കലാപം ശമിക്കാത്ത മണിപ്പൂരില്‍ നിന്ന് ഏകപക്ഷീയ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ്. കലാപം സംബന്ധിച്ച് മണിപ്പൂരി മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒരുവിഭാഗത്തെ മാത്രം പിന്തുണയ്ക്കുന്നതായും എഡിറ്റേഴ്സ് ഗില്‍ഡ് വസ്തുതാ പരിശോധന സമിതി റിപ്പോര്‍ട്ട്. കലാപം ആരംഭിച്ച നാള്‍ മുതലുള്ള ഇന്റര്‍നെറ്റ് നിരോധനം മൂലം സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുവരുന്നില്ലെന്നും മൂന്നംഗ സമിതി റിപ്പോര്‍ട്ട് ചെയ്യുന്നു.
മാധ്യമവാര്‍ത്തകള്‍ പരിശോധിക്കാനും വ്യാജവാര്‍ത്തകളും ഏകപക്ഷീയ വാര്‍ത്തകളും തിരിച്ചറിയാനും കലാപം തടസം സൃഷ്ടിക്കുന്നതാണ് സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുവരുന്നതിന് വിഘാതമായത്. സാധാരണ നിലയില്‍ ബ്യൂറോ ചീഫുമാരും എഡിറ്റര്‍മാരും പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും വാര്‍ത്തകള്‍ വിലയിരുത്താറുണ്ട്. കലാപം രൂക്ഷമായ സാഹചര്യത്തില്‍ ഇത് നടക്കുന്നില്ല.
പ്രാദേശിക തലത്തില്‍ വരുന്ന വാര്‍ത്തകള്‍ നിറംപിടിപ്പിച്ചതും ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിക്കുന്നതുമാണ്. തലസ്ഥാനമായ ഇംഫാലില്‍ നിന്നുള്ള മാധ്യമങ്ങള്‍ മെയ്തി അനുകൂല വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കുന്നതായും എഡിറ്റേഴ്സ് ഗില്‍ഡ് ചൂണ്ടിക്കാട്ടുന്നു.
കുക്കി ഭൂരിപക്ഷ മേഖലയായ ചൂരാചന്ദ്പൂ, കാങ്പോക്പി, തെങ്ണോപാല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മേയ് മൂന്നു മുതല്‍ ഇംഫാലില്‍ നിന്നുള്ള മാധ്യമങ്ങള്‍ തമസ്കരിച്ചു.
ഇംഫാലില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ജനങ്ങളോട് പ്രതികരിക്കുന്നതിന് പകരം ഫോണ്‍ സ്വിച്ച് ഓഫാക്കി വച്ചതായി തെളിവെടുപ്പിനിടെ ജനങ്ങള്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കലാപത്തിന് ആക്കം നല്‍കുന്ന വിധത്തിലുള്ള വ്യാജ വാര്‍ത്തകള്‍ നല്‍കിയ പത്തോളം സംഭവങ്ങള്‍ സമിതി കണ്ടെത്തി. വംശീയ വേര്‍തിരിവ് ശക്തമാക്കുന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു പലതും.
ഇംഫാലില്‍ നിന്നുള്ള വാര്‍ത്തകള്‍ അസം റൈഫിള്‍സ് സൂക്ഷ്മ പരിശോധന നടത്തണമെന്നും നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനം സാധ്യമാക്കേണ്ട സ്വതന്ത്ര മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് വസ്തുതാ പരിശോധന സമിതി ആവശ്യപ്പെട്ടു.
English Summary: Media is becoming one-sided: Editors Guild
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.