19 December 2024, Thursday
KSFE Galaxy Chits Banner 2

‘മിഷ്ടി’ നല്ലതാണ്; നടപ്പാക്കാന്‍ ആത്മാര്‍ത്ഥത വേണം

പ്രൊഫ. കെ അരവിന്ദാക്ഷൻ
March 1, 2023 4:30 am

പ്തര്‍ഷികള്‍ എന്ന് സംഘ്പരിവാര്‍ ശൈലിയില്‍ വിശേഷിപ്പിച്ചുകൊണ്ടാണെങ്കിലും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ബജറ്റിലെ ഏഴു ലക്ഷ്യങ്ങളില്‍ ‘ഹരിത വളര്‍ച്ച’ (ഗ്രീന്‍ ഗ്രോത്ത്) എന്നത് പ്രായോഗികമാക്കപ്പെടുമെങ്കില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതുതന്നെയാണ്. കേരളമടക്കമുള്ള സംസ്ഥാന ഭരണകൂടങ്ങള്‍ വികസന പദ്ധതികള്‍ക്ക് രൂപം കൊടുക്കുമ്പോള്‍ ഈ ആശയത്തിന് പ്രത്യേക ഊന്നല്‍ നല്കുകയും വേണം. വികസന പ്രക്രിയയിലൂടെ ഊര്‍ജസുരക്ഷയും കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങളും പ്രത്യേക ഊന്നല്‍ അര്‍ഹിക്കുന്നു. വ്യവസായം, കൃഷി, സേവനങ്ങള്‍, ഗതാഗതം, കെട്ടിടനിര്‍മ്മാണം, യന്ത്രോപകരണ നിര്‍മ്മാണം തുടങ്ങിയ മുഴുവന്‍ മേഖലകള്‍ക്കും ഇത്തരമൊരു ദിശാബോധം ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്. ഒരുപക്ഷെ, മോഡി സര്‍ക്കാര്‍ രൂപം നല്കിയ ബജറ്റ് രേഖകളില്‍ ഇതാദ്യമായിട്ടാണ് പരിസ്ഥിതിക്കനുയോജ്യമായ ജീവിതശൈലിയിലേക്ക് നയിക്കാന്‍ പര്യാപ്തമായൊരു വികസന തന്ത്രത്തെപ്പറ്റി സൂചന നല്കുകയെങ്കിലും ചെയ്തിട്ടുള്ളത്. പ്രഖ്യാപനത്തോടെ ചാപിള്ളയാകുന്ന പതിവ് പദ്ധതികളാണോ ഇതെന്ന് കണ്ടറിയണം. വികസനവും ഇക്കോളജിയും പരസ്പര വിരുദ്ധമായ ആശയങ്ങളല്ലെന്നും അതുകൊണ്ടുതന്നെ യഥാര്‍ത്ഥ സാമ്പത്തിക വികസനം പ്രായോഗികമാകണമെങ്കില്‍ പരിസ്ഥിതിയുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട് എന്നചിന്ത നല്ലതുതന്നെ. കണ്ടല്‍ക്കാടുകളെയും അവ തഴച്ചുവളരുന്ന ഇന്ത്യയുടെ തീരദേശമാകെയും ഉപ്പുരസം കലര്‍ന്ന പ്രദേശങ്ങളെ മുഴുവനായും പ്രത്യേക നിയമനിര്‍മ്മാണത്തിലൂടെ സംരക്ഷിക്കേണ്ടതാണെന്ന ബജറ്റിലെ പരാമര്‍ശം പ്രസക്തമാണ്. തീരപ്രദേശങ്ങളില്‍ ഭൂമിയുടെ നാശം തടയുന്നതിന് കണ്ടല്‍ ചെടികള്‍ വഹിച്ചുവരുന്നത് അമൂല്യമായൊരു പങ്കാണ്. ഇവയുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് ‘മിഷ്ടി’ എന്ന പേരില്‍ ‑മാ‍ംഗ്രോവ് ഇനീഷിയേറ്റീവ് ഫോര്‍ ഷോര്‍ലൈന്‍ ഹാബിറ്റാറ്റ്സ് ആന്റ് ടാന്‍ജിബിള്‍ ഇന്‍കംസ്- പദ്ധതി ബജറ്റില്‍ ഇടം കണ്ടെത്തിയിരിക്കുന്നത്. തീരദേശത്ത് അധിവസിക്കുന്നവരുടെയും തദ്ദേശീയവിഭവങ്ങളെ ആശ്രയിച്ച് വരുമാനം നേടുന്നവരുടെയും മുന്‍കയ്യോടെ കണ്ടല്‍ക്കാടുകളുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്. തീരദേശത്തെ ജൈവ വൈവിധ്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം അതിശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരായ പ്രതിരോധ ശക്തിയായി തീരദേശം സംരക്ഷിക്കുന്നതില്‍ ഫലപ്രദമായ പങ്കുവഹിച്ചുവരുന്ന പ്രകൃതിയുടെ വരദാനമെന്ന നിലയിലാണ് കണ്ടല്‍ക്കാടുകള്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നത്. പിന്നിട്ട ഏതാനും വര്‍ഷങ്ങളില്‍ തീര്‍ത്തും അപ്രതീക്ഷിതമായും ഗുരുതരാവസ്ഥയിലുമാണ് വെള്ളപ്പൊക്കത്തിന്റെ ഭീഷണി നമുക്ക് നേരിടേണ്ടിവന്നിട്ടുള്ളത്. ഇത്തരം കെടുതികള്‍ ആവര്‍ത്തിക്കുമെന്നതിനാല്‍ അവയ്ക്കെതിരായ പ്രതിരോധമെന്ന നിലയില്‍ ഇന്ത്യയുടെ 7,500 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള തീരദേശ മേഖലയുടെ സംരക്ഷണാര്‍ത്ഥം കണ്ടല്‍ക്കാടുകള്‍ നിലനിര്‍ത്താനുള്ള ബാധ്യത നാം ഏറ്റെടുത്തേ മതിയാകൂ. ഇത്തരമൊരു ബാധ്യത കേരളത്തിനുമുണ്ട്.

ഓഖി ദുരന്തത്തിനു പിന്നാലെ മൂന്നു വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ച് അനുഭവപ്പെട്ട വെള്ളപ്പൊക്ക കെടുതികള്‍ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഇരുത്തി ചിന്തിപ്പിക്കാന്‍ നമ്മുടെ ഭരണാധികാരികളെ പ്രേരിപ്പിക്കേണ്ടതാണ്. എറണാകുളം ജില്ലയിലെ മരട് പ്രദേശത്ത് തീരദേശ സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരില്‍ നാല് വന്‍കിട ഫ്ലാറ്റുകള്‍ ഇടിച്ചു നിരത്തിയത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നായിരുന്നല്ലോ. ഈ പ്രദേശത്തോട് ചേര്‍ന്നുള്ള വളന്തക്കാട് മേഖലയിലെ കണ്ടല്‍ക്കാടുകള്‍ കൂടി നശിപ്പിച്ച് വിദേശ ബന്ധമുള്ള റിയല്‍ എസ്റ്റേറ്റ് ഉടമയും മറ്റുചിലരും ചേര്‍ന്ന് കോടികള്‍ മുടക്കി ഒരു വാണിജ്യ–ഭവനനിര്‍മ്മാണ സമുച്ചയം നിര്‍മ്മിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ മുമ്പ് പദ്ധതി ഒരുക്കിയിരുന്നതാണ്. പ്രാദേശികവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ശക്തവും സംഘടിതവുമായ ചെറുത്തുനില്പിനെ തുടര്‍ന്ന് ഈ പദ്ധതി നടപ്പാകാതെ പോവുകയായിരുന്നു. ഈ ഭീഷണി ഇന്നും തുടരുകയാണ്. സമാനമായൊരു വിനാശ പദ്ധതിയാണ് ഇടക്കൊച്ചി ഭാഗത്തെ തീരദേശവാസികള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ നേരിടുന്നത്. സാര്‍വദേശീയ നിലവാരമുള്ള ക്രിക്കറ്റ് സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ലക്ഷ്യമിട്ടൊരു റിയല്‍ എസ്റ്റേറ്റ് കോര്‍പറേറ്റ് സമ്പന്നവര്‍ഗ വിനോദ പദ്ധതിയാണിത്. ഇതിലേക്കായി ഏക്കര്‍കണക്കിന് തീരദേശ ഭൂമിയുടെയും, വെള്ളപ്പൊക്കത്തിന്റെയും വേലിയേറ്റത്തിന്റെയും കെടുതികളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിവരുന്ന കണ്ടല്‍‍ക്കാടുകളുടെയും നശീകരണമായിരിക്കും ‌‌നടക്കുക. കെസിഎ ഇതിനിടെ എറണാകുളം ജില്ലയില്‍, കൊച്ചി നഗരത്തിനുള്ളിലോ നഗരത്തിന്റെ പരിസര പ്രദേശങ്ങളിലോ ഏതാനും ഏക്കര്‍ ഭൂമി ക്രിക്കറ്റ് സ്റ്റേഡിയ നിര്‍മ്മാണത്തിനായി ആവശ്യപ്പെട്ടുകൊണ്ടുള്ള പത്രപരസ്യവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഭീഷണി ഇടക്കൊച്ചി ജനതയെ മാത്രമല്ല, സമീപ പ്രദേശങ്ങളിലെ മുഴുവന്‍ തീരദേശ ജനവാസ മേഖലകളെയും ഏതു നിമിഷവും ബാധിക്കാനിടയുണ്ട്.

2050 ഓടെ കാലാവസ്ഥാ വ്യതിയാന ദുരന്തത്തിനിടയാകുമെന്ന് ഉറപ്പുള്ള 50 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളവും ഉള്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുള്ളത് ഓര്‍മ്മയിലുണ്ടാകണം. ഇന്ത്യയിലെ കണ്ടല്‍ക്കാടുകള്‍ മൊത്തം ഒമ്പതു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുകയാണ്. സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം 2,114 ചതുരശ്ര കിലോമീറ്ററുകളോടെ പശ്ചിമ ബംഗാളിനാണ്. കണ്ടല്‍‍ക്കാടുകള്‍ തഴച്ചുവളരുന്ന കാടുകളില്‍ ഇക്കോവ്യവസ്ഥയ്ക്ക് ചില സവിശേഷതകള്‍ കാണാന്‍ കഴിയുന്നുണ്ടെന്നാണ് പഠനങ്ങള്‍ വെളിവാക്കിയിരിക്കുന്നത്. സസ്യശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ കണ്ടലുകളുടെ 42 വര്‍ഗങ്ങളാണുള്ളത്. അനുബന്ധ ഇനങ്ങളായി 68 എണ്ണം വേറെയുമുണ്ട്. ഈ സമ്പത്ത് പ്രകൃതിയുടെ തനതായ സൃഷ്ടിയാണ്, സംഭാവനയാണ്. കണ്ടല്‍ക്കാടുകള്‍ രൂപമെടുക്കുന്നത് അതിശക്തമായ തിരമാലകള്‍ സൃഷ്ടിക്കുന്ന പ്രകമ്പനത്തിലൂടെ ആഴങ്ങളില്‍ നിന്നും പുറത്തുവരുന്ന അഴുക്കുകളുടെ സഹായത്തോടെ ആഴക്കടലില്‍ പോലും വേരുകളുറപ്പിക്കാന്‍ കഴിയുമെന്നതിനാലാണ്. തിരമാലകള്‍ തടസമില്ലാതെ സൃഷ്ടിക്കപ്പെടണമെങ്കില്‍ കണ്ടലുകളുടെ ഇക്കോ സിസ്റ്റത്തിന് മത്സ്യബന്ധനം തടസം സൃഷ്ടിക്കാതിരിക്കണം. മത്സ്യബന്ധനം പ്രതിബന്ധങ്ങളില്ലാതെ നടക്കാന്‍ കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഇതിനു പുറമെയാണ് ഒരു ക്രിക്കറ്റ് സ്റ്റേഡിയം പണിതുണ്ടാക്കാന്‍ ഏക്കര്‍കണക്കിന് തീരപ്രദേശവും അവിടെ കണ്ടലുകളും നശിപ്പിക്കാന്‍ അധികാരികള്‍ കോപ്പുകൂട്ടുന്നത്. നശിപ്പിക്കപ്പെടുന്ന കണ്ടല്‍ വനങ്ങള്‍ക്കു പകരം പുതിയവയ്ക്ക് രൂപം നല്കുമെന്ന വാഗ്ദാനം അവര്‍ മുഴക്കുന്നുണ്ട്. നിലവിലുള്ള വിധത്തില്‍ തന്നെ നമ്മുടെ തീരപ്രദേശം നിലനിര്‍ത്തുന്നതിലൂടെയല്ലാതെ പ്രകൃതിയുടെ കോപവും കടലിന്റെ ക്ഷോഭവും തടഞ്ഞുനിര്‍ത്താന്‍ മനുഷ്യസാധ്യമായി യാതൊന്നും ഇല്ലതന്നെ. കണ്ടല്‍ക്കാടുകളുടെ നിലനില്പ് ഉറപ്പുവരുത്തേണ്ടത് ഇത്തരമൊരു സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്തതാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ബജറ്റില്‍ പരാമര്‍ശിച്ച ‘മിഷ്ടി’ പദ്ധതിയുടെ പ്രാധാന്യത്തെ കാണേണ്ടത്. തദ്ദേശീയ സമൂഹങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തോടെ മാത്രമേ കണ്ടല്‍ക്കാടുകളുടെയും ബന്ധപ്പെട്ട വനപ്രദേശങ്ങളുടെയും തീരമേഖലകളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ കഴിയൂ. നിലവിലുള്ള കണ്ടല്‍ക്കാടുകള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടുകയും നിലനില്പ് ഉറപ്പാക്കുകയും വേണം. തീരദേശങ്ങളിലൂടെയുള്ള ജലത്തിന്റെ സാധാരണ നിലയിലുള്ള ഒഴുക്ക് തടസപ്പെടാന്‍ വഴിവയ്ക്കാനിടയുള്ള വിധത്തില്‍ ആഭ്യന്തര, വ്യാവസായിക മാലിന്യങ്ങള്‍ നദികളില്‍ ഒഴുകിയെത്തുന്നില്ലെന്ന് ഉറപ്പാക്കണം.

ശുദ്ധജലവും ഉപ്പുവെള്ളവും സ്വാഭാവികമായ പ്രക്രിയകളിലൂടെ കൂടിച്ചേര്‍ന്ന് ഒഴുകിയാലല്ലാതെ കണ്ടല്‍ക്കാടുകളുടെ വളര്‍ച്ച അസാധ്യമായിരിക്കും. ഈ പ്രകൃതിസമ്പത്തു തന്നെ തീര്‍ത്തും നഷ്ടമാവുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം എന്നത് മനുഷ്യശക്തികൊണ്ട് തടഞ്ഞുനിര്‍ത്താനാവില്ല. അത് ആവര്‍ത്തിക്കുകതന്നെ ചെയ്യും. അതിന്റെ കാഠിന്യം കുറയ്ക്കാന്‍ കണ്ടല്‍ക്കാടുകള്‍ക്ക് കഴിയും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ കണ്ടല്‍ക്കാടുകള്‍ക്കേ കഴിയൂ. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമെന്ന നിലയിലാണ് 2030 ആകുമ്പോഴേക്ക് ഇതിനു സഹായകമായ വിധത്തില്‍ കണ്ടല്‍ അടക്കമുള്ള വനപ്രദേശങ്ങളുടെ വിസ്തൃതി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന നിഗമനത്തില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്മാര്‍ വന്നെത്തിയത്. ഹരിത ഇന്ധന പ്രചരണത്തിനും ഹരിത പരിസ്ഥിതിയുടെ ആശയം ജനങ്ങള്‍ക്കെത്തിക്കുന്നതിനും പുതിയ ബജറ്റില്‍ നല്കിയിരിക്കുന്ന നിര്‍ദേശം പ്രായോഗികമാക്കാനാണ് മോഡി സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സ്വാഗതാര്‍ഹം തന്നെയാണ്. ജോഷിമഠ് തകര്‍ച്ച നല്കുന്ന പാഠം കേന്ദ്രസര്‍ക്കാരിന്റെ നയം മാറ്റത്തിന് പ്രചോദനമായിട്ടുണ്ടെങ്കില്‍ അതും നല്ലതുതന്നെ. ഇത്തരമൊരു പശ്ചാത്തലത്തിലായിരിക്കണം ജനുവരിയില്‍ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ 19,700 കോടി രൂപ നിക്ഷേപത്തോടെ നിലവില്‍ വരുന്നതായ പ്രഖ്യാപനം പുറത്തുവരുന്നത്. പാലിക്കാത്ത പതിവ് വാഗ്ദാനങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായതെങ്കില്‍ ശുഭപ്രതീക്ഷ അസ്ഥാനത്താണ്. എന്തായാലും വികസനഭ്രാന്തിന്റെ പേരില്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ജനതയെ കൊണ്ടെത്തിക്കാതിരിക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനോടൊപ്പം സംസ്ഥാന സര്‍ക്കാരിനുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.