ആരോഗ്യ പരിരക്ഷ മൗലികാവകാശമാക്കണമെന്നും ആരോഗ്യത്തിനുള്ള പൊതുചെലവ് ജിഡിപിയുടെ ആറു ശതമാനമായി ഉയർത്തണമെന്നും സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എല്ലാ മരുന്നുകളും വാക്സിനുകളും മെഡിക്കൽ ഉപകരണങ്ങളും പൊതുമേഖലാ യൂണിറ്റുകൾ വഴി കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ നിർമ്മിക്കണം. ഇത് മരുന്നിനുള്ള അവകാശവും സുരക്ഷയും ഉറപ്പാക്കും. ഔഷധ ഉല്പാദനത്തിൽ സ്വാശ്രയത്വമുണ്ടാക്കുന്നതിന് പൊതുമേഖലാ യൂണിറ്റുകൾ നൂതനമായ ഔഷധ ചേരുവകൾ വികസിപ്പിക്കുകയും ഉല്പാദിപ്പിക്കുകയും വേണം. ഇൻഷുറൻസ് അധിഷ്ഠിത ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഉപേക്ഷിക്കുകയും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയും വേണം. എല്ലാ ചികിത്സകളും ആതുര ശുശ്രൂഷകളും സൗജന്യമാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കലുകൾ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവരുൾപ്പെടെ ജീവനക്കാരെ സ്ഥിരമായി നിയമിക്കണം. എല്ലാ താല്ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണം. ഗ്രാമങ്ങളിലും നഗരങ്ങളിലും ഡോക്ടർമാരുടെ തുല്യമായ വിതരണം ഉറപ്പാക്കണം. മെഡിക്കൽ വിദ്യാഭ്യാസം സര്‍ക്കാര്‍ മേഖലയിൽ മാത്രം നൽകണം. വിവിധ ചികിത്സാ രീതികളെ കൂട്ടിക്കുഴച്ചുള്ള മിക്സോപതി ഒഴിവാക്കണം. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയമായ ചികിത്സാരീതി മാത്രം അനുവദിക്കണമെന്നും പ്രമേയം വ്യക്തമാക്കി.
മികച്ച പോഷകാഹാരം ഉറപ്പാക്കുക, സ്കൂളുകളിൽ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണ പദ്ധതിയും നടപ്പാക്കുക, യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം മുതിർന്നവരിലേക്ക് വ്യാപിപ്പിക്കുക, സെർവിക്കൽ കാൻസർ തടയുന്നതിന് എച്ച്പിവി വാക്സിനേഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. മുതിർന്നവർക്കുള്ള നവവാക്സിനുകളായ ഇൻഫ്ലുവൻസ, പെനുമോകോക്കൽ, സോസ്റ്റർ തുടങ്ങിയവ യുഐപിയിൽ ഉൾപ്പെടുത്തണമെന്നും ഡോ. അരുൺ മിത്ര അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് ശിശുമരണനിരക്ക് 1000ത്തില്‍ 27.7 ഉം അഞ്ച് വയസിൽ താഴെയുള്ളവരുടെ മരണനിരക്ക് 32ഉം ആണ്. 1,00000 പ്രസവങ്ങളിൽ 103 അമ്മമാര്‍ വീതം മരിക്കുന്നു. ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 107-ാം സ്ഥാനത്താണ്. വളർച്ച മുരടിച്ച, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണവും വർധിക്കുന്നു. രാജ്യത്തെ വനിതകളിൽ ഓരോ എട്ട് മിനിറ്റിലും സെർവിക്സ് കാൻസർ ബാധിച്ച് ഒരാൾ മരിക്കുന്നു. എച്ച്പിവി വാക്സിനേഷൻ വഴി ഇതു തടയാനാകും.
വികലമായ ആസൂത്രണവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം മലേറിയ, ക്ഷയം, ഹൃദ്രോഗങ്ങൾ, പ്രമേഹം, കാൻസർ തുടങ്ങിയവ കോവിഡ് മഹാമാരിയുടെ കാലത്ത് ചികിത്സയില്ലാതെ അവഗണിക്കപ്പെട്ടു. പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കോവിഡ് മഹാമാരിക്കാലത്തെ ദുരവസ്ഥകൾ ആവർത്തിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്. നവ ഉദാരവല്ക്കരണ സാമ്പത്തിക നയങ്ങളെ തുടർന്ന് ആരോഗ്യ സംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കുത്തക നിയന്ത്രിത ഇൻഷുറൻസ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറി. പൊതുപണം ഒട്ടേറെ കൈമാറിയെങ്കിലും ആയുഷ്മാൻ ഭാരത് ഉൾപ്പെടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ ഭരണകൂടം ഉറപ്പു നൽകുന്ന ഇൻഷുറൻസ് പോളിസികളിലൂടെ കഴിഞ്ഞതുമില്ല.
സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ളവ കിടത്തിചികിത്സയ്ക്കാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ ആരോഗ്യ പരിചരണത്തിന്റെയും ചികിത്സയുടെയും 80 ശതമാനം ഔട്ട് പേഷ്യന്റ് വിഭാഗത്തിലാണ് ആവശ്യമാകുന്നത്. ഒപിഡി പരിചരണത്തിനാണ് ചെലവ്. രാജ്യത്ത് ആരോഗ്യ സംരക്ഷണ ചെലവിന്റെ 63 ശതമാനം വ്യക്തികൾ വഹിക്കേണ്ടിവരുന്നു. കേന്ദ്ര ഭരണകൂടത്തിന്റെ ആരോഗ്യ പരിപാലനചെലവ് ആകെ ആഭ്യന്തര ഉല്പാദനത്തിന്റെ 1.35ല്‍ നിന്ന് 1.28 ശതമാനമായി കുറഞ്ഞു.
നിയന്ത്രണങ്ങളില്ലാത്ത കോർപറേറ്റ് ആരോഗ്യ മേഖല രോഗികളെ വലയ്ക്കുകയാണ്. ജില്ലാ ആശുപത്രികളും പിഎച്ച്സികളും ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളെ കീഴിലാക്കാൻ കോർപറേറ്റുകൾ ശ്രമം നടത്തുന്നുമുണ്ട്. ഇത് ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ സാധാരണക്കാരന് അന്യമാക്കുമെന്ന് പ്രമേയത്തില്‍ പറഞ്ഞു.
English Summary: Make health care a fundamental right: Temporary workers in the health sector should be regularized
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.