22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

January 11, 2024
December 25, 2023
October 31, 2023
October 13, 2023
October 5, 2023
September 26, 2023
September 20, 2023
September 4, 2023
August 10, 2023
August 7, 2023

മണിപ്പൂരില്‍ ക്ഷാമം രൂക്ഷം ; മരുന്നും അവശ്യവസ്തുക്കളുമില്ല

Janayugom Webdesk
ഇംഫാല്‍
June 18, 2023 11:31 pm

മണിപ്പൂരില്‍ കലാപത്തെ തുടര്‍ന്ന് അവശ്യ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം രൂക്ഷം. ആഹാരം, മരുന്ന്, വസ്ത്രം എന്നിവയ്ക്ക് സാരമായ ദൗര്‍ലഭ്യം ഉള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരും സന്നദ്ധ സംഘടനകളും ആഹാരവും മരുന്നും ലഭ്യമാക്കുന്നുണ്ടെങ്കിലും അവയൊന്നും തികയാത്ത സ്ഥിതിയാണുള്ളത്. കുട്ടികളടക്കമുള്ളവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്കും ക്ഷാമമുണ്ട്. അതേസമയം ഇന്നലെ കാര്യമായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെയും കലാപം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ചുരാചാന്ദ്പൂരിലെ കുക്കി ഭൂരിപക്ഷ മേഖലകളില്‍ സേവനമനുഷ്ഠിച്ചിരുന്ന 13 മെയ്തി ഡോക്ടര്‍മാര്‍ പ്രദേശം വിട്ടു പോയതായി മുതിര്‍ന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സുരക്ഷാകാരണങ്ങള്‍ കാണിച്ച് സ്ഥലംമാറ്റം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

നാല് നാഗാ ‍‍ഡോക്ടര്‍മാരും ആശുപത്രി വിട്ടു. 49 കുക്കി ഡോക്ടര്‍മാര്‍ മാത്രമാണ് നിലവില്‍ ഉള്ളതെന്നും തങ്ങളുടെ വിഭാഗങ്ങള്‍ ന്യൂനപക്ഷമായുള്ള ഇടത്ത് ജോലി ചെയ്യാൻ ആരോഗ്യ പ്രവര്‍ത്തകര്‍ വിസമ്മതിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണവും സുരക്ഷാ സേനയുടെ നീക്കവും പല പ്രദേശങ്ങളിലും തടസപ്പെട്ടിട്ടുണ്ട്. ഗോത്രവർഗക്കാരുടെയും മെയ്തി സ്ത്രീകളുടെയും നേതൃത്വത്തിലുള്ള ഉപരോധത്താൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അവശ്യവസ്തുക്കളുമായി 4,000 ട്രക്കുകൾ എൻഎച്ച് 37 വഴി താഴ്‌വരയിൽ കുടുങ്ങി. മണിപ്പൂരിൽ തുറന്നിരിക്കുന്ന ഒരേയൊരു റോഡാണിത്. താഴ്‌വര മുതൽ തെക്ക് മലയോര ജില്ലകൾ വരെയുള്ള നിരവധി പ്രദേശങ്ങളിലെ പ്രധാന റോഡുകൾ തടഞ്ഞത് അസം റൈഫിൾസിനും സൈന്യത്തിനും ഒരു പുതിയ വെല്ലുവിളിയായി മാറിയെന്ന് വൃത്തങ്ങൾ അറിയിച്ചു.

ബിഷ്ണുപൂർ‑ചുരാചന്ദ്പൂർ തൗബൽ‑നാങ്‌ജിങ്; തൗബൽ‑ജൈരിപോക്; യാരിപോക്-ചന്ദ്രകോങ്; കാക്കിങ്-ലാംകായ്, ഉറിപോക്-ഇറോയിസെംബ എന്നീ ആറ് റോഡുകളാണ് തടസപ്പെട്ടിരിക്കുന്നത്. വനിതാ പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ കേന്ദ്ര സായുധ പൊലീസ് സേനയിൽ വനിതാഅംഗങ്ങളുടെ കുറവ് കാലതാമസമുണ്ടാക്കുന്നുവെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ഇംഫാല്‍ വിമാനതാവളത്തിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലെ ഏക വനിതാ സിഐഎസ്എഫ് ഉദ്യോഗസ്ഥ മടങ്ങിപ്പോയിട്ടുണ്ട്.

തകര്‍ക്കപ്പെട്ടത് 249 പള്ളികള്‍ 

ആസൂത്രിത നീക്കമെന്ന് മണിപ്പൂര്‍ ആര്‍ച്ച്‌ ബിഷപ്പ് ഇംഫാല്‍: മണിപ്പൂരില്‍ കലാപത്തില്‍ 249 പള്ളികള്‍ തകര്‍ക്കപ്പെട്ടതായും ക്രിസ്ത്യന്‍ സഭക്കെതിരായ കൃത്യമായ ആസൂത്രണ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും മണിപ്പൂര്‍ ആര്‍ച്ച്‌ ബിഷപ്പ് ഡൊമിനിക് ലുമോൻ. കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പരിഗണിക്കാത്തത് എന്തു കൊണ്ടെന്നും ചോദിച്ചു. പള്ളികള്‍ ആക്രമിക്കപ്പെടുന്നതിന് പിന്നില്‍ സംഘ്പരിവാര്‍ ശക്തികളുടെ സഹായമുണ്ടെന്നും ആരോപണങ്ങളുണ്ട്. മെയ്തി ക്രിസ്ത്യന്‍ വിഭാഗത്തിന്റെ അധീനതയിലുള്ള പള്ളികള്‍ മെയ്തി വിഭാഗക്കാരുടെ തന്നെ ആക്രമണത്തില്‍ നശിപ്പിക്കപ്പെടുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാട്ടി. അതേസമയം സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: manipur vio­lence updation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.