22 December 2024, Sunday
KSFE Galaxy Chits Banner 2

വിദ്യാർത്ഥികളെ ഇതിലേ ഇതിലേ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
November 9, 2023 4:30 am

ഇന്ന് കേരളത്തിലെ വിദ്യാർത്ഥികൾ നാളെ നാടിന്റെ അധിപൻമാരും കവികളും ശാസ്ത്രജ്ഞരുമൊക്കെ ആകേണ്ടവരാണ്. അതിനാൽ അവരുടെ പഠനത്തിന് ഒരു തടസവും ഉണ്ടാക്കാൻ പാടില്ല. വീട്ടിലിരുന്ന് പുസ്തകം തുറന്നാലും പാഠശാലയിലെത്തിയാലും അവർ നേരിടേണ്ടിവരുന്ന വലിയൊരു പ്രതിസന്ധിയാണ് ശബ്ദശല്യം. ഒരു ദിവസംപോലും ഒഴിവില്ലാതെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി വച്ച് അമിതശബ്ദത്തില്‍ അലോസരമുണ്ടാക്കുകയാണ്. പരീക്ഷക്കാലം അടുക്കുമ്പോൾ രക്ഷകർത്താക്കള്‍ കുട്ടികളെ മൈക്കില്ലാത്തിടത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നു. വളരെ ഗൗരവമുള്ള ഈ വിഷയം സംബന്ധിച്ച പല സര്‍ക്കാർ ഉത്തരവുകളും നീതിപീഠനിർദേശങ്ങളും ഉദാസീനതയുടെയും കാര്യക്ഷമതയില്ലായ്മയുടെയും ഫ്രിഡ്ജിൽ സുരക്ഷിതമായി ഇരിപ്പുണ്ട്. ഇനി വിദ്യാർത്ഥികൾ നേരിട്ടിറങ്ങുകയേ മാർഗമുള്ളൂ. ശബ്ദശല്യത്തിനെതിരെ മുന്നിട്ടിറങ്ങിയത് ആലപ്പുഴയിലെ ചിത്രകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ പി പി സുമനൻ മാഷാണ്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് തുമ്പിക്കൈകോളാമ്പികളും പടുകൂറ്റൻ ബോക്സുകളും നിരത്തിവച്ച് ദിഗന്തങ്ങൾ നടുങ്ങുന്ന ഗർജനം സൃഷ്ടിച്ചാണ് മൈക്കുടമകൾ പ്രതികരിച്ചത്. അദ്ദേഹം ധീരമായി മുന്നോട്ടുപോവുകതന്നെ ചെയ്തു.

അമിതമായ ശബ്ദം നിരന്തരം കേട്ടാൽ കേൾവിക്കുറവും മാനസികാസ്വാസ്ഥ്യങ്ങളും ഉണ്ടാകുമെന്ന കാര്യം ഇന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കിടപ്പുരോഗികളുടെ കാര്യമാണ് പരമകഷ്ടം. നമുക്ക് അന്നവും അർത്ഥവും എല്ലാ സംരക്ഷണവും തന്നു പോറ്റിവളർത്തിയവരാണ് കിടക്കയിൽ മരണവും കാത്തുകിടക്കുന്നത്. അവർക്ക് സ്വസ്ഥത നല്‍കണം. ഉച്ചഭാഷിണിയിലൂടെയുള്ള അലർച്ചകൾ, യേശുദാസിന്റെ ഭക്തിഗാനം ആയാൽ പോലും അരോചകമാണ്. ഗാനഗന്ധർവൻ പോലും അത് ഇഷ്ടപ്പെടുകയില്ല. നിലവിലുള്ള നിയമമനുസരിച്ച് രാവിലെ ആറു മണിക്കു മുമ്പും രാത്രി പത്തുമണിക്ക് ശേഷവും ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാൻ പാടില്ല. ആശുപത്രികൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, പബ്ലിക് ഓഫിസുകൾ വന്യജീവി സങ്കേതങ്ങൾ ഇവയുടെ പരിസരത്ത് ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുവാൻ പാടില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കരുത്, പൊതുനിരത്തിനു സമീപവും കവലകളിലും ഉച്ചഭാഷിണി അരുത്. ഒരു ബോക്സിൽ രണ്ടിൽ കൂടുതൽ ഉച്ചഭാഷിണികൾ ഘടിപ്പിക്കരുത്. വാഹനത്തിലുള്ള പ്രചാരണത്തിന് പ്രത്യേക അനുമതി ഉണ്ടെങ്കിൽ പോലും രണ്ടിൽ കൂടുതൽ ഉച്ചഭാഷിണി പാടില്ല. പൊതുപരിപാടികളിൽ അനുവദിച്ചിരിക്കുന്ന ഉച്ചഭാഷിണികൾ ആ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മാത്രം കേൾക്കാവുന്ന രീതിയിൽ സജ്ജീകരിക്കണം. ഉച്ചഭാഷിണികൾ ആംപ്ലിഫയറിൽ നിന്നും മുന്നൂറു മീറ്ററിനപ്പുറം ഘടിപ്പിക്കാൻ പാടില്ല. ഈ നിർദേശങ്ങൾ ലംഘിച്ചാൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിന് നല്‍കിയിട്ടുള്ള ലൈസൻസ് റദ്ദാക്കുന്നതാണ്. മനുഷ്യോപകാരപ്രദമായ ഈ നിർദേശങ്ങൾ ലംഘിച്ചാൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാൻ അനുമതി നേടിയ ആളും പരിപാടിയുടെ സംഘാടകരും വാഹനത്തിലാണെങ്കിൽ ഡ്രൈവറും നിയമനടപടിക്ക് വിധേയരാകും. മനുഷ്യനു മാത്രമല്ല, മൃഗങ്ങൾക്കും പക്ഷികൾക്കും ഒക്കെ ഉപകാരപ്രദമായ നിർദേശങ്ങളാണിവ. ഈ നിർദേശങ്ങളാണ് നിരന്തരം ലംഘിക്കപ്പെടുന്നത്. വോട്ട് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ ഇടപെടലുകളും നിയമപാലകരുടെ മൗനവും എല്ലാം ഈ ലംഘനങ്ങൾക്ക് കുട പിടിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: ‘നിഴല്‍’ വിദ്യാഭ്യാസം പടരുന്നു


ദൈവമാണെങ്കിൽ പതിവുപോലെ മൗനത്തിലുമാണ്. കൊല്ലം ജില്ലയിൽ ശബ്ദവും വെളിച്ചവും നൽകുന്നവരുടെ സംഘടന ഒരിക്കൽ ഇതു സംബന്ധിച്ച് ഒരു സംവാദം സംഘടിപ്പിച്ചു. പൊതുജനങ്ങളും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ഒക്കെയായിരുന്നു സദസ്യർ. ആദരണീയനായ ഒരു പൊലീസ് മേധാവി സദസ്യരോട് പറഞ്ഞത്, മൈക്ക് കണ്ടുപിടിക്കുന്നതിനു മുമ്പാണ് ക്ഷേത്രങ്ങളും ഉത്സവങ്ങളും ഉണ്ടായത്. അന്ന് അക്കാര്യങ്ങളൊക്കെ ആചാരലംഘനം കൂടാതെ നടന്നിരുന്നല്ലോ എന്നാണ്. ശരിയാണ്. ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉണ്ടാകണമെന്ന് ഒരു ക്ഷേത്രാചാരഗ്രന്ഥങ്ങളിലുമില്ല. ഇവിടെയാണ് ബാലാവകാശകമ്മിഷന്റെ ഒരു നിർദേശം ശ്രദ്ധേയമാകുന്നത്. ആരാധനാലയങ്ങളിലൂടെയുള്ള ശബ്ദമലിനീകരണത്തിനെതിരെ ഏതെങ്കിലും കുട്ടി പരാതികൊടുത്താൽ രണ്ടു മണിക്കൂറിനകം നടപടി എടുക്കണമെന്നാണ് നിർദേശം. എല്ലാ മതത്തിലുമുള്ള ആരാധനാലയങ്ങൾക്കും ഇത് ബാധകമാണ്. ഇതും ഫ്രിഡ്ജിനുള്ളിൽ മരവിച്ചിരുന്നേക്കാം. നിയമലംഘനങ്ങൾക്കെതിരെ പ്രബുദ്ധരായ വിദ്യാർത്ഥി സമൂഹം കടലാസും പേനയും എടുക്കേണ്ടിയിരിക്കുന്നു. 100 എന്ന ഫോൺ നമ്പർ, ഇത്തരം ലംഘനങ്ങൾ കൂടി നിയമപാലകരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.