21 May 2024, Tuesday

മെയ്തി വിഭാഗങ്ങളെ പട്ടികവർഗമാക്കാനുള്ള ഉത്തരവ് തിരുത്തി മണിപ്പൂര്‍ ഹൈക്കോടതി

Janayugom Webdesk
ഗുവാഹത്തി
February 22, 2024 10:05 pm

മെയ്തി വിഭാഗങ്ങളെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് തിരുത്തി മണിപ്പൂര്‍ ഹൈക്കോടതി. 2023ലെ ഹൈക്കോടതിയുടെ തന്നെ ഉത്തരവിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. വിവാദമായ ഉത്തരവിലെ ഖണ്ഡിക17(3) ആണ് ഹൈക്കോടതി നീക്കം ചെയ്തത്. മെയ്തികളെ പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം നാലാഴ്ചക്കുള്ളില്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ച ഉത്തരവാണ് മണിപ്പൂരില്‍ വംശീയ കലാപത്തിന് തിരിതെളിച്ചത്.

പട്ടികവര്‍ഗ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതി ഇന്നലെ പരിഗണിച്ചു. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഇതിനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണ്, കോടതിക്ക് ഇടപെടാനാകില്ല. പട്ടികയില്‍ ഭേദഗതി കൊണ്ടുവരാൻ കോടതികള്‍ക്ക് സാധിക്കില്ലെന്നും പരമോന്നത കോടതി നിരീക്ഷിച്ചിരുന്നു.
2023 മാര്‍ച്ച് 27ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എം വി മുരളീധരന്റെ ഉത്തരവിനെതിരെ കുക്കി വിഭാഗം സുപ്രീം കോടതിയെ സമീപിക്കുകയും പരമോന്നത കോടതി ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ മേയില്‍ നടന്ന ഹിയറിങ്ങില്‍ ഹൈക്കോടതി വിധി അപക്വമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പരാമര്‍ശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നും വിധി തിരുത്തണമെന്നും സുപ്രീം കോടതി ബെഞ്ച് വിധിച്ചിരുന്നു. എന്നാല്‍ മെയ്തികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായം വ്യക്തമാക്കണമെന്ന് കേന്ദ്രം മേയ് 29ന് ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry: Manipur High Court Mod­i­fies 2023 Order On Meit­eis In Sched­uled Tribe List

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.