25 December 2025, Thursday

മരണമില്ലാത്ത വയലാര്‍

വി എം രാജമോഹൻ
October 26, 2025 6:10 am

“പൂവിൽ നിന്ന് പൂവു പോലെ സ്വാതന്ത്ര്യത്തിന്റെ സഹസ്രാര പത്മത്തിൽ നിന്ന് നിസ്വന്റെ സ്വാതന്ത്ര്യം എന്ന മറ്റൊരു പുഷ്പം വിടരുന്നതും കാത്ത് രാവ് മുഴുവൻ ഏതോ പനിനീർച്ചെടിയുടെ മുൾമുനയിൽ കരളമർത്തിക്കൊണ്ട് പാടിപ്പാടി സൂര്യോദയം എത്തും മുമ്പ് മരിച്ചുവീണ ഒരു രാപ്പാടിയാണ് വയലാർ. രാപ്പാടി പോയി, പക്ഷേ ആ പാട്ടുകൾ കേരള മനസിന്റെ വിശുദ്ധ സ്മൃതികളിൽ പതിഞ്ഞു കിടക്കുന്നു.” വയലാർ കൃതികളുടെ ആമുഖത്തിൽ വയലാറിന്റെ ആത്മമിത്രവും കവിയുമായ ഒഎൻവി കുറുപ്പ് എഴുതിയ വാക്കുകളാണിത്. കൊതി തീരും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ എന്ന ചോദ്യം ഭൂമിയോട് തന്നെ ഉന്നയിച്ചു നാൽപത്തിയേഴാം വയസിൽ ഇവിടം വിട്ടകന്ന വയലാറിന്റെ തൂലികയിൽ പിറന്ന മനോഹര ഗാനങ്ങൾ അമ്പതാണ്ട് കഴിഞ്ഞിട്ടും ഇവിടെ അലയടിച്ചു കൊണ്ടേയിരിക്കുന്നു. മലയാള സിനിമാ ഗാനശാഖ ഒമ്പത് പതിറ്റാണ്ട് പൂർത്തിയാക്കാറാകുമ്പോഴും ഏറ്റവും ജനപ്രിയനായ ഗാന രചയിതാവിന്റെ ഇരിപ്പിടത്തിൽ ഇപ്പോഴും വയലാർ തന്നെ വിരാജിക്കുന്നു. 

1938 ൽ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര ഗാനം ബാലൻ എന്ന ചിത്രത്തിലൂടെ മലയാളികൾ കേട്ടു. ഒരു ഗാനരചയിതാവ് എന്ന നിലയിൽ ആദ്യം ശ്രദ്ധേയനാകുന്നത് അഭയദേവാണ്. 1950 ൽ പി ഭാസ്കരൻ രംഗത്ത് വന്നു. നാടകഗാനങ്ങളിലൂടെ പ്രശസ്തരായ ഒഎൻവി 1955ലും വയലാർ 1956 ലും ചലച്ചിത്രഗാനരചനയിലേക്ക് കടന്നു. കൂടെപ്പിറപ്പ് ആയിരുന്നു വയലാറിന്റെ ആദ്യ ചലച്ചിത്രം.
ഒരു കവി എന്ന നിലയിൽ കേരളത്തിലെ സഹൃദയരുടെ ഹൃദയം കവർന്ന വയലാർ തന്റെ പ്രധാന തട്ടകം ഗാനരചനയാണെന്ന് തിരിച്ചറിയുകയും രണ്ടു പതിറ്റാണ്ടോളം ആ മേഖലയിൽ ഒരു തേരോട്ടം തന്നെ നടത്തുകയും ചെയ്തു. നിരൂപകർ അഭിപ്രായപ്പെട്ടത് പോലെ കവിതയ്ക്ക് നഷ്ടമായത് ഗാനത്തിന് നേട്ടമായി തീർന്നു. മലയാളികൾക്ക് എക്കാലവും മനസിലിട്ട് ഓമനിക്കാനും സ്വന്തം സുഖദുഃഖങ്ങളിൽ പാടാനുമായി 1500ലേറെ ഗാനങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചതു്.
ആദ്യം മറ്റു ചില സമിതികൾക്ക് വേണ്ടി ഗാനരചന നിർവഹിച്ചെങ്കിലും കെപിഎസി യുടെ നാടകഗാനങ്ങൾ ആണ് ഒഎൻവിയെ പോലെ വയലാറിനെയും ശ്രദ്ധേയനാക്കിയത്.
”ഏഴാം കടലിനക്കരെയുണ്ടോരേഴിലംപാല,” ”മാനവധർമ്മം വിളംബരം ചെയ്യുന്ന മാവേലി നാടിൻ”, ”കായലിനക്കരെ പോകാൻ എനിക്കൊരു കളിവള്ളമുണ്ടായിരുന്നു,” ”ശർക്കരപ്പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ”, ”ചില്ലുമേടയിൽ ഇരുന്നെന്നെ കല്ലെറിയല്ലേ”, ”തലയ്ക്കു മീതെ ശൂന്യാകാശം” തുടങ്ങിയ ഗാനങ്ങൾ ഏറെ പ്രശസ്തമായി. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാർഷികം സംസ്ഥാന സർക്കാർ ആഘോഷിച്ചപ്പോൾ അതിന്റെ അവതരണഗാനം രചിച്ചത് വയലാർ ആണ്. ബലികുടീരങ്ങളേ എന്ന് തുടങ്ങുന്ന ആ ഗാനം പിന്നീട് കെപിഎസിയുടെ അവതരണ ഗാനമായി. ഇത്രയും ആവേശകരമായ ഒരു വിപ്ലവഗാനം പിന്നീട് ഇതുവരെ മലയാളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല. രചനയും ദേവരാജന്റെ സംഗീതവും കെ എസ് ജോർജ് ഉൾപ്പെടെയുള്ള ഗായകരുടെ ആലാപനവുമെല്ലാം ഒത്തുചേർന്നപ്പോൾ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട സംഘഗാനമായി അത് മാറി.
254 സിനിമകൾക്കുവേണ്ടി വയലാർ ഗാനങ്ങൾ എഴുതി. 1300 ൽ ഏറെ ഗാനങ്ങൾ. അതിൽ 754 ഗാനങ്ങൾക്കും ജി ദേവരാജൻ തന്നെ സംഗീതം നൽകി. എം എസ് ബാബുരാജ് (126) വി ദക്ഷിണാമൂർത്തി (73) കെ രാഘവൻ (47)എം കെ അർജുനൻ (47) ആർ കെ ശേഖർ (46)സലിൽ ചൗധരി(35) എം എസ് വിശ്വനാഥൻ (29) ബി എ ചിദംബരനാഥ് (28) എം ബി ശ്രീനിവാസൻ( 27 )എന്നിവരാണ് കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയത്. യേശുദാസ് എന്ന ഗായകൻ ഏറെ പ്രശസ്തനായതിന് പിന്നിൽ വയലാറിന്റെ രചനയ്ക്കും ഒരു പങ്കുണ്ട്. വയലാറിൻറെ 300 ഗാനങ്ങളാണ് യേശുദാസ് ഒറ്റയ്ക്ക് പാടിയത്. സംഘഗാനങ്ങളും യുഗ്മ ഗാനങ്ങളും വേറെ.
ചലച്ചിത്രഗാനങ്ങളും നാടക ഗാനങ്ങളും ചില പ്രത്യേക കഥാസന്ദർഭങ്ങൾക്കു വേണ്ടി രചിക്കപ്പെടുന്നതാണെങ്കിലും എഴുത്തുകാരന്റെ സ്വാതന്ത്ര്യം പരമാവധി ഉപയോഗപ്പെടുത്തി സ്വന്തം രാഷ്ട്രീയ ആദർശവും സൗന്ദര്യബോധവും ഗാനങ്ങളിൽ പ്രതിഫലിപ്പിക്കാൻ എഴുത്തുകാർ ശ്രമിക്കാറുണ്ട്. അതിൽ ഏറ്റവും വിജയിച്ച ആളാണ് വയലാർ.
“മതങ്ങൾ ജനിയ്ക്കും മതങ്ങൾ മരിയ്ക്കും
മനുഷ്യനൊന്നേ വഴിയുള്ളൂ
നിത്യസ്നേഹം തെളിക്കുന്ന വീഥി
സത്യാന്വേഷണ വീഥി
യുഗങ്ങൾ
രക്തംചിന്തിയ വീഥി”
എന്ന് ‘ലൈൻ ബസി‘ലെ ഗാനത്തിലും
“സത്യമെവിടെ സൗന്ദര്യമെവിടെ
സ്വാതന്ത്ര്യമെവിടെ — നമ്മുടെ
രക്തബന്ധങ്ങളെവിടെ
നിത്യസ്നേഹങ്ങളെവിടെ
ആയിരം യുഗങ്ങളിൽ ഒരിക്കൽ
വരാറുള്ളൊരവതാരങ്ങളെവിടെ?
മനുഷ്യൻ തെരുവിൽ മരിക്കുന്നു!
മതങ്ങൾ ചിരിക്കുന്നു! ” എന്ന് ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ഗാനത്തിലും വയലാർ എഴുതി.
“കാവി ചുറ്റിയ സന്ധ്യയ്ക്കു പിന്നിലെ
കറുത്തവാവുകളേ — നിങ്ങൾ
ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ്ഗീത കൊണ്ടു മറച്ചു — ഇത്രനാൾ
ഭഗവദ്ഗീത കൊണ്ടു മറച്ചു” എന്നെഴുതാൻ ഏത് എഴുത്തുകാരൻ ഇന്ന് ധൈര്യപ്പെടും?
മലയാളി യുവാക്കളുടെ പ്രണയത്തിന് ഒരുകാലത്ത് വയലാറിന്റെ വരികളും ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ശബ്ദവും പ്രേംനസീറിന്റെ മുഖവുമായിരുന്നു. വയലാർ ഏറ്റവും കൂടുതൽ എഴുതിയതും പ്രണയഗാനങ്ങൾ ആണ്. സിനിമയിൽ ഏറ്റവും കൂടുതൽ വേണ്ടത് പ്രണയഗാനങ്ങൾ ആണല്ലോ. എഴുതുന്ന ഓരോ പ്രണയഗാനവും വ്യത്യസ്തമാകാൻ അദ്ദേഹം ശ്രദ്ധിച്ചു. ”ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു”, ”അനുപമേ അഴകേ”, ”യവനസുന്ദരി സ്വീകരിക്കുകീ പവിഴമല്ലികപ്പൂവുകൾ”, ”ചിത്രശിലാപാളികൾ കൊണ്ടൊരു”, ”സന്ധ്യമയങ്ങുനേരം”, ”സന്യാസിനി നിൻ പുണ്യാശ്രമത്തിൽ”, ”നിത്യ കാമുകീ ഞാൻ നിൻ മടിയിലെ മന്ദസമീര ഒഴുകി ഒഴുകി എത്തും”, ”ഇഷ്ടപ്രാണേശ്വരി”, ”മൃണാളിനീ മൃണാളിനീ”, ”200 പൗർണമി ചന്ദ്രികകൾ”, ”മഞ്ജു ഭാഷിണി”, ”നാളികലോചന നിൻ മിഴികൾക്കിന്നു”, ”സീമന്തിനീ നിൻ ചൊടികളിലാരുടെ”, ”കാമിനീ കാവ്യമോഹിനീ”, ”പുഷ്പഗന്ധീ സ്വപനഗന്ധീ”(ലിസ്റ്റ് നീളുകയാണ്)
തികഞ്ഞ കമ്മ്യൂണിസ്റ്റായ വയലാർ എഴുതിയ ഭക്തിഗാനങ്ങൾ എന്നും ദേവാലയങ്ങളിൽ ആവർത്തിച്ചു മുഴങ്ങുന്നു. ”ശബരിമലയിൽ തങ്ക സൂര്യോദയം” എന്ന ഗാനമാണ് ഇന്നും ഒന്നാമത് നിൽക്കുന്ന അയ്യപ്പഭക്തിഗാനം. “ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും“എന്ന് യേശുദാസിനെ കൊണ്ട് പാടിക്കുകയും പിന്നീട് യേശുദാസിന്റെ ഗുരുവായൂർ പ്രവേശനത്തിനു വേണ്ടി സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു ഈ കവി. ”ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി” എന്നു തുടങ്ങുന്ന ഗാനം പല വീടുകളിലെയും സന്ധ്യാ പ്രാർത്ഥനകളിൽ ഒന്നാണ് ഇന്നും. ആചാരാനുഷ്ഠാനങ്ങളിൽ അത്ര ശ്രദ്ധ വയ്ക്കാത്ത വയലാറാണ്, “പമ്പയിൽ കുളിച്ചു തോർത്തി ഉള്ളിലുറങ്ങും അമ്പലക്കിളി“യെ വിളിച്ചുണർത്തിയത്.
ക്രൈസ്തവ ഭക്തിഗാനങ്ങളിലും അസാമാന്യമായ രചന വൈഭവംകാട്ടി വയലാർ. ”മുൾക്കിരീടമിതെന്തിന് നൽകി സ്വർഗ്ഗസ്ഥനായ പിതാവേ”, ”ദയാപരനായ കർത്താവേ ഈ ആത്മാവിന് കൂട്ടായിരിക്കേണമേ”, ”യറു സലേമിലെ സ്വർഗദൂത യേശുനാഥാ”, ”വിശുദ്ധനായ സെബസ്ത്യാനോസേ”, ”ദൈവപുത്രന് വീതിയൊരുക്കുവാൻ സ്നാപകയോഹന്നാൻ വന്നു”, ”ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയായിരിക്കട്ടെ”, ”ബലിയല്ല ബലിയല്ല എനിക്കു വേണ്ടത് ബലിയല്ല” തുടങ്ങിയ ഗാനങ്ങളിലെല്ലാം ബൈബിളിനെ ആഴത്തിൽ പഠിച്ച ഒരു കവിയാണ് നാം കാണുന്നത്. ഫാദർ നാഗേലിന്റെ ”സമയമാം രഥത്തിൽ” എന്ന ഗാനം വയലാർ പരിഷ്കരിച്ചതാണ് ഇന്നു പള്ളികളിൽ സംസ്കാര ചടങ്ങിന് ആലപിക്കുന്നത്. മുസ്ലിം പശ്ചാത്തലമുള്ള ചിത്രങ്ങളിലും മാപ്പിളപ്പാട്ട് ശൈലിയിലുള്ള ധാരാളം ഗാനങ്ങൾ അദ്ദേഹം ചമച്ചിട്ടുണ്ട്.
താരാട്ടുപാട്ടുകൾ, കഥാഗാനങ്ങൾ ദേശഭക്തിഗാനങ്ങൾ, വിരഹഗാ നങ്ങൾ, ഭക്തിഗാനങ്ങൾ, ഹാസ്യ ഗാനങ്ങൾ എന്നിങ്ങനെ പലവിഭാഗത്തിൽ ഉള്ള ഗാനങ്ങളെ വിസ്തരഭയത്താൽ ഇവിടെ പരാമർശിക്കുന്നില്ല.
“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു”(അച്ഛനും ബാപ്പയും)എന്നു തുടങ്ങുന്ന ഗാനത്തിന് ഗാനരചനയ്ക്കുള്ള ദേശീയ അവാർഡ് (1972) വയലാറിന് ലഭിച്ചു. 1969,1 972, 1974, 1975 എന്നീ വർഷങ്ങളിലെ ഗാനരചനയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹത്തിനായിരുന്നു.
ഭാരതീയ പൈതൃകത്തെയും മാർക്സിയൻ പ്രത്യയശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും കാല്പനികതയുടെ അകമ്പടിയോടെ തന്റെ ഗാനങ്ങളിൽ സമന്വയിപ്പിക്കുകയാണ് വയലാർ ചെയ്തത്. ‘എനിക്കു മരണമില്ല’ എന്ന് ഒരു കവിതയിലൂടെ പ്രഖ്യാപിച്ച കവിയാണ് വയലാർ. ഇനി എത്ര വസന്തങ്ങൾ കഴിഞ്ഞാലും ഈ ഗാനസൗരഭം മലയാളത്തിൽ നിലനിൽക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.