18 January 2026, Sunday

മലയപ്പുലയനാ മാടത്തിൻമുറ്റത്ത്…

വിജയ് സി എച്ച്
January 12, 2025 8:15 am

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘വാഴക്കുല’യോളം പ്രശസ്തമായ മറ്റൊരു കാവ്യം അതേ കാലഘട്ടത്തിൽ അദ്ദേഹം തന്നെ രചിച്ച ‘രമണ’നാണെന്നു തോന്നുന്നു. 1936‑ൽ ചങ്ങമ്പുഴ എഴുതിയ ഹൃദയം കവരുന്ന ഭാവകാവ്യമാണ് ‘രമണ’നെങ്കിൽ, കേരളത്തിൽ നിലനിന്നിരുന്ന ജന്മി-കുടിയാൻ സമ്പ്രദായത്തിന്റെ ക്രൂരത തുറന്നുകാട്ടുന്ന അതിപ്രശസ്തമായ മഹാകാവ്യമാണു അദ്ദേഹം 1937‑ൽ രചിച്ച ‘വാഴക്കുല.’
അറുപതുകളിൽ, ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ സംസ്ഥാനത്തെ സാരമായി ഗ്രഹിച്ച ഉടമ-അടിമ ചൂഷണ വ്യവസ്ഥിതിയുടെ ഹൃദയസ്പർശിയായ ആഖ്യാനമാണ് “മലയപ്പുലയനാ മാടത്തിൻമുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു…” എന്നു തുടങ്ങുന്ന മനോഹരമായ കവിത. എന്നാൽ, ‘രമണ’നിലൂടെ ചങ്ങമ്പുഴ അനാവരണം ചെയ്ത ഇടയ വിലാപകാവ്യം (Pas­toral ele­gy) മലയാളിയ്ക്കന്ന് അത്ര പരിചയമില്ലാത്തൊരു എലിസബത്തൻ പോയട്രിയുടെ ശാഖയായിരുന്നു. 

പതിനാലു മുതൽ എഴുപത്തിയഞ്ചു വയസുവരെയുള്ള ജീവിതകാലത്ത് നിരുപാധിക പ്രചോദനത്തിന്റെ കവിയായിത്തീർന്നൊരു മഹത് വ്യക്തിയെ പുതിയ തലമുറ ഓർക്കുന്നതു ഒരുപക്ഷേ എറണാകുളത്തെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ പാർക്ക് എന്ന സാംസ്കാരിക കേന്ദ്രത്തിലായിരിക്കാം. അവിടെ പ്രദർശിപ്പിച്ചിട്ടുള്ള പത്തടി നീളവും ഏഴടി ഉയരവുമുള്ള എമൾഷൻ മാധ്യമത്തിലെ ചിത്രം, നൂറോളം വരികളുള്ള ‘വാഴക്കുല’യുടെ ആകെത്തുകയാണ്. ചിത്രത്തിലേക്കുള്ള ഒരൊറ്റ നോട്ടത്തിൽ തന്നെ താൻ ചങ്ങമ്പുഴയുടെ ദീർഘമായ കവിത വായിച്ചു തീർന്നതുപോലെ ക്ഴ്ചക്കാരന് തോന്നിപ്പോകും. 

മോഹിച്ചു മോഹിച്ചു, ലാളിച്ചു വളർത്തിയ വാഴയുടെ കുല മൂപ്പെത്തിയപ്പോൾ ജന്മിയും ഭൃത്യനും വന്നു നിഷ്കരുണം വെട്ടിയെടുക്കുന്നതു നിസഹായരായി നോക്കിനിൽക്കാനേ പുലയനും മാടത്തിയ്ക്കും അയൽവാസികൾക്കും കഴിഞ്ഞുള്ളൂ. ആ ഞാലിപ്പൂവൻ തിന്നാൻ പുലയക്കിടാങ്ങൾ എത്രകണ്ടു ആശിച്ചിരുന്നെന്നോ. കായ് മൂത്താൽ പിതാവ് അതു ‘വല്ലോർക്കും വെട്ടി വിറ്റു’ അരി വാങ്ങുമെന്നുപോലും അവർ ഭയപ്പെട്ടിരുന്നു. എന്നിട്ടു സംഭവിച്ചതോ, ഇതൊന്നുമല്ലാത്തൊരു വൻ ചതി. മാടപ്പുലയൻ ചുമന്നു വേണം വാഴക്കുല തമ്പുരാന്റെ മേടയിലെത്തിക്കാൻ. 

ദൃശ്യാവിഷ്കാരം നോക്കിനിൽക്കുന്നയാളുടെ ചെവികളിൽ സ്വാഭാവികമായും ‘വഴക്കുല’യുടെ അവസാന വരികൾ, “അവശന്മാർ ആർത്തന്മാർ ആലംബഹീനന്മാർ അവരുടെ സങ്കടമാരറിയാൻ. പണമുള്ളോർ നിർമിച്ച നീതിക്കിതിലൊന്നും പറയുവാനില്ലേ, ഞാൻ പിൻവലിച്ചു” പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. “രണ്ടു ദിവസം കൊണ്ടാണു വാഴക്കുലയുടെ ദൃശ്യാവിഷ്കാരം പൂർത്തിയാക്കിയത്. കട്ടിയുള്ള തുണിയിൽ എമൾഷൻ പെയ്ന്റ് ഉപയോഗിച്ചാണു പടം വരച്ചത്. സി എ വിശ്വൻ എന്ന സുഹൃത്തിന്റെ സഹായം ഉണ്ടായിരുന്നുന്നതിനാലാണ് വര പെട്ടെന്നു ചെയ്തവസാനിപ്പിക്കാൻ കഴിഞ്ഞത്.” ആർട്ടിസ്റ്റ് ബാലകൃഷ്ണൻ കതിരൂർ വെളിപ്പെടുത്തി. 

സമൂഹത്തോടു പ്രതിബദ്ധത പുലർത്തുന്നതിന്റെറെ ഭാഗമായി ദൃശ്യാവിഷ്കാരം ചെയ്തതിനു പ്രതിഫലമൊന്നും താനും കൂട്ടുകാരനും സ്വീകരിച്ചില്ലെന്നു സർക്കാർ ജോലിയിൽ നിന്നു വിരമിച്ച ആ കലാധ്യാപകൻ വ്യക്തമാക്കി. മലയാളത്തിലെ അനശ്വര കവിയുടെ ‘വാഴക്കുല’ എന്ന കൃതിയ്ക്കു വിശാലമായൊരു ക്യാൻവാസിൽ ചിത്രഭാഷ ഒരുക്കാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നു ആർട്ടിസ്റ്റ് പറഞ്ഞു.
“അതിലേറെ സന്തോഷമുണ്ട് ഇത്തരത്തിലുള്ളൊരു വർക്ക് അത് സ്ഥാപിക്കേണ്ട സ്ഥലത്തു തന്നെ കൃത്യമായി സ്ഥാപിച്ചുവെന്ന കാര്യത്തിൽ. ‘വാഴക്കുല’യുടെ ചിത്രാവിഷ്കാരം പ്രദർശിപ്പിക്കാൻ ചങ്ങമ്പുഴ പാർക്കിനേക്കാൾ സമുചിതമായ മറ്റൊരു ഇടമുണ്ടോ?” ബാലകൃഷ്ണൻ സന്തോഷം പങ്കുവച്ചു. 

‘വാഴക്കുല’യുടെ ശില്പാവിഷ്കാരം കൂടാതെ, കുഞ്ഞുണ്ണി മാഷു മുതൽ കാളിദാസൻ വരെ പറഞ്ഞ കാര്യങ്ങൾ പാർക്കിനകത്തു വിവിധ ഇടങ്ങളിൽ വച്ചിട്ടുള്ള സ്റ്റാൻഡുകളിൽ ലേഖനം ചെയ്തിട്ടുണ്ട്. പ്രകൃതിയുടെ ഹരിതാഭ വർണിച്ചു തുടങ്ങുന്ന ‘രമണ’നിലെ വരികൾക്കുമുണ്ടൊരു സ്റ്റാൻഡ്:
മലരണിക്കാടുകൾ തിങ്ങി വിങ്ങി
മരതക കാന്തിയിൽ മുങ്ങി മുങ്ങി
കരളും മിഴിയും കവർന്നു മിന്നി
കറയറ്റൊരാലസൽ ഗ്രാമ ഭംഗി…
ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ കവിയായി അറിയപ്പെട്ട അപൂർവ പ്രതിഭയുടെ അർധകായ പ്രതിമയും, മുൻമുഖ്യമന്ത്രി സി അച്യുതമേനോൻ ഈയിടത്തിനു 1977‑ൽ ശിലാസ്ഥാപനം ചെയ്ത വിവരവും ഉൾപ്പെടെ പാർക്കിൽ സന്ദർശകരെ ആകർഷിക്കുന്ന സംഗതികൾ ഏറെയാണ്. സമീപത്തു തന്നെ ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുമുണ്ട്.
ഈയിടെ പുതുക്കിപ്പണിഞ്ഞ പാർക്കിനിപ്പോൾ പൊതുവെ ഒരു നവജീവൻ വന്നിട്ടുണ്ട്. കൊച്ചിൻ സ്മാർട്ട് മിഷൻ അനുവദിച്ച നാലേകാൽ കോടി രൂപ ചിലവിട്ടു നവീകരിച്ച ചങ്ങമ്പുഴ പാർക്ക് സെപ്റ്റംബർ 12നാണു മുഖ്യമന്ത്രി നാടിനു സമർപ്പിച്ചത്. ഓഡിറ്റോറിയം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഇപ്പോൾ പുതുമോടിയിലാണ്. 

ആലുവ‑എറണാകുളം ഹൈവേയുടെയും, ദേവൻകുളങ്ങര റോഡിനുമിടയിൽ സ്ഥിചെയ്യുന്ന സാംസ്കാരിക കേന്ദ്രത്തിലെത്താന്‍ സന്ദർശകരുടെ സൗകര്യാർത്ഥം സമീപത്തു തന്നെ ‘ചങ്ങമ്പുഴ പാർക്ക്’ എന്ന മെട്രോ സ്റ്റേഷനുണ്ട്. ചങ്ങമ്പുഴ പാർക്കിന്റെ പ്രധാന പ്രവേശനകവാടം വടക്കു ഭാഗത്ത് ആലുവ‑എറണാകുളം ഹൈവേയിലാണ്. പ്രവേശന കവാടത്തിന്റെ തൊട്ടടുത്താണ് എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ്.
ഇടപ്പള്ളി ഗ്രാമത്തിലെ പുരാതനമായ നായർ തറവാടാണ് ചങ്ങമ്പുഴ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം വരെ സ്വതന്ത്ര പരാമാധികാര പദവിയിൽ നാടുവാണിരുന്ന ഇടപ്പള്ളി തമ്പുരാക്കന്മാരുടെ പടനായകന്മാരായിരുന്നു ചങ്ങമ്പുഴ നായന്മാർ. നാട്ടിലെ ഏറ്റവും സമ്പത്തും പ്രതാപവുള്ള കുടുംബം. ചില കാരണവന്മാരുടെ ധൂർത്തു നിമിത്തം കുടുംബത്തിനു സ്വത്തും പണവുമെല്ലാം നഷ്ടപ്പെട്ടു. ചങ്ങമ്പുഴക്കാർ കടുത്ത ദാരിദ്യ്രത്തിലുമായി. അക്കാലത്താണ് ചങ്ങമ്പുഴ പാറുക്കുട്ടിയമ്മയുടെയും തെക്കേടത്തു നാരായണ മേനോന്റെയും മൂത്തപുത്രനായി 1911‑ൽ കൃഷ്ണപിള്ള ജനിച്ചത്. ഇടപ്പള്ളി കൊട്ടാരത്തിലെ അടിച്ചുതളിക്കാരിയായിരുന്ന മുത്തശ്ശിയുടെ ചെറിയ വരുമാനംകൊണ്ടാണു കുടുംബം കഴിഞ്ഞിരുന്നത്. പഴങ്കഞ്ഞി കുടിച്ചും, ചിലപ്പോൾ പട്ടിണികിടന്നുമായിരുന്നു കൃഷ്ണപിള്ളയുടെ കുട്ടിക്കാലം. 

പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ കളിക്കുന്നതിനിടയിൽ ബാലകൃഷ്ണൻ എന്നൊരു കൂട്ടുകാരനുമായി ചങ്ങമ്പുഴ ഗുസ്തിപിടിച്ചു. കൂട്ടുകാരൻ പരാതിപ്പെട്ടപ്പോൾ, മാതാവ് ചങ്ങമ്പുഴയെ തല്ലി. അൽപ നേരം സങ്കടത്തിൽ ഇരുന്നതിനു ശേഷം, നടന്ന സംഭവങ്ങളെല്ലാം ഒരു കവിതയായി എഴുതി ചങ്ങമ്പുഴ കൂട്ടുകാരെ കാണിച്ചു. പ്രിയ കവിയുടെ നൂറ്റിയമ്പതോളം വരികളുള്ള പ്രഥമ കവിത ഇങ്ങനെയാണു പിറവികൊണ്ടത്!
തൃക്കൺപുരമെന്നു പേരുള്ളൊരമ്പലം
ബാലകൃഷ്ണൻ തന്റെ വാസദേശം
കുറ്റിച്ചക്കാലയം വീടിന്റെ മുമ്പിലെ
കുറ്റിക്കാടുള്ള കളിപ്രദേശം…
ഇന്ന് ചങ്ങമ്പുഴ പാര്‍ക്ക് കേരളത്തിലെ പ്രധാനപ്പെട്ട ഒരു സാംസ്കാരിക ഇടമാണ്.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.