19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 30, 2024
November 3, 2024
October 22, 2024
October 18, 2024
October 16, 2024
October 12, 2024
October 5, 2024
October 4, 2024
September 28, 2024
September 24, 2024

സമഗ്ര ശാക്തീകരണത്തിന്റെ കാൽനൂറ്റാണ്ട്

എം ബി രാജേഷ് 
തിരുവനന്തപുരം
May 17, 2023 4:30 am

സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിച്ച കുടുംബശ്രീ ഇന്ന് രജതജൂബിലി ആഘോഷിക്കുകയാണ്. 2022 മേയ് 17ന് തുടക്കം കുറിച്ച ഒരു വർഷം നീണ്ട ആഘോഷങ്ങളുടെ അർത്ഥപൂർണമായ പരിസമാപ്തി. പെൺകരുത്തിൽ പടുത്തുയർത്തിയ സമാനതകളില്ലാത്ത വികസന ചരിത്രമാണ് കുടുംബശ്രീയുടേത്. കേരളത്തിന്റെ ഭൂമികയിലേക്ക് അത്രമേൽ ആഴത്തിൽ വേരോട്ടം സാധ്യമായ ഒരേയൊരു പ്രസ്ഥാനമാണ് ഈ സ്ത്രീക്കൂട്ടായ്മ. മൂന്നു ലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകൾ അംഗങ്ങളായ ഈ ത്രിതല സംഘടനാ സംവിധാനം ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീക്കൂട്ടായ്മയെന്ന ഖ്യാതി സ്വന്തമാക്കി കഴിഞ്ഞു. ദാരിദ്ര്യം ഇല്ലായ്മ ചെയ്തു കൊണ്ട് സ്ത്രീശാക്തീകരണം സാധ്യമാക്കുകയെന്ന വലിയ ലക്ഷ്യം മുൻനിർത്തിയാണ് 1998 മേയ് 17ന് കുടുംബശ്രീ രൂപീകൃതമായത്. ഈ സ്ത്രീപക്ഷ പ്രസ്ഥാനത്തിന് കേരളത്തിൽ തുടക്കം കുറിക്കാൻ കഴിഞ്ഞത് അതിനനുയോജ്യമായ രാഷ്ട്രീയ, സാമൂഹ്യ അടിത്തറ നിലവിലുള്ളതുകൊണ്ടാണ്.

1957ലെ ഇഎംഎസ് സർക്കാരിന്റെ വികസന നയങ്ങൾ അതിൽ നിർണായകമാണ്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് ഇന്ന് കേരളം. ഈ മികവിന് ഇടതുപക്ഷ സര്‍ക്കാരുകൾ വലിയ സംഭാവനകൾ നല്കിയിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ മാറ്റിമറിച്ച പരിഷ്കാരങ്ങൾക്ക് രൂപം നല്കിയ ഇടതുപക്ഷം തന്നെയാണ് ജനകീയാസൂത്രണത്തിനു തുടർച്ചയായി കുടുംബശ്രീ പ്രസ്ഥാനത്തിനും നാന്ദി കുറിച്ചത്. അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ കഴിഞ്ഞിരുന്ന സ്ത്രീകൾക്ക് സ്വന്തമായി തൊഴിലും വരുമാനവും കണ്ടെത്താനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനും അതിലൂടെ ദാരിദ്ര്യത്തെ ലഘൂകരിക്കാനും പ്രാപ്തരാക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തത്. അയൽക്കൂട്ടങ്ങളിൽ സൂക്ഷ്മസമ്പാദ്യം പ്രോത്സാഹിപ്പിക്കുകയും അതിൽ നിന്നും തങ്ങളുടെ ആവശ്യങ്ങൾക്കായി വായ്പ ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ വീട്ടുമുറ്റത്തെ ബാങ്കായി അയൽക്കൂട്ടങ്ങൾ മാറിയിരിക്കുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൈക്രോ ഫിനാൻസ് പദ്ധതിയുടെ ഭാഗമായി നിലവിൽ 8029.47 കോടി രൂപയുടെ നിക്ഷേപമാണ് അയൽക്കൂട്ടങ്ങളുടേതായി സംസ്ഥാനത്തെ വിവിധ ബാങ്കുകളിലുള്ളത്.

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, സ്റ്റേറ്റ് ഇൻഷുറന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ചു കൊണ്ട് ‘ജീവൻ ദീപം ഒരുമ’ ഇൻഷുറൻസ് പദ്ധതിയിലൂടെ 11.31 ലക്ഷം അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. കൂട്ടായ പരിശ്രമങ്ങളും ചിട്ടയോടെയുള്ള പ്രവർത്തനങ്ങളും ഇതിന് കരുത്തു പകരുന്നു. കുടുംബശ്രീ മുഖേന സംസ്ഥാനമൊട്ടാകെ 1,08,464 സൂക്ഷ്മസംരംഭങ്ങൾ പ്രവർത്തിക്കുന്നു. രണ്ടു ലക്ഷത്തോളം വനിതകൾ ഇതിൽ അംഗങ്ങളാണ്. ഉല്പാദന സേവന മേഖലകളിൽ വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങൾ കണ്ടെത്തുന്നതിനും സുസ്ഥിര വരുമാന ലഭ്യത ഉറപ്പുവരുത്തുന്നതിനും അതുവഴി പ്രാദേശിക സാമ്പത്തിക വികസന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിലും കുടുംബശ്രീ വലിയ പങ്കുവഹിക്കുന്നുണ്ട്. വിവിധ തൊഴിൽനൈപുണ്യപരിശീലന പദ്ധതികളുടെ ഭാഗമായി 96,864 പേർക്ക് തൊഴിൽ നൈപുണ്യപരിശീലനം ലഭ്യമാക്കുന്നതിനും 72,412 പേർക്ക് തൊഴിൽ നേടിക്കൊടുക്കാനും കഴിഞ്ഞു. അയൽക്കൂട്ട വനിതകളുടെ ഭൗതിക ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറ്റവും നിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളത് സൂക്ഷ്മസംരംഭ മേഖലയിലെ പ്രവർത്തനങ്ങളാണെന്ന് പറയാം. സ്വയംതൊഴിൽ മേഖലയിലേക്ക് കടന്നു വരുന്ന വനിതകൾക്ക് കഴിവിനും അഭിരുചിക്കും നൈപുണ്യത്തിനും അനുസൃതമായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സാമ്പത്തിക സഹായം, പൊതുഅവബോധം, സംരംഭകത്വ വികസനം, നൈപുണ്യ വികസനം എന്നിവയിൽ മികച്ച പരിശീലനവും സംരംഭകത്വ കൺസൾട്ടൻസി, പരിശീലന ഏജൻസികൾ എന്നിവയുടെ പിന്തുണയും നല്കുന്നു.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും വിപണി സ്വഭാവത്തിലെ മാറ്റങ്ങൾക്കും അനുസൃതമായി സൂക്ഷ്മസംരംഭ മേഖലയെ നവീകരിക്കുന്നതിനും വൈവിധ്യമാർന്ന സംരംഭങ്ങൾ തുടങ്ങുന്നതിനും കുടുംബശ്രീ പ്രത്യേക ഊന്നൽ നല്കുന്നു. ഭക്ഷ്യോല്പാദനത്തിനൊപ്പം, കൂടുതൽ തൊഴിൽ വൈദഗ്ധ്യവും സാങ്കേതിക മികവും മുതൽമുടക്കും ആവശ്യമായി വരുന്ന നൂതന സംരംഭ മേഖലകളിലും സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു. ഉല്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണിയും സംരംഭകർക്ക് വരുമാന ലഭ്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒഎൻഡിസി ഡിജിറ്റൽ പ്ലാറ്റ്ഫോം അടക്കമുള്ള ഓൺലൈൻ വ്യാപാര രംഗത്തേക്കും കടന്നു കഴിഞ്ഞു. ഈ രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. കുടുംബശ്രീ ബസാർ ഡോട്ട്കോം (kudum­bashree­bazaar. com), ആമസോൺ സഹേലി, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ ഉല്പന്ന വിപണനം ഊർജിതപ്പെടുത്തുന്നു. ദേശീയ സരസ് മേളകൾ, ഓണം, റംസാൻ, വിഷു, ക്രിസ്മസ് വിപണികളിലും കുടുംബശ്രീ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ കുടുംബശ്രീയുടെ മുന്തിയ ഇനം ഉല്പന്നങ്ങൾ വിൽക്കുന്ന സിഗ്നേച്ചർ സ്റ്റോർ ആധുനികതയുടെ മുഖമുദ്രയുള്ളതാണ്. കൊച്ചി റെയിൽ മെട്രോയുടെ 24 സ്റ്റേഷനുകളിലും ജോലി ചെയ്യുന്നത് കുടുംബശ്രീ വനിതകളാണ്. നിലവിൽ 555 പേരാണ് ഇവിടെയുള്ളത്. കുടുംബശ്രീയുടെ കീഴിലുള്ള ഫെസിലിറ്റി മാനേജ്മെന്റ് സെന്റർ മുഖേനയാണ് ഇവരുടെ നിയമനവും മേൽനോട്ടവും.

കൊച്ചി വാട്ടർ മെട്രോയിലും തിളങ്ങുന്നത് കുടുംബശ്രീയുടെ പെൺകരുത്താണ്. ഹൗസ് കീപ്പിങ്, ടിക്കറ്റിങ് എന്നീ ജോലികൾക്കായി നിയോഗിച്ചിട്ടുള്ള മുപ്പത് പേരും കുടുംബശ്രീ വനിതകൾ തന്നെ. ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ കാർഷിക മേഖലയിൽ നടപ്പാക്കുന്ന പ്രത്യേക ഉപജീവന പദ്ധതിയിൽ 73,168 കർഷക സംഘങ്ങളും 3,31,207 വനിതാ അംഗങ്ങളുമുണ്ട്. മൃഗസംരക്ഷണമേഖലയിൽ ആട് ഗ്രാമം, ക്ഷീരസാഗരം, കേരള ചിക്കൻ പദ്ധതികൾ വഴിയും സാധാരണക്കാരായ സ്ത്രീകൾ വരുമാനം നേടാനും സ്വന്തം കാലിൽ നിൽക്കാനും പ്രാപ്തരാകുന്നു. തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന അഗതിരഹിത കേരളം പദ്ധതി 1,57,382 അഗതി കുടുംബങ്ങൾക്ക് താങ്ങും തണലുമാകുന്നു. 11,092 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 330 ബഡ്സ് സ്ഥാപനങ്ങളിൽ പരിശീലനം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു. 28,528 ബാലസഭകളിൽ അംഗങ്ങളായ 4,26,509 കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക ശാക്തീകരണത്തിനും വികസന പ്രക്രിയയിൽ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളും നടക്കുന്നു. പട്ടികവർഗ മേഖലയില്‍ പത്തോളം പ്രത്യേക പദ്ധതികളാണ് നടപ്പാക്കുന്നത്.

7,135 പട്ടികവർഗ അയൽക്കൂട്ടങ്ങളും 1.2 ലക്ഷത്തിലേറെ അംഗങ്ങളുമുണ്ട്. അയൽക്കൂട്ടങ്ങൾ, ഊരുസമിതികൾ, പഞ്ചായത്ത് സമിതികൾ എന്നിവ മുഖേനയാണ് ഈ മേഖലയിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ. തീരദേശ മേഖലയിലെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് കോസ്റ്റൽ വോളണ്ടിയർമാർ മുഖേന അയൽക്കൂട്ട രൂപീകരണവും സംരംഭകത്വ രൂപീകരണവും നടന്നു വരുന്നു. കാസർകോട് കന്നഡ മേഖലയിലെ വനിതകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടു കൊണ്ട് ‘കന്നഡ സ്പെഷ്യൽ പ്രോജക്ട്’ എന്ന പ്രത്യേക പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു. അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി 14 ജില്ലകളിലും അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്ക്, പ്രാദേശിക തലത്തിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി 19,326 വിജിലന്റ് ഗ്രൂപ്പുകൾ, 803 ജെൻഡർ റിസോഴ്സ് സെന്ററുകൾ, 140 മാതൃകാ ജെൻഡർ റിസോഴ്സ് സെന്ററുകൾ, 304 സ്കൂളുകളിലും 70 കോളജുകളിലും ജെൻഡർ ക്ലബ്ബുകൾ, 360 കമ്മ്യൂണിറ്റി കൗൺസിലർമാർ എന്നിവ ഉൾപ്പെടെ വളരെ വിപുലമായ സംവിധാനങ്ങൾ നടപ്പാക്കുന്നുണ്ട്. നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ മുഖേന ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും കുടുംബശ്രീ മാതൃക നടപ്പാക്കിക്കൊണ്ട് അവിടുത്ത ദരിദ്ര വനിതകൾക്കും അവരുടെ കുടുംബങ്ങൾക്കും അഭയകേന്ദ്രമാവുകയാണ് കുടുംബശ്രീ.

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന, സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം, ദേശീയ നഗര ഉപജീവന ദൗത്യം, പ്രധാനമന്ത്രി ആവാസ് യോജന എന്നീ പദ്ധതികളുടെ സംസ്ഥാന നോഡൽ ഏജൻസിയും കുടുംബശ്രീയാണ്. എൻയുഎൽഎം പദ്ധതി നടത്തിപ്പിലെ മികവിന് ദേശീയ സ്പാർക്ക് റാങ്കിങ്ങിൽ തുടർച്ചയായി ആറാം തവണയും പുരസ്കാരം നേടാൻ കുടുംബശ്രീക്കായി. പ്രതിസന്ധിഘട്ടങ്ങളിൽ സഹജീവികൾക്ക് താങ്ങും തണലുമാകാനും കുടുംബശ്രീ ഒപ്പമുണ്ടെന്നു തെളിയിച്ച അവസരങ്ങളായിരുന്നു 2018ലും 2019ലും കേരളത്തെയുലച്ച പ്രളയവും അതിനു ശേഷം വന്ന കോവിഡ് മഹാമാരിയും. പ്രളയക്കെടുതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി രൂപ സംഭാവന ചെയ്തു. കോവിഡ് കാലത്ത് ജനകീയ ഹോട്ടൽ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കി. സ്ത്രീ ശാക്തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയാണ് കുടുംബശ്രീ എന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വാക്കുകൾ ഈ അവസരത്തിൽ സ്മരണീയമാണ്.

ത്രിതല പഞ്ചായത്തുകളിൽ ഇന്ന് അധികാര സ്ഥാനങ്ങളിലേക്ക് എത്തിയിട്ടുള്ള സ്ത്രീകളിലേറെയും കുടുംബശ്രീ വനിതകളാണ്. സ്വന്തം കുടുംബത്തിലും അധികാര കേന്ദ്രങ്ങളിലും തീരുമാനമെടുക്കാനും നടപ്പാക്കാനും കുടുംബശ്രീ പ്രവർത്തനങ്ങൾ സ്ത്രീകളെ പ്രാപ്തരാക്കിയെന്നതാണ് ഏറെ അഭിമാനകരമായ വസ്തുത. ശക്തമായ ഒരു യുവനിരയെ കൂടി വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 19,544 ഓക്സിലറി ഗ്രൂപ്പുകൾക്ക് രൂപം നല്കുകയും വിദ്യാസമ്പന്നരായ ഇവരുടെ ബൗദ്ധിക ശേഷിയും ഊർജസ്വലതയും പ്രയോജനപ്പെടുത്തിക്കൊണ്ട് സംസ്ഥാനമൊട്ടാകെ സംരംഭ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഷീ സ്റ്റാർട്ട്സ്’ പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. മാറുന്ന വിപണി സംസ്കാരത്തിനനുസൃതമായി ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയും തൊഴിൽ നൈപുണ്യശേഷി വർധിപ്പിച്ചും വൈവിധ്യമാർന്ന സംരംഭങ്ങൾ തുടങ്ങാൻ യുവതികൾക്ക് അവസരമൊരുക്കുന്നതിനുള്ള പരിശീലന പരിപാടികൾക്കും തുടക്കമായിട്ടുണ്ട്.

Eng­lish Sam­mury: min­is­ter m b rajesh’s arti­cle by kudum­bas­ree jubilee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.