5 March 2024, Tuesday

ഏകീകൃത വ്യക്തിനിയമവും ജനസംഖ്യാ നിയന്ത്രണ ബില്ലും

Janayugom Webdesk
June 10, 2022 6:00 am

ടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് മോഡി ഭരണകൂടം. അതോടൊപ്പം ജനസംഖ്യാ നിയന്ത്രണബിൽ കൊണ്ടുവരാനും ഒരുക്കം നടക്കുന്നു. ആർഎസ്എസും ബിജെപിയും കാലങ്ങളായി വാദിക്കുന്ന ആശയമാണ് ‘ഒരു രാജ്യം ഒരു നിയമം’ എന്നത്. ഏതു മതവിഭാഗത്തിൽ വിശ്വസിക്കുന്നവരായാലും വിവാഹം, പിന്തുടർച്ചാവകാശം തുടങ്ങി എല്ലാ കാര്യങ്ങളിലും എല്ലാവർക്കും ഒരു നിയമം പ്രാവർത്തികമാക്കാനാണ് കേന്ദ്രഭരണകൂടം ലക്ഷ്യമിടുന്നത്. വെെവിധ്യ സംസ്കാരങ്ങളുടെ ‘യൂണിയനാ‘യ ഇന്ത്യയിൽ ഏകശിലാത്മകമായ നിയമം ദൂരവ്യാപക പ്രത്യാഘാതമാണുണ്ടാക്കുക. ന്യൂനപക്ഷ മതവിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ഹിന്ദുത്വവാദികൾ ഏകീകൃതനിയമം അനുശാസിക്കുന്നത്. പൗരത്വ ഭേദഗതിനിയമത്തിനു മുതിര്‍ന്നതും ജനസംഖ്യാ നിയന്ത്രണ ബിൽ നടപ്പാക്കാൻ ഉദ്യമിക്കുന്നതും ഇതേ ലാക്കോടെയാണ്. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും ലിംഗസമത്വം ഉറപ്പാക്കുന്നതിനുമുള്ള ഉപാധിയാണെന്ന സുന്ദരമായ വിശദീകരണമാണ് ഏകീകൃത നിയമത്തിന് ഭരണകൂടം നല്കുന്നത്. ജനസംഖ്യാ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കഴിഞ്ഞദിവസവും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മറ്റേത് കുതന്ത്രവും പോലെ കേൾവിക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കി പിൻവാതിലിലൂടെ നടപ്പാക്കാനാണ് സംഘ്പരിവാർ നീക്കം.


ഇതുകൂടി വായിക്കൂ: ഏകീകൃത വ്യക്തിനിയമം: ബിജെപി കരുനീക്കം തുടങ്ങി


2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏകീകൃത വ്യക്തിനിയമം മുൻനിർത്തി പ്രചാരണം നടത്താനും തുടർഭരണം നേടാമെന്നുമാണ് എൻഡിഎ പദ്ധതിയിടുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പിലെ വാഗ്ദാനമായ ഏകീകൃത നിയമം പൊതുചർച്ചയിൽ കൊണ്ടുവരുന്നതിനായി പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളെ മുന്നിൽ നിർത്തിയുള്ള തന്ത്രമാണ് ബിജെപി ഒരുക്കിയത്. ഏകീകൃത നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മുഖ്യമന്ത്രിമാർ കേന്ദ്ര സർക്കാരിന് കത്തെഴുതിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അതിനു പിന്നാലെ അര ഡസനോളം ബിജെപി മുഖ്യമന്ത്രിമാർ അതാത് സംസ്ഥാനങ്ങളിൽ നിയമം നടപ്പാക്കാനുള്ള പ്രഖ്യാപനങ്ങൾ നടത്തി. ഏക സിവിൽകോഡിന്റെ കരട് തയാറാക്കാൻ സംസ്ഥാനത്ത് ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർസിങ് ധാമി പറഞ്ഞു. ഉത്തരാഖണ്ഡിൽ നിയമം നിലവിൽ വന്നാൽ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് യുപി ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയും പിന്നാലെ പറഞ്ഞു. പ്രതിപക്ഷത്തിന്റെ പിന്തുണയില്ലെങ്കിലും പുതിയ നിയമം നടപ്പാക്കുമെന്നും മൗര്യ വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതും മുത്തലാഖ് നിരോധനം നടപ്പാക്കിയതും പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്.


ഇതുകൂടി വായിക്കൂ:  ചരിത്രം ആവർത്തിച്ച് വീണ്ടും ക്ഷുഭിതയൗവ്വനം


ഏകീകൃത സിവിൽ നിയമം മികച്ച തീരുമാനമാണെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറും പറഞ്ഞു. സർക്കാർ വിഷയം പരിശോധിക്കുകയാണെന്നും നടപ്പിലാക്കാൻ തയാറാണെന്നും അദ്ദേഹം പറയുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയും സമാന പ്രസ്താവനയിറക്കി. മധ്യപ്രദേശിൽ ഏകീകൃത വ്യക്തിനിയമം നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിങ് മുഖ്യമന്ത്രി ശിവ്‍രാജ് സിങ് ചൗഹാന് കത്തയയ്ക്കുകയും ചെയ്തു. ഉത്തരാഖണ്ഡിൽ നടപ്പാക്കുന്നത് പൈലറ്റ് പദ്ധതി മാത്രമാണെന്നും ഭാവിയിൽ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഭോപ്പാലിൽ ചേർന്ന ബിജെപി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി, രാമക്ഷേത്രം, ആർട്ടിക്കിൾ 370, മുത്തലാഖ് എന്നിവ പരിഹരിച്ചെന്നും അടുത്തത് വ്യക്തിനിയമം ആണെന്നുമായിരുന്നു ബിജെപി നേതൃയോഗത്തിൽ അമിത്ഷാ പറഞ്ഞത്. ഉത്തരാഖണ്ഡിൽ കരട് തയാറായി കഴിഞ്ഞാൽ കേന്ദ്ര സ‍ർക്കാർ സമാനമായ നടപടികൾ പിന്തുടർന്നേക്കും. ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രനിയമത്തിന് ആവശ്യമായ കരട് തയാറാക്കുകയായിരിക്കും നടപടി എന്നാണ് അറിയുന്നത്. ലോക്‌സഭയിൽ മൃഗീയഭൂരിപക്ഷമുള്ള ബിജെപിക്ക് രാജ്യസഭയിലും നിയമം അനായാസം പാസാക്കാൻ കഴിയും. ലിംഗനീതി, തുല്യത, സ്ത്രീകളുടെ അന്തസ് എന്നിവ സുരക്ഷിതമാക്കുന്നതിനുള്ള നിയമമുണ്ടാകണമെന്ന സുപ്രീം കോടതി നിർദേശത്തിന്റെ മറപിടിച്ചാകും ‘ഷാ’ സംഘം നടപടികളെ ന്യായീകരിക്കുക.
രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്നും ജനങ്ങളെ ബോധവല്കരിക്കുന്നതടക്കമുള്ള മറ്റു വഴികളിലൂടെ ജനസംഖ്യാ നിയന്ത്രണത്തിന് രാജ്യത്തിന് കഴിയുന്നുണ്ടെന്നുമാണ് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞത്. എന്നാൽ ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരുമെന്ന് ഒരാഴ്ച മുമ്പ് മാത്രമാണ് ഭക്ഷ്യ സംസ്കരണ മന്ത്രി പ്രഹ്ലാദ് സിങ് പട്ടീൽ പ്രഖ്യാപിച്ചത്.


ഇതുകൂടി വായിക്കൂ:  ആര്‍എസ്എസ് ചതിക്കുഴികളെ തിരിച്ചറിയുക


റായ്‍പുരിൽ ഒരു പരിപാടിക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നിയമം ഉടൻ കൊണ്ടുവരും, ശക്തമായ നിയമങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞ സർക്കാരിന് ബാക്കിയുള്ളവയും കൊണ്ടുവരാൻ സാധിക്കും- പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലിൽ ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ രാകേഷ് സിൻഹ എംപി അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരമൊരു നിയമം പരിഗണിക്കുന്നില്ലെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വിശദീകരിച്ചത്. നിർബന്ധിത ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല എന്നും മന്ത്രി പറഞ്ഞു. ഒരുമാസം തികയും മുമ്പാണ് നിയമം കൊണ്ടുവരുമെന്ന് മറ്റൊരു മന്ത്രി വ്യക്തമാക്കുകയും ഇല്ലെന്ന് വേറൊരു മന്ത്രി വിശദീകരിക്കുകയും ചെയ്തത്. ഇതും പൊതുജനത്തെയും പ്രതിപക്ഷത്തെയും ആശയക്കുഴപ്പത്തിലാക്കി കാര്യം നേടാനുള്ള സംഘ്പരിവാർ തന്ത്രമായി വേണം കരുതാൻ.
2019 ലെ സ്വാതന്ത്ര്യപ്പുലരിയിൽ ചെങ്കോട്ടയിൽ നരേന്ദ്ര മോഡി പ്രസംഗിച്ച വാക്കുകൾ നമുക്ക് മുമ്പിലുണ്ട്. ‘രാജ്യത്തെ ജനസംഖ്യാപെരുക്കം ഭാവിതലമുറയ്ക്കു വെല്ലുവിളിയാണ്. ചെറിയ കുടുംബം ദേശസ്നേഹത്തിന്റെ ഭാഗവും’ എന്നാണ് മോഡി പ്രഖ്യാപിച്ചത്. ‘ജനസംഖ്യാനിയന്ത്രണ നിയമം തന്റെ ജീവിതാഭിലാഷമാണെന്നും അത് അവതരിപ്പിക്കപ്പെടുന്നതോടെ താൻ രാഷ്ട്രീയത്തിൽ നിന്നു വിരമിക്കുമെന്നു‘മാണ് മോഡി മന്ത്രിസഭയിലെ മുതിർന്ന അംഗമായ ഗിരിരാജ് സിങ്ങിന്റെ പ്രഖ്യാപനം. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കൽ, അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം എന്നിവയ്ക്കുശേഷം തങ്ങളുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് ജനസംഖ്യാനിയന്ത്രണമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏകീകൃത വ്യക്തിനിയമത്തിന്റെ ട്രയൽ റൺ ഉത്തരാഖണ്ഡിലാണെങ്കിൽ ജനസംഖ്യാ നിയന്ത്രണബിൽ മാതൃക യുപിയിൽ നിന്നാകും.


ഇതുകൂടി വായിക്കൂ:  അതിര്‍വരമ്പ് ലംഘിക്കുന്ന അരാജക വാഴ്ച


സ്വയം ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുന്ന ദമ്പതികൾക്ക് പ്രോത്സാഹനം നൽകുന്ന നയം കഴിഞ്ഞ വർഷം ആദിത്യനാഥ് സർക്കാർ നടപ്പാക്കിയിരുന്നു. രണ്ട് കുട്ടികൾ മാത്രമായി കുടുംബാസൂത്രണം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നതും യുപി സർക്കാരിന്റെ നയമാണ്. നേരത്തെ മോഡി സർക്കാർ നടപ്പാക്കിയ മുത്തലാഖ് നിയമ നിരോധനം അടക്കമുള്ളവ ഏകീകൃത വ്യക്തിനിയമത്തിന് മുന്നോടിയായുള്ള നീക്കമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. മുത്തലാഖ് നിരോധനം പാസാക്കി ദിവസങ്ങൾക്കകമാണ് കശ്മീരിന്റെ പദവി പിൻവലിക്കൽ തീരുമാനം എടുത്തത്. ഏകീകൃത സിവിൽ നിയമം പോലെ കടുത്ത തീരുമാനങ്ങൾക്ക് മോഡി-അമിത്ഷാ സംഘം മടിച്ച് നിൽക്കില്ലെന്ന വിലയിരുത്തൽ അപ്പോൾത്തന്നെ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ശക്തമായിരുന്നു. ശക്തമായ പല നിയമങ്ങളും കൊണ്ടുവന്ന സർക്കാരിന് പുതിയവ കൊണ്ടുവരാൻ സാധിക്കുമെന്ന പ്രഹ്ലാദ് സിങ് പട്ടേലിന്റെ ആത്മവിശ്വാസം ഇപ്പോൾ ചേർത്തുവായിക്കാവുന്നതാണ്. മതേതരമെന്ന പ്രയോഗം ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സംഘ്പരിവാറിൽ നിന്ന് ഇതിൽ കൂടുതലും പ്രതീക്ഷിക്കണം.
ജനങ്ങളുടെ മതവിശ്വാസങ്ങളെയും അവരുടെ വിശ്വാസത്തിന്റെ അനുവദനീയമായ പ്രയോഗത്തെയും ചോദ്യംചെയ്യുന്ന ഒരു നിയമത്തിന്റെ ഭയാനകതയെ കുറിച്ചല്ല, സ്വന്തം അജണ്ട ഏതുവിധേനയും നടപ്പാക്കുക എന്നതാണ് ബിജെപി സർക്കാരിന്റെ ലക്ഷ്യം. ജനസംഖ്യാപെരുപ്പത്തിൽ ഇന്ത്യ ചൈനയെ തോൽപ്പിക്കുമെന്ന പ്രവചനമാണ് നിയന്ത്രണനിയമത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ജനസംഖ്യയിൽ സംഭവിക്കാവുന്ന വർധന സംബന്ധിച്ച വിലയിരുത്തൽ നടത്തുന്ന ടെക്നിക്കൽ ഗ്രൂപ്പിന്റെ കണക്കുപ്രകാരം 2030 ൽ 147 കോടിയാണ് ഇന്ത്യയിലെ പ്രതീക്ഷിത ജനസംഖ്യ. ‘രാജ്യത്തെ ജനസംഖ്യാ പെരുക്കം ഭാവിതലമുറയ്ക്കു വെല്ലുവിളിയാണെ‘ന്ന മോഡിയുടെ പ്രസ്താവന ജനസംഖ്യാ നിയന്ത്രണത്തിനുള്ള സൂചന തന്നെയാണ്. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയും ഇക്കാര്യത്തില്‍ സൂചന നല്കിയിട്ടുണ്ട്. ജനസംഖ്യ നിയന്ത്രിക്കുന്നതിന് ചില നടപടികൾ സ്വീകരിക്കുന്നതിൽ ആലോചനകൾ നടക്കുന്നുവെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. നിയമ നിർമ്മാണം ആവശ്യമാണോ എന്നത് ആലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അപ്പോള്‍ പിന്നെ രണ്ടു നിയമങ്ങളും നടപ്പാക്കാനാണ് കേന്ദ്രനീക്കമെന്ന് മനസിലാക്കാന്‍ കൂടുതല്‍ ഗവേഷണം വേണ്ടതില്ലല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.