23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

മിഹിറിന്റെ മരണം: മാതാപിതാക്കളുടെയും, സ്ക്കൂള്‍ അധികൃതരുടെയും മൊഴിയെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍

Janayugom Webdesk
കൊച്ചി
February 3, 2025 12:39 pm

സ്വന്തം താമസസ്ഥലത്തെ ഫ്ളാറ്റ് സമുച്ചയത്തിന്റെ ഇരുപത്തിആറാം നിലയില്‍നിന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മൊഴിയെടുപ്പ് ആരംഭിച്ചു.കാക്കനാട് കളക്ടറേറ്റില്‍ വച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ് മിഹിറിന്റെ മാതാപിതാക്കളുടെയും ഗ്ലോബല്‍ സ്ക്കൂള്‍ അധികൃതരുടെയും മൊഴിയെടുക്കുന്നത്.

മഹിർ മുൻപ് പഠിച്ചിരുന്ന ജെംസ് സ്കൂൾ അധികൃതരിൽ നിന്നും മൊഴി രേഖപ്പെടുത്തും. കേസ് അന്വേഷിക്കുന്ന ഹിൽ പാലസ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മിഹിറിന്റെ മാതാപിതാക്കളിൽ നിന്ന് വിശദവിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.ഹില്‍പ്പാലസ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എഎല്‍ യേശുദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം ജെംസ് സ്കൂൾ വൈസ് പ്രിന്‍സിപ്പലിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലില്‍ നിന്നു മിഹിറിന് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാതാവ് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. പിന്നാലെ ജെംസ് സ്കൂൾ വൈസ് പ്രിൻസിപ്പളിനെ കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡും ചെയ്തിരുന്നു. സ്കൂൾ അധികൃതരുടേയും സഹപാഠികളുടേയും മൊഴി രേഖപ്പെടുത്തിയ പൊലീസ് മിഹിറിന്റെ മരണത്തിന് പിന്നാലെ പ്രത്യക്ഷപ്പെട്ട ജസ്റ്റിസ് ഫോർ മിഹിർഎന്ന പേരിൽ ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റുകൾ പരിശോധിക്കും.

മിഹിറിന്റെ ചില സുഹൃത്തുക്കൾ തുടങ്ങിയതാണ് ഈ പേജെന്നാണ് മാതാവിന്റെ പരാതിയിലുള്ളത്. ഇതിലെ ചാറ്റുകളിൽ നിന്നാണ് മിഹിറിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഇതിലെ ചില സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകളും കുടുംബം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജ് പിന്നീട് അപ്രത്യക്ഷമായി. ഈ പേജിൽ നിന്ന് ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവിൽ പോലീസ്. ഇതിനായി ഇൻസ്റ്റഗ്രാമിന് പോലീസ് കത്തയച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാകും.

ഈ ഗ്രൂപ്പ് തുടങ്ങിയത് ആരാണെന്നുള്ള സൂചന ലഭിച്ചുവെന്നാണ് വിവരം. ഇക്കഴിഞ്ഞ ജനുവരി പതിനഞ്ചിനാണ് താമസിക്കുന്ന ഫ്ലാറ്റിന്റെ ഇരുപത്തിയാറാം നിലയിൽ നിന്നും ചാടി മിഹിർ ആത്മഹത്യ ചെയ്യുന്നത്.മകൻ സ്കൂളിൽ നിന്നും സഹപാഠികളിൽ നിന്നും നേരിട്ട ക്രൂര പീഡനങ്ങൾ വ്യക്തമാക്കി മിഹിറിന്റെ അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിശദമായ പരാതി സമർപ്പിച്ചിരുന്നു. മിഹിറിന്റെ മരണ ശേഷം ഉണ്ടാക്കിയ ഇൻസ്റ്റാഗ്രാം ഗ്രൂപ്പിലൂടെ സഹപാഠികൾ ചാറ്റിലൂടെ സംസാരിച്ച കാര്യങ്ങളുടെ ‍ഡിജിറ്റൽ തെളിവുകൾ ഉൾപ്പടെയാണ് പരാതി സമർപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.