23 January 2026, Friday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

വായ്പാ തിരിച്ചടവ് മുടങ്ങി: കിടപ്പാടം നഷ്ട്പ്പെടുമെന്ന ഭീതിയിൽ ഏഴംഗ കുടുംബം

Janayugom Webdesk
മാന്നാർ
January 19, 2025 8:08 pm

പലവിധ രോഗങ്ങളാൽ മരുന്നിനും ജീവിത ചെലവിനും വകയില്ലാതെ കഷ്ടപ്പെടുന്ന ഏഴംഗ കുടുംബം വായ്പാ തിരിച്ചടവ് മുടങ്ങി ആകെയുള്ള കിടപ്പാടവും നഷ്ടപ്പെടുമെന്ന ഭീതിയിൽ സുമനസുകളുടെ സഹായത്തിനായി കേഴുന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്കുട്ടംപേരൂർ ദേവൂട്ടിയിൽ അനിത (37), അഞ്ചാംക്ലാസിലും മൂന്നിലും പഠിക്കുന്ന രണ്ട് പെൺമക്കൾ, അനിതയുടെ മാതാപിതാക്കളായ അരവിന്ദാക്ഷക്കുറുപ്പ് (75), ശാന്തമ്മ (64), ശാന്തമ്മയുടെ മാതാവ് സരസ്വതി അമ്മ (88), അനിതയുടെ ഭർതൃ മാതാവ് പത്മാവതിയമ്മ (78) എന്നിവരാണ് ദുരിതക്കയത്തിൽ കണ്ണീരോടെ കഴിയുന്നത്. 

സൗദിയിൽ വെൽഡറായി ജോലി ചെയ്തിരുന്ന അനിതയുടെ ഭർത്താവ് അമ്പിളികുമാർ 2020ൽ അവധിക്കു നാട്ടിൽ എത്തുകയും കുട്ടംപേരൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും 18 ലക്ഷം രൂപ ലോണെടുത്ത് 8 സെന്റ് സ്ഥലവും വീടും വാങ്ങുകയുണ്ടായി. പിന്നീട് കോവിഡ് സാഹചര്യത്തിൽ വിദേശത്തേക്ക് മടങ്ങിപ്പോകാൻ കഴിയാതെ ജോലി നഷ്ടപ്പെടുകയും ചെയ്തു. തുടർന്ന് 2022 ൽ കുവൈറ്റിൽ ഡിഫൻസിൽ ജോലി ലഭിച്ച അമ്പിളികുമാർ വിദേശത്തേക്ക് പോകുന്നതിനായുള്ള മെഡിക്കൽ എടുത്തപ്പോൾ ക്യാൻസർ ബാധിതനാണെന്നും നാലാം സ്റ്റേജിലെത്തിയതായും അറിഞ്ഞു. 2022 സെപ്റ്റംബർ 22ന് അമ്പിളികുമാര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള മൂത്ത മകൾക്ക് ആറാം മാസത്തിൽ അതിനുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് നാലാം വയസിൽ അഡിനോടോൺ ടൈറ്റിസ് എന്ന രോഗത്തിന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഇളയ മകൾക്കും ആറുമാസം മുൻപ് ഇതേ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ടിയും വന്നു. 

അനിതയുടെ പിതാവ് അരവിന്ദാക്ഷക്കുറുപ്പിന് കേൾവി ശക്തി ഇല്ല. മാതാവ് ശാന്തമ്മ കാലുകളിലെ മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയിൽ കഴിയുകയാണ്. പ്ലസ്ടു പഠനത്തിനുശേഷം ഏവിയേഷൻ കോഴ്സ് പഠിച്ച അനിത ജീവിത സാഹചര്യങ്ങൾ കൊണ്ട് തയ്യൽ ജോലി ചെയ്തും കോഴികളെ വളർത്തിയുമായിരുന്നു കുടുംബം പോറ്റിയിരുന്നത്. എന്നാൽ രണ്ടുമാസം മുമ്പ് അനിതയ്ക്കും ശസ്ത്രക്രിയ ആവശ്യമായി വരികയും ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയം വളർത്തിയിരുന്ന കോഴികളെ എല്ലാം തെരുവുനായ്ക്കൾ കൊന്നൊടുക്കുകയും ചെയ്തതോടെ ഉള്ള വരുമാനവും നിലച്ചു. ജീവിത ചെലവിന് പോലും നിവൃത്തിയില്ലാതായ കുടുംബം ബാങ്കിൽ നിന്നും നൽകിയ ജപ്തി നോട്ടീസുമായി വിതുമ്പുകയാണ്. കുടിശ്ശിക തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ബാങ്കിൽ നടത്തിയ അദാലത്തിൽ ബാങ്കിന്റേതായ ഇളവുകൾ നൽകാമെന്ന് പറഞ്ഞെങ്കിലും മാർച്ച് 31നുള്ളിൽ ഇളവ് കഴിഞ്ഞുള്ള 22 ലക്ഷത്തോളം രൂപ തിരികെ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറിയിലേക്ക് കടക്കുമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ചികിത്സയിനത്തിൽ 5 ലക്ഷം രൂപയോളം കടബാധ്യതകൾ വേറെയും ഉണ്ട്. അനിതയുടെ ഫോൺ നമ്പർ: 9747677116,ബാങ്ക് അക്കൗണ്ട്: അനിതകുമാരി വി. എസ്, 553502010006393,IFSC CODE — UBIN0555355,യൂണിയൻ ബാങ്ക് മാന്നാർ ബ്രാഞ്ച്. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.