് ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രഖ്യാപിച്ച ഏകീകൃത സിവില്‍കോഡില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണ്. കോണ്‍ഗ്രസില്‍ ഏകീകൃത സിവില്‍കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് തട്ടായി അണികള്‍ നില്‍ക്കുന്നതാണ് കോണ്‍ഗ്രസിന്റെ നിലവിലെ തലവേദന. അതിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഏറെ വിവാദമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡിലെ ഏക സിവില്‍കോഡ് സമിതിയുടെ ശുപാര്‍ശ.

രണ്ടില്‍ക്കൂടുതല്‍ കുട്ടികളായാല്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെടുമെന്ന ശുപാര്‍ശയാണ് സമിതി പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഭ്യമാകാത്ത അവസ്ഥയും ഇതിലൂടെയുണ്ടാകുമെന്നാണ് സൂചന. സിവില്‍കോഡ് കരട് തയ്യാറാക്കല്‍ സമിതി, ദത്തെടുക്കല്‍, ലിവിങ് ടുഗതര്‍ തുടങ്ങിയ വിഷയങ്ങളിലും വ്യവസ്ഥകള്‍ വച്ചിട്ടുണ്ട്. ദത്തെടുക്കല്‍, വിവാഹമോചനം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ മതവിഭാഗങ്ങളിലും ഒരേ മാനദണ്ഡം പാലിക്കണം. സമിതിക്ക് അറിയിപ്പ് നല്‍കാതെ ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ ആരംഭിക്കാനോ അവസാനിപ്പിക്കാനോ പാടില്ലയെന്ന നിലപാടുകളും ബിജെപി നിയോഗിച്ച സമതി തയ്യാറാക്കിയ കരട് പട്ടികയില്‍ പറയുന്നു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്ന് 21 ആക്കണം തുടങ്ങിയ ശുപാര്‍ശകളും സമിതി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഈ കരട് ബില്‍ കേന്ദ്രം മാതൃകയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകംതന്നെ വന്നുകഴിഞ്ഞു.


ഇതുകൂടി വായിക്കൂ: ഏകീകൃത സിവിൽകോഡ് മോഡിയുടെ ക്ഷുദ്രബുദ്ധി


കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മ

മറ്റെല്ലാ രാഷ്ട്രീയ വിഷങ്ങളിലെയുംപോലെ ഏകീകൃത സിവില്‍കോഡ് എന്ന വിഷയത്തിലും കോണ്‍ഗ്രസില്‍ ചേരിതിരിവ് രൂക്ഷമാണ്. ഏകീകൃത സിവില്‍കോഡിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള ബിജെപിയുടെ കുതന്ത്രത്തിന് മൗനാനുവാദം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. പലയിടങ്ങളിലും നിലപാടില്ലായ്മ വ്യക്തമാകുന്നുവെങ്കിലും ഇതിന്റെ കരടുകൊണ്ടുവന്ന ബിജെപിയുടെ സമിതി മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളില്‍പ്പോലും ഒന്ന് എതിര്‍ത്ത് പറയാന്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായിട്ടില്ല. ഇതിനുപുറമെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ഏകീകൃത സിവില്‍കോഡിനെ അനുകൂലിക്കുന്നുവെന്നതാണ് മറ്റൊരു സത്യം.

പൊതുഇടങ്ങളെ അനുകൂലമാക്കി ബിജെപി 

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ ബിജെപിക്ക് അനുകൂല നിലപാടുമായി അണികള്‍ മാത്രമല്ല. സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന ജനങ്ങള്‍ക്കുമേല്‍, ഏകീകൃത സിവില്‍കോഡ് അത്യന്താപേക്ഷിതമാണെന്ന് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പതിവുപോലെ സൈബറിടങ്ങളിലും ആരംഭിച്ചുകഴിഞ്ഞു. ഇതില്ലാതെ പറ്റില്ല എന്ന് ജനങ്ങളെക്കൊണ്ട് പറയിക്കണം. അതിനുവേണ്ടി, നിഷ്പക്ഷമായി നില്‍ക്കേണ്ട വിക്കിപീഡിയ പോലുള്ള പൊതു ഇടങ്ങളെയും ബിജെപി തന്ത്രപൂര്‍വം ഉപയോഗിച്ചിരിക്കുവെന്നും കാണാം. ബിജെപിക്കും മോഡിക്കുമെതിരെ പോസ്റ്റിടുകയോ വിമര്‍ശിക്കുന്നവരെയോപോലും നിയമക്കൂട്ടില്‍ കൊണ്ടുനിര്‍ത്തുന്ന സംഘ്പരിവാര്‍ തന്നെയാണ് ഈ നിലവാരമില്ലായ്മയ്ക്ക് പിറകിലെന്ന് ആര്‍ക്കും മനസിലാകും. സ്വയം പ്രൊമോഷന്‍ ചെയ്യാന്‍ കഴിയുന്ന ഇടങ്ങളിലെല്ലാം തനിക്കനുകൂലമായവ മാത്രം തിരുകയറ്റുന്ന മോഡിയുടെ ‘കരിഷ്മ’, ഏകീകൃത സിവില്‍കോഡ് വിഷയത്തിലും അതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. സമൂഹമാധ്യമങ്ങളെ മൊത്തമായി വിലയ്ക്കുുവാങ്ങി തങ്ങള്‍ക്കനുകലമാക്കുന്ന മോഡിയുടെ തന്ത്രത്തിന് ഇത് നിസാരമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.


ഇതുകൂടി വായിക്കൂ: ഏകീകൃത സിവില്‍കോഡില്‍ വ്യക്തയില്ലാത്ത നിലപാടുമായി കോണ്‍ഗ്രസ്


എന്താണ് ഏകീകൃത സിവില്‍കോഡ്?

ഇന്ത്യയിലെ പൗരന്മാരുടെ മതം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം എന്നിവ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങൾ രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു നിർദ്ദേശമാണ് യൂണിഫോം സിവിൽ കോഡ് അഥവാ ഏകീകൃത സിവില്‍ കോഡ്. നിലവിൽ, വിവിധ സമുദായങ്ങളുടെ വ്യക്തിനിയമങ്ങൾ അവരുടെ മതഗ്രന്ഥങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു. ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി പിന്തുടരുന്ന വിവാദപരമായ വാഗ്ദാനങ്ങളിൽ ഒന്നാണ് രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക എന്നത്. മതേതരത്വവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയമാണിത് ഇന്ത്യൻ രാഷ്ട്രീയത്തിൽ, ഇന്ത്യയിലെ രാഷ്ട്രീയ ഇടതുപക്ഷം, മുസ്ലീം ഗ്രൂപ്പുകൾ, മറ്റ് യാഥാസ്ഥിതിക മത ഗ്രൂപ്പുകൾ, ശരിയത്തിന്റെയും മതപരമായ ആചാരങ്ങളുടെയും സംരക്ഷണത്തിൽ വിഭാഗങ്ങൾ എന്നിവയാൽ തർക്കം തുടരുന്നു. വ്യക്തിനിയമങ്ങൾ പൊതുനിയമത്തിൽ നിന്ന് വേർതിരിക്കപ്പെടുകയും വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം എന്നിവ ഉൾക്കൊള്ളുകയും ചെയ്യുന്നു. അതിനിടെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25–28 ഇന്ത്യൻ പൗരന്മാർക്ക് മതസ്വാതന്ത്ര്യം ഉറപ്പുനൽകുകയും മതവിഭാഗങ്ങളെ അവരുടെ സ്വന്തം കാര്യങ്ങൾ നിലനിർത്താൻ അനുവദിക്കുകയും ചെയ്യുന്നു, ദേശീയ നയങ്ങൾ രൂപീകരിക്കുമ്പോൾ ഇന്ത്യൻ ഭരണകൂടം എല്ലാ ഇന്ത്യൻ പൗരന്മാർക്കും നിർദ്ദേശ തത്വങ്ങളും പൊതു നിയമങ്ങളും ബാധകമാക്കണമെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം പ്രതീക്ഷിക്കുന്നു.

ബ്രിട്ടീഷ് ഭരണകാലത്താണ് വ്യക്തിനിയമങ്ങൾ ആദ്യമായി രൂപീകരിച്ചത്, പ്രധാനമായും ഹിന്ദു, മുസ്ലീം പൗരന്മാർക്ക്. ബ്രിട്ടീഷുകാർ സമുദായ നേതാക്കളുടെ എതിർപ്പിനെ ഭയക്കുകയും ഈ ആഭ്യന്തര മണ്ഡലത്തിൽ കൂടുതൽ ഇടപെടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. മുൻ പോർച്ചുഗീസ് ഗോവയിലെയും ദാമോണിലെയും കൊളോണിയൽ ഭരണം കാരണം ഇന്ത്യൻ സംസ്ഥാനമായ ഗോവ ഇന്ത്യയിൽ നിന്ന് വേർപെടുത്തി, ഗോവ സിവിൽ കോഡ് എന്നറിയപ്പെടുന്ന ഒരു പൊതു കുടുംബ നിയമം നിലനിർത്തി, അങ്ങനെ ഇന്നുവരെ ഏകീകൃത സിവിൽ കോഡുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണിത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന്, ഹിന്ദു കോഡ് ബില്ലുകൾ അവതരിപ്പിക്കപ്പെട്ടു, അത് ബുദ്ധമതക്കാരെപ്പോലെയുള്ള ഇന്ത്യൻ മതങ്ങൾക്കിടയിലെ വിവിധ വിഭാഗങ്ങളിലെ വ്യക്തിനിയമങ്ങൾ ക്രോഡീകരിക്കുകയും പരിഷ്കരിക്കുകയും ചെയ്തു. ഹിന്ദുക്കളും ജൈനരും സിഖുകാരും എന്നാൽ ക്രിസ്ത്യാനികൾ, ജൂതന്മാർ, മുസ്ലീങ്ങൾ, പാഴ്സികൾ എന്നിവരെ ഹിന്ദുക്കളിൽ നിന്ന് വ്യതിരിക്തമായ സമുദായങ്ങളായി തിരിച്ചറിയുന്നത് ഒഴിവാക്കി.

1985‑ലെ ഷാ ബാനോ കേസിനെത്തുടർന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക താൽപ്പര്യമുള്ള വിഷയമായി UCC ഉയർന്നുവന്നു. മതപരമായ ചടങ്ങുകൾ നടത്താനുള്ള മൗലികാവകാശത്തെ ലഘൂകരിക്കാതെ ചില നിയമങ്ങൾ എല്ലാ പൗരന്മാർക്കും ബാധകമാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നുവന്നപ്പോൾ ചർച്ച ഉയർന്നു. ശരീഅത്ത് നിയമത്തെ ഭാഗികമായി അടിസ്ഥാനമാക്കിയുള്ളതും ഏകപക്ഷീയമായ വിവാഹമോചനവും ബഹുഭാര്യത്വവും അനുവദിക്കുന്നതും ശരിയത്ത് നിയമപരമായി ബാധകമാക്കുന്നതുമായ മുസ്ലീം വ്യക്തിനിയമത്തെക്കുറിച്ചാണ് ചർച്ച പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2019 നവംബറിലും 2020 മാർച്ചിലും യുസിസി രണ്ടുതവണ നിർദ്ദേശിച്ചെങ്കിലും പാർലമെന്റിൽ അവതരിപ്പിക്കാതെ തന്നെ രണ്ടുതവണയും ഉടൻ പിൻവലിക്കപ്പെട്ടു.

ചര്‍ച്ച ചെയ്യപ്പെട്ടത് എന്നുമുതല്‍

ഏകീകൃത സിവിൽ കോഡിന് വേണ്ടിയുള്ള ചർച്ചകൾ ഇന്ത്യയിലെ കൊളോണിയൽ കാലഘട്ടം മുതലുള്ളതാണ്. ബ്രിട്ടീഷ് ഭരണത്തിന് മുമ്പ്, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ (1757–1858) കീഴിൽ, പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങൾ ഇന്ത്യയിൽ അടിച്ചേൽപ്പിച്ച് പ്രാദേശിക സാമൂഹികവും മതപരവുമായ ആചാരങ്ങൾ പരിഷ്കരിക്കാൻ അവർ ശ്രമിച്ചു. 1840 ഒക്‌ടോബറിലെ ലെക്‌സ് ലോക്കി റിപ്പോർട്ട്, കുറ്റകൃത്യങ്ങൾ, തെളിവുകൾ, കരാർ എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ നിയമത്തിന്റെ ക്രോഡീകരണത്തിൽ ഏകീകൃതതയുടെ പ്രാധാന്യവും ആവശ്യകതയും ഊന്നിപ്പറയുന്നു. എന്നാൽ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വ്യക്തിനിയമങ്ങൾ അത്തരം ക്രോഡീകരണത്തിന് പുറത്ത് സൂക്ഷിക്കണമെന്ന് ശുപാർശ ചെയ്തു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും നിയമത്തിന് മുന്നിൽ വേർതിരിക്കുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിന്റെ ഭാഗമായിരുന്നു. അത് വ്യത്യസ്ത സമുദായങ്ങൾക്കിടയിലുള്ള ഐക്യം തകർക്കാനും ഇന്ത്യയെ ഭരിക്കാനും അവരെ അനുവദിച്ചു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.