23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 2, 2024
November 25, 2024
October 11, 2024
October 6, 2024
October 4, 2024
September 27, 2024
September 27, 2024
September 27, 2024
September 26, 2024
September 12, 2024

മരുന്നുവില കൊള്ള; ലാഭം 1000 ശതമാനം വരെ

Janayugom Webdesk
ന്യൂഡൽഹി
May 20, 2022 10:40 pm

ജീവൻരക്ഷയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകളുടെ വിലയിൽ കമ്പനികൾ നടത്തുന്നത് തീവെട്ടിക്കൊള്ള. പലമരുന്നുകൾക്കും ഉല്പാദനച്ചെലവിന്റെ 1000 ശതമാനം അഥവാ 20 മടങ്ങ് വരെ ലാഭം ഈടാക്കുന്നു. വില കൂടുന്നതനുസരിച്ച് ലാഭശതമാനവും കൂട്ടുന്ന വിചിത്രരീതിയാണ് മരുന്നുവിപണിയിലുള്ളതെന്ന് രാജ്യത്തെ മരുന്നുവില നിരീക്ഷിക്കുന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി തന്നെ റിപ്പോർട്ട് ചെയ്യുന്നു. എൻപിപിഎ വിശകലനമനുസരിച്ച് ഒരു മരുന്നിന്റെ വിലയ്ക്കൊപ്പം വ്യാപാരിയുടെ ലാഭവും കുത്തനെ ഉയരുന്നു. ഒരു ഗുളികയ്ക്ക് രണ്ടു രൂപ വരെയാണ് വിലയെങ്കില്‍ ലാഭം 50 ശതമാനം വരെയാണ്. വില 15 നും 25 രൂപയ്ക്കും ഇടയിലാണെങ്കിൽ ലാഭം 40 ശതമാനമാകുന്നു. എന്നാൽ 50–100 രൂപ വിലയുള്ളവയില്‍ 500 ശതമാനം വരെ ലാഭം ഈടാക്കുന്ന കമ്പനികളുണ്ട്.

ഈ ഗണത്തിലെ 2.97 ശതമാനം മരുന്നുകൾക്ക് 50 മുതൽ 100 ശതമാനം വരെയാണ് ലാഭം. 1.25 ശതമാനം എണ്ണത്തിന് 200 ശതമാനം വരെയും 2.41 ശതമാനം മരുന്നുകൾക്ക് 500 ശതമാനം ലാഭവും ഈടാക്കുന്നതായാണ് കണക്ക്. 100 രൂപയിൽ കൂടുതൽ വിലയുള്ള മരുന്നുകളിലാണ് 1000 ശതമാനം വരെ ലാഭം പിഴിയുന്നത്. കമ്പനികളുടെ കണക്കിൽ ഇവ ഏറ്റവും ചെലവേറിയ വിഭാഗമാണ്. ഇതിലെ എട്ടു ശതമാനത്തിന് 200 മുതൽ 500 ശതമാനം വരെ ലാഭം ഈടാക്കുമ്പോൾ 2.7 ശതമാനം മരുന്നുകൾക്ക് 500‑1000 ശതമാനം വരെയാണിത്. 1.48 ശതമാനത്തിന്റെ ലാഭം 1000 ശതമാനത്തിലധികമാണെന്നും എൻപിപിഎ പറയുന്നു.

എന്നാൽ മരുന്നു കമ്പനികളുമായി ചർച്ചചെയ്യുകയല്ലാതെ വിലകുറയ്ക്കുന്നതിനായി കർശന നടപടിയെടുക്കാൻ കേന്ദ്ര ഏജൻസി തയാറാകുന്നില്ല. 1.6 ലക്ഷം കോടിയുടെ മരുന്ന് വിപണിയാണ് ഇന്ത്യയിലേത്. ഇതിൽ നോൺ‑ഷെഡ്യൂൾഡ് മരുന്നുകളുടെ വിറ്റുവരവ് 1.37 ലക്ഷം കോടിയിലധികമാണ്. മൊത്തം വിറ്റുവരവിന്റെ 81 ശതമാനം ആണിത്. സർക്കാരിന്റെ വില നിയന്ത്രണ സംവിധാനത്തിന് കീഴിൽ വരാത്തവയാണ് നോൺ‑ഷെഡ്യൂൾഡ് മരുന്നുകൾ. ഈ വിഭാഗം മരുന്നു വ്യാപാരികളുടെ ലാഭം യുക്തിസഹമാക്കുന്നതിനായി എൻപിപിഎ പ്രതിനിധികൾ ഇന്നലെ ഫാർമ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി.

ലാഭപരിധി പരിധി നിശ്ചയിച്ച് വില നിയന്ത്രിക്കുന്നതിനുള്ള ട്രേഡ് മാർജിൻ റാഷനലൈസേഷൻ രീതി നടപ്പാക്കുന്നതിനെ കുറിച്ചായിരുന്നു ചർച്ചയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. നിർമ്മാതാക്കൾ വില്പന നടത്തുന്ന വിലയും പരമാവധി റീട്ടെയിൽ വിലയും തമ്മിലുള്ള വ്യത്യാസമാണ് ട്രേഡ് മാർജിൻ. 2013 ലാണ് ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് റെഗുലേറ്ററി അതോറിറ്റി രാജ്യത്തെ ഷെഡ്യൂൾഡ് മരുന്നുകളുടെ വില നിശ്ചയിക്കുന്ന രീതി നിലവില്‍ വന്നത്. എല്ലാ വർഷവും മാർച്ചിൽ മൊത്തവ്യാപാര സൂചിക നോക്കിയാണ് വില വർധന നടപ്പിലാക്കുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലെ വ്യവസായ, ആഭ്യന്തരവ്യാപാര പ്രചാരണവകുപ്പിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവിന്റെ ഓഫീസാണ്​ മൊത്തവില സൂചിക വിവരത്തിന്റെ അടിസ്ഥാനത്തിൽ മരുന്നുകളുടെ വില വർധിപ്പിക്കാൻ തീരുമാനിക്കുന്നത്.

കഴിഞ്ഞമാസം കേന്ദ്രം വില കൂട്ടി

നിത്യോപയോഗ മരുന്നുകളുടെ വില പത്തു ശതമാനത്തിലേറെ വർധിപ്പിക്കാൻ ഒരുമാസം മുമ്പാണ് കേന്ദ്രസര്‍ക്കാർ കമ്പനികൾക്ക് അനുമതി നല്കിയത്. ഏപ്രിൽ ഒന്നു മുതൽ 800 മരുന്നുകളുടെ വിലയാണ്​ ഒറ്റയടിക്കു കൂട്ടിയത്​. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിൽപ്പെടുത്തി വില നിയന്ത്രണാധികാരം സർക്കാരിൽ നിക്ഷിപ്​തമാക്കിയ മരുന്നുകൾക്കാണ്​ 10 ശതമാനത്തിലേറെ വില കൂട്ടാൻ എൻപിപിഎ അനുവദിച്ചത്​. പാരാസെറ്റാമോൾ, അസിത്രോമൈസിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, അണുസംക്രമണവിരോധികൾ, ഹൃദ്രോഗ, ഇഎൻടി മരുന്നുകൾ, ആന്റിസെപ്​റ്റിക്കുകൾ തുടങ്ങി സർവസാധാരണമായി ഉപയോഗിക്കുന്ന ഏതാണ്ടെല്ലാ മരുന്നുകള്‍ക്കും വില കൂടി.

Eng­lish sum­ma­ry; med­i­cine price rob­bery; Prof­it up to 1000%

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.