അഖിലേന്ത്യാ യാത്ര തുടങ്ങാനിരിക്കെ വൻ തിരിച്ചടിയായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടു. പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവച്ച് വെള്ളിയാഴ്ച രാവിലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയക്കുകയായിരുന്നു. പുറത്താകലിന് രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു ഗുലാം നബിയുടെ കത്ത്. രാജിവച്ചതിന് പിന്നാലെ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി പ്രഖ്യാപിച്ചു. ഗുലാം നബിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജമ്മുകശ്മീരിലെ അഞ്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടിവിട്ടു.
മുൻ മന്ത്രിയും ജമ്മുകശ്മീർ പിസിസി വൈസ് പ്രസിഡന്റുമായിരുന്ന ഗുലാം മുഹമ്മദ് സറൂരി, മുൻ എംഎൽഎമാരായ ഹാജി അബ്ദുൾ റഷീദ്, മുഹമ്മദ് അമീൻ ഭട്ട്, ചൗധരി അക്രം മുഹമ്മദ്, അനന്തനാഗ് ജില്ലാ പ്രസിഡന്റും മുൻ എംഎൽഎയുമായ ഗുൽസാർ അഹമ്മദ് വാനി എന്നിവരാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഗുലാം നബി പടിയിറങ്ങുന്നത്. കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു.
ഇതിന് പിന്നാലെ നടന്ന എഐസിസി പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. തുടര്‍ന്ന് കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഒതുക്കാനായിരുന്നു സോണിയ‑രാഹുല്‍ പക്ഷത്തിന്റെ നീക്കം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ വന്‍ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ശക്തമായ ചേരിതിരിവ് രൂപപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി കപില്‍ സിബല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നേരത്തെ തന്നെ പാര്‍ട്ടി വിട്ടിരുന്നു. അതേസമയം രാജിക്ക് പിന്നാലെ ആസാദിനെതിരെ കടുത്ത വിമര്‍ശനവുമായി കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ജിഎൻഎയുടെ (ഗുലാം നബി ആസാദ്) ഡിഎൻഎ ‘മോഡി’ ഫൈ ചെയ്യപ്പെട്ടുവെന്ന് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
പക്വതയില്ലാത്ത നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് ഗുലാം നബി ആസാദ് രാജിക്കത്തില്‍ പറയുന്നു. ആ പക്വതയില്ലായ്മയാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സ്വാധീനം കുറയുന്നതിനും തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനും കാരണമെന്നും ഗുലാം നബി കുറ്റപ്പെടുത്തി. രാഹുലിന്റെ സുരക്ഷാ ഭടന്മാരും പിഎയും വരെ പാര്‍ട്ടിയിലെ സുപ്രധാന തീരുമാനങ്ങളെടുക്കുന്നുവെന്നും കത്തില്‍ ആരോപിക്കുന്നു. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ല.
2013 ൽ വൈസ് പ്രസിഡന്റായി നിയമിതനായതോടെ പരിചയമുള്ള നേതാക്കളെയെല്ലാം മാറ്റിനിർത്തി. അനുഭവപരിചയമില്ലാത്ത ഒരു സംഘം പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. 2014 മുതല്‍ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 39 നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് നാണംകെട്ട തോല്‍വികൾ ഏറ്റുവാങ്ങേണ്ടി വന്നു. ഇപ്പോൾ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് അധികാരത്തിലുള്ളതെന്നും മറ്റു രണ്ട് സംസ്ഥാനങ്ങളിൽ ചെറിയ സഖ്യകക്ഷിയായി പ്രവർത്തിക്കുകയാണെന്നും ആസാദ് ചൂണ്ടിക്കാട്ടുന്നു.
English Summary: Mass resignation in Congress
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.