28 December 2024, Saturday
KSFE Galaxy Chits Banner 2

എസ് എം ജീവൻ എഴുതിയ ‘ആടും പുലിയും’ — ബാലസാഹിത്യകഥയുടെ വിശകലനം

ദീപ ഗോപകുമാർ
February 14, 2022 10:06 pm

ഒറ്റവായനയിൽ ആടും പുലിയും കാടും കഥ പറയുന്ന ഒരു സിംപിൾ കുട്ടിക്കഥ. പക്ഷേ വീണ്ടും വീണ്ടും വായിക്കുന്തോറും ലാളിത്യത്തിന്റെ മേൽമണ്ണുനീക്കി അതീവ ഗഹനമായ ചില പ്രകൃതി തത്വങ്ങൾ ഈ കഥയിൽ നിന്നും ഉയർത്തെണീറ്റു വരുന്നു എന്ന് തോന്നി… എന്തുകൊണ്ടോ എനിക്ക് ഓർമ്മവന്നത് വിത്തുകോശങ്ങളെ ( stem cells ) യാണ്. വിത്തുകോശങ്ങളുടെ പ്രധാന സവിശേഷത, അവയുടെ നിരുപാധിക സ്വഭാവമാണ്. നമ്മുടെ ശരീരത്തിൽ degen­er­ate ചെയ്യപ്പെട്ട ചില അവയവങ്ങളെ പുനർനിർമ്മിക്കുവാൻ വിത്തുകോശങ്ങൾ ഉപയോഗിക്കാറുണ്ട്. ഏത് അവയവത്തിലാണോ വിത്തുകോശങ്ങൾ implant ചെയ്യുന്നത്, ആ അവയവത്തിന്റെ സവിശേഷ ധർമ്മങ്ങൾ സ്വാംശീകരിച്ച് അവ വളർച്ച പ്രാപിക്കും.

ഈ കഥയിൽ ഏതാണ്ട് അതുപോലെ യാദൃച്ഛികമായി ആട്ടിൻകൂട്ടത്തിൽ എത്തപ്പെട്ട്, ആടുകളോടൊപ്പം വളരുന്ന ഒരു പുലിക്കുട്ടി. വിത്തുകോശം എന്നതുപോലെ ആടുകളോട് സാധർമ്മ്യം പ്രാപിച്ച് അവയെപ്പോലെ പെരുമാറുന്നു. അതിന്റെ ജനിതകത്തിൽ അടങ്ങിയ മാംസാഹാരശീലവും ക്രൗര്യവും ഗുപ്താവസ്ഥ പ്രാപിക്കുകയും ആടുകളുടേതുപോലെ സസ്യാഹാരശീലം, സൗമ്യപ്രകൃതം എന്നിവ പ്രകട സ്വഭാവമാവുകയും ചെയ്യുന്നു. താൻ ആട്ടിൻകുട്ടി തന്നെയാണ് എന്നാണ് സ്വഭാവികമായും ആ പുലിക്കുട്ടി ഉറച്ചുവിശ്വസിക്കുന്നത്. പുലി വരവിനെക്കുറിച്ചും പുലിയുടെ ആക്രമണത്തെക്കുറിച്ചും ആട്ടിൻകൂട്ടം ഭയചകിതരാവുമ്പോൾ പുലിക്കഥകൾ കേട്ടു വളരുകയും താനും ഒരു ആട്ടിൻകുട്ടി തന്നെ എന്ന് ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്ന ഈ പുലിക്കുട്ടിയും ആടുകളോടൊപ്പം പുലിപ്പേടിയിൽ അമരുന്നു.

പുലികളെപ്പോലെ അലറാൻ അറിയാത്ത, ആടുകളെപോലെ ബേ… ബേ… എന്നു മാത്രം കരയാനറിയാവുന്ന ഈ പുലിക്കുട്ടി ഒരു ഘട്ടത്തിൽ ഒരു യഥാർത്ഥ പുലിയുടെ കൈയിൽ അകപ്പെടുന്നു. സ്വഭാവികമായും സ്വന്തം വർഗക്കാരനായ പുലിക്കുട്ടിയെ ആ തള്ളപ്പുലി ഉപദ്രവിക്കുന്നില്ല. എന്നു മാത്രമല്ല, പുലിക്കുട്ടിയുടെ മിഥ്യാധാരണകൾ തിരുത്തി അതിനെ ബോധവത്ക്കരിച്ച് ഒരു പുലി തന്നെയാക്കാൻ തള്ളപ്പുലി തന്നാലാവുന്ന തരത്തിലൊക്കെ ശ്രമിക്കുന്നുമുണ്ട്. അപ്പോഴും പക്ഷേ, ഒരു ആട്ടിൻകുട്ടിയായ തന്നെ കേട്ടറിഞ്ഞ പോലെ ആക്രമിക്കുവാൻ തള്ളപ്പുലി മുതിരാത്തതിൽ അത്ഭുതം കൊള്ളുകയാണ് പുലിക്കുട്ടി. മാത്രമല്ല, വെള്ളത്തിൽ തങ്ങൾ മൂന്നാളുടെയും ഒരേപോലുള്ള പ്രതിച്ഛായ ചൂണ്ടിക്കാണിച്ച് ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ പോലും ആടുകൾ ചിലത് ഇങ്ങനെയുമുണ്ടാകും എന്ന് പറഞ്ഞ്, പുലിയുടെ വാദമുഖങ്ങൾ നിസാരമായി തള്ളിക്കളയുകയാണ് പുലിക്കുട്ടി.

എന്നാൽ ഇതൊന്നുമല്ല രസം. കഥാന്ത്യത്തിൽ ആട്ടിൻകൂട്ടത്തെ ഭയപ്പെടുത്താൻ പുലിക്കുട്ടിയെക്കൊണ്ട് നിർബന്ധപൂർവം അലറിക്കുന്നുണ്ട്, തള്ളപ്പുലി. അതുകേട്ട് ഭയന്ന്, പുലിവരുന്നുന്നേ… പുലി എന്നു വിളിച്ചുകൂവി ആടുകൾ നാലുപാടും പരക്കം പായുന്നു. ഇതിനിടയിൽ ആട്ടിൻ കൂട്ടത്തിൽനിന്നും പുലിക്കുട്ടിയെ വളർത്തിയെടുത്തതള്ളയാട് സധൈര്യം മുന്നോട്ടുവന്ന് പുലിക്കുട്ടിയെ വീണ്ടെടുത്ത് ഓടുന്നു. ഓടുന്നതിനിടയിൽ തള്ളപ്പുലിയോട് അദൃശ്യനായ പുലിയിൽ നിന്നും രക്ഷപ്പെട്ടോടാൻ അപേക്ഷിക്കുന്നുണ്ട്. പുലിക്കുട്ടിയുടെ അപേക്ഷ കേട്ടതോടെ, ഭയന്നു വിറച്ച ആ തള്ളപ്പുലി അതിന്റെ സ്വന്തം കുഞ്ഞിനോടൊപ്പം അപ്പോൾ മാത്രം കേട്ടറിഞ്ഞ ഏതോ ഭയങ്കരനായ “പുലി“യിൽ നിന്നും രക്ഷപെടുവാൻ ഓടുന്നു; അതും വെറുതെ ഓട്ടമല്ല ‑ആടുകളെപ്പോലെ ബേ… ബേ… എന്നു കരഞ്ഞ്, ഒരു ഒന്നൊന്നര ഓട്ടം.

ഈ കഥ പക്ഷേ, വെറുമൊരു “ആടും പുലിയും” കുട്ടിക്കഥയല്ല. നമ്മൾ നമ്മുടേതെന്നും മറ്റുള്ളവർ അവരുടേതെന്നും വിശ്വസിച്ചുറപ്പിച്ചു വച്ചിരിക്കുന്ന ശീലങ്ങളും സംസ്കാരങ്ങളും. യഥാർത്ഥത്തിൽ നമ്മുടെ അല്ലെങ്കിൽ അവരുടെ ഒപ്പം പിറന്നതല്ല എന്ന ഒരു നേരിലേക്കാണ് ഈ കഥയുടെ ചൂണ്ടുവിരൽ നീളുന്നത്. To get (സ്വന്തമാക്കുക), To beget (വംശം നിലനിർത്തുക) എന്നീ രണ്ട് അടിസ്ഥാന ജൈവചോദനകൾ മാത്രമുള്ള ഒരു ജീവി മാത്രമായ മനുഷ്യർ, എങ്ങനെ വിവിധ ഇടങ്ങളിൽ വിവിധ സംസ്കാരങ്ങളും വിവിധ ജീവിത ശീലങ്ങളും അനുവർത്തിച്ചു വരുവാൻ ഇടയായി എന്ന ചോദ്യത്തിന് അതീവ ലളിതമായ ഭാഷയിൽ ഈ കഥ ഉത്തരം നൽകുന്നതായിത്തോന്നി. പുലി, പുലിയാകുന്നതിനും പുലിയല്ലാതാകുന്നതിനും ഒരു പ്രേരണയുടെ (Perടu­a­tion) സാന്നിധ്യം അവശ്യമാണ്. ഈ കഥയിൽ പുലിക്കുട്ടിക്ക് ആട്ടിൻ പറ്റങ്ങളോടും അവയുടെ ശീലങ്ങളോടുമുള്ള നിരന്തര സമ്പർക്കം അതിന്റെ യഥാർത്ഥ ഐഡന്റിറ്റിയെ അഴിച്ചുപണിയുന്ന ഒരു പ്രേരകഘടകമാകുന്നു. അതുപോലെ, ആടിനെപ്പോലെ കരയുന്ന പുലി…

ചില വ്യവസ്ഥിതികളെ ശക്തിയുക്തം എതിർക്കുകയും അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന ചിലർ തന്നെ പിൽക്കാലത്ത് അതേ വ്യവസ്ഥിതിയുടെ കുഴലൂത്തുകാർ (Pro­po­nents) ആയി മാറുന്നതും സംസ്കാരങ്ങളുടെ വികസന / പരിവർത്തന ഘട്ടങ്ങളിൽ അസാധാരണമല്ല. ഈ കഥയിലെ വിഷയം ഐഡന്റിറ്റിയാണ്. ഒരാളുടെ ഐഡന്റിറ്റി മൂന്നു ഘടകങ്ങളിലൂടെയാണ് പൂർണമാകുന്നത്. അതായത്, 1) നിങ്ങൾ ആരാകണമെന്ന് ആഗ്രഹിക്കുന്നോ, ആ “നിങ്ങൾ”. 2) നിങ്ങളെ മറ്റുള്ളവർ എങ്ങനെ മനസിലാക്കുന്നുവോ, “ആ നിങ്ങൾ”. 3) യഥാർത്ഥത്തിലുള്ള “നിങ്ങൾ”. ഇതിൽ ഒന്നാമത്തെ “നിങ്ങൾ” നിങ്ങൾ എന്ന വ്യക്തി ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന് രൂപം കൊള്ളുന്നതാണ്. ഒരാളുടെ ഐഡന്റിറ്റി നിർണയിക്കുന്നതിൽ അയാളുടെ ഇടപഴകൽ സാഹചര്യങ്ങൾ വളരെ cru­cial ആണ് എന്നർത്ഥം.

ഈ കഥയിലെ ആടുകളോടൊപ്പം വളർന്ന പുലിക്കുട്ടി ആടുകളുടെ തനതു പെരുമാറ്റ ശൈലികൾ സ്വയം സ്വാംശീകരിച്ചതു പോലെ. മനഃശ്ശാസ്ത്രപരമായി പറയുകയാണെങ്കിൽ, എല്ലാ ജീവികളുടെയും മനോനിലയിൽ ഇഡ് ( id ), ഈഗോ ( ego ), സൂപ്പർ ഈഗോ ( Super ego ) എന്നിങ്ങനെ മൂന്ന് അവസ്ഥാന്തരങ്ങൾ ഉണ്ട്. ഇതിൽ _ ഇഡ് _ എന്ന അവസ്ഥയാണ് ഏറ്റവും പ്രാഥമികമായ ( Prim­i­tive ) അവസ്ഥ. ഈ അവസ്ഥയിൽ നമ്മുടെ മനസ് ആരോടും ഒന്നിനോടും പ്രതിബദ്ധമല്ല. നവജാത ശിശുക്കളിൽ ഈ മാനസികാവസ്ഥയാണുള്ളത്. തികച്ചും gen­uine ആയ പ്രതികരണങ്ങൾ ആണ് ഈ അവസ്ഥയുടെ സവിശേഷത. ഏതാണ്ട് വിത്തുകോശങ്ങളുടേതിന് സമാനമാണ് ഈ അവസ്ഥയും. പിന്നീട് വരുന്ന വളർച്ചയുടെയും വികസനത്തിന്റെയും വിവിധ ഘട്ടങ്ങളിൽ മനസ് ചുറ്റുപാടുകൾക്കനുസൃതമായി താദാത്മ്യപ്പെടുകയും സ്വയം പരിഷ്കരിക്കുകയും ചെയ്യപ്പെടുന്ന ഈഗോ, സൂപ്പർ ഈഗോ അവസ്ഥകളെ പ്രാപിക്കുകയും ചെയ്യുന്നു. ഈ അവസ്ഥകളിൽ സന്ദർഭാനുസൃതമായ അഴിച്ചുപണിയലുകളും വിളക്കിച്ചേർക്കലുകളും നടക്കുന്നു. പക്ഷേ, അപ്പോഴും ഇഡ് എന്ന അവസ്ഥ ചാരംമൂടിയ കനൽപോലെ അവയ്ക്കടിയിൽ സമൗനം നിലകൊള്ളും. പക്ഷേ ഒരു അവസരം കിട്ടിയാൽ അത് സ്വന്തം ശബ്ദത്തിൽ ഗർജ്ജിക്കാൻ മറക്കുകയുമില്ല. ആടിനെപ്പോലെ കരഞ്ഞു ശീലിച്ച പുലിക്കുട്ടി തള്ളപ്പുലിയുടെ പ്രേരണയിൽ പുലി ശബ്ദത്തിൽ അലറിയതു പോലെ. ഈ കഥയിൽ കാട് ഒരു നിശ്ശബ്ദ നിരീക്ഷകനാകുന്നു. സംസ്കാര പരിണാമ ദശകളെ കാലം സമൗനം നോക്കിക്കാണുന്നതു പോലെ.

 

Eng­lish Sum­ma­ry: ‘Aad­um Puliyum’ by SM Jee­van — Analy­sis of chil­dren’s literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.