25 November 2024, Monday
KSFE Galaxy Chits Banner 2

തലസ്ഥാനത്തെ ലുലു ഷോപ്പിങ് മാൾ തുറന്നു

Janayugom Webdesk
തിരുവനന്തപുരം
December 17, 2021 8:28 am

രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ തിരുവനന്തപുരം ലുലു മാൾ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി തുറന്നുകൊടുത്തു. മാളിൽ ഇന്നു രാവിലെ ഒമ്പത് മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകും. 1971 ലെ ഇന്ത്യ‑പാക് യുദ്ധ വിജയവും ധീര സൈനികരെയും സ്മരിച്ച് ഒരു നിമിഷത്തെ മൗനാചരണത്തോടെയാണ് മാളിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധ്യക്ഷനായി. ഭക്ഷ്യമന്ത്രി ജി ആർ അനിൽ, എംപിമാരായ ശശി തരൂർ, ജോസ് കെ മാണി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, കടകംപള്ളി സുരേന്ദ്രൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സിനിമാതാരം മമ്മൂട്ടി തുടങ്ങി ഉദ്യോഗസ്ഥ‑രാഷ്ട്രീയ‑സാമൂഹിക‑സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയ്ദി മുഖ്യാതിഥിയും ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അബ്ദുർറഹ്‌മാൻ അൽ ബന്ന പ്രത്യേക ക്ഷണിതാവുമായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ വീഡിയോ സന്ദേശം നല്‍കി.

കേരളത്തിന്റെ വികസന പദ്ധതികൾക്ക് തടസം നിൽക്കുന്നവരെ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ രൂക്ഷമായി മുഖ്യമന്ത്രി വിമർശിച്ചു. വികസനത്തിനായി കേരളത്തിന് വേണ്ടി തന്റെ പരമാവധി ശേഷി വിനിയോഗിക്കുന്ന വ്യവസായിയാണ് എം എ യൂസഫലിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ മറ്റൊരു സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കിയതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ എം എ യൂസഫലി സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. ഇതിനായി എല്ലാവിധ പിന്തുണയും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നൽകുന്നുണ്ട്. സംസ്ഥാനത്ത് കൂടുതൽ പദ്ധതികൾ കൊണ്ടുവരുന്നതിലൂടെ കൂടുതൽ പേർക്ക് തൊഴിൽ നൽകാനാകും. തിരുവനന്തപുരത്തെ ലുലു മാളിൽ നേരിട്ടും അല്ലാതെയും പതിനായിരത്തിലധികം പേർക്കാണ് ജോലി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുലു മാൾ പരിസ്ഥിതി സൗഹൃദമായ നിർമ്മാണം ഉറപ്പുവരുത്തിയതിന് ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിൽ നൽകിയ ഗോൾഡ് സർട്ടിഫിക്കറ്റ് ചടങ്ങിൽ ലുലു ഗ്രൂപ്പിന് കൈമാറി. കൗൺസിൽ ചെയർമാൻ വി സുരേഷ് ആണ് സർട്ടിഫിക്കറ്റ് കൈമാറിയത്. രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നായ തലസ്ഥാനത്തെ ലുലു മാൾ രണ്ടായിരംകോടി രൂപ നിക്ഷേപത്തിൽ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണത്തിലാണ് പണി കഴിപ്പിച്ചത്. രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ മുഖ്യ ആകർഷണം. ഇതോടൊപ്പം 200ൽ പരം രാജ്യാന്തര ബ്രാൻഡുകളും ഖാദി ഉല്പന്നങ്ങളും ലുലു മാളിലെ ഷോപ്പുകളിലുണ്ട്. ഒരേ സമയം 2,500പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ട് മാളിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. കുട്ടികൾക്കായി ഫൺട്യൂറ എന്ന ഏറ്റവും വലിയ എന്റർടെയ്ന്‍മെന്റ് സെന്ററും മാളിലുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിങ് സംവിധാനവും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

eng­lish sum­ma­ry; Lulu Shop­ping Mall opens in the capital

you may also like this video;

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.