14 February 2026, Saturday

Related news

February 14, 2026
January 31, 2026
January 20, 2026
November 5, 2025
July 21, 2025
February 15, 2025
September 18, 2024
December 15, 2023
September 5, 2023
August 1, 2023

ചലച്ചിത്ര അക്കാദമിയിലെ മാറ്റം സ്വാഭാവിക നടപടി; പ്രേംകുമാറിന്റെ പ്രവർത്തനം മികച്ചതെന്ന് മന്ത്രി സജി ചെറിയാൻ

Janayugom Webdesk
തിരുവനന്തപുരം
February 14, 2026 1:54 pm

ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ വന്ന മാറ്റം അക്കാദമി ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്ന പ്രേംകുമാറിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ല എന്ന് മന്ത്രി സജി ചെറിയാന്‍. അദ്ദേഹം വൈസ് ചെയർമാനായും രഞ്ജിത് സ്ഥാനമൊഴിഞ്ഞ ശേഷം ചെയർമാന്റെ ചുമതല വഹിച്ചും നടത്തിയ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതും തൃപ്തികരവുമാണെന്നും മന്ത്രി അറിയിച്ചു. എന്നാൽ, അക്കാദമി ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തെരഞ്ഞെടുത്തത്. ഇന്ത്യൻ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ റസൂൽ പൂക്കുട്ടിയാണ് അടുത്ത ചെയർമാൻ ആയി സ്ഥാനം ഏറ്റെടുത്തത്. ഈ നിയമനം പ്രേംകുമാര്‍ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. കാലാവധി കഴിഞ്ഞ ഒരു സമിതിക്ക് പകരം മറ്റൊന്ന് വരുന്നത് ഭരണപരമായ ഒരു പ്രക്രിയ മാത്രമാണ്. അല്ലാതെ അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ല. ഇക്കാര്യത്തിൽ അദ്ദേഹത്തിന് തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പ്രേംകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടു. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സർക്കാർ അംഗീകരിച്ചു നൽകുന്നുണ്ട്. അത് ഗവൺമെന്റിന്റെയോ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയോ നിലപാടുകളുമായി എപ്പോഴും യോജിച്ചുപോകണം എന്ന് ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല. ജനാധിപത്യപരമായ ഈ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ടാണ് പ്രമുഖരായ സാംസ്കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായി നിയമിക്കുന്നത്. അതിനാൽ തന്നെ, കവി സച്ചിദാനന്ദന്റെയും പ്രേംകുമാറിന്റെയും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം ഈ സർക്കാരിനില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

ചലച്ചിത്ര അക്കാദമി ചെയർമാൻ- ഇൻ — ചാർജ് എന്ന നിലയിൽ അദ്ദേഹവുമായി ചേർന്ന് പ്രവർത്തിച്ചതിൽ എനിക്ക് വ്യക്തിപരമായി നല്ല അനുഭവങ്ങളാണുള്ളത്. അദ്ദേഹത്തിന്റെ പ്രവർത്തന മികവിനെ എന്നും താന്‍ പ്രശംസിച്ചിട്ടുമുണ്ട്. പദവി ഒഴിയുന്നത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നതിൽ ആശയവിനിമയപരമായ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. അദ്ദേഹത്തിന് ഈ കാര്യത്തിൽ എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് സംസാരിച്ച് പരിഹരിക്കാൻ മുൻകൈ എടുക്കും. അദ്ദേഹത്തിന്റെ കലാപരമായ സംഭാവനകളെയും അക്കാദമിയിലെ സേവനങ്ങളെയും സാംസ്കാരിക വകുപ്പ് എന്നും ബഹുമാനത്തോടെ തന്നെയാണ് കാണുന്നതെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.