25 December 2024, Wednesday
KSFE Galaxy Chits Banner 2

ദേശസ്വത്വത്തിന്റെയും അടിയാള സംസ്കൃതിയുടേയും വീണ്ടെടുപ്പ്

പി കെ അനിൽകുമാർ
October 15, 2023 3:42 pm

പുതുഭാവുകത്വത്തിന്റെ ആകാശങ്ങളിലേക്കാണ് മലയാളനോവലിന്റെ ഭാവന വർത്തമാനകാലത്തിൽ പറക്കുന്നത്. നവീകരിക്കപ്പെട്ട ഭാഷയുടെ വെളിച്ചെത്തിൽ ചരിത്രത്തെ ഖനിജം ചെയ്തെടുക്കുന്ന സാംസ്കാരികധാര പല നോവലുകളുടേയും അന്തർധാരയാണു ദ്രാവിഡ സംസ്കൃതി. ഈ സംസ്കൃതിയുടെ പേറ്റുനോവു പുരണ്ട മണ്ണിൻ പശിമയേയും വീണ്ടെടുക്കുന്ന നിരവധി കൃതികൾ സമീപകാലത്തു മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ജനുസിൽപ്പെടുത്താവുന്ന നോവലാണ് വേളൂർ ബിജുവിന്റെ മലയപ്പൂപ്പൻ. 

ചരിത്രത്തിലെ വർഗസ്വപ്നങ്ങളുടെ കലവറകളാണ് മിത്തുകൾ. മിത്തിന്റ മൂല്യം ഉൾക്കൊണ്ടു വർത്തമാനത്തേയും ഭാവിയേയും ശോഭനമാക്കുന്ന കൃതിയാണിത്.
ദക്ഷിണേന്ത്യയിലെ ഏക ദുര്യോധനക്ഷേത്രമായ മലനടയും ചുറ്റുമുള്ള ശകുനി, കർണ്ണൻ, ദുശാസനൻ, ദുശ്ശള എന്നിവർ പ്രതിഷ്ഠയുള്ള നടകളുടെയും പശ്ചാത്തലത്തിലമാണു നോവലിന്റ ജൈവ പരിസരം. “ആരാണ് മലയപ്പൂപ്പൻ” എന്നുള്ള സുയോധുവിന്റെ അന്വേഷണമാണ് ഈ നോവൽ. ആര്യാധിനിവേശം തച്ചുതകർത്ത ദ്രാവിഡ സംസ്കൃതിയിലാണ് അവന്റെ അന്വേഷണം. ആരാണ് മലയപ്പൂപ്പൻ എന്നുള്ള ചോദ്യത്തിനു സമാന്തരമായി മറ്റൊരു ചോദ്യവും ഉയരുന്നുണ്ട് ഈ ഭൂമിയുടെ യഥാർത്ഥ ഉടയോൻ ആരെന്നുള്ള ചോദ്യം കൂടിയാണത്.
ചരിത്രമെന്നതു ഭൂതകാലവും വർത്തമാനവും തമ്മിലുള്ള ചർച്ചയാണെന്നു ഇ എച്ചു കാർ അഭിപ്രായപെട്ടിട്ടുണ്ട്. ചരിത്രമെന്നതു ഭൂതകാലത്തിന്റെ കണക്കെടുപ്പല്ല, ആപത്തിന്റ നിമിഷത്തിൽ മനസിലൂടെ മിന്നിമായുന്ന ഓർമയെ എത്തിപ്പിടിക്കലാണെന്നു വാൾട്ടർ
ബഞ്ചമിൻ മൊഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ദർശനപരിസരത്തിൽ അധിനിവേശ സംസ്കൃതിയുടെ ആസുരതാളം ഉച്ചത്തിൽ മുഴങ്ങുമ്പോൾ നാം എത്തിപ്പിടിക്കേണ്ട ഓർമയാണു ദ്രാവിഡ സംസ്കൃതിയും സംഘകാലസാഹിത്യവും. അതുകൊണ്ടു തന്നെ ഈ നോവൽ ചരിത്രത്തിന്റെയും ഓർമകളുടെയും വീണ്ടെടുപ്പാണ്. അരികുവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ സ്വത്വത്തിന്റെ തിറയട്ടാവുമാണ്.
നോവലിലൊരിടത്തു വേളൂർബിജു എഴുതുന്നു “നോക്കു ചരിത്രമിവിടെ കരിയിലക്കൂട്ടങ്ങൾ കത്തി നശിക്കുംപോലെ, എല്ലാംകൂടി ആരോ കൂട്ടിയിട്ടു കത്തിക്കുന്നു” എന്നാൽ ചാരം മൂടികിടക്കുന്ന ചരിത്രത്തിന്റെ കനലുകൾ ഒരുനാൾ ആളിപ്പടരും. അത്തരമൊരു ആളിപ്പടരലാണ് ഈ നോവൽ. ചരിത്രവും സംസ്കൃതിയും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ നോവലില്‍ ഉയർത്തെഴുന്നേൽക്കുന്നു.
നോവലിൽ രണ്ടു ധാരകളുണ്ട്. അജ്ഞാതവാസകാലത്തു ദക്ഷിണദേശത്തേക്കുള്ള കൗരവരുടെ യാത്രയിൽ നിന്നും അവിടെ ആരാധനമൂർത്തികളയായി അവർ മാറുന്ന ഐതീഹ്യങ്ങളിലൂടെ നോവലിസ്റ്റിന്റെ സർഗയാത്രയാണ് ഒരു ധാര. മറ്റൊരു ധാര ദേശത്തിന്റ യഥാർത്ഥ സംസ്കൃതിയുടെ ഈടുവെയ്പുകളുടെ വീണ്ടെടുപ്പാണ്. ആര്യാധിനിവേശത്തെ പ്രതിരോധിക്കാൻ കഴിയാതെ സമതലങ്ങളിൽ നിന്നും, പിറന്ന മണ്ണിൽ നിന്നും കാടകത്തിലേക്കു
പലായനം ചെയ്യേണ്ടിവന്ന മണ്ണിന്റെ യഥാർത്ഥ അവകാശികളുടെ ഹൃദയരേഖകൾ നോവൽ കണ്ടെടുക്കുന്നു. ഈ രേഖകൾ നോവലിസ്റ്റിന്റെ കേവല ഭാവനയിൽ നിന്നും ഊറിവന്നതല്ല, മറിച്ചു ഇവയ്ക്കെല്ലാം നോവലിസ്റ്റ് ചരിത്രത്തിന്റെ പിൻബലത്തിലൂടെയാണ് അവതരിപ്പിക്കുന്നത്.
പോരുവഴി പെരുവിരുത്തി മലനടയിൽ പൂജാദി കർമങ്ങളെല്ലാം ചെയ്യുന്ന ഊരാളി കുറവ സമുദായത്തിൽപെട്ടവരാണ്. ക്ഷേത്രാരാധന സമ്പ്രദായങ്ങളിൽ സിംഹഭാഗവും ഇന്നും അരങ്ങേറുന്നത് ആര്യ വല്കരണത്തിന്റെ ചുവട് പിടിച്ചാണ്. ആര്യാധിനിവേശം ഇവിടുത്തെ ദ്രാവിഡസംസ്കൃതിയെയും ബുദ്ധ‑ജൈന സംസ്കൃതിയെയും ഉച്ചാടനം ചെയ്തിരുന്നു. അടിയാളന്റെ കാവുകളും ആരാധനത്തറകളും സവർണ ദൈവങ്ങളുടേതായി. എന്നാൽ പോരുവഴി പെരുവിരുത്തി മലനടയിൽ പൂജയ്ക്ക് കാർമ്മികത്വം വഹിക്കുന്നത് ഇന്നും കുറവസമുദായത്തിൽ പെട്ടവരാണ്. അതുകൊണ്ട് തന്നെ ആരാധനാമൂർത്തികളും അടിയാളവർണത്തിൽപ്പെട്ടവർ ആകേണ്ടതായിരുന്നു. ഈ കുഴമറിച്ചിൽ എങ്ങനെ സംഭവിച്ചുവെന്നും ചരിത്രം എങ്ങനെ അപനിർമ്മിക്കപെട്ടുവെന്നുള്ള നോവലിസ്റ്റിന്റെ അന്വേഷണമാണ് മലയപ്പൂപ്പൻ എന്ന കൃതിയുടെ പ്രത്യയ ശാസ്ത്രം.
ഒരു കാലത്ത് ദക്ഷിണ ദേശം ഭരിച്ചിരുന്നത് കുറവരാണെന്നും കുരവൻ എന്നാൽ ഉയർന്നവൻ, തലൈവൻ അഥവാ നേതാവ് എന്നാണ് അർത്ഥമെന്നും ആര്യാധിനിവേശത്തിന്
മുൻപ് ഇവിടംവാണ ചേരരാജവംശത്തെയും ഉതിയൻ ചേരനെയും ചരിത്രത്തിന്റെ നിലപാട് തറയിൽ നിന്നുകൊണ്ട് വേളൂർ ബിജു നോവലിൽ ആഖ്യാനം ചെയ്യുന്നു. വിസ്മൃതിയിലാക്കപ്പെട്ട കീഴാള ചരിത്രത്തിന്റെ നേരറിവുകൾ നോവലിൽ വിനിമയം ചെയ്യപ്പെടുന്നു.
ചതിയുടെ അരക്കില്ലം എന്ന അധ്യായത്തിൽ വേളൂർ ബിജു എഴുതുന്നു. “അരക്കില്ലമൊരു അടയാളമാണ്. അധികാര ആസക്തിയുടെയും ചതിയുടെയും.” ചരിത്രത്തിലുടനീളം അധികാരത്തിന്റെ അരക്കില്ലങ്ങളിൽ ബലികഴിക്കപ്പെട്ട കീഴാളജന്മങ്ങളെ കാണുവാൻ കഴിയും. കമ്പോളവൽക്കരണവും നവബ്രാഹ്മണിക്കൽ ഹിന്ദുത്വവും പ്രാദേശിക സംസ്കൃതികളെയും അരികുവൽക്കരിക്കപ്പെട്ടവരുടെ ചരിത്രത്തേയും നിഷ്കാസാനം ചെയ്യുമ്പോൾ അത്തരം അധിനിവേശങ്ങൾക്കെതിരെ തദ്ദേശിയ ജനതയുടെ ചരിത്രത്തെയും സംസ്കൃതിയേയും വീണ്ടെടുത്തു സർഗപ്രതിരോധം തീർക്കുന്നുവെന്നതാണ് വേളൂർ ബിജുവിന്റെ മലയപ്പൂപ്പൻ എന്ന നോവലിന്റെ വായനപാഠം.

മലയപ്പൂപ്പൻ
(നോവല്‍)
വേളൂർ ബിജു
സുസമസ്യ പബ്ലിക്കേഷൻ മലപ്പുറം
വില: 200രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.