26 December 2025, Friday

എം സുകുമാരപിള്ള നിസ്വാര്‍ത്ഥനായ കര്‍മ്മയോഗി

കെ സോമരാജന്‍
March 2, 2025 7:15 am

സാധാരണനായ വാഗ്മി, പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവ്, രാഷ്ട്രീയ വിരോധികള്‍ പോലും ഇഷ്ടപ്പെട്ടിരുന്ന സിപിഐ. നേതാവ് എല്ലാമായിരുന്ന എം സുകുമാരപിള്ള അന്തരിച്ചിട്ട് ഫെബ്രുവരി 27 ന് പതിനൊന്ന് വര്‍ഷം കഴിഞ്ഞു. വൈദ്യുതിതൊഴിലാളി രംഗത്ത് യൂണിയന്‍ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ഷുഗര്‍മില്‍ തൊഴിലാളികളെയും വെയര്‍ഹൗസിങ് ജീവനക്കാരെയും സംഘടിപ്പിച്ചു. ഇന്നത്തെ വൈദ്യുതി ബോര്‍ഡ് രൂപീകൃതമാകുന്നതിനുമുമ്പ്, 1957 തുടക്കത്തില്‍തന്നെ വൈദ്യുതി ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനായി സര്‍വീസ് ആരംഭിച്ചു. ഏതു കാര്യത്തിലും ചടുലതയോടെയും തന്ത്രപരമായുമുള്ള ഇടപെടലായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. അക്കാലത്തെ ഒരു സംഭവം അദ്ദേഹം പറഞ്ഞത് ഓര്‍മ്മവരുന്നു.

1957 ലെ ഇഎംഎസ് മന്ത്രിസഭയില്‍ ആഭ്യന്തര നിയമ‑വൈദ്യുതി വകുപ്പുമന്ത്രി സുപ്രീം കോടതി ജഡ്ജിയായിരുന്ന വി ആര്‍ കൃഷ്ണയ്യര്‍ ആയിരുന്നു. സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് സ്വയംഭരണ സ്ഥാപനമായ കെഎസ്ഇബിയിലേക്ക് ജീവനക്കാര്‍ എത്തിയപ്പോള്‍ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ലഭ്യമായതോടൊപ്പം സേവനവ്യവസ്ഥകളിലും മാറ്റം അനിവാര്യമായിരുന്നു. വകുപ്പുമന്ത്രിയായ വി ആര്‍ കൃഷ്ണയ്യര്‍ കോട്ടയം ഗസ്റ്റ്ഹൗസില്‍ എത്തുന്നതറിഞ്ഞ് ജീവനക്കാര്‍ നിവേദനം കൊടുക്കാന്‍ മുന്നോട്ടുവന്നു. പക്ഷെ സ്വാമിയെ ആരു കാണും? നിവേദനം നല്‍കി ആരു സംസാരിക്കും? അത് ഇംഗ്ലീഷില്‍ വേണ്ടേ? (അന്ന് ഭരണഭാഷ മലയാളമല്ല.) പലരും മന്ത്രിയെ കാണാന്‍ ധൈര്യപ്പെട്ടില്ല. ഒടുവില്‍ എല്ലാവരും ഏകസ്വരത്തില്‍ പറഞ്ഞു: സുകുമാരപിള്ളയാണ് പറ്റിയ ആള്‍. അന്ന് വൈദ്യുതി ബോര്‍ഡിന്റെ ഒരു പ്രധാന മേഖലാകേന്ദ്രമായിരുന്നു പള്ളം. ധാരാളം ഓഫീസുകളും ജീവനക്കാരും അദ്ദേഹത്തിന്റെ ഓഫിസും അവിടെത്തന്നെ. സംഘമായി ഗസ്റ്റ് ഹൗസിലെത്തി. കൂടെയുണ്ടായിരുന്ന പലര്‍ക്കും മന്ത്രിയുടെ മുമ്പിലെത്താന്‍ ധൈര്യമില്ലാതെ പുറത്തുനിന്നു. സുകുമാരപിള്ള രണ്ടുപേരെ ഒപ്പം കൂട്ടി അകത്തുകടന്നു. അക്കാലത്തെ യൂണിയന്‍ പ്രവര്‍ത്തകരായിരുന്ന ഇട്ടിക്കുഞ്ഞ്, പി കെ ജോണ്‍, ഇവര്‍ മൂവരും സ്വാമിയുടെ മുമ്പില്‍ നിന്നു. അദ്ദേഹം നിര്‍ബന്ധിച്ച് അവരെ ഇരുത്തി. അഞ്ചു പേജുള്ള ഇംഗ്ലീഷ് നിവേദനം വായിച്ച മന്ത്രി, ചില വിശദീകരണങ്ങള്‍ തേടി. എല്ലാറ്റിനും സുകുമാരപിള്ളസാറിന്റെ ഇംഗ്ലീഷ് മറുപടി മന്ത്രിക്ക് നന്നേ ബോധിച്ചു. ചില കാര്യങ്ങളില്‍ മന്ത്രി തിരുവനന്തപുരത്തെത്തിയ ഉടന്‍ തീരുമാനവും ഉണ്ടായി. സുകുമാരപിള്ളസാറിന്റെ ട്രേഡ് യൂണിയന്‍ രംഗത്തെ ജൈത്രയാത്രയുടെ തുടക്കം അവിടെനിന്നാണ്. 

1969 മുതല്‍ 2011 വരെ വൈദ്യുതി ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍, വേതന ഘടന തുടങ്ങി എല്ലാ ഉടമ്പടികളുടെയും ശില്പി അദ്ദേഹമായിരുന്നു. കൂടിയാലോചന വേദികളിലെ അദ്ദേഹത്തിന്റെ പാടവം വി ആര്‍ കൃഷ്ണയ്യര്‍ മുതലുള്ള വൈദ്യുതി മന്ത്രിമാരും വി രാമചന്ദ്രന്‍, എന്‍ കാളീശ്വരന്‍ തുടങ്ങിയ പ്രഗത്ഭമതികളായ ബ്യൂറോക്രാറ്റുകളും ശ്ലാഘിച്ചിട്ടുള്ളതാണ്. സ്വപര്‍ശിച്ച മേഖലകളിലെല്ലാം തന്റെ വൈഭവം തെളിയിച്ച വ്യക്തി. ഒപ്പം മനുഷ്യസ്നേഹിയും. വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവും ആയിരുന്നു. അസാധാരണ നേതൃത്വപാടവംകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പല ശ്രേണികളിലെത്തിയപ്പോഴും ആഘടകത്തെ തന്നോടൊപ്പം നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. പത്തനംതിട്ട ജില്ല രൂപീകൃതമായപ്പോള്‍ സിപിഐയുടെ പ്രഥമ ജില്ലാ സെക്രട്ടറിയായി കൊല്ലം സ്വദേശിയായ തോപ്പില്‍ ഗോപാലകൃഷ്ണന്‍ ചുമതല ഏറ്റെടുത്തു. പിന്നീട് ഒരിടവേളക്കുശേഷം ആലപ്പുഴ ജില്ലക്കാരനായ സുകുമാരപിള്ള ജില്ലാ സെക്രട്ടറിയായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. സ്റ്റേറ്റ് എക്സിക്യുട്ടീവിലേക്ക് ഉയര്‍ത്തിയപ്പോള്‍, അവിടെയും അദ്ദേഹത്തിന്റെ ഇടപെടല്‍ നിര്‍ദ്ദേശങ്ങള്‍, ശ്രദ്ധേയവും സ്വീകാര്യവുമായിരുന്നു.
രണ്ടുതവണ കേരഫെഡ് ചെയര്‍മാനായിരുന്നു അദ്ദേഹം. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ആ സ്ഥാപനത്തെ ലാഭത്തിലേക്ക് കൊണ്ടുവന്നു. വെളിച്ചെണ്ണ ഉല്പാദനത്തിന് പുറമേ വിവിധ ഡൈവേഴ്സിഫൈഡ് ഉവ്പന്നങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്. കേരഫെഡിനെ രക്ഷിക്കാന്‍ നടത്തിയ ഒരു ശ്രമം ഓര്‍ക്കുന്നു. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ ബജറ്റ് തയ്യാറാക്കാന്‍ കോവളത്ത് താമസിക്കുക പതിവായിരുന്നു . ബജറ്റിന്റെ ഓരോ അംശത്തിലും മന്ത്രിയുടെ കണ്ണുണ്ട്. ബജറ്റ് തയ്യാറാക്കുമ്പോള്‍ മന്ത്രി ആരെയും കോവളത്ത് വച്ച് കാണാറില്ല. അവിടെയെത്തി കേരഫെഡ് ചെയര്‍മാന്‍ എന്ന നിലയില്‍ മന്ത്രിയുമായി ആശയവിനിമയം നടത്തി. മുമ്പെങ്ങുമില്ലാത്ത വിധം ബജറ്റ് അലോക്കേഷന്‍ വാങ്ങി. അവിടെ കേരഫെഡിന്റെ സുവര്‍ണകാലം തുടങ്ങുകയായിരുന്നു. 

ആലപ്പുഴ ജില്ലയിലെ കുടശനാട് എന്ന ഗ്രാമത്തിലെ കൃഷീവല കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരു എം എന്‍ ഗോവിന്ദന്‍ നായര്‍ ആയിരുന്നു. രാഷ്ട്രീയ ആചാര്യസ്ഥാനത്തായിരുന്നു എഐടിയുസി ദേശീയ പ്രസിഡന്റായിരുന്ന മുന്‍ എംപി ബാലചന്ദ്രമേനോന്‍. ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ച് കൂട്ടുന്ന പ്രസംഗശൈലിയായിരുന്നു എം സുകുമാരപിള്ളയുടേത്. സംസ്ഥാനത്ത് ഉടനീളം ട്രേഡ് യൂണിയന്‍, പാര്‍ട്ടി, യുവജന പരിപാടികളില്‍ പ്രാസംഗികനായി അദ്ദേഹം വേണമെന്ന നിര്‍ബന്ധമായിരുന്നു പ്രവര്‍ത്തകര്‍ക്ക്. പത്തനംതിട്ടയിലെ ഒരു തെരഞ്ഞെടുപ്പുയോഗം. വി എസ് ഉദ്ഘാടകന്‍. വന്‍ ജനാവലി. സുകുമാരപിള്ളസാറിന്റെ റോള്‍ വിഎസ് വരുന്നതുവരെ (രാഷ്ട്രീയ) സ്വാഗതപ്രസംഗം നടത്തുക എന്നതായിരുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ് പ്രതിയോഗികളുടെ നെഞ്ചില്‍ തറക്കുന്ന ചാട്ടുളി പ്രയോഗത്തില്‍ ജനം മതിമറന്നു നിന്നപ്പോഴാണ് വിഎസിന്റെ വരവ്. വിഎസ് വന്നിട്ടും സ്വാഗത പ്രാസംഗികന് പൂച്ചെണ്ടും, നാരങ്ങയും, തോര്‍ത്തുമുണ്ടുമൊക്കെയായി ജനം സ്റ്റേജിലേക്ക്. പ്രസംഗശൈലി കൊണ്ടും ശരീരഭാഷ കൊണ്ടും വിഎസ് ജനത്തെ കൈയ്യിലെടുത്തെങ്കില്‍, ഇതിഹാസ അകമ്പടിയില്‍ നര്‍മ്മോക്തി നിറഞ്ഞ വാക്ദ്ധോരണിയില്‍ ജനക്കൂട്ടത്തെ പിരിയാന്‍ വിടാതെ നിര്‍ത്തുന്ന ശൈലിയായിരുന്നു എം സുകുമാരപിള്ളയുടേത്. വര്‍ത്തമാനകാലത്തെ പലരാഷ്ട്രീയ നേതാക്കളെപ്പോലെയും സ്ഥാനത്തിനോ പദവിക്കോ താല്പര്യം കാണിക്കുന്നയാളായിരുന്നില്ല. 

വെളിയം ആശാന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഒരു ഘട്ടത്തില്‍ രാജ്യസഭയിലേക്ക് സിപിഐയുടെ കോട്ടയില്‍ നാമനിര്‍ദേശം ചെയ്യുന്നതിന് സുകുമാരപിള്ളസാറിന്റെ പേര് പരിഗണിച്ചു. പ്രാദേശികവും മറ്റുമായ ചിലസമവാക്യങ്ങള്‍ പരിഗണിച്ചപ്പോള്‍ അദ്ദേഹത്തിന് അവസരം ലഭിക്കാതെ പോയി. 1972 ല്‍ മോസ്കോയില്‍ നടന്ന ലോകസമാധാന സമ്മേളനത്തില്‍ വയലാര്‍ രവി, അംബികാസോണി എന്നിവര്‍ക്കൊപ്പം ഇസ്കസിന്റെ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഏത് സങ്കീര്‍ണ പ്രശ്നത്തിലും സുകുമാരപിള്ളസാറിന് പരിഹാരമുണ്ടാകും. അസാധ്യം എന്നൊന്ന് അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ ഇല്ല. പാര്‍ട്ടിയിലും ട്രേഡ് യൂണിയന്‍ രംഗത്തും പുതിയ നേതൃനിരയെ കണ്ടെത്തുന്നതില്‍ അസാധാരണ ദീര്‍ഘവീക്ഷണം ഉണ്ടായിരുന്നു. അങ്ങനെ കണ്ടെത്തിയവരില്‍പ്പെടുന്നവരാണ് മുന്‍ അടൂര്‍ എംപി ചെങ്ങറ സുരേന്ദ്രന്‍, ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍. പ്രവര്‍ത്തിച്ച മേഖലയില്‍ തിളങ്ങിനിന്ന ഒരു നേതാവിന്റെ വിയോഗം അപരിഹാര്യം എന്നൊക്കെ പറയാറുണ്ടെങ്കിലും എം സുകുമാരപിള്ളയുടെ വിയോഗം നഷ്ടം തന്നെയാണ്; പകരക്കാരനില്ലാത്ത തീരാ നഷ്ടം-പ്രത്യേകിച്ച് വൈദ്യുതി മേഖലയില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.