16 November 2024, Saturday
KSFE Galaxy Chits Banner 2

പരീക്ഷാകേന്ദ്രത്തിലെ ദുഃശാസനക്രിയകൾ

Janayugom Webdesk
July 21, 2022 5:15 am

ഇംഗ്ലണ്ടിലെ ഹീത്രൂ വിമാനത്താവളത്തിലെ കന്യകാത്വ പരിശോധനയും ഇൻഡോനേഷ്യൻ യുവതികളിൽ സൈന്യത്തിൽ ചേരുന്നതിനു മുമ്പ് നടത്തിയിരുന്ന ഇരട്ടവിരൽ പരിശോധനയും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ലോകവ്യാപകമായ ആക്ഷേപമുണ്ടായതിനെ തുടർന്ന് അവസാനിപ്പിച്ചെങ്കിലും നമ്മുടെ നാട്ടിൽ സ്ത്രീത്വാപമാനക്രിയകൾ തുടരുകയാണ്. കൊല്ലം ആയൂർ മാർത്തോമാ കോളജിൽ നീറ്റ് പരീക്ഷയോടനുബന്ധിച്ച് പെൺകുട്ടികളുടെ ഉൾവസ്ത്രങ്ങൾ നീക്കം ചെയ്ത സംഭവം സാക്ഷര കേരളം ഗൗരവത്തോടെ നിരീക്ഷിക്കേണ്ടതാണ്.
നീറ്റ് പരീക്ഷ എഴുതാൻ ഹാളിൽ കടക്കേണ്ടത് ചോരയിൽ പോലും ലോഹാംശങ്ങൾ ഇല്ലാതെ വേണം എന്ന പുരുഷ മേധാവിത്വത്തിന്റെ പിടിവാശിയാണ് ഈ അപമാനകരമായ പ്രവർത്തിക്ക് കാരണമായത്. പതിനേഴ് വയസു കഴിഞ്ഞവരാണ് നീറ്റ് പരീക്ഷയെഴുതുന്നത്. പെറ്റിക്കോട്ടെന്ന ബാലികാവസ്ത്രം ഉപേക്ഷിച്ച കേരളം ഹൈസ്കൂൾ ക്ലാസിലെത്തുന്നതിന് മുന്‍പ് തന്നെ മാറിടം മറയ്ക്കാനായി പെൺകുഞ്ഞുങ്ങളെ ഉൾവസ്ത്രം ധരിപ്പിക്കുകയാണ് ചെയ്യുന്നത്. അതിന്റെ കൊളുത്ത് ലോഹം കൊണ്ടുള്ളതുമാണ്. വർഷങ്ങളായി നിത്യേന ധരിക്കുന്ന ഈ വസ്ത്രം പരീക്ഷാഹാളിൽ കടക്കുന്നതിന് മുന്‍പ് പൊടുന്നനെ ഉപേക്ഷിക്കേണ്ടി വരുന്ന പെൺ മക്കളുടെ മാനസികനില തകരുക തന്നെചെയ്യും.


ഇതുകൂടി വായിക്കൂ: സ്ത്രീയുടെ പ്രാചീന, നവീന വടുക്കൾ


പരീക്ഷയുടെ നടത്തിപ്പിനു ചുമതലപ്പെടുത്തിയിട്ടുള്ള ദേശീയ പരിശോധനാ ഏജൻസിയാണ് ഇങ്ങനെ നമ്മുടെ കുട്ടികളെ അപമാനിച്ചിരിക്കുന്നത്. പുരോഹിതൻ പൂജിച്ചുകൊടുത്ത പേന തെളിയാതെ വന്നാൽ പോലും തകരുന്ന മനോനിലയുള്ള കുട്ടികളിൽ ഇത്തരം ദുഃശാസനക്രിയകൾ ഉണ്ടാക്കുന്ന ആഘാതം അസാധാരണമാണ്.
പെൺകുട്ടികളുടെ മനോവീര്യം കെടുത്തി പരീക്ഷാഹാളിലേക്ക് പറഞ്ഞയയ്ക്കുന്നതുവഴി എന്ത് വിജ്ഞാന പരീക്ഷണമാണ് നടത്തപ്പെടുന്നത്? ചില പെൺകുട്ടികളുടെ അമ്മമാർ കോളജ് ഗേറ്റിലുണ്ടായിരുന്നു. അവരെ വിളിച്ച് ഷാളെങ്കിലും വാങ്ങി മാറുമറയ്ക്കാനുള്ള അനുവാദം ദുഃശാസനസംഘം നല്കിയിരുന്നു. ആ സുരക്ഷപോലും ഇല്ലാതിരുന്ന കുട്ടികൾ നഗ്നതാബോധത്തോടെയാണ് പരീക്ഷാഹാളിലെത്തിയത്.
എന്തിനാണ് ഇത്തരം അപഹാസ്യ പ്രവർത്തികൾ നടത്തുന്നത്? ഉൾവസ്ത്രം അഴിക്കാൻ വിസമ്മതിച്ച കുട്ടിയോട്, വസ്ത്രമാണോ പരീക്ഷയാണോ നിനക്കു പ്രധാനം എന്നു പോലും ചോദിക്കുകയുണ്ടായി. എല്ലാ ധൈര്യവും തകർന്നു പരീക്ഷയെ അഭിമുഖീകരിച്ച കുട്ടികൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഈ വിവരം അമ്മമാരെ അറിയിച്ചത്. എന്തിനാണ് ഇത്തരം പരീക്ഷണങ്ങൾ? ഏതുകാലത്തും പെണ്ണുടുപ്പുകളെയും പെണ്ണുടലുകളെയും പരീക്ഷണവിധേയമാക്കുന്നത് എന്തിനാണ്?


ഇതുകൂടി വായിക്കൂ: ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങള്‍


മാറുമറയ്ക്കാനുള്ള അവകാശം നേടിയെടുക്കാനായി കൊല്ലം ജില്ലയിൽ നടന്ന പെരിനാട് സമരം കേരളത്തിന്റെ സമാന്തര ചരിത്രത്തിലെ തിളക്കമുള്ള അധ്യായമാണ്. അയ്യൻകാളിയാണ് സഹോദരിമാരുടെ മാനം രക്ഷിച്ചുകൊണ്ട് ആ സമരം തീർപ്പാക്കിയത്. പിന്നെയും നമ്മൾ അക്കാലത്തേക്ക് തിരിച്ചു പോവുകയാണെങ്കിൽ അയ്യൻകാളിയുടെ ആശയങ്ങൾ തന്നെ ആവർത്തിക്കേണ്ടിവരും. ദുഃശാസനന്മാരെ കായികമായിപ്പോലും നേരിട്ട സാമൂഹ്യ പരിഷ്ക്കർത്താവായിരുന്നു അയ്യൻകാളിയെന്നത് മറക്കരുത്.
റാഗിങ്ങിന് തുല്യമായ ഇത്തരം പ്രവർത്തികളെ ക്രിമിനൽ കുറ്റമായാണ് കാണേണ്ടത്. പഴയ ചില ഇല്ലങ്ങളിലെ ഭൃത്യകൾ പടിപ്പുരയിൽ വച്ച് മാർവസ്ത്രങ്ങൾ അഴിച്ചുമാറ്റിയിട്ട് ഉള്ളിലേക്ക് കയറിയിരുന്നത് പോലെയാണോ ആധുനിക കാലത്ത് പെൺകുട്ടികൾ പരീക്ഷാഹാളിലേക്ക് കയറേണ്ടത്? പരീക്ഷാ കേന്ദ്രങ്ങൾ കൗരവസഭകൾ ആകരുത്. അവിടെ ദ്രൗപദിമാർ വസ്ത്രാക്ഷേപം ചെയ്യപ്പെടരുത്. അങ്ങനെ ഉണ്ടായാൽ രാജാവും ഗുരുക്കന്മാരും മൗനം അവലംബിച്ച് പ്രോത്സാഹിപ്പിക്കരുത്. പെണ്ണിന്റെ കണ്ണുനീരിന് ആഗ്നേയായുധങ്ങളുടെ ശക്തിയുണ്ടെന്ന കാര്യം ഒരു കേന്ദ്ര ഏജൻസിയും മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.