പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേന ജമ്മു കശ്മീർ ഭരണകൂടത്തെ കബളിപ്പിച്ചയാൾ അറസ്റ്റിൽ. ഗുജറാത്ത് സ്വദേശിയായ കിരൺ ഭായ് പട്ടേലിനെ മാർച്ച് മൂന്നിന് ശ്രീനഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇസഡ് പ്ലസ് സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫ് കാർ, പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം തുടങ്ങി വൻ സൗകര്യങ്ങളാണ് വ്യാജനാണെന്ന് അറിയാതെ ഇയാൾക്കായി ഭരണകൂടം ഒരുക്കി നൽകിയത്.
പ്രധാനമന്ത്രിയുടെ ഓഫിസിലെ നയരൂപീകരണ‑പ്രചാരണ വിഭാഗം അഡീഷണൽ ഡയറക്ടർ എന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു തട്ടിപ്പ്. മാസങ്ങളായി ആൾമാറാട്ടം നടത്തി വരികയായിരുന്നു കിരൺ പട്ടേൽ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമാണ് വിവരം പുറത്തുവിട്ടത്.
ഫെബ്രുവരിയിലാണ് ഇയാൾ ആദ്യമായി താഴ്‌വരയിലെത്തിയത്. ശ്രീനഗർ സന്ദർശനത്തിനിടെ ഇയാൾ ഔദ്യോഗിക ചർച്ചകളിലുൾപ്പെടെ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. ഗുജറാത്തിൽ നിന്ന് കൂടുതൽ വിനോദ സഞ്ചാരികളെ കശ്മീരിലേക്ക് ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകളാണ് ഇയാൾ ആദ്യ വരവിൽ നടത്തിയത്. “ഔദ്യോഗിക സന്ദർശനം” എന്ന് തലക്കെട്ടിൽ ചില വീഡിയോകളും ഇയാൾ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ശ്രീനഗറിലേക്ക് നടത്താനിരുന്ന രണ്ടാമത്തെ യാത്രയാണ് കിരണിനെ സംശയത്തിന്റെ നിഴലിലാക്കിയത്.
ട്വിറ്ററിൽ ഒരു വെരിഫൈഡ് അക്കൗണ്ടും ഇയാൾക്കുണ്ട്. ഫോളോവേഴ്സ് ലിസ്റ്റിൽ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി പ്രദീപ് സിങ് വഗേല അടക്കമുള്ള പ്രമുഖരുമുണ്ട്.
English Summary: man arrested for posing PM officer; PMO gives Zplus security to him
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.