തെറ്റായ കാര്യങ്ങള്‍ ആര് കാണിച്ചാലും അത് സിനിമാ രംഗത്ത് ആയാലും, ഏത് മേഖലയിലായാലും നിയമങ്ങള്‍ ഒരുപോലെയാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്നും കേസുമായി മുന്നോട്ടുപോകാമെന്നും മന്ത്രി പറഞ്ഞു.
സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണെന്നും പരിഷ്‌കരിച്ച നിയമങ്ങള്‍ നിലവിലുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘റിപ്പോര്‍ട്ടിനകത്തെ സാങ്കേതിക കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആളല്ല. നിലവിലുള്ള നിയമം അനുസരിച്ച് കേസുമായി മുന്നോട്ടുപോകുന്നതിന് തടസമില്ല.
ഭരണപരമായ കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ടവരോട് ചോദിക്കണം. നിയമത്തിന്റെ മുന്നില്‍ നിന്ന് ഒരാള്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. ആര്‍ക്കും പ്രിവിലേജ് ഉണ്ടാകില്ല. നിലവിലുള്ള നിയമനുസരിച്ച് കേസ് എടുക്കാന്‍ തടസമില്ല’ ബാലഗോപാല്‍ പറഞ്ഞു. ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരില്‍ ആരെങ്കിലുമൊരാള്‍ പരാതിപ്പെട്ടാല്‍ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്ന് മുന്‍ മന്ത്രി എകെ ബാലന്‍ പറഞ്ഞു. സിനിമാക്കാരെ ഭയമില്ല, മുഖം നോക്കാതെ നടപടിയെടുക്കുന്ന ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും എകെ ബാലന്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറംലോകം കാണണമെങ്കില്‍ കോടതി ഇടപെടണം. കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റില്ല. സര്‍ക്കാരിനു പരിമിതികളുണ്ട്. ഹേമ കമ്മിറ്റിക്കു മുന്നോട്ടു പോകാന്‍ കഴിയാത്ത തരത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടായി. ഒരു ഘട്ടത്തില്‍ പ്രവര്‍ത്തനം സ്തംഭിക്കുമെന്നു വന്നപ്പോള്‍ മുഖ്യമന്ത്രിയാണ് ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.