20 April 2024, Saturday

ഒരു പാഠത്തെ ഓർമ്മിപ്പിക്കുന്ന പുരസ്കാരം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
September 29, 2022 5:15 am

കേരളത്തിൽ വിവിധമേഖലകളിൽ മികവ് പുലർത്തുന്നവർക്ക് നൽകുന്ന പുരസ്കാരങ്ങളെല്ലാം വ്യക്തികളെ ഓർമ്മിപ്പിക്കുന്നതാണ്. അപൂർവമായി പുസ്തകങ്ങളെയും സംഘടനകളെയും ഓർമ്മിപ്പിക്കുന്ന പുരസ്കാരങ്ങളുമുണ്ട്. ഓടക്കുഴൽ സമ്മാനം മഹാകവി ജി ശങ്കരക്കുറുപ്പിന്റെ അവാർഡിതമായ പുസ്തകത്തെ ഓർമ്മിപ്പിക്കുന്നതാണെങ്കിൽ അബുദാബി ശക്തി അവാര്‍ഡ് ഒരു പ്രവാസി സംഘടനയെ ഓർമ്മിപ്പിക്കുന്നതാണ്. ഒരിക്കലും ആരും കണ്ടിട്ടില്ലാത്ത ഒരു സവർണ ഹിന്ദുദൈവമായ പത്മനാഭസ്വാമിയുടെ പേരിലുള്ള പുരസ്കാരം, പെണങ്ങുണ്ണിക്കു കിട്ടിയപ്പോൾ നിരസിച്ചതോടുകൂടി, സാഹിത്യ അക്കാദമിയും ആ മാലിന്യം വേണ്ടെന്ന് വച്ചു. അത്രയും കാലം അത് ആ സവർണ ദൈവത്തെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു പുരസ്കാരമാണ് കേരള യുക്തിവാദി സംഘം നൽകുന്ന ‘മതമില്ലാത്ത ജീവൻ അവാര്‍ഡ്’. അത് ഏഴാം ക്ലാസിലുണ്ടായിരുന്ന ഒരു പാഠത്തെ ഓർമ്മിപ്പിക്കുന്നതാണ്. മതേതരത്വത്തിന് വേണ്ടി രക്തസാക്ഷിയായ ഒരു പാവം പാഠത്തെ ഓർമ്മിപ്പിക്കുന്ന പുരസ്കാരം.
മറക്കാനും പൊറുക്കാനുമുള്ള കഴിവ് കേരളീയർക്ക് ജന്മസിദ്ധമാണ്. എന്‍ജിനീയറിങ് വിദ്യാർത്ഥിയായിരുന്ന രാജന്റെ കൊലപാതകത്തിലും ഈച്ചരവാര്യരുടെ കണ്ണുനീരിലും കേരളം മനസു തകർന്നു. നമ്മളതെല്ലാം മറക്കുകയും അന്നത്തെ ആഭ്യന്തരമന്ത്രിയെ പിന്നീട് മുഖ്യമന്ത്രിയാക്കുകയും ചെയ്തു. കിങ്ങിണിക്കുട്ടനെന്ന കഥാപാത്രം തിളങ്ങിനിന്ന ‘ദശാവതാരം’ എന്ന റേഡിയോ നാടകത്തിന്റെ അച്ചടിച്ച പതിനായിരക്കണക്കിന് കോപ്പികൾ ക്യൂ നിന്നു വാങ്ങിയ നമ്മൾ ആ കഥാപാത്രത്തോട് പൊറുക്കുകയും അതിനു മാതൃകയായ ആളെ മന്ത്രിയും നിയമസഭാംഗവും ലോക്‌സഭാംഗവുമൊക്കെ ആക്കുകയും ചെയ്തു. നാടകം വിറ്റുകിട്ടിയ കാശുകൊണ്ട് നാടകകൃത്തൊരു കാറ് വാങ്ങിയതാണ് ഉണ്ടായ ഏക ലാഭം.


ഇതുകൂടി വായിക്കൂ:  അപ്പുക്കുട്ടൻ മാഷും കമല ടീച്ചറും പിന്നെ ഞാനും


പെൺവിഷയത്തിൽ ആരോപിതരായി പുറത്തുപോയ നിയമസഭാംഗങ്ങളെയോ അവരുടെ നോമിനികളെയോ അധികാരസ്ഥാനത്ത് എത്തിക്കാനുള്ള ക്ഷമാശീലവും കേരളീയർക്കുണ്ടായി. എന്നാൽ കൊലചെയ്യപ്പെട്ട പാഠത്തെ നമ്മൾ തിരിച്ചുപിടിച്ചില്ല. ഭരണഘടനാമൂല്യം ഉയർത്തിപ്പിടിക്കുന്ന ഒരു പാഠമായിരുന്നു മതമില്ലാത്ത ജീവൻ. അൻവർ റഷീദെന്ന പുരുഷനും ലക്ഷ്മീദേവിയെന്ന സ്ത്രീയും ഇന്ത്യൻ ഭരണഘടനയുടെ സുരക്ഷാകവചത്തിനുള്ളിൽ വിവാഹിതരായി. അവരുടെ ഓമനക്കുഞ്ഞാണ് ജീവൻ. കുട്ടിയെ സ്കൂളിൽ ചേർത്തപ്പോൾ ജാതിയോ മതമോ രേഖകളിൽ വച്ചില്ല. അത് ചോദ്യംചെയ്ത സ്കൂൾ അധികൃതരോട് കുട്ടി വളർന്നുവരുമ്പോൾ ഇഷ്ടമുള്ള മതം സ്വീകരിക്കാമല്ലോ എന്ന ഉത്തരമാണ് മാതാപിതാക്കൾ നല്കിയത്. ഈ പാഠത്തിനെതിരെ കേരളത്തിലെ മതങ്ങൾ ഫണം വിടർത്തി. കന്യാസ്ത്രീകളടക്കം തെരുവിലിറങ്ങി. പാഠപുസ്തകം കത്തിക്കപ്പെട്ടു. മലപ്പുറത്തെ വിദ്യാർത്ഥി സംഘടന ഏഴാം ക്ലാസിലെ പാഠപുസ്തകം കിട്ടാഞ്ഞതിനാൽ നാലാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും പാഠപുസ്തകങ്ങൾ ചേർത്തുവച്ച് കത്തിച്ച് പ്രതിഷേധിച്ചു എന്നത് അക്കാലത്തെ ഗംഭീരഫലിതമായിരുന്നു.
ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാര്യത്തിൽ വർഗീയശക്തികൾ സംഭവിപ്പിച്ച ജനാധിപത്യഹത്യയെ ഓർത്താകാം ഒരു പണ്ഡിതസമിതിയുടെ കുടപിടിച്ചുകൊണ്ട് അന്നത്തെ സര്‍ക്കാർ പാഠം ഒഴിവാക്കുകയുണ്ടായി. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ച അതേ മതപ്രേതഭയം തന്നെയാണ് മതമില്ലാത്ത ജീവന്റെ കാര്യത്തിലും ഉണ്ടായത്. കാര്യങ്ങൾ ഇങ്ങനെ പര്യവസാനിച്ചെങ്കിലും ഈ പ്രശ്നം വലിയൊരു ഗുണം ചെയ്തു. മക്കൾ പഠിക്കുന്ന പുസ്തകത്തിലെ പാഠം രക്ഷാകർത്താക്കൾ വായിച്ചു. കേരളം വായിച്ചു. പാഠം തുടരണമെന്ന് അഭിപ്രായമുണ്ടായിരുന്നവർ നിലനിർത്താൻ വേണ്ടിയുള്ള സമാധാനസമരവും സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ചു.


ഇതുകൂടി വായിക്കൂ:  നന്നാക്കുക പകരം നിങ്ങടെ മുഖസൗന്ദര്യം പ്രിയരേ


കേരളത്തിൽ ചിലരൊക്കെ ഈ പാഠം ഇന്നും ഓർമ്മിക്കുന്നു. അങ്ങനെയാണ് പാഠം ഒഴിവാക്കിയതിന്റെ പിറ്റേ വര്‍ഷം മുതൽ മതമില്ലാത്ത ജീവൻ പുരസ്കാരം ഉണ്ടായത്. സ്കൂൾ രേഖകളിൽ ജാതിയോ മതമോ രേഖപ്പെടുത്താത്ത വിദ്യാർത്ഥികളിൽ എസ്എസ്എൽസിക്കും പ്ലസ്‌ടുവിനും വിജയം നേടിയവർക്കാണ് ഈ പുരസ്കാരം നൽകുന്നത്. ഈ വർഷം 53 കുട്ടികൾക്കാണ് ഈ പുരസ്കാരം ലഭിച്ചത്.
കേരളത്തിലെ പുരോഗമനവാദികളുടെ ഹൃദയത്തിൽ വജ്രശോഭയോടെ നിൽക്കുന്ന നാലുവരിക്കവിതയുണ്ട്. ഞങ്ങളിലില്ലാ ഹൈന്ദവരക്തം/ഞങ്ങളിലില്ലാ ക്രൈസ്തവരക്തം/ ഞങ്ങളിലില്ലാ ഇസ്‌ലാം രക്തം/ ഞങ്ങളിലുള്ളത് മാനവരക്തം. ഈ കവിതയെഴുതിയ എം പി പവിത്രന്റെ ഓർമ്മയ്ക്കായുള്ള പവിത്രം അവാർഡും മതവും ജാതിയും ഇല്ലാത്ത വിദ്യാർത്ഥികൾക്ക് നൽകുന്നതാണ്. ജസ്റ്റിസ് വി ജി അരുൺ ഇക്കുറി അവാര്‍ഡ് വിജയികൾക്ക് സമർപ്പിച്ചു. ഇസ്‌ലാംമത തീവ്രവാദികളാൽ കൈ ഛേദിക്കപ്പെട്ട, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ടി ജെ ജോസഫുമായി കുട്ടികൾ സംവാദം നടത്തുകയും ചെയ്തു.
അവാർഡുകളുടെ ആധിക്യമുള്ള കേരളത്തിൽ മതമില്ലാത്ത ജീവൻ അവാര്‍ഡ് വേറിട്ട് നിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.