14 November 2024, Thursday
KSFE Galaxy Chits Banner 2

കണ്ണകിയുടെ മംഗളാദേവി

പി ജെ ജിജിമോൻ
June 30, 2024 6:12 pm

രിത്രവും വിവാദവും വിശ്വാസവും സമന്വയിക്കുന്ന തേക്കടിയിലെ ഹരിതഭംഗിയാർന്ന മംഗളാ ദേവി ക്ഷേത്രം. പെരിയാർ കടുവസംരക്ഷണ കേന്ദ്രത്തിലെ തമിഴ് നാടിനോട് അതിർത്തി പങ്കിടുന്ന മംഗളാദേവിയിലെ കണ്ണകി ക്ഷേത്രത്തിന് ഏതാണ്ട് രണ്ടായിരത്തിലേറെ വർഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.
കണ്ണെത്താ ദൂരത്തോളം വിശാലമായി കിടക്കുന്ന കന്യാവനങ്ങളുടെ നിശബ്ദതയിൽ വിളക്കുകളും പൂജകളും പൂജാരിമാരുമില്ലാതെ നഷ്ടപ്രതാപങ്ങളുടെ കാവലിലാണ് ചിലപ്പതികാരത്തിലെ നായിക കണ്ണകി കുടികൊള്ളുന്നത്. പ്രതികാര ദുർഗയും സ്ത്രീകളുടെ അഭീഷ്ടദായികയുമായ കണ്ണകി മംഗളാ ദേവിയിലെത്തിയതിന് ഒരു ഐതീഹ്യമുണ്ട്.

മധുരസാമ്രാജ്യം തിരുവായ്ക്ക് എതിർവായ് ഇല്ലാതെ അടക്കിഭരിച്ചിരുന്ന കരികാല

ചോള രാജാവിന്റെ ആസ്ഥാനം പൂമ്പുകാർ എന്നറിയപ്പെട്ടിരുന്ന കാവേരിപട്ടണമായിരുന്നു. രാജാവിന് കോവലൻ എന്നു പേരുള്ള സുന്ദരനും യുവാവുമായ ഒരു മകനുണ്ടായിരുന്നു. കാവേരി പട്ടണത്തിലെ പ്രശസ്തനും ധനാഡ്യനുമായ ഒരു വ്യാപാരിയുടെ മകളായ കണ്ണകിയിൽ ആ കൃഷ്ടനായ കോവലൻ പിതാവിന്റെ രാജകല്പനയെ ധിക്കരിച്ച് കണ്ണകിയെ തന്റെ ജീവിതപങ്കാളിയാക്കി. എന്നാൽ ഇവർ ഇരുവരുടെയും ബന്ധത്തിന് ഏറെനാൾ കഴിയും മുമ്പ് വിള്ളൽ വീണു. ഇതോടെ കണ്ണകിയെ കോവലൻ ഉപേക്ഷിച്ചു. അധികം താമസിയാതെ കൊട്ടാരം നർത്തകിയായ മാധവിയെ കോവലൻ വിവാഹം ചെയ്തുവെങ്കിലും കോവലന്റെ സമ്പാദ്യമെല്ലാം കരസ്ഥമാക്കിയ മാധവി ഇയാളെ നിഷ്കരുണം ഉപേക്ഷിച്ചു. ഇതോടെ ഒറ്റപ്പെട്ട കോവലൻ പശ്ചാത്തപിച്ച് തന്റെ തെറ്റുകൾ ഏറ്റു പറഞ്ഞ് കണ്ണകിയുടെ പക്കൽ വീണ്ടുമെത്തി. ഭാര് ‑ഭർതൃബന്ധം പരിപാവനമാണെന്ന് വിശ്വസിച്ചിരുന്ന കണ്ണകി നിറകണ്ണുകളോടെ, സ്നേഹത്തോടെ കോവലനെ സ്വീകരിച്ചു.
സമ്പത്തെല്ലാം നഷ്ടപ്പെട്ട കോവലന്റെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. ഇതിനു പരിഹാരം കാണുവാനായി നർത്തകി കൂടിയായ കണ്ണകി തന്റെ സ്വർണ ചിലമ്പിൽ ഒരെണ്ണം കോവലനുനൽകി അത് വിറ്റു കിട്ടുന്ന പണം കൊണ്ട് എന്തെങ്കിലും വ്യാപാരം ചെയ്യാമെന്നും ഉപദേശിച്ചു. ചിലമ്പ് വിൽക്കുന്നതിന് കോവലൻ പട്ടണത്തിലെ ഒരു സ്വർണപ്പണി കാരന്റെയടുത്തു ചെന്നു. ഇതേ സമയം രാജപത്നിയുടെ ഒരു ചിലമ്പും മോഷണം പോയിരുന്നു എന്ന വാർത്ത പ്രചരിച്ചിരുന്നു. ഇക്കാര്യം അറിയാത്ത കോവലനെ കുരുക്കാൻ കുരുട്ടുബുദ്ധി കാരനായ സ്വർണപ്പണിക്കാരൻ കരുക്കൾ നീക്കി. നേരത്തെ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചയാളും ചിലമ്പുമായെത്തിയത് ഇതേ സ്വർണ പണിക്കാരന്റെ അടുത്തു തന്നെയായിരുന്നു. ഇകാര്യം മറച്ചു വച്ച സ്വർണപ്പണികാരൻ രാജ്ഞിയുടെ ചിലമ്പ് മോഷ്ടിച്ചത് കോവലൻ ആണെന്നും അയാൾ അത് വിൽക്കാൻ തന്റെ അടുക്കലെത്തിയിട്ടുണ്ട് എന്നവിവരം സ്വർണപ്പണിക്കാരൻ രാജാവിനെ അറിയിച്ചു, രാജകല്പനയെത്തുടർന്നു പാഞ്ഞെത്തിയ പടയാളികൾ കോവലനെ പിടികൂടി തടവിലാക്കി. കോപാകുലനായ രാജാവാകട്ടെ സ്വർണപ്പണികാരനെക്കുറിച്ചു തിരക്കുകയോ കോവലനെവിചാരണക്കു വിധേയനാക്കുകയോ ചെയ്യാതെ തത്ക്ഷണം വധിച്ചു.
വിവരമറിഞ്ഞ് രാജസന്നിധിയിലെത്തിയ കണ്ണകി കോവലന്റെ നിരപരാധിത്വം തെളിയിക്കുകയും രാജാവിനെ ശാപവാക്കുകളാൽ അഭിഷേകം ചെയ്യുകയും ചെയ്തു കണ്ണകിയുടെ രൗദ്രഭാവം മനസിലാക്കുകയും കോവലന്റെ നിരപരാധിത്വം ബോധ്യപ്പെടുകയും ചെയ്ത രാജാവ് ഹൃദയം പൊട്ടി മരിച്ചു. നിരപരാധിയായ തന്റെ ഭർത്താവിനെ ക്രൂരമായി വധിച്ചതിൽ മനംനൊന്ത് കണ്ണകി കോപം പൂണ്ട് തന്റെ കയ്യിലുണ്ടായിരുന്ന സ്വർണ ചിലമ്പിലൊരണ്ണം മധുര നഗരമധ്യത്തിൽ വലിച്ചെറിഞ്ഞു എന്നും ആ കോപാഗ്നിയിൽ മധുര നഗരം വെണ്ണീറായി. പിന്നീട് ദിക്കറിയാതെ ജലപാനം പോലുമില്ലാതെ ഒരു ഭ്രാന്തിയെ പോലെ അലഞ്ഞ കണ്ണകി വൈഗ തീരം വഴി ഒടുവിൽ എത്തിയത് മംഗളാ ദേവി കുന്നിൻ മുകളിലായിരുന്നു. ഇവിടുത്തെ വലിയൊരു വേങ്ങമരച്ചുവട്ടിൽ തളർന്നിരുന്ന കണ്ണകിയുടെ ഭർതൃ സ്നേഹത്തിലും ചാരിത്രശുദ്ധിയിലും സത്യസന്ധതയിലും സംപ്രീതരായ ദേവൻമാർ കോവലനോടെപ്പം വസിക്കുവാനായി കണ്ണകിയെ സ്വർഗത്തിലേക്കു കൊണ്ടുപോയി എന്നാണ് ഐതീഹ്യം. ഈ സംഭവങ്ങൾക്കു സാക്ഷിയായ മലങ്കുറവൻമാർ മംഗളാ ദേവിയിലെത്തി കണ്ണകിയെ
ഇഷ്ടദേ വതയായി ആരാധിക്കുവാനും തുടങ്ങി.

തമിഴ്‌നാട്ടിൽ നിന്നും മംഗളാ ദേവിയിലേക്ക് കണ്ണകി ഭക്തരുടെ തിരക്ക് വർഷം തോറും കൂടുകയായിരുന്നു. ഇതേ തുടർന്നാണ് അന്നത്തെ ചേരരാജാവായിരുന്നേ ചേരന്റങ്കുട്ടവൻ ഇവിടെ കണ്ണകി ക്ഷേത്രം നിർമ്മിക്കുവാൻ തീരുമാനിച്ചത്. ഹിമാലയത്തിൽ നിന്നുകൊണ്ടുവന്ന ശിലയിൽ ശില്പകലയുടെ മറുകരകണ്ട ശില്പികൾ കൊത്തിയെടുത്ത കണ്ണകി ബിംബം ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. പിന്നീട് അടി മുതൽ മുടി വരെ വിശിഷ്ടങ്ങളായ ആഭരണങ്ങൾ ചാർത്തി ദിഗ്ദേവതകളെ കാവൽ നിർത്തി. നിത്യവും പൂജയും ഉത്സവവും നടത്തി കൊൾവീൻ’ എന്നതായിരുന്നു രാജസിംഹം എന്നറിയപ്പെട്ടിരുന്നേ ചേരൻ ചെങ്കുട്ടവന്റെ കല്പന. ഇക്കാര്യം ചിലപ്പതികാരത്തിൽ ബിംബപ്രതിഷ്ഠാപനത്തിലും പ്രദിപാദിച്ചിട്ടുണ്ട്. ഇതോടെ ഭക്തർ കൂട്ടത്തോടെ മംഗളാ ദേവിയിലെത്തി താല്‍ക്കാലിക കൂരകളുണ്ടാക്കി ദിവസങ്ങളോളം തങ്ങി കണ്ണകിയെ ആരാധിച്ചിരുന്നതായും ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

പൂർണമായും കരിങ്കല്ലിലാണ് ’ ശ്രീകോവിൽ, മണ്ഡപം, തിടപള്ളി, ബലിക്കൽ പുര, ഗർഭഗൃഹം, ചുറ്റുമതിൽ തുടങ്ങിയവയൊക്കെ നിർമ്മിച്ചിട്ടുള്ളത്. രണ്ടു തട്ടുകളായി നിർമ്മിച്ചിട്ടുള്ള ശ്രീകോവിലിനു സമീപത്തായി ഒരു തുരങ്കവും കാണാനാകും. ഈ തുരങ്കം മധുര മീനാക്ഷി ക്ഷേത്രത്തിനടുത്തുവരെ നീളുന്നതുമാണെന്നാണ് വിശ്വസിക്കപ്പെടുന്നന്നത്. ക്ഷേത്രത്തിന്റെയും ചുറ്റുമതിലിന്റെയും ചില ഭാഗങ്ങൾ ഭാഗികമായി തകർന്നു കിടക്കുകയാണിപ്പോൾ. ചുറ്റുമതിലിലും മറ്റും ശിലാചിത്രങ്ങളും പ്രാചീന തമിഴ് ലിപികളുമുള്ള ലിഖിതങ്ങളുമൊക്കെ ഇപ്പോഴും വ്യക്തമായി കാണാനാകും ഈ ക്ഷേത്രത്തിന് രണ്ടായിരത്തോളം വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. നൂറ്റാണ്ടുകൾ മുമ്പ് പൂഞ്ഞാർ രാജവംശത്തിന്റെ അധീനതയിലായിരുന്നു തമിഴ്‌നാട്ടിലെ ഗൂഡല്ലൂരും, മംഗളാ ദേവിയും പരിസര പ്രദേശങ്ങളും. അക്കാലത്ത് മംഗളാ ദേവിയിലെ കണ്ണകി ക്ഷേത്രോത്സവം മറ്റൊരു മാമാങ്കമായിരുന്നത്രെ.
1777 ൽ ഹൈദരാലിയാണ് മംഗളാ ദേവിയും പരിസരേ ഖലകളും പൂഞ്ഞാർ രാജവംശത്തിനു കൈമാറിയത് 19-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം തിരുവിതാംകൂർ രാജവംശത്തിന്റെ അധീനതയിലാകുന്നത്. ബ്രിട്ടീഷ് ആധിപത്യകാലമായ 1800 കളിലാണ് ആദ്യമായി മംഗളാദേവി തമിഴ്നാടിന് അവകാശപ്പെട്ടതെന്ന വാദമുയർന്നത്. ഇതേ തുടർന്ന് 1817ൽ ഈസ്റ്റിന്ത്യാകമ്പനിയുടെ നിർദ്ദേശാനുസരണം നടത്തിയ സർവേയിൽ മംഗളാദേവി പൂർണമായും കേരളത്തിന് അവകാശപ്പെട്ടതാണെന്നു തെളിഞ്ഞിരുന്നു. എങ്കിലും തമിഴ്‌നാട് പലവട്ടം അവകാശവാദമുയർത്തി രംഗത്തുവന്നിരുന്നു. ഇതോടെ 1854ൽ ദി ഗ്രേറ്റ്: ട്രിഗോണി മിക്കിൽ സർവേ വിഭാഗവും 1981 ൽ മറ്റൊരു സർവേയും നടത്തി എല്ലാ സർവേ റിപ്പോർട്ടുകളിലും മംഗളാ ദേവിയിലെ കണ്ണകി ക്ഷേത്രവും 62″ സെന്റ് സ്ഥലവും കേരളത്തിനു മാത്രം അവകാശപെട്ടതാണെന്ന് സംശയലേശമന്യേ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്
ഇതൊന്നും മുഖവിലക്കെടുക്കാത്ത തമിഴ്നാട് മംഗളാ ദേവിയിലേക്ക് നാലുകിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ എത്താൻ കഴിയുന്ന ലോവർ ക്യാമ്പിൽ നിന്നും റോഡ് നിർമ്മിക്കാൻ പലതവണയും ശ്രമിച്ചിരുന്നു. എംജിആർ, കരുണാനിധി, ജയലളിത എന്നീ മുഖ്യമന്ത്രിമാരുടെ കാലത്ത് ബജറ്റിൽ പ്രത്യേക തുകയും വകയിരുത്തിയിരുന്നു. കേരളത്തിന്റെ ശക്തമായ എതിര്‍പ്പാണ് റോഡുപണിയിൽ നിന്നും അവരെ പിന്തിരിപ്പിച്ചത്.

1983 ൽ പുനഃപ്രതിഷ്ഠ നടത്തിയ ക്ഷേത്രം 1984 ൽ സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷണ ചുമതല കേരള വനം വകുപ്പിനെ എൽപ്പിക്കുകയായിരുന്നു. ഇതോടെയാണ് വർഷത്തിൽ ഒരു ദിവസം മാത്രം ഉത്സവം നടത്തുവാനും ഭക്തർക്ക് സന്ദർശാനുമതി നൽകാനും തീരുമാനിച്ചത്. മേടമാസത്തിലെ ചിത്രാ പൗർണമി നാളിലാണ് മംഗളാ ദേവിയിലെ ഉത്സവം നടക്കുന്നത്. കേരളത്തിലെയും തമിഴ് നാട്ടിലെയും വിവിധ വകുപ്പ് ഉന്നതോദ്യോഗസ്ഥര കൂടിയാലോചിച്ചാണ് കർശന നിയന്ത്രിണങ്ങളോടുകൂടി ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഉത്സവ ദിവസം രാവിലെ ആറ് മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് സന്ദർശനദർശന സമയം. കുമളിയിൽ പ്രത്യേക പാസ് നൽകിട്ടുള്ള ട്രിപ്പ് ജീപ്പുകളാണ് അന്നേ ദിവസം സർവീസ് നടത്തുന്നത് ഇരുസംസ്ഥാനങ്ങളിലേയും പൂജാരിമാർ ക്ഷേത്രച്ചടങ്ങുകൾക്കു നേതൃത്വം നൽകും. കമ്പം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന കണ്ണകി ട്രസ്റ്റ് ഏതാനും വർഷങ്ങൾക്കു മുമ്പ് ക്ഷേത്രം പുനരുദ്ധകരിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതിയിൽ

ഹർജി നൽകുകയും ഇതോടൊപ്പം പുരാവസ്തുവകുപ്പിന് കത്ത് നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് സംസ്ഥാന അറ്റോർണി ജനറലും പുരാവസ്തു ഡയറക്ടറും മംഗളാ ദേവിയിലെത്തി സാധ്യതകൾ പരിശോധിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം നിലനിൽക്കാത്തതിനാൽ വനനിയമങ്ങൾക്കനുസൃതമായി ക്ഷേത്രം പുനരുദ്ധീകരിക്കുന്നതിന് തടസമില്ലന്ന റിപ്പോർട്ട് സംസ്ഥാനസർക്കാരിനു കൈമാറുകയും ചെയ്തിരുന്നു. ഇനി പുനരുദ്ധാരണമാണ് നടക്കേണ്ടത്.

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.