24 November 2024, Sunday
KSFE Galaxy Chits Banner 2

‘മാജിക് മൗണ്ടന്’ 100 വയസ്

ഡോ: പി. സജീവ്കുമാർ
November 24, 2024 6:15 am

വിശ്വസാഹിത്യത്തിലെ മികച്ച ക്ലാസിക് കൃതികളിൽ ഒന്നായ ജർമ്മൻ സാഹിത്യകാരൻ തോമസ് മന്നിന്റെ ‘മാജിക് മൗണ്ടൻ’ പുറത്തിറങ്ങിയിട്ട് 2024 നവംബറിൽ നൂറുവർഷം തികയുന്നു. 1924‑ൽ ജർമ്മൻ ഭാഷയിൽ പ്രസിദ്ധീകൃതമായ മാജിക് മൗണ്ടൻ ഇംഗ്ലീഷ് പരിഭാഷ 1928ലാണ് പുറത്തുവന്നത്. എച്ച് ടി ലോവ് പോർട്ടർ (Lowe Porter) ആണ് ജർമ്മനിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 1929‑ലെ സാഹിത്യത്തിലുള്ള നോബൽ പുരസ്കാരത്തിന് ഈ കൃതി അർഹമായി. 

ജർമ്മനിയിലെ ലുബെക്കിൽ 1875 ജൂൺ ആറിനാണ് തോമസ് മൻ ജനിക്കുന്നത്. ഒരു ധാന്യവ്യാപാരിയായിരുന്ന പിതാവിന്റെ മരണത്തെത്തുടർന്ന് കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി. സാഹിത്യം, കല, ചരിത്രം, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം എന്നിവ അടങ്ങുന്നതായിരുന്നു. അദ്ദേഹത്തിന്റെ പഠനമേഖല, പത്തൊമ്പതാം വയസിൽ പഠനമുപേക്ഷിച്ച് ജോലിയിൽ പ്രവേശിച്ച തോമസ് മൻ രഹസ്യമായി തന്റെ ആദ്യഗ്രന്ഥം ‘ഫാളൻ’ എന്ന ഒരു പ്രണയകഥ എഴുതി. 25-ാം വയസിൽ ആത്മകഥാംശമുള്ള ‘ബുഡൻ ബ്രൂക്സ്’ എന്ന നോവലോടെ പ്രശസ്തനായി. ജർമ്മൻ നോവലിസ്റ്റ്, കഥാകൃത്ത്, സാമൂഹ്യവിമർശകൻ എന്ന നിലയിൽ പ്രസിദ്ധനായ അദ്ദേഹത്തിന്റെ മറ്റു കൃതികൾ ടോണിയോ, ക്രോഗർ, ഡെത്ത് ഇൻ വെനീസ്, ജോസഫ് ആന്റ് ഹിസ് ബ്രദേഴ്സ്, ഡോക്ടർ ഫോസ്റ്റസ് എന്നിവയാണ്. ദിനപത്രങ്ങളിൽ നാസികൾക്കെതിരെ എഴുതിയതിന്റെ ഫലമായി തോമസ് മനിന്റെ ജർമ്മൻ പൗരത്വം എടുത്തുകളയുകയും കൃതികൾ നിരോധിക്കുകയും ചെയ്തു. 1944ൽ തോമസ് മൻ അമേരിക്കൻ പൗരനായിത്തീർന്നു. 

1912 ൽ ശ്വാസകോശ രോഗിയായ തന്റെ ഭാര്യയുടെ ചികിത്സക്കായി സ്വിറ്റ്സർലൻഡിലെ വാൾഡ് സാനറ്റോറിയത്തിൽ കുറച്ചുകാലം അദ്ദേഹം ചിലവഴിക്കുകയുണ്ടായി. അവിടുത്തെ കാഴ്ചകളേയും അനുഭവങ്ങളെയും ആസ്പദമാക്കിയാണ് ‘മാജിക് മൗണ്ടൻ’ രചിക്കുന്നത്. ദാവോസിലെ ബർഗോഫ് സാനറ്റോറിയത്തിൽ കഴിയുന്ന തന്റെ ബന്ധുവായ ജോവാച്ചിം സിംസനെ സന്ദർശിക്കാനെത്തുന്ന ഹാൻസ് കാസ്റ്റോർഫ് എന്ന എഞ്ചിനിയറായ ഇരുപത്തിമൂന്നുകാരനാണ് മാജിക് മൗണ്ടനിലെ കേന്ദ്രകഥാപാത്രം. സമുദ്രനിരപ്പിൽ നിന്നും സ്ഥിതി ചെയ്യുന്ന ആ സാനറ്റോറിയവും അവിടുത്തെ അന്തരീക്ഷവും പരിസരങ്ങളും രോഗബാധിതരായ അന്തേവാസികൾക്കിടയിലെ കൂടിച്ചേര ലുകളും, ചർച്ചകളും, രോഗാവസ്ഥകളും മരണങ്ങളും ഒക്കെ നോവലിൽ സംഭവിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പലരും സാനറ്റോറിയത്തിലെ അന്തേവാസികളാണ്. അവിടെ എത്തപ്പെടുന്ന ഏതൊരാളും പുറംലോകവുമായുള്ള സകലബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട് മറ്റൊരു ലോകത്തി ലേക്ക് വലിച്ചെറിയപ്പെടുന്നു. അവിടെ കാലം അട്ടിമറിക്കപ്പെടുന്നു. അങ്ങനെ കാലം കീഴ്മേൽ മറിഞ്ഞ്, ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ പോകുന്നതറിയാതെ രോഗമൂർച്ചയും രോഗമുക്തിയും മാറി മാറി അരങ്ങേറുന്ന സാനറ്റോറിയത്തിലെ വിവിധ രാജ്യക്കാരിലുടെ, അക്കാലത്തെ യൂറോപ്പിലെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, ആത്മീയരാഗങ്ങൾ ചർച്ചാവിഷയമാവുന്നു. എത്രയോ അകലെ കിടക്കുന്ന മറുലോകത്തെക്കുറിച്ചുള്ള വിവരങ്ങൾ അനാവൃതമാകുന്നു. ഒരു ഭാഗത്ത് രോഗ ത്താൽ പീഢകളേറ്റുവാങ്ങുന്ന ശരീരവുമായി കഴിയുന്ന മനുഷ്യരും, മറ്റൊരിടത്ത് രോഗഗ്രസ്ത മായ സമൂഹവും. ഇവ തമ്മിലുള്ള ഒരു കൂടിക്കലരൽ നോവലിൽ സംഭവിക്കുന്നു. 

ജയിംസ് ജോയ്സിന്റെ ‘യൂലീനസ്’ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത്, എൻ. മുസക്കുട്ടി യാണ് ‘മാജിക് മൗണ്ടനെ‘യും ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഈ വിവർത്തനത്തിന് ആയിരത്തിൽപ്പരം പേജുകളുണ്ട്. ഇതിലൂടെ മലയാളവായനക്കാർക്കും ഈ വിശ്വസാഹിത്യകൃതി വായിക്കാനുള്ള ഭാഗ്യം കൈവന്നു. കെ അരവിന്ദാക്ഷൻ ‘മാജിക് മൗണ്ടൻ’ വിവർത്തനം നടത്താൻ ശ്രമിച്ചിരുന്നു. നോവലിന്റെ ആദ്യഭാഗത്തെ ഏതാനും പേജുകൾ വിവർത്തനം ചെയ്തു കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന് അത് തുടരാനാവാത്ത ഒരു മാനസികാവസ്ഥ വന്നു. അതിനെത്തുടർന്ന്, എൻ മൂസക്കുട്ടിയുമൊത്തുള്ള ഒരു സൗഹൃദസംഭാഷണത്തില്‍ ‘മാജിക് മൗണ്ടനി‘ലെ മഹാമൗനത്തിന്റെ അർത്ഥതലങ്ങളെപ്പറ്റി കെ അരവിന്ദാക്ഷൻ സൂചിപ്പിക്കുകയുണ്ടായി. അങ്ങനെ സുഹൃത്തുക്കളുടെ പ്രേരണയാൽ എൻ മുസക്കുട്ടി ‘മാജിക് മൗണ്ടൻ’ മൗണ്ടന്റെ വിവർത്തനം ഏറ്റെടുക്കുകയായിരുന്നു. അച്ചടക്കത്തോടെയും അർപ്പണബോധത്തോടെയും ആ കർത്തവ്യം നിർവ്വഹിച്ച എൻ മൂസക്കുട്ടിയോട് മലയാളികൾ കടപ്പെട്ടിരിക്കുന്നു. 

ഏഴ് വലിയ അധ്യായങ്ങൾ ചേർന്നതാണ് ‘മാജിക് മൗണ്ടൻ,’ ഒന്നാം ലോകമഹായുദ്ധത്തിന് ഒരു ദശകം മുമ്പുള്ള കാലത്താണ് നോവൽ തുടങ്ങുന്നത്. ഒരു കച്ചവടകുടുംബത്തിൽ ജനിക്കുക യും, ശൈശവത്തിൽ മാതാപിതാക്കളെ നഷ്ടപ്പെടുകയും ചെയ്ത കഥാപാത്രമാണ് ഹാൻസ് കാസ്ട്രോഫ്. തന്റെ മുത്തച്ഛനും ഒരു അമ്മാവനുമാണ് അയാളെ വളർത്തുന്നത്. എൻജിനീയറിങ് പഠനശേഷം യുവാവായ കാസ്ട്രോഫ്, സാനറ്റോറിയത്തിലെ അന്തേവാസിയായ ബന്ധു ജൊവാച്ചിം സിംസനെ സന്ദർശിക്കാനെത്തുന്നു. മൂന്ന് ആഴ്ചയോളം അവിടെ തങ്ങാനായിരുന്നു അയാളുടെ ഉദ്ദേശം. ജൊവാച്ചിമിന്റെ ശ്രമപ്രകാരം കാസ്ട്രോഫിന് ഒരു മുറി അവിടെ തരപ്പെടുത്തിയിരുന്നു. രണ്ടുദിവസം മുമ്പ് ഒരു അമേരിക്കൻ വനിത മരണപ്പെട്ടശേഷം അണുവിമുക്തമാക്കിയ മുറിയായിരുന്നു അത്. 

സാനറ്റോറിയത്തിലേക്കുള്ള ദീർഘയാത്രയും, അവിടുത്തെ അന്തരീക്ഷവു കാസ്ട്രോഫിനെ സന്തുഷ്ടനാക്കിയില്ല. എങ്കിലും മൂന്നാഴ്ചയല്ലേ ചിലവഴിക്കേണ്ടതുള്ളു. എന്ന ചിന്തയിൽ അയാൾ ആശ്വാസം കണ്ടെത്തി. സാനറ്റോറിയത്തിലെ തീൻമുറിയിലും പരിസരങ്ങളിലും തന്റെ ബന്ധുവിനെ ജൊവാച്ചിം മറ്റുള്ളവർക്ക് പരിചയപ്പെടുത്തി. പല രാജ്യക്കാരേയും കാസ്ട്രോഫ് കൗതുകപൂർവം സാനറ്റോറിയത്തിലെ ഡോക്ടർമാരിൽ ഒരാളായ ഡോ. ക്രോകോവ്സ്കിയെ കണ്ട നിമിഷം താങ്കൾ രോഗിയായിട്ടാണോ വന്നിട്ടുള്ളതെന്ന ഡോക്ടറുടെ ചോദ്യത്തിൽ കാസ്ട്രോഫിന് നീരസം തോന്നി. സാനറ്റോറിയത്തിലെ ദിനചര്യകളുമായി അയാൾ പൊരുത്തപ്പെടാൻ തുടങ്ങി. അവിടുത്തെ കാലാവസ്ഥയും പ്രത്യേകതയുള്ളതായിരുന്നു. നിനച്ചിരിക്കാത്ത സമയത്തായിരിക്കും മഞ്ഞുവീഴ്ച, പ്രധാന ഡോക്ടടറായ ഡോ. ഹൊഫ്രാറ്റ് ബെഹ്റൻസിന്റെ അരികിൽ ഒരു ദിവസം ജൊവാച്ചിം പരിശോധനക്ക് ചെന്നു. ഉടനെയൊന്നും ജൊവാച്ചിമിന് സാനറ്റോറിയത്തിൽനിന്നും പോകാനാവില്ല, രോഗം ശമിച്ചിട്ടില്ല എന്നായിരുന്നു ഡോ. ഹൊഫ്രാറ്റിന്റെ മറുപടി. അന്നേരം കൂടെയുണ്ടായിരുന്ന ബന്ധു ഹാൻസ് കാസ്ട്രോഫിനെയും, ഹൊഫ്രാറ്റ് പരിശോധിക്കുന്നു. അയാളുടെ കുടുംബചരിത്രവും ചോദിക്കുന്നു. ഒടുവിൽ കാസ്ട്രോഫിന്റെ ഉയർന്ന ശരീരഉഷ്മാവ് നിസാരമായി കാണാനാവില്ലെന്നും അയാൾക്കും ക്ഷയരോഗലക്ഷണമാണെന്നും അറിയിക്കുന്നു. മൂന്നാഴ്ച സന്ദർശകനായി ചെന്ന ഹാൻസ് കാസ്ട്രോഫ് അങ്ങനെ അവിടുത്തെ അന്തേവാസിയാകുന്നു. ഈ വിവരം പറഞ്ഞ് അയാൾ ബന്ധുക്കൾക്ക് കത്തയക്കുന്നു. 

അന്തേവാസികൾക്കുള്ള ഡോക്ടറുടെ നിർദ്ദേശങ്ങൾ അയാൾ പാലിച്ചുതുടങ്ങുന്നു. കൃത്യമായ ഇടവേളകളിൽ ഭക്ഷണം, വിശ്രമം, നടത്തം എന്നിങ്ങനെ മറ്റൊരു ജീവിതക്രമത്തിലേക്ക് അയാൾ എത്തുന്നു. ഭക്ഷണവേളകളിലെ കണ്ടുമുട്ടലുകളിൽ മറ്റുള്ള അന്തേവാസികളുമായി സൗഹൃദവും ഉടലെടുക്കുന്നു. അവിടെ ഉണ്ടായിരുന്ന ഇറ്റാലിയൻ ഹ്യൂമനിസ്റ്റും നിഘണ്ടുരചയിതാവും പണ്ഡി തനുമായിരുന്ന ലോഡോവികോ സെറ്റം ബിനിയുമായും ദൈവശാസ്ത്രവിശരദനും റാഡിക്കലിസ്റ്റുമായ നഫ്തയുമായും പരിചയപ്പെടുന്നു. ഇവർ തമ്മിലുള്ള പരിചയം നിരവധി വിഷയങ്ങളിൽ പുതിയ അറിവുനേടാൻ അവസരമൊരുക്കി. സെറ്റംബിനുയും നഫ്ത്തയും തമ്മിൽ നടന്ന ദീർഘസംഭാഷണങ്ങൾക്കും സംവാദങ്ങൾക്കും ജൊറാച്ചിമും, കാസ്ട്രോഫും സാക്ഷികളായി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക, ആത്മീയ, ദാർശനിക മേഖലകളെക്കുറിച്ച് അറിയാൻ ഈ സംവാദങ്ങൾ അവർക്ക് അവസരമൊരുക്കി. ഒരു തരം പരോക്ഷവിദ്യാഭ്യാസമായിരുന്നു അത്. സാനറ്റോറിയത്തിൽ രോഗം മൂർച്ഛിച്ച് പല പ്രായത്തിലുള്ളവരും മരണം വരിക്കുന്നുവെങ്കിലും, മലമുകളിൽ മഞ്ഞിന്റെ ആവരണത്താൽ മൂടപ്പെട്ട ആ സ്ഥാപനത്തിൽ പ്രതിദിനപരിപാടികൾ നിർബാധം തുടരുന്നു. പലപ്പോഴും അതിശൈത്യം ബർഗോഫ് സാനറ്റോറിയത്തെ ചൂഴ്ന്നുനിന്നു. നിരവധി കഥാപാത്രങ്ങൾ മാജിക് മൗണ്ടനിൽ തിരനോട്ടം നടത്തുന്നുണ്ട്. 

ഏഴുവർഷത്തോളം ഹാൻസ് കാസ്ട്രോഫ് സാനറ്റോറിയത്തിൽ കഴിയുന്നുണ്ട്. തന്റെ ബാല്യ കാലത്ത് ഒരു സുഹൃത്തുമായി അയാൾക്ക് സ്വവർഗാനുരാഗം ഉണ്ടായിരുന്നു. പിന്നീട് സാനറ്റോറിയത്തിലെത്തിയപ്പോൾ റഷ്യക്കാരിയായ മാഡം ചൗചാറ്റിനോട് ഏകപക്ഷീയമായ പ്രണയം അനുഭവപ്പെട്ടു. എന്നാൽ മാഡം പൗചാറ്റ്. പലരുമായി മാറി, മാറി അടുപ്പം പുലർത്തി. രോഗവും പ്രണയവും കാമവും മരണവും എല്ലാം സാനറ്റോറിയത്തിന്റെ അരങ്ങിലും, മറുലോകത്തെപ്പോലെ കഴിഞ്ഞുപോയി. ജൊവാച്ചിം ഡോക്ടർ പറഞ്ഞതിനു വിപരീതമായി സാനറ്റോറിയം വിട്ടുപോയി, സൈന്യത്തിൽ ചേർന്നു. അത് അയാളുടെ ജീവിതാഭിലാഷമായിരുന്നു. കുറച്ചുനാളുകൾക്കുള്ളിൽ രോഗം മൂർച്ഛിച്ച് തിരിച്ചുവന്ന അയാൾ, മരണത്തിനു കീഴടങ്ങി. അയാളുടെ അമ്മയും, കാസ്ട്രോഫുമാണ് അന്ത്യനിമിഷങ്ങളിൽ അരികിലുണ്ടായിരുന്നത്.
നോവൽ അവസാനിക്കുംമുമ്പ് ഡച്ചുകാരനും ധനാഡ്യനുമായ മൈൻ പിപ്പർകോൺ സാനറ്റോറിയത്തിൽ വരുന്നുണ്ട്. എന്നാൽ അയാളുടെ കൂടെയുണ്ടായിരുന്ന ആളെ കണ്ടപ്പോൾ ഹാൻസ്കാസ്ട്രോഫിന്റെ ഹൃദയം നൊന്തു. അത് മാഡം ചൗചാറ്റായിരുന്നു. അവർ പിപ്പർകോണിന്റെ കാമുകിയായി മാറിയിരുന്നു. ആദ്യം അദ്ദേഹത്തോട് കാസ്ട്രോഫിന് അസൂയ കലർന്ന ദേഷ്യം തോന്നിയിരുന്നുവെങ്കിലും പിന്നീട് അയാളുമായി അടുത്തു. മൈൻ പിപ്പർകോൺ വലിയ സുഹൃദ് വലയങ്ങളെ ഉണ്ടാക്കി. അയാൾ നടത്തിയ മദ്യസൽക്കാരങ്ങളിൽ പലരും പങ്കെടുത്തു. അത്തരമൊരുവിരുന്നിൽ വച്ച് എന്തോ രാസവസ്തു കഴിച്ച് അയാൾ ആത്മഹത്യ ചെയ്തു. ഇതിനിടെ സെറ്റംബ്രിനി, തന്റെ താമസം സാനറ്റോറിയത്തിനു പുറത്തേക്ക് മാറി. നഫ്ത ആദ്യമേ പുറത്തായിരുന്നു താമസിച്ചിരുന്നത്. അവർ തമ്മിലുണ്ടായിരുന്ന വാദപ്രതിവാദങ്ങൾ തുറന്ന പോരിലെത്തി. പലരെയും ക്ഷണിച്ചു വരുത്തി അവർ, ദ്വന്ദ്വയുദ്ധത്തിലേർപ്പെട്ടു. അവിടെ വച്ച് നഫ്ത, സ്വന്തം തലയോട്ടിയിലേക്ക് വെടിയുതിർത്ത് മരണം വരിച്ചു. 

ഏഴുവർഷത്തിന്റെ ഒടുവിൽ ഹാൻസ് കാസ്ട്രോഫിന് ഉണ്ടായിരുന്നത് ക്ഷയരോഗമല്ല എന്ന് ഹൊഫ്രാറ്റ് പറയുന്നു. മറ്റൊരു ബാക്ടീരിയ മൂലമുള്ള പനിയായിരുന്നു അയാൾക്കെന്ന് വെളിപ്പെ ടുത്തി. ഈ ഘട്ടത്തിൽ ഹാൻസ് കാസ്ട്രോഫ് സാനറ്റോറിയം വിട്ട് സമതലഭൂവിലേക്ക് തിരിക്കുക യാണ്. ലോകമഹായുദ്ധമുഖത്തേക്കാണ് അയാൾ പോകുന്നത്. സാനറ്റോറിയത്തിലെ അനുഭവങ്ങ ളിൽനിന്ന് മാനസികമായും, ശാരീരികമായും അയാൾ ഉയർന്ന അവസ്ഥയിൽ എത്തിയിരുന്നു. രോഗത്തിൽനിന്നും മരണത്തിൽ നിന്നും ജീവിതത്തെ മനുഷ്യത്വത്തിന്റെ കാഹളമായി അയാൾ കണ്ടറിഞ്ഞു. പ്രപഞ്ചസ്നേഹത്തിലേക്കും സ്വാതന്ത്യത്തിന്റെ മേച്ചിൽപ്പുറങ്ങളിലേക്കും അയാൾ പ്രവേശിക്കുന്നു. സ്നേഹവും സ്വാതന്ത്ര്യവും സർവകാലവ്യാപിയാണെന്ന് നോവൽ ഉദ്ഘോഷിക്കുന്നു. ബർഗോഫ് സാനിറ്റോറിയം മനുഷ്യനാഗരികതയുടെ പരിഛേദമാണ്. മാജിക് മൗണ്ടനിലെ കാലം നിയതമായ ഒന്നല്ല. അത് ഭുതത്തിലും വർത്തമാനത്തിലും ഭാവിയിലും ഒഴുകിപ്പരക്കുന്നു. അത് പോയ കാലത്തിന്റെ കഥ മാത്രമല്ല പറയുന്നത്, വരാനിരിക്കുന്ന കാലത്തിന്റേതുകൂടിയാണ്. 

ബർഗോഫ് സാനറ്റോറിയത്തിലെ രോഗികൾ ക്ഷയരോഗത്തിന്റെ പല ഘട്ടങ്ങളിൽ ഉള്ളവരാ ണ്. പാതികേടുവന്ന ശ്വാസകോശങ്ങളുമായി ജീവിക്കുന്നവരാണവർ. അവരിൽ പലരും മരണത്തിലേക്ക് ഇടറി വീഴുന്നുണ്ട്. ഒരു ചെറിയ പെൺകുട്ടിയുടെ മരണവും കാസ്ട്രോഫിന്റെ ബന്ധു ജൊവാച്ചിമിന്റെ മരണവും നോവലിൽ ഹൃദയഭേദകമായി വരച്ചിടുന്നുണ്ട്. ഇതുകൂടാതെ രണ്ടു കഥാപാത്രങ്ങൾ ആത്മഹത്യയിലൊടുങ്ങുന്നു, നോവലിനൊടുവിൽ കാലഘട്ടം ആവശ്യപ്പെടുന്ന പ്രകാരം യുദ്ധമുഖത്തേക്കു പോകുന്ന കാസ്ട്രോഫ്, യുദ്ധത്തിൽ മരിച്ചു പോകാനുള്ള സാധ്യതയുമുണ്ട്. തോമസ് മൻ ഈ നോവലിൽ ഒരേ സമയം പല ലോകങ്ങളുടെ മാജിക് മാത്രമല്ല കാണിക്കു ന്നത്. നോവലിന്റെ ക്രാഫ്റ്റിൽ അതിനപ്പുറത്തെ മാജിക് ഉണ്ട്. ഹാൻസ് കാസ്ട്രോഫ് തന്റെ മാതാപിതാക്കളുടെ ഏഴാമത്തെ പുത്രനായിട്ടാണ് ജനിക്കുന്നത്. അയാൾ സാനറ്റോറിയത്തിൽ ഏഴുവർഷം താമസിച്ചു. അവിടുത്തെ ഡൈനിങ് ഹാളിൽ ഏഴു മേശകൾ ഉണ്ടായിരുന്നു. മാഡം ചൗചാറ്റിന്റെ മുറി ഏഴാം നമ്പർ ആയിരുന്നു. ഹാൻസ് കാസ്ട്രോഫിന്റെ മുപ്പത്തിനാല് (3+4), ജൊവാച്ചിമിന്റെ 28 (4X7). ജൊവാച്ചിം തന്റെ ശരീരഊഷ്മാവ് നോക്കാൻ ഏഴുമിനിറ്റാണ് തെർമോമീറ്റർ വായിൽ വക്കുന്നത്. അയാൾ ഏഴുതവണ അഡ്മിറ്റാവുന്നുണ്ട്. അയാളുടെ മരണസമയം ഏഴുമണിയായിരുന്നു. ഏഴുപേരുള്ള സംഘത്തിൽ വച്ചായിരുന്നു മൈൻപിപ്പർകോണിന്റെ ആത്മഹത്യ. അങ്ങനെ നോവലിൽ ഏഴിന്റെ മാജിക് കൂടിയുണ്ട്. തന്റെ കാലത്തിന്റെയും, ബോധനനിലവാരത്തിന്റെയും നേർപ്പകർപ്പായാണ് ഹാൻസ് കാസ്ട്രോഫിനെ തോമസ് മൻ അവതരിപ്പിക്കുന്നത്. 

(ശ്വാസകോശ രോഗ വിദഗ്ധനാണ് ലേഖകന്‍)

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.