18 May 2024, Saturday

പാമ്പുകളോടൊത്ത് ജീവിക്കാം…

വിജയ് സി എച്ച്
October 24, 2021 5:19 am

അര ലക്ഷത്തോളം വിഷപ്പാമ്പുകളെ നാട്ടിൽ നിന്ന് പിടിച്ചു കാട്ടിലുപേക്ഷിച്ച് ജനങ്ങളുടെ ഭീതിയകറ്റുകയും, മുന്നൂറിനുമേൽ മാരകമായ സർപ്പദംശനങ്ങൾ സ്വയം അതിജീവിയ്ക്കുകയും ചെയ്ത വാവ സുരേഷുമായി സംസാരിക്കുകയെന്നാൽ, ഉരഗങ്ങളുമൊത്ത് അൽപനേരം അടുത്ത് ഇടപഴകുന്നതിനു സമാനം! സുൽത്താൻ ബത്തേരിയിലെ സർക്കാർ വിദ്യാലയത്തിൽ പാമ്പുകടിയേറ്റു മരിച്ച അഞ്ചാം ക്ലാസ്സുകാരിയും, രാജവെമ്പാലയെക്കാൾ വിഷമുള്ള ഒരു മനുഷ്യൻ മൂന്നു തവണ രണ്ടിനം സർപ്പങ്ങളെക്കൊണ്ട് കടിപ്പിച്ച് അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ നിഷ്കളങ്കയായ യുവതിയും ചിന്തയിൽ സാന്ദ്രമാകും. കോടതി വിധി മാനിയ്ക്കുന്നുണ്ടെങ്കിലും, ഉത്രയോടു കാട്ടിയ കൊടുംക്രൂരതയ്ക്ക് ഇരട്ടജീവപര്യന്തവും പോരെന്നു പറഞ്ഞ ‘സ്നേക് മാസ്റ്റർ’ തന്റെ അനുഭവങ്ങളെ മുൻനിർത്തി സംസാരിക്കുന്നു.

ചെറുപ്പം തൊട്ടേ പാമ്പുകൾക്കൊപ്പം

കുഞ്ഞുന്നാളു മുതൽ സർപ്പങ്ങളുമൊത്ത് സമയം ചിലവിടുന്നവനാണ് ഞാൻ. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ഒരു കൊച്ചു മൂർഖനെ പിടിച്ചത് പാമ്പുകളെ അടുത്തറിയുവാനായിരുന്നു. അവയുടെ സൂഷ്മമായ സ്വഭാവ വിശേഷങ്ങളും, ശരീര ഘടനയും പഠിക്കുവാനായിരുന്നു. താമസിയാതെ നാട്ടുകാർ എന്നെ പാമ്പിനെ പേടിയില്ലാത്ത പയ്യനായി ചിത്രീകരിക്കാൻ തുടങ്ങി. പിന്നെ വൈകിയില്ല, പരിസരത്ത് എവിടെയെങ്കിലും പാമ്പു ശല്യമുണ്ടായാൽ, അതിനെ പിടിക്കാൻ എന്നെ വിളിയ്ക്കാൻ തുടങ്ങി. ഞാനൊരു പരിസ്ഥിതി സ്നേഹിയാണ്. പാമ്പുകളും നമ്മുടെ ആവാസ വ്യവസ്ഥയുടെ ഭാഗമാണ്. അതിനാൽ അവയെ തല്ലിക്കൊല്ലുന്നതിനു പകരം അവയ്ക്ക് കൂടുതൽ ആശ്വാസകരമായി വസിക്കാൻ സൗകര്യമുള്ള കാട്ടുപ്രദേശങ്ങളിൽ കൊണ്ടുപോയി വിടുകയാണ് ചെയ്യുന്നത്.

പ്രകോപനമില്ലെങ്കിൽ നിരുപദ്രവകാരി

പാമ്പ് നിരീക്ഷണങ്ങളും അനുഭവങ്ങളുമാണ് എന്റെ മുതൽക്കൂട്ട്. എനിയ്ക്കാരും ഒരു പരിശീലനവും തന്നിട്ടില്ല. ഒരു കാര്യം വ്യക്തമാണ്, അതിനെ നാം പ്രകോപിപ്പിച്ചില്ലെങ്കിൽ, പാമ്പ് നിരുപദ്രവകാരിയാണ്. പ്രശ്നങ്ങളിൽ നിന്നൊഴിഞ്ഞുമാറി രക്ഷപ്പെട്ടോടാനാണ് അതിനിഷ്ടം. നാം അറിയാതെ അതിനുമേൽ ചവിട്ടുകയോ, നമ്മുടെ പെരുമാറ്റം കൊണ്ട് അത് അസ്വസ്ഥമാകുകയോ ചെയ്യുമ്പോഴാണ് പാമ്പ് നമ്മെ കടിക്കുന്നത്. പാമ്പിനെ നാം ചൊടിപ്പിച്ചില്ലെങ്കിൽ, അതിന് നമ്മോട് ശത്രുതയൊന്നുമില്ല. ആത്മരക്ഷാർത്ഥം മാത്രമാണ് പാമ്പ് മനുഷ്യരെ കടിക്കുന്നത്.

ഷോകൾ ബോധവൽക്കരണത്തിന്റെ ഭാഗം

പാമ്പുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് ഒരു അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് ഞാൻ ചാനൽ ഷോകളും മറ്റും നടത്തുന്നത്. പലപ്പോഴും അജ്ഞതയാണ് അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നത്. എന്നാൽ, എന്റെ പ്രകടനങ്ങൾ കണ്ട് ആകർഷിക്കപ്പെട്ട് പാമ്പു പിടിക്കാനൊരുങ്ങരുതെന്ന് ഞാൻ സ്ഥിരമായി പറഞ്ഞുകൊണ്ടിരിക്കുന്നു. കൃത്യതയോടും, ഉത്തരവാദിത്വബോധത്തോടും ചെയ്യേണ്ടൊരു കാര്യമാണിത്.

ബാൻഡഡ് ക്രെയ്റ്റ്

കഴിഞ്ഞ വർഷം തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴിനടുത്തുള്ള കരിപ്പൂർ എന്ന പ്രദേശത്തുണ്ടായത് ഒരു പുത്തൻ അനുഭവമാണ്. രാത്രിയിൽ ബൈക്കോടിച്ച് പോയ പ്രദേശവാസികളാണ് വഴിയിൽ കുറുകെ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ ആദ്യം കണ്ടത്. അവർക്കത് രാജവെമ്പാലയാണെന്ന് തോന്നിയെങ്കിലും, സാധനം അപൂർവ സ്പീഷീസിൽ പെടുന്ന ഒന്നായിരുന്നു. ഉഗ്രവിഷമുള്ള ബാൻഡഡ് ക്രെയ്റ്റ് ആയിരുന്നു അത്. മിന്നിത്തിളങ്ങുന്ന മഞ്ഞയും കറുപ്പും ബേൻഡുകൾ ചിട്ടയിൽ ദേഹത്തുണ്ട്. ശംഖുവരയൻ, അല്ലെങ്കിൽ മഞ്ഞവരയൻ ഇനങ്ങളോട് സാമ്യമുള്ളത്. ഞാൻ ആദ്യമായാണ് ഇത്തരത്തിലുള്ള ഒന്നിനെ പിടികൂടുന്നത്. അത് ശക്തിയായി കുതറിക്കൊണ്ടിരുന്നു. വളരെ സൂക്ഷിച്ചും പാടുപെട്ടുമാണ് അതിനെ കീഴ്പെടുത്തിയത്. അസാധാരണക്കാരൻ ആയതിനാൽ, പിന്നീടതിനെ തിരുവനന്തപുരം മ്യൂസിയം അധികൃതർക്ക് കൈമാറി.

പാമ്പുകളെ അകറ്റുക പ്രായോഗികമല്ല

കേരളത്തിന്റെ ഭൂമിശാസ്ത്രം പാമ്പുകൾക്കു പാർക്കാൻ അനുയോജ്യമാണ്. പുല്ലുകളും, ചെടികളും, ഇടതൂർന്നു വളരുന്ന വൃക്ഷങ്ങളും, കൊച്ചു കൊച്ചു പൊന്തക്കാടുകളും, കുണ്ടും കുഴിയും വിടവുകളും പൊത്തുകളുമുള്ള ഇടങ്ങളും, കൃഷിപ്പാടങ്ങളും മറ്റും പാമ്പുകളുടെ സ്വാഭാവികമായ വാസസ്ഥലങ്ങളാണ്. മലമ്പ്രദേശങ്ങളിലും കാടിനോട് അടുത്തു കിടക്കുന്ന ദിക്കുകളിലും അവയെ സാധാരണയായി കണ്ടുവരുന്നു. കാപ്പിത്തോട്ടങ്ങളും, ചായത്തോട്ടങ്ങളും, റബ്ബർ തോട്ടങ്ങളും പാമ്പുകളുടെ വിഹാര ഭൂമിയാണ്. വർഷത്തിൽ ആറു മാസം മഴയും കൂടിയാകുമ്പോൾ, കേരളത്തിൽ ഇഴജന്തുക്കൾക്ക് പഞ്ഞമുണ്ടാകില്ല. അതിനാൽ, ശ്രദ്ധയോടെയുള്ളൊരു സഹവർത്തിത്വമാണ് വേണ്ടത്. പാമ്പുകളെ മാറ്റി നിർത്തിക്കൊണ്ടുള്ളൊരു കേരളത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. രാജവെമ്പാല (King Cobra) മാത്രമാണ് പകൽ സമയത്ത് ഇരപിടിക്കുന്നത്. ബാക്കിയുള്ളവയെല്ലാം ഭക്ഷണം തേടി വെളിയിലിറങ്ങുന്നത് രാത്രിയിലാണ്. കാലുകൊണ്ടോ, അല്ലെങ്കിൽ വടിയോ മറ്റോ ഉപയോഗിച്ച് നിലത്തടിച്ചോ ശബ്ദമുണ്ടാക്കി മാത്രമേ രാത്രിയിൽ ഗ്രാമ പ്രദേശത്ത് നടക്കാവൂ. പാമ്പുകൾക്ക് മനുഷ്യ ശബ്ദം ശ്രാവ്യമല്ല. ചുറ്റുമുള്ള സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞാണ് പാമ്പുകൾ പ്രതികരിക്കുന്നത്.

നാട്ടിലെ പാമ്പുകൾ

കേരളത്തിൽ മൊത്തം നൂറിനുമേൽ ഇനം പാമ്പുകളുണ്ടെന്നാണ് കണക്കെങ്കിലും, അഞ്ചെണ്ണത്തിനു മാത്രമേ മാരകമായ വിഷമുള്ളൂ. മൂർഖൻ, വെള്ളിക്കെട്ടൻ (ശംഖുവരയൻ), അണലി (ചേനത്തണ്ടൻ), ചുരുട്ടമണ്ഡലി (Saw-scaled Viper), മുഴമൂക്കൻ കുഴിമണ്ഡലി (Hump-nosed Viper) എന്നിവയിൽ നിന്നാണ് മരണത്തിൽ കലാശിക്കുന്ന വിഷബാധകൾ ഏൽക്കുന്നത്. ഏറ്റവും വീര്യം കൂടിയ വിഷമുള്ളത് വെള്ളിക്കെട്ടനാണ് (Krait). അണലിയ്ക്ക് (Viper) മൂർഖനേക്കാളും (Cobra) വീര്യം കൂടിയ വിഷമാണുള്ളത്. സംസ്ഥാനത്തോടു ചേർന്നു കിടക്കുന്ന കടലിലും നാലഞ്ചിനം വിഷപാമ്പുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ലോകത്താകെയുള്ള അറുന്നൂറോളം വരുന്ന വിഷപാമ്പു വർഗ്ഗങ്ങളിൽ, പത്തെണ്ണത്തിൽ നിന്നുള്ള ഭീഷണി മാത്രമേ നമുക്കുള്ളൂ.

വിഷം തീണ്ടിയാൽ

സർപ്പദംശനമേറ്റാൽ ഭയന്നോടരുത്. ശരീരത്തിൽ പെട്ടെന്ന് വിഷം വ്യാപിക്കാൻ ശീഘ്ര ചലനങ്ങൾ കാരണമാകും. ഉടനെ ഒരിടത്ത് ഇരിക്കുകയാണ് വേണ്ടത്. കടിയേറ്റതിന്റെ അൽപം മുകൾ ഭാഗത്തായി തുണിയോ സമീപത്ത് ലഭ്യമായ വള്ളിയോ ഉപയോഗിച്ചു ബന്ധിച്ച് (Tourni­quet) രക്തസഞ്ചാരം നിയന്ത്രിതമാക്കണം. കെട്ട് ആവശ്യത്തിലേറെ ഇറുകുകയോ അയയുകയോ അരുത്. എത്രയും പെട്ടെന്ന് രോഗിയെ വിഷചികിത്സയുള്ള ആശുപത്രിയിലേക്ക് എത്തിക്കണം. പ്രാഥമിക ചികിത്സയാണ് (First Aid) രോഗിയുടെ ജീവൻ നിലനിർത്തുന്നത്.

ലോക പാമ്പ് ദിനം

വിവിധയിനം പാമ്പുകളെക്കുറിച്ചും, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അവ വഹിക്കുന്ന പങ്കിനെക്കുറിച്ചും സമൂഹത്തിന് വ്യക്തമായ അവബോധം ഉണ്ടായിരിക്കണം. സർപ്പക്കാവുകളും, അതിനോടു ബന്ധപ്പെട്ട വിശ്വാസങ്ങളും, പാമ്പ് കേന്ദ്രസ്ഥാനത്തുള്ള അന്ധവിശ്വാസങ്ങളും വിഷയത്തെ സങ്കീർണ്ണമാക്കുന്നുണ്ട്. എന്നാൽ, സർപ്പങ്ങളെ ഇഷ്ടപ്പെടുന്നവരും ഭയപ്പെടുന്നവരും സമൂഹത്തിലുണ്ട് എന്നത് നിസ്തർക്കമാണ്. ഒരുപക്ഷെ, വാസ്തവങ്ങൾ ഇപ്പറഞ്ഞതിനെല്ലാം അപ്പുറത്തുമായിരിക്കും. പാമ്പുകൾക്കറിയാം മനുഷ്യരാണ് അവയുടെ ബദ്ധശത്രുക്കളെന്ന്. ബലം പ്രയോഗിച്ച് പാമ്പിനെകൊണ്ടു കൊത്തിച്ച് മനുഷ്യരെ കൊല്ലുന്നതും മനുഷ്യരല്ലേ? സത്യധർമാദി വെടിഞ്ഞീടിന പുരുഷനെ ക്രുദ്ധനാം സർപ്പത്തേക്കാളേറ്റവും പേടിക്കണമെന്നാണ് മഹത് മൊഴി. പാമ്പിനെക്കുറിച്ചുള്ള ഭീതി ഇല്ലാതാക്കുക, അതിനെക്കൂടി ഉൾപ്പെടുത്തിയുള്ള ആവാസ വ്യവസ്ഥയെ നാം സ്വീകരിക്കുക, സർപ്പദംശനം മൂലമുള്ള വിപത്ത് ഒഴിവാക്കുക മുതലായ ഉദ്ദേശ്യങ്ങളോടെയാണ് വർഷം തോറും ജൂലൈ-16 ലോക പാമ്പ് ദിനമായി (World Snake Day) ആചരിക്കപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.