ചന്ദനക്കാട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ മഴപ്പൊലിമ പരിപാടിക്കിടെ വന്ന ഫോൺ വിളികൾക്ക് കാതോർക്കാൻ ഗൗരിക്കായില്ല. ഫോൺ കരയിൽ വെച്ച് വയലിലെ ഉത്സവ തിമിർപ്പിലാണ് മറ്റുള്ളവർക്കൊപ്പം ഗൗരിയും. സുഭാഷ് അറുകരയുടെ നാടൻ പാട്ടിനൊപ്പം വയലിൽ ചുവടുവെക്കുകയാണ് ആബാലവൃദ്ധരും. അല്ലെങ്കിലും ആ പാട്ടുക്കേട്ടാൽ നർത്തനമാടാത്തവർ ആരാണുള്ളത്?
അടച്ചിട്ട ബാഗിൽ നിന്നു നിർത്താതെയുള്ള ഫോൺ കരച്ചിൽ ഉയർന്നപ്പോൾ പഞ്ചായത്തംഗം ഭവാനിയാണ് ഗൗരിയെ വിളിച്ചത്. ഫോൺ എടുക്കുമ്പോഴേക്കും പതിനഞ്ച് മിസ്ഡ് കോൾ വന്നിരുന്നു. ഏതാണ്ട് ഒരു മണിക്കൂറായി ബെല്ലടിക്കാന്‍ തുടങ്ങിയിട്ട്. വീട്ടിൽ നിന്നും മകളാണ്. ഗൗരിക്ക് ആദ്യ ശ്രമത്തിൽ തന്നെ മകളെ കിട്ടി.
” അമ്മേ, കുറേ നേരമായി വിളിക്കുന്നു. വേഗം വീട്ടിലേക്ക് വരൂ…”
കാര്യങ്ങൾ വിശദീകരിക്കാതെ അവൾ ഫോൺ കട്ടാക്കി.
സുഖമില്ലാതെ കിടക്കുന്ന അമ്മക്ക് എന്തെങ്കിലും സംഭവിച്ചോ എന്നതു മാത്രമാണ് സ്ക്കൂട്ടർ പറപ്പിച്ചു വിടുമ്പോഴും ഗൗരിയുടെ ഉള്ളിലുള്ളത്. നാല് മക്കളെ വളർത്താൻ ശരീരത്തിൽ ചേറ് പുതച്ചവളാണമ്മ. അച്ഛൻ ഉപേക്ഷിച്ച മക്കളെ പരുന്തിൽ നിന്നും കാക്കയിൽ നിന്നും, തീയിൽ നിന്നും കാറ്റിൽ നിന്നും സംരക്ഷിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചവൾ. മക്കൾ ഓരോരുത്തരും സുരക്ഷിത താവളങ്ങളിലേക്ക് പറന്നപ്പോൾ ഒറ്റക്കാക്കാൻ മനസു വന്നില്ല. ഹൃദയത്തോട് ചേർത്തു നിർത്തി. കഴിഞ്ഞ കുറേ മാസമായി ശ്വാസംമുട്ടുണ്ട്. ഇടവപ്പാതി കനത്തപ്പോൾ രോഗം നന്നായി ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ടുണ്ട്. ‘അമ്മക്കെന്തെങ്കിലും…’ സ്ക്കൂട്ടർ മുന്നോട്ട് കുതിക്കുമ്പൊഴും ഗൗരിയുടെ മനസ് കുഴഞ്ഞ് മറിഞ്ഞു.
വീട്ടിലേക്കുള്ള വഴിയിൽ നിറയെ ആൾക്കൂട്ടമാണ്. സ്ക്കൂട്ടർ റോഡരികിൽ നിർത്തി ഗൗരി ഓടാൻ തുടങ്ങി.
‘എന്താണ് സംഭവിച്ചത്? ‘-അവളുടെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല.
ഗേറ്റിൽ മകൾക്കൊപ്പം അമ്മയെയും കണ്ടപ്പോൾ മനസിൽ ഇരുൾ മൂടിക്കെട്ടിയ കാർമേഘം പെയ്തൊഴിഞ്ഞു.
മകൾ ഗൗരിക്കരികിലേക്ക് ഓടിയെത്തി.
”അമ്മേ… നമ്മുടെ വീട്.’
മകൾ പറഞ്ഞപ്പോഴാണ് ഗൗരി വീട് നോക്കിയത്. വീടുണ്ടായിടത്ത് ഒരു മൺകൂമ്പാരം മാത്രം. അരികിൽ ഭീമൻ കല്ല് പതിച്ചിട്ടുണ്ട്. അമ്മ വാവിട്ട് നിലവിളിക്കുകയാണ്.
‘അമ്മമ്മയേയും കൂട്ടി ആയുർവ്വേദ ആശുപത്രിയിൽ പോയ നേരത്താണ് സംഭവം. സമീപത്തെ കുന്നിടിഞ്ഞ് കൂറ്റൻ കല്ല് പതിച്ചതാണ്. തലനാരിഴക്ക് രക്ഷപ്പെട്ടു’. മകൾ ദീർഘനിശ്വാസപ്പെട്ടു.
ഗൗരി അമ്മയെ ചേർത്തു പിടിച്ചു.
അമ്മയുടെ നിർബന്ധത്തെ തുടർന്ന് മറ്റ് സഹോദരങ്ങളെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും എന്നത്തേയും പോലെ അവർ പരിധിക്ക് പുറത്തായിരുന്നു.
ദേശീയപാതാ വികസനത്തിനായ് കുന്നിടിക്കുമ്പോൾ തന്നെ ആശങ്ക അറിയിച്ചതാണ്. കുടുംബശ്രീയുടെ ജീവനാഡിയായി പ്രവർത്തിക്കുമ്പോൾ വികസന വിരോധിയാകാതിരിക്കാൻ പ്രത്യക്ഷത്തിൽ സമരത്തിനിറങ്ങിയില്ല. എങ്കിലും പരമാവധി ആളുകളോട് ഗൗരി തന്റെ ആശങ്ക പങ്കുവെച്ചു.
കുന്നിടിച്ചാൽ കനത്ത മഴയിൽ മണ്ണിടിയുമെന്ന ചിന്ത മണ്ണുമാന്തിയന്ത്രങ്ങൾക്കുണ്ടായില്ല. അവ കുന്നിനെ ആക്രാന്തത്തോടെ വിഴുങ്ങാൻ ശ്രമിച്ചു. ആകാശ വിടവിലൂടെ കുത്തിയൊലിച്ചിറങ്ങുന്ന മഴയിൽ കുന്നിൽ നിന്നും മണ്ണിടിച്ചിൽ തുടർന്നു. പലരും വീടുവിട്ട് ബന്ധുവീടുകളിൽ അഭയം തേടി. ഉറ്റവർ വാതിലുകൾ കൊട്ടിയടച്ചതിനാൽ ഗൗരിക്ക് അമ്മയേയും കൊണ്ട് അവിടം വിടാനായില്ല.
പത്രക്കാരും ടിവിക്കാരും ഫോട്ടോയും പ്രതികരണങ്ങളും എടുത്ത് മറഞ്ഞു. സങ്കടത്തിൽ പങ്കുചേരാനെത്തിയവരെല്ലാം മഴ കനത്തപ്പോൾ അവിടം വിട്ടു. ആ ശ്മശാന ഭൂമിയിൽ നിന്നും അമ്മയേയും മകളെയും ചേർത്ത് പിടിച്ച് ഗൗരി നടക്കാൻ തുടങ്ങി.
ഗേറ്റിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മഴപ്പൊലിമ കഴിഞ്ഞെത്തിയ കുടുംബശ്രീ പ്രവർത്തകരെല്ലാമുണ്ട്.
പഞ്ചായത്ത് പ്രസിഡണ്ട് താക്കോൽക്കൂട്ടം ഗൗരിയെ ഏല്പിച്ചു.
”മഴപ്പൊലിമ പരിപാടിക്കിടെ നീ പോയപ്പോഴാണ് ഞങ്ങൾ സംഭവം അറിഞ്ഞത്. പരിപാടി അവസാനിപ്പിച്ച് നിന്നെ സാന്ത്വനിപ്പിക്കാൻ വരികയല്ല ഞങ്ങൾ ചെയ്തത്. പകരം നിനക്കും കുടുംബത്തിനും താമസിക്കാൻ അടച്ചുറപ്പുള്ള ഒരു വീട് അന്വേഷിക്കുകയായിരുന്നു. ഇപ്പോഴാണ് കിട്ടിയത്. വിഷമിക്കാതെ ആ വീട്ടിലേക്ക് നടന്നോളൂ. അത്യാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും ആ വീട്ടിൽ ഒരുക്കിയിട്ടുണ്ട്.” പ്രസിഡണ്ട് ഇത്രയും പറഞ്ഞപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു.
കുടുംബശ്രീയുടെ തണൽ അവളിലെ ചൂടിനെ കുളിരണിയിച്ചു. അകലെ വയലിൽ നിന്നുമുള്ള ഞാറ്റുപാട്ടിന്റെ താളം അവിടെയാകെ ഒഴുകിപ്പരന്നു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.