
ഐ എഫ് എഫ് കെയില്‍ 19 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് കേന്ദ്രത്തിന്റെ ബോധപൂര്‍വമായ അറിവോടയെന്ന വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. കേന്ദ്ര സര്‍ക്കാരിന്റെ അറിവോടും സമ്മതത്തോടും കൂടി ചെയ്തിരിക്കുന്ന കാര്യമാണിതെന്നും സെന്‍സര്‍ എക്‌സംപ്ഷനായി സമർപ്പിച്ച 187 സിനിമകൾക്കും ആദ്യം അനുമതി നിഷേധിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. സെന്‍സര്‍ എക്‌സംപ്ഷന്‍ വേണ്ട സിനിമകള്‍ നിശ്ചയിച്ച ശേഷം കേന്ദ്ര മന്ത്രാലയത്തിന് കൊടുക്കാറുണ്ട്. ഇത്തവണ 187 സിനിമകളുടെ ലിസ്റ്റാണ് കൊടുത്തത്.ഇതില്‍ എല്ലാ സിനിമകളുടേയും അനുമതി ആദ്യം നിഷേധിക്കുകയാണ് ചെയ്തത്.
ഇത്തരത്തില്‍ ഒരു സംഭവം ഒരിക്കലും ഉണ്ടായിട്ടില്ല. സെന്‍സര്‍ അനുമതി വേണ്ട ചിത്രങ്ങള്‍ക്ക് വിശദാംശങ്ങള്‍ വേണമെന്ന് മാത്രമാണ് സാധാരണ ആവശ്യപ്പെടാറുള്ളത്. ആദ്യമായാണ് മുഴുവന്‍ ചിത്രങ്ങളുടേയും അനുമതി നിഷേധിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.എന്നാല്‍ ഈ സിനിമകളുടെ ആവശ്യകത വിശദീകരിച്ചുകൊണ്ട് മറുപടി നല്‍കിയപ്പോള്‍ 154 ചിത്രങ്ങള്‍ക്ക് അനുമതി നല്‍കുകയായിരുന്നു. ചിത്രങ്ങളുടെ സിനോപ്‌സിസ്, സിനിമകളുടെ മികവ്, പങ്കെടുത്ത ചലച്ചിത്ര മേളകള്‍, ലഭിച്ച അവാര്‍ഡുകള്‍ എന്നിവ വ്യക്തമാക്കി മറുപടി നല്‍കിയപ്പോള്‍ 14 സിനിമയ്ക്ക് വീണ്ടും അംഗീകാരം ലഭിച്ചതായും ഇനി 19 ചിത്രങ്ങള്‍ക്കാണ് അനുമതി ലഭിക്കാനുള്ളതെന്നും മന്ത്രി അറിയിച്ചു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സിനിമാ തത്പരരായ ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്ത് എത്തുന്ന ചലച്ചിത്രമേളയില്‍ നിന്ന് ക്ലാസിക്കല്‍ സിനിമകള്‍ വെട്ടിയൊതുക്കുമ്പോള്‍ ആരെയാണ് ഇവര്‍ ഭയപ്പെടുന്നതെന്നും മന്ത്രി ചോദിച്ചു.
പലസ്തീനില്‍നിന്നുള്ള ചിത്രങ്ങളടക്കം 19 സിനിമകള്‍ക്ക് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചതോടെയാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിസന്ധിയിലായത്. വിദേശ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സെന്‍സറിങ് എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ കഴിഞ്ഞദിവസം ഏഴ് സിനിമകളുടെ പ്രദര്‍ശനം മുടങ്ങി. പല ചിത്രങ്ങളുടെയും ചൊവ്വാഴ്ചത്തെ പ്രദര്‍ശനം റദ്ദാക്കിയതായി സംസ്ഥാന ചലച്ചിത്ര അക്കാദമി അറിയിച്ചു. അനുമതി നിഷേധിച്ചത് ചലച്ചിത്ര അക്കാദമി അപേക്ഷ നല്‍കാന്‍ വൈകിയതുകൊണ്ടാണെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് അക്കാദമി വിശദീകരിച്ചിരുന്നു.
കേന്ദ്രത്തില്‍നിന്ന് എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് തേടിയ 187 സിനിമകളില്‍ 150 എണ്ണത്തിന് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചു. മേള നടക്കുന്നതിനിടെ പല ഘട്ടങ്ങളിലായി അനുമതി നല്‍കുകയാണ് പതിവ്. ഇക്കുറി നാലുദിവസം പിന്നിട്ടശേഷം 19 സിനിമകള്‍ക്ക് ഒരുമിച്ച് അനുമതി നിഷേധിക്കുകയായിരുന്നു. മേളയുടെ ഉദ്ഘാടനചിത്രമായി പ്രദര്‍ശിപ്പിച്ച പലസ്തീന്‍-36 വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, 2017‑ലെ മേളയില്‍ സുവര്‍ണ ചകോരം നേടിയ വാജിബ്, 1925‑ല്‍ പുറത്തിറങ്ങിയ വിഖ്യാതചിത്രം ബാറ്റില്‍ഷിപ്പ് പൊട്ടെംക്കിന്‍, ഫെര്‍ണാണ്ടോ സൊളാനസിന്റെ ദി അവര്‍ ഓഫ് ദ ഫര്‍ണസസ്(1968) എന്നിവയ്‌ക്കൊന്നും പ്രദര്‍ശനാനുമതി ലഭിച്ചിട്ടില്ല. ബീഫ്എന്ന സ്പാനിഷ് ചിത്രത്തിന് അനുമതി നിഷേധിച്ചത് പേരുമാത്രം കണ്ടിട്ടാണെന്ന് ആക്ഷേപമുണ്ട്. ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ അക്കാദമി കേന്ദ്ര പ്രക്ഷേപണ മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.