23 December 2024, Monday
KSFE Galaxy Chits Banner 2

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് ഫലവും ബിജെപി അധ്യക്ഷസ്ഥാനവും

അരുണ്‍ ശ്രീവാസ്തവ
November 22, 2024 4:45 am

‘മുസ്ലിങ്ങൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ല’; മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭകളിലേക്കും ഉത്തർപ്രദേശിൽ ഒമ്പത് മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പുകള്‍ നടന്ന നവംബർ 20ന് സർക്കാർ സംവിധാനവും പൊലീസും രാജ്യത്തിന് നല്‍കിയ സന്ദേശമാണിത്. എന്നിട്ടും മുന്നോട്ട് നീങ്ങിയാല്‍ വെടിയുതിര്‍ക്കുമെന്ന പൊലീസുകാരന്റെ ഭീഷണിക്ക് വഴങ്ങാതെ, റിവോൾവർ മറികടന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങിയ യുപിയിലെ മുസ്ലിം സ്ത്രീകൾ പ്രത്യേക സല്യൂട്ട് അർഹിക്കുന്നു.

ബുധനാഴ്ച ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ യുപി പൊലീസിന്റെ ഭയാനകമായ ചിത്രമാണ് വെളിപ്പെടുത്തുന്നത്. ആദിത്യനാഥിന്റെ ഭരണത്തിൽ സേന പൂർണമായും കാവിവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. കാവിവൽക്കൃത പൊലീസ് ഭരണത്തിൻകീഴിൽ, ജനങ്ങൾ അവരുടെ ഭരണഘടനാപരമായ അവകാശം വിനിയോഗിക്കാനും തങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയെ തെരഞ്ഞെടുക്കാനും ധൈര്യപ്പെടുമെന്നത് സങ്കല്പിക്കാനാകാത്തതാണ്. അതാത് നിയോജക മണ്ഡലങ്ങളിലെ പ്രാദേശവാസികളെ അവിശ്വസിക്കാൻ ഒരു കാരണവുമില്ലാതിരുന്നിട്ടും ഡ്യൂട്ടിയിലുള്ള പൊലീസ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങള്‍ അട്ടിമറിക്കുകയായിരുന്നു.

ഡ്യൂട്ടിയിലുള്ള പൊലീസുദ്യോഗസ്ഥർ വോട്ടര്‍മാരോട് തിരിച്ചറിയല്‍ കാർഡ് ആവശ്യപ്പെടരുതെന്ന്, വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് കമ്മിഷൻ സംസ്ഥാന ഭരണകൂടത്തിനും പൊലീസ് കമ്മിഷണർമാർക്കും മുതിർന്ന ഉദ്യോഗസ്ഥർക്കും കത്തയച്ചിരുന്നു. അതിനുള്ള ചുമതല പ്രിസൈഡിങ് ഓഫിസർമാര്‍ക്ക് മാത്രമാണെന്നും ഓര്‍മ്മിപ്പിച്ചിരുന്നു. അത് അവഗണിച്ച പൊലീസ്, വോട്ടർമാരോട് തിരിച്ചറിയല്‍ കാർഡ് കാണിക്കാൻ നിർബന്ധിക്കുകയും എതിർത്തവരെ വോട്ടുചെയ്യാൻ അനുവദിക്കാതെ തിരികെപ്പോകാൻ നിർബന്ധിക്കുകയും ചെയ്തു. ബയോഡാറ്റയും ആധാർ കാർഡും പോലും പാെലീസ് ചോദിച്ചത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്.
ഇത് കേവലം താഴെയ്ക്കിടയിലുള്ള പൊലീസിന്റെ നടപടിയല്ല, മുകളിൽ നിന്നുള്ള ഉത്തരവാണ് നടപ്പിലാക്കുന്നതെന്ന് അവരുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നുണ്ട്. നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും പ്രചരണം കാവിരാഷ്ട്രീയത്തെ, പ്രത്യേകിച്ച് ആർഎസ്എസ് അജണ്ട വിജയിപ്പിക്കാനുള്ള തീവ്രശ്രമമായിരുന്നു. ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്നതായിരുന്നു അവരുടെ അവസ്ഥ.

പ്രതിപക്ഷത്തെ പരാജയപ്പെടുത്തുക എന്നതിനെക്കാൾ, വിജയിക്കുക എന്നത് രണ്ട് കാവി ഗ്രൂപ്പുകള്‍ക്ക് നിർണായകമായിരുന്നു. ഒന്ന് മോഡിയുടെ സംഘവും മറ്റൊന്ന് മോഹൻ ഭാഗവത് സംഘവും. ഹിന്ദുത്വ വ്യവസ്ഥയ്ക്കുള്ളിൽ സ്വന്തം മേൽക്കോയ്മ നിലനിർത്താൻ ഇവർ കടുത്ത പോരാട്ടത്തിലാണ്. ബിജെപിയുടെ ജയപരാജയങ്ങള്‍ ഗ്രൂപ്പുകളുടെ അതിജീവനത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. ബിജെപി ദേശീയ അധ്യക്ഷന്റെ നിയമനം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അക്കാര്യത്തില്‍ പാർട്ടിയുടെ യശസും പ്രതിച്ഛായയും ഇടിയുന്നതിലൊന്നും നേതൃത്വത്തിന് വിഷമമില്ല.
തുടക്കത്തിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കു ശേ­ഷം, മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും യുപിയിലെ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലങ്ങളിലേക്ക് ആർ എസ് എസും ബിജെപിയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. യുപിയിൽ നിന്നുള്ള ആർഎസ്എസ്, ബിജെപി നേതാക്കളുമായി രണ്ടാംനിര ഉൾപ്പെടെയുള്ള ഉന്നത ആർഎസ്എസ് നേതാക്കൾ നിരവധി കൂടിക്കാഴ്ചകളാണ് നടത്തിയത്. തെരഞ്ഞെടുപ്പിൽ ആദിത്യനാഥ് പാർട്ടിയുടെ മുഖമാകുമെന്നും തെരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തുമെന്ന സന്ദേശവും നല്‍കി. അതുകൊണ്ട് ഒമ്പതിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലെ പാർട്ടി വിജയം ആദിത്യനാഥിന് ഉറപ്പുവരുത്തേണ്ടതുണ്ട്.

മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും തെരഞ്ഞെടുപ്പ് യുദ്ധത്തിൽ പങ്കുചേരാൻ ആർഎസ്എസ്, ഒരാഴ്ച മുമ്പ് അണികൾക്ക് നിര്‍ദേശം നല്‍കി. അതേസമയം പ്രചരണത്തിന്റെ തന്ത്രവും ഗതിയും നിര്‍ണയിക്കാൻ മോഡിയെയും ഷായെയും അനുവദിക്കാൻ ഇരു സംസ്ഥാനങ്ങളും തയ്യാറായില്ല. മോഡിയുടെ പ്രചരണത്തിൽ തൃപ്തരല്ലെന്ന് ആർഎസ്എസ് സംസ്ഥാന നേതാക്കൾ തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷേ ഇരുവിഭാഗങ്ങളും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ തീരുമാനിച്ചതിനാൽ, പരസ്പരമുള്ള എതിർപ്പ് സ്വാഭാവികമായും കുറഞ്ഞു.

ബിജെപിയുടെ പുതിയ അധ്യക്ഷനായി സ്വന്തം ആളെ നിയമിക്കാനുള്ള പോരാട്ടത്തിൽ ആർഎസ്എസ് പരാജയപ്പെടുന്നത് ബിജെപിക്കും നഷ്ടമാണെന്ന് തീർച്ചയാണ്. നിലവിൽ ഒട്ടേറെ പേരുകൾ പ്രചരിക്കുന്നുണ്ട്; വിനോദ് താവ്‌ഡെ, സുനിൽ ബൻസാൽ, ശിവരാജ് സിങ് ചൗഹാൻ, മനോഹർ ലാൽ ഖട്ടർ, ദേവേന്ദ്ര ഫഡ്‌നാവിസ്, വസുന്ധര രാജെ മുതല്‍ മോഡിയുടെ എതിരാളിയായി അറിയപ്പെടുന്ന സഞ്ജയ് ജോഷി വരെ. അന്തിമ തീരുമാനത്തിന് പാർട്ടിയുടെ വിജയത്തിനായി കാത്തിരിക്കുകയാണ്. ജാതി തന്ത്രവും നേതാവിന്റെ വിധി നിര്‍ണയിക്കും. ഒബിസിയെ പരിഗണിക്കണോ അതോ പൊതുവിഭാഗത്തില്‍ ഉറച്ചുനില്‍ക്കണോ എന്ന് തീരുമാനിക്കാനും ആർഎസ്എസിനും ബിജെപിക്കും കാരണങ്ങളുണ്ട്.
ആർഎസ്എസ്, ബിജെപി നേതൃത്വങ്ങള്‍ക്ക് അവരുടെ ദൗർബല്യങ്ങളെക്കുറിച്ച് ധാരണയുണ്ട്. മോഡിയുടെ പ്രവർത്തന ശൈലിയും സമീപകാലത്തെ വിദ്വേഷങ്ങളും പാർട്ടിയുടെ അടിത്തറ ഇല്ലാതാക്കിയെന്നും ഒരു വലിയ വിഭാഗം കേഡർമാർ പോലും വിട്ടുനിൽക്കുകയാണെന്നും ഇരുവിഭാഗങ്ങളിലെയും നേതാക്കൾക്കുമറിയാം. വാസ്തവത്തിൽ, ആർഎസ്എസ് തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കിറങ്ങുമ്പോള്‍ പ്രാഥമികമായി ലക്ഷ്യംവച്ചത് കേഡർമാരെ പ്രചോദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. 

മഹാരാഷ്ട്രയിൽ ബിജെപിക്ക് ശക്തമായ അടിത്തറയില്ല. അതിന്റെ രണ്ട് ഘടകകക്ഷികളുടെ അവസ്ഥയും പരിതാപകരമാണ്. ശിവസേനയ്ക്കും (ഷിൻഡെ) എൻസിപിക്കും (അജിത് പവാർ) ജനവിശ്വാസ്യതയില്ല. കൂറുമാറിയവരുടെ പാർട്ടികളായി അവജ്ഞയോടെയാണ് അവരെ വോട്ടര്‍മാര്‍ കാണുന്നത്. രണ്ടുകൂട്ടർക്കും അടിസ്ഥാന പിന്തുണയില്ല. നേരെമറിച്ച്, ശിവസേനയ്ക്കും (താക്കറെ) എൻസിപിക്കും (ശരദ്) പിന്തുണയുണ്ട്. ഇന്ത്യ സഖ്യത്തിലെ കോൺഗ്രസ്, എൻസിപി (ശരദ്), ശിവസേന (താക്കറെ) എന്നിവയ്ക്ക് ശക്തമായ പ്രവര്‍ത്തന ശൃംഖലയുമുണ്ട്.
മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും കടുത്ത മത്സരത്തിലാണ്, സർക്കാർ സംവിധാനങ്ങളുടെ പിന്തുണയാണ് നിർണായകമാവുക. എതിര്‍സ്ഥാനാർത്ഥികളുടെ വാഹനങ്ങൾ ആക്രമിക്കപ്പെടുകയും പോളിങ് ബൂത്തുകൾ തകർക്കപ്പെടുകയും പ്രവർത്തകർ പരസ്പരം ആക്രമിക്കുകയും എതിരാളികൾക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഭയമാണ് എൻഡിഎയെ വലച്ചതും ഒടുവിൽ സർക്കാർ സംവിധാനത്തെ ആശ്രയിക്കുന്നതിന് നിര്‍ബന്ധിതമാക്കിയതും.

(ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.