മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ വിമതരെ പിളർത്താനുള്ള തന്ത്രവുമായി ഉദ്ധവ് പക്ഷം. വിമതരിൽ 20 പേരുമായി ഉദ്ധവ് വിഭാഗം സമ്പർക്കം സ്ഥാപിച്ചതായി സൂചനയുണ്ട്. കേന്ദ്ര ഏജൻസികളുടെ സമ്മർദ്ദ ഫലമായി കൂറുമാറേണ്ടി വന്നവർ സഭയിൽ തിരിച്ചെത്തിയാൽ നിലപാട് മാറ്റും എന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ വിലയിരുത്തല്‍. മുംബൈയിൽ തിരിച്ചെത്തിയാൽ ഭൂരിഭാഗവും ഒപ്പം നിൽക്കുമെന്ന് സേന കരുതുന്നു. ചതിച്ചവരെ തിരിച്ചെടുക്കില്ലെന്നും എന്നാൽ ശിവസേനയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നുമാണ് ആദിത്യ താക്കറെ പറഞ്ഞത്.
അതേസമയം ഒരു ശിവസേന മന്ത്രി കൂടി ഇന്ന് ഷിൻഡെ ക്യാമ്പിലെത്തി. ഇതോടെ ഒമ്പത് മന്ത്രിമാർ ഷിൻഡെയ്ക്ക് ഒപ്പമായി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് ആണ് ഇന്നലെ ഗുവാഹട്ടിയിൽ എത്തിയത്. ഷിൻഡെ അടക്കമുള്ള അഞ്ച് മന്ത്രിമാരെ നീക്കാൻ ഉദ്ധവ് താക്കറെ നടപടികൾ തുടങ്ങിയതിനിടെയാണ് ഒരു മന്ത്രി കൂടി പുറത്തുചാടിയത്. അതിനിടെ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ വിമത നേതാവ് ഏകനാഥ് ഷിൻഡെ കോടതിയിലെത്തിയിട്ടുണ്ട്. അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നടപടികൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി നല്കി. അടിയന്തരമായി വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടു.
ഹർജി ഇന്ന് അവധിക്കാല ബെഞ്ച് പരിഗണിക്കും. ശിവസേന ലെജിസ്ലേച്ചർ പാർട്ടി നേതാവായി അജയ് ചൗധരിയെ നിയമിച്ചതിനെയും ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതിനെയും ഷിൻഡെ ക്യാമ്പ് ചോദ്യം ചെയ്യുന്നു
സുരക്ഷാ ഭീഷണിയെ തുടർന്ന് 15 വിമത എംഎൽഎമാർക്ക് കേന്ദ്രം ‘വെെ പ്ലസ്’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. എന്നാൽ ജമ്മു കശ്മീരിലെ പണ്ഡിറ്റുകൾക്കാണ് സിആർപിഎഫ് സുരക്ഷ നൽകേണ്ടതെന്ന് ആദിത്യ താക്കറെ പ്രതികരിച്ചു. രാഷ്ട്രീയ പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാന നില തകരുകയാണെന്നും കേന്ദ്ര സേനയെ സജ്ജരാക്കി നിർത്തണമെന്നും ആവശ്യപ്പെട്ട് ഗവർണർ ബി എസ് കോഷിയാരി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് കത്തയച്ചു. നാട്ടിൽ വീടുകൾക്കും ഓഫീസുകൾക്കും നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗുവാഹട്ടിയിലുള്ള വിമത എംഎൽഎമാർ ആശങ്കയിലാണ്. നിലനില്പിനായുള്ള തീരുമാനമെടുക്കാൻ ഷിൻഡെയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കുകയാണവർ. ഈ സാഹചര്യത്തിൽ വിമത എംഎൽഎമാരെ തിരിച്ചെത്തിക്കാൻ അവരുടെ ഭാര്യമാർ വഴിയും ഉദ്ധവ് പക്ഷം ശ്രമം നടത്തുന്നുണ്ട്. ഇതിനായി ഉദ്ധവിന്റെ ഭാര്യ രശ്മിയെത്തന്നെ ചർച്ചകളിൽ പങ്കെടുപ്പിച്ചാണ് തന്ത്രം പരീക്ഷിക്കുന്നത്.
English Summary:maharastra Another minister rebelled
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.