23 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 12, 2024
December 19, 2023
August 15, 2023
July 18, 2023
July 18, 2023
June 14, 2023
May 20, 2023
May 8, 2023
April 29, 2023
April 27, 2023

കോണ്‍ഗ്രസിനെ ഇനി ഖര്‍ഗെ നയിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
October 19, 2022 2:00 pm

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് ജയം. 7897 വോട്ടുകൾ നേടി ഖാർഗെ ആധികാരിക ജയം സ്വന്തമാക്കിയപ്പോൾ ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി. ഖാർഗെ 26 ന് സ്ഥാനമേല്ക്കും.
24 വർഷങ്ങൾക്ക് ശേഷമാണ് നെഹ്രു കുടുംബത്തിന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് പ്രസിഡന്റാകുന്നത്. പാർട്ടിയുടെ 98 ‑മത് പ്രസിഡന്റാണ് മല്ലികാർജ്ജുൻ ഖാർഗെ. കർണാടകയിലെ ബിദാർ ജില്ലയിൽ ഭാൽക്കി താലൂക്കിലെ വരവാട്ടിയിൽ മാപ്പണ്ണ ഖാർഗെയുടെയും സബവ്വയുടെയും മകനായി 1942 ജൂലൈ 21 നാണ് ജനനം. 1972 മുതൽ തുടർച്ചയായ 10 തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 2009–19 കാലയളവിൽ ഗുൽബർഗയിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു. 2021 ഫെബ്രുവരി 16 മുതൽ 2022 ഒക്ടോബർ ഒന്നു വരെ രാജ്യസഭയിൽ അംഗമായി.
അതേസമയം അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂർ നൽകിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. വോട്ടിങ് സമയത്ത് വോട്ട‍ർ പട്ടികയിൽ പേരില്ലാത്തവരും യുപിയില്‍ വോട്ട് ചെയ്തുവെന്നായിരുന്നു തരൂരിന്റെ പരാതി. ബാലറ്റ് പെട്ടി സീൽ ചെയ്തത് ശരിയായ രീതിയിലായിരുന്നില്ലെന്നും തരൂ‍ർ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ യുപിയിലെ വോട്ടുകൾ പ്രത്യേകം എണ്ണണമെന്ന തരൂരിന്റെ ആവശ്യം പക്ഷേ തെരഞ്ഞെടുപ്പ് സമിതി തള്ളി.
പാർട്ടിയിൽ അന്തിമാധികാരം അധ്യക്ഷനായിരിക്കുമെന്നും തന്റെ നിർദ്ദേശങ്ങൾ പുതിയ അധ്യക്ഷന് ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മല്ലികാർജുൻ ഖാർഗെയെ ഹൃദയപൂർവം അഭിനന്ദിക്കുന്നതായി പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസിലെ ജനാധിപത്യ മൂല്യത്തെ തരൂര്‍ തുറന്നു കാട്ടിയെന്ന് പറഞ്ഞു.
അതിനിടെ തരൂരിനെ പരിഹസിച്ച് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രംഗത്തുവന്നു. 100 വോട്ട് എണ്ണുമ്പോൾ നാലോ അഞ്ചോ വോട്ടാണ് തരൂരിന് കിട്ടിയത്. 9000 വോട്ടുള്ള തെരഞ്ഞെടുപ്പിൽ 1000 വോട്ട് കിട്ടുന്നത് വലിയ കാര്യമല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പട്ടികയ്ക്ക് പുറത്തുള്ളവർ വോട്ട് ചെയ്തുവെന്ന് തെളിയിക്കാൻ ശശി തരൂരിനെ രാജ്മോഹൻ ഉണ്ണിത്താൻ വെല്ലുവിളിച്ചു. തെലങ്കാനയിൽ ക്രമക്കേട് നടന്നുവെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും മറിച്ചാണെങ്കിൽ തരൂർ മാപ്പ് പറയണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
ശശി തരൂരിന്റെ 12 ശതമാനം വോട്ട് പ്രാധാന്യമുള്ളതാണെന്ന് എം കെ രാഘവൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. തരൂർ ഉയർത്തിയ വിഷയങ്ങൾ ഹൈക്കമാൻഡ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തരൂരിന് കിട്ടിയ വോട്ടുകൾ പാർട്ടിയിലെ നവീകരണത്തിന്റെ സൂചനയാണെന്ന് കാർത്തി ചിദംബരം പ്രതികരിച്ചു. ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വിജയം നേടുമെന്ന് സച്ചിൻ പൈലറ്റ് പ്രതികരിച്ചു. 

Eng­lish Sum­ma­ry: Kharge will now lead the Congress

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.