26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
October 3, 2024
August 27, 2024
August 8, 2024
September 6, 2023
August 30, 2023
August 23, 2023
June 21, 2023
April 19, 2023
April 18, 2023

മില്‍മയുടെ ആയുര്‍വേദ വെറ്ററിനറി മരുന്നുകള്‍ വിപണിയിലിറക്കി

Janayugom Webdesk
പാലക്കാട്
June 6, 2022 9:23 pm

മലബാര്‍ മില്‍മയുടെ ആയുര്‍വേദ വെറ്ററിനറി മരുന്നുകള്‍ വിപണിയില്‍. പാലക്കാട് ശ്രീ പാര്‍വതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മൃഗ സംരക്ഷണ ‑ക്ഷീര വികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി മരുന്നുകള്‍ വിപണിയിലിറക്കി. മലബാര്‍ മില്‍മ തയ്യാറാക്കിയ ക്ഷീര കര്‍ഷക പഠനറിപ്പോര്‍ട്ടിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മില്‍മ ചെയര്‍മാന്‍ കെഎസ് മണി അദ്ധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷക ഇന്‍ഷ്വറന്‍സ് ധനസഹായ വിതരണം എ പ്രഭാകരന്‍ എംഎല്‍എ നിര്‍വഹിച്ചു.

അകിടു വീക്കം, പനി, വയറിളക്കം, മുലകാമ്പിലെ ചര്‍മ രോഗം, മുറിവുകളുടെ ഉണക്കം, ഈച്ച- ചെള്ളു ശല്യം, ദഹനക്കേട്, പാലുത്പാദന വര്‍ദ്ധനവ് എന്നിവയ്ക്കുള്ള എട്ടു വിധം മരുന്നുകളാണ് ഇപ്പോള്‍ വിപണിയിലിറക്കിയിരിക്കുന്നത്. കേരള ആയുര്‍വ്വേദിക് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുമായി സഹകരിച്ച് മില്‍മ വികസിപ്പിച്ചെടുത്ത ആയുര്‍വ്വേദ വെറ്ററിനറി മരുന്നുകളുടെ വിപണനം നടത്തുന്നത് മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്മെന്റ് ഫൗണ്ടേഷന്‍ (എംആര്‍ഡിഎഫ്) മുഖേനയാണ്.

നിലവില്‍ കന്നുകാലി ചികിത്സക്കുള്ള അലോപ്പതി മരുന്നുകള്‍ക്ക് ഭാരിച്ച ചിലവാണ്. തീറ്റ ചെലവ് കഴിഞ്ഞാല്‍ ഏറ്റവുമധികം തുക ക്ഷീര കര്‍ഷകര്‍ ചിലവാക്കേണ്ടി വരുന്നത് കറവമാടുകളുടെ ചികിത്സക്കാണ്. അലോപ്പതി ചികിത്സ നല്‍കുന്ന പശുക്കളുടെ ഉത്പാദന ക്ഷമത കുറയുകയും ആന്റി ബയോട്ടിക് മരുന്നുകളുടെ അംശം കലര്‍ന്ന് പാല്‍ ഉപയോഗ ശൂന്യമാകുകയും ചെയ്യുന്നു. ഇതിനെല്ലാം പരിഹാരമായാണ് മില്‍മ ആയുര്‍വേദ മരുന്നുകള്‍ വികസിപ്പിച്ചെടുത്തത്. മൂന്നു വര്‍ഷമായി മലബാറില്‍ മില്‍മ നടത്തിയ പഠനങ്ങളില്‍ അകിടുവീക്കമുള്‍പ്പെടെയുള്ള എല്ലാ അസുഖങ്ങള്‍ക്കും വികസിപ്പിച്ചെടുത്ത ആയുര്‍വ്വേദ മരുന്നുകള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കുറഞ്ഞ വിലയക്ക് മരുന്നുകള്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. കന്നു കാലികള്‍ക്കുള്ള തീറ്റ വസ്തുക്കള്‍ സബ്സിഡി നല്‍കി കുറഞ്ഞ നിരക്കില്‍ നിലവില്‍ മില്‍മ ലഭ്യമാക്കുന്നുണ്ട്. അസുഖങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ കൂടി കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതോടെ ക്ഷീര കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകുമെന്നും കെ എസ് മണി പറഞ്ഞു.

മലബാര്‍ മില്‍മ കേരള വെറ്ററിനറി ആന്റ് ആനിമല്‍സയന്‍സ് സര്‍വകലാശാലയുടെ സാങ്കേതിക സഹായത്തോടെ മലബാര്‍ മേഖലയിലെ 1200ല്‍പരം ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കുന്ന ഒരു ലക്ഷത്തോളം കര്‍ഷകരുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ട് തയ്യാറാക്കിയ സമഗ്ര പഠന റിപ്പോര്‍ട്ടാണ് ‘ആന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓണ്‍ ദി സോഷ്യോ എക്കണോമിക് പ്രൊഫൈല്‍ ഓഫ് ഡയറി ഫാര്‍മേഴ്‌സ് ഓഫ് മലബാര്‍ റീജിയണ്‍ ( An Inves­ti­ga­tion on the socio- Ecnom­ic pro­file of dairy farm­ers of mal­abar region). പാലുത്പാദനം, പാല്‍ വിപണനം, പച്ചപ്പുല്‍കൃഷി, കാലിത്തൊഴുത്ത്, മൃഗ ചികിത്സ, ക്രിത്രിമ ബീജദാനം, ചാണക സംസ്‌കരണം, ഫാം യന്ത്രവത്ക്കരണം തുടങ്ങി ക്ഷീര കര്‍ഷകനുമായി ബന്ധപ്പെട്ട മുപ്പതോളം വിവരങ്ങള്‍ രേഖപ്പെടുത്തി തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Mil­ma launch­es Ayurvedic vet­eri­nary medicines

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.